മത്സരിക്കുന്നത് സുരേഷ് ഗോപി സമ്മാനിച്ച ഫൈബർ പോളിൽ
ചങ്ങരംകുളം : എറണാകുളത്ത് സംസ്ഥാന കായികമേളയിലെ പോൾവാൾട്ടിൽ യദുവിന്റെ ചാട്ടം പൊന്നാകണേ എന്ന പ്രാർഥനയിലാണ് ചാലിശ്ശേരി ഗ്രാമം. ചാലിശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി കെ.യു. യദു മത്സരിക്കുന്നത് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ച ഫൈബർ പോളുപയോഗിച്ചാണ്. ചങ്ങരംകുളം കോക്കൂർ മഠത്തിൻ പുറംകുട്ടിയാട്ടിൽ ഉണ്ണികൃഷ്ണൻ-ശാലിനി ദമ്പതിമാരുടെ രണ്ടു മക്കളിൽ ഇളയവനാണ് യദു.
ചാലിശ്ശേരി സ്കൂളിലെ മൈതാനത്താണ് യദു പരിശീലിച്ചിരുന്നത്. സ്വന്തമായി നിലവാരമുള്ള പോൾ ഇല്ലാത്തത് പ്രകടനത്തെ ബാധിച്ചു. പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിച്ച മെത്തകൾ അടക്കിവെച്ച് മുളകുത്തിച്ചാടിയാണ് കോവിഡ് കാലത്ത് പോൾവാൾട്ട് പരിശീലിച്ചിരുന്നത്. കുന്നംകുളത്ത് കഴിഞ്ഞ വർഷം നടന്ന സംസ്ഥാന കായികമേളയിൽ മൂന്നടി നീളമുള്ള മുള ഉപയോഗിച്ച് 2.80 മീറ്റർ ചാടിയ യദു ആദ്യ ഏഴിൽ ഇടം നേടി നാടിന് അഭിമാനമായി.
ഫൈബർ പോളില്ലാതെയും യദു നടത്തിയ പ്രകടനം വാർത്തകളിൽ നിറഞ്ഞു. ഇതറിഞ്ഞ സുരേഷ്ഗോപി ഒരു ലക്ഷത്തി പതിനാലായിരം രൂപയോളം വിലവരുന്ന ഫൈബർ പോൾ സ്കൂളിന് സമ്മാനമായി നൽകി. ഇത് യദുവിന്റെയും സ്കൂളിലെ മറ്റു താരങ്ങളുടെയും സ്വപ്നങ്ങൾക്ക് പുതിയ ചിറക് നൽകി. ഫൈബർ പോൾ ഉപയോഗിച്ച് പരിശീലിച്ച യദു സീനിയർ വിഭാഗത്തിൽ തൃത്താല ഉപജില്ലയിലും പാലക്കാട് ജില്ലാ കായികമേളയിലും ഒന്നാം സ്ഥാനം നേടി.
യദുവിനെക്കൂടാതെ ഇത്തവണ പാലക്കാട് ജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് നിഹാൻ വെങ്കലവും സീനിയർ പെൺകുട്ടികളിൽ സി.ടി. ഗായത്രി വെള്ളിയും ടി.പി. ഹിത വെങ്കലവും നേടി. സ്കൂളിലെ കായികാധ്യാപിക ഷക്കീല മുഹമ്മദ്, കോച്ച് ഉണ്ണികൃഷ്ണൻ എന്നിവരുടെ പരിശീലനമാണ് ഈ നേട്ടങ്ങൾക്കുപിന്നിൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group