മലപ്പുറം : സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ ആരാധകപിന്തുണയും ആരവവുംകൊണ്ട് വരവറിയിച്ച ടീമാണ് മലപ്പുറം എഫ്.സി. എന്നാൽ കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്തിനോടേറ്റ സമനിലയിലൂടെ പയ്യനാട്ടെ ഗ്രൗണ്ടിൽനിന്ന് കണ്ണീർത്തുള്ളികളോടെ അവർ മടങ്ങി. രണ്ടു ജയവും മൂന്ന് സമനിലയും നാല് തോൽവിയും മഴമൂലം ഉപേക്ഷിച്ച ഒരു കളിയുമായിരുന്നു എം.ഫ്.സി.യുടെ അക്കൗണ്ടിൽ അപ്പോഴുണ്ടായത്. സെമിയിലെത്താനായില്ലെന്ന പേരുദോഷത്തിന് അടുത്ത സീസണിൽ വൻതിരിച്ചുവരവോടെ മറുപടി നൽകാനാണ് അണിയറക്കാരുടെ നീക്കം.
യുവത്വം കൈമുതലാക്കും
യുവാക്കൾക്ക് പ്രത്യേകിച്ച് അണ്ടർ-23 വിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള ടീമാകും അടുത്ത സീസണിൽ കളിക്കാനിറങ്ങുക. 16-നും 22-നുമിടയിൽ പ്രായമുള്ള ചെറുപ്പക്കാരെ കണ്ടെത്തി ടീം സെറ്റാക്കും. സ്‌പോട്ടിങ് ഡയറക്ടറെ വെച്ച് 20-ഓളം കളിക്കാരെ തിരഞ്ഞെടുക്കും. മലപ്പുറത്തുകാർക്കാകും മുൻഗണന. തിരഞ്ഞെടുക്കുന്നവർക്ക് നേരത്തേതന്നെ പരിശീലനം നൽകി വാർത്തെടുക്കും. മധ്യ, പ്രതിരോധ നിരയിലാണ് ഇവരുടെ കരുത്തുപയോഗിക്കുക. ഈ മാസം ചേരുന്ന അവലോകനയോഗത്തിൽ ഇക്കാര്യങ്ങളുടെ അന്തിമതീരുമാനമുണ്ടാകും. പുതിയ ക്യാപ്റ്റന്റേതും കളിക്കാരുടേതുമുൾപ്പെടെയുള്ള കാര്യങ്ങളും യോഗം തീരുമാനിക്കും.
പിന്നോട്ടാക്കിയത് പരിക്ക് മുതൽ റഫറിയിങ് വരെ
ആദ്യകളിയിൽ ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ച് ഞെട്ടിച്ച എം.എഫ്.സി.ക്ക് പിന്നീടുള്ള കളികളിൽ വില്ലനായത് കളിക്കാരുടെ പരിക്കുകൾ. ക്യാപ്റ്റൻ അനസ് എടത്തൊടിക, പ്രതിരോധക്കാരൻ റൂബൻ ഗാർഷ്യ, മുന്നേറ്റക്കാരൻ ബുജൈർ തുടങ്ങിയവർ പരിക്കേറ്റ് മൂന്നിലധികം കളികളിൽ പുറത്തിരുന്നു. ഇത് ടീമിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. കണ്ണൂരുമായിട്ടുള്ള കളിയിൽ മോശം റഫറിയിങ്ങും ടീമിനെതിരായി. ഇതിനെതിരേ ടീം പരാതിയും നൽകി. ഒരു സമനില പോലും നിർണായകമായ ടൂർണമെന്റിൽ ഇതൊക്കെയും പിന്നോട്ടുപോക്കിനുള്ള വഴിവെട്ടി. എന്നാൽ മിക്ക കളികളിലും കൂടുതൽ സമയം ബോൾ കൈയടക്കാനായതും മികച്ച ഗോൾ കീപ്പിങ് നടത്താനായതും വലിയ ആത്മവിശ്വാസവും ടീമിനുണ്ടാക്കുന്നുണ്ട്.
അനസ് എടത്തൊടികയുടെ വിടവാങ്ങൽ
രാജ്യത്തുതന്നെ പ്രശസ്തനായ കളിക്കാരൻ അനസ് എടത്തൊടികയുടെ വിടവാങ്ങലിനും എം.എഫ്.സി. ടീം വേദിയായി. ടീമിന്റെ നേട്ടത്തിലും ഓരോ മത്സരത്തിനുള്ള തയ്യാറെടുപ്പിലും അനസ് നൽകിയ പിന്തുണയും കഠിനാധ്വാനവും വളരെ വലുതാണെന്നും സൂപ്പർ ലീഗ് കേരള കപ്പ് നേടി വിരമിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തിയാക്കാനാകാത്തതിന്റെ നിരാശ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഓരോരുത്തർക്കുമുണ്ടെന്നും എം.എഫ്.സി. പ്രമോട്ടർ ആഷിക് കൈനിക്കര പറഞ്ഞു.
കേരളം മിടുക്കന്മാരുടെ നാടെന്ന് ഗ്രിഗറിയാശാൻ
എം.എഫ്.സി.ക്കായി മികച്ച പരിശീലനം നൽകിയ കോച്ച് ജോൺ ഗ്രിഗറി ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. കേരളം മിടുക്കൻമാരായ പ്രതിഭകളുടെ നാടാണെന്നും അവരെ ചെറിയ പ്രായത്തിൽതന്നെ പരിശീലനത്തിലൂടെ വളർത്തിയെടുത്താൽ ഒരുപാട് നേട്ടങ്ങൾ കൊയ്യാമെന്നും ടീം മാനേജ്‌മെന്റിനോട് പറഞ്ഞാണ് മുൻ ഇംഗ്ലണ്ട് താരം കൂടിയായ ഗ്രിഗറി തിരികെ പോയത്.
അൾട്രാസില്ലെങ്കിൽ എം.എഫ്.സി.യില്ല
കുതിക്കുമ്പോഴും കിതയ്ക്കുമ്പോഴും ഒരുപോലെ എം.എഫ്.സി.യെ ചേർത്തുപിടിച്ച ആരാധകക്കൂട്ടമാണ് അൾട്രാസ്. എം.എഫ്.സി.യുടെ കളി കാണാൻ കേരളത്തിലെമ്പാടുമെത്തിയ അവർ ടീമിനു വേണ്ടി സാമൂഹികമാധ്യമങ്ങളിലും സജീവസാന്നിധ്യമായിരുന്നു. തോൽവി ഏറ്റുവാങ്ങിനിൽക്കുന്ന നിമിഷങ്ങളിൽ തങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്നവരായിരുന്നു അൾട്രാസ് ആരാധകരെന്ന് കളിക്കാരുമോർക്കുന്നു. അൾട്രാസില്ലെങ്കിൽ എം.എഫ്.സി.യില്ലെന്നും ടീമിന്റെ ഭാഗമായാണ് അവരെ കാണുന്നതെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ കൂട്ടിച്ചേർത്തു. വരുന്ന സീസണുകളിൽ അൾട്രാസിനെ കൂടുതൽ ശക്തിയോടെ മുറുകെപ്പിടിക്കാനാണ് എം.എഫ്.സി.യുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group