കായികലോകത്തേക്കൊരു നാവിഗേറ്റർ

കായികലോകത്തേക്കൊരു നാവിഗേറ്റർ
കായികലോകത്തേക്കൊരു നാവിഗേറ്റർ
Share  
2024 Oct 17, 08:58 AM
VASTHU
MANNAN
laureal

കോട്ടയം: സ്കൂൾ കായികമേളകളുടെ ചരിത്രം മാറ്റിയെഴുതിയ കെ.പി. തോമസ് മാഷിന്റെ അതേ വഴികളിലൂടെ പുതുചരിത്രം രചിക്കുകയാണ് ശിഷ്യൻ സന്തോഷ് ജോർജും മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റ് മൈതാനത്ത് തുടങ്ങിയ ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയും.


തേഞ്ഞിപ്പലത്ത് അടുത്തിടെ നടന്ന സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഒൻപത് മെഡലുകളടക്കം നേടി അക്കാദമിയും സന്തോഷും കുട്ടികളും മികച്ച പ്രകടനമാണ് നടത്തിയത്. ഇടുക്കി ജില്ലാ ജൂനിയർ മീറ്റിൽ 405 പോയിൻറുമായി മുണ്ടക്കയം ഹൈറേഞ്ച് സ്പോർട്സ് അക്കാദമി ചാമ്പ്യൻമാരുമായിരുന്നു.


കെ.പി. തോമസ് മാഷ് ആർമിയിൽനിന്ന് കോച്ചായി കോരുത്തോട് സ്കൂളിൽ എത്തിയപോലെ നേവിയുടെ താരമായും നേവിയുടെയും സർവീസസ് ടീമിന്റെയും പരിശീലകനുമായുള്ള അനുഭവസമ്പത്തോടെയാണ് സന്തോഷ് ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയിലെത്തിയത്.


ഫ്രം കോരുത്തോട് ടു നേവി


മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ സന്തോഷ് സെയ്ൻറ് പോൾസ് സ്കൂളിൽ പഠിക്കുമ്പോൾ സാബു പറയരുപറമ്പിൽ സാറാണ് ട്രാക്കിന്റെ വഴിയിലെത്തിച്ചത്. അഞ്ചുമുതൽ പത്തു വരെ ക്ലാസുകളിൽ കോരുത്തോട് സി.കേശവൻ മെമ്മോറിയൽ ഹൈസ്കൂളിൽ തോമസ് മാഷിന്റെ ശിക്ഷണത്തിലാണ് വിജയപ്പടവുകൾ കയറിത്തുടങ്ങിയത്. തുടർന്ന് കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിൽ തങ്കച്ചൻ മാത്യുവിന്റെ കീഴിൽ പരിശീലനം തുടരുന്നതിനിടെ ഇന്ത്യൻ നേവിയിൽ സ്പോർട്സ് ക്വാട്ടയിൽ ജോലിലഭിച്ചു.


ചാടി നേടി മെഡൽ


മുതൽ 2012 വരെ നേവിയിൽ കായികതാരമായി തുടരുകയും ലോങ് ജംപിൽ ഒട്ടേറെ സർവീസസ് മെഡലും ദേശീയ അത്‍ലറ്റിക്സിൽ മെഡലുകളും നേടി. ലോങ്‍‍ജംപിൽ 7.7 മീറ്റർ ദൂരംവരെ കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് കോച്ചിങ് ഡിപ്ലോമ പൂർത്തിയാക്കി 2013 മുതൽ നേവിയുടെയും സർവീസസ് ടീമിന്റെയും കോച്ചായി ആറുവർഷംകൂടി നേവിയിൽ തുടർന്നു.


മുണ്ടക്കയം അക്കാദമിയിൽ


നേവിയിൽനിന്ന് വൊളന്ററി റിട്ടയർമെൻറ് എടുത്ത് നാട്ടിലെത്തിയപ്പോഴാണ് സ്പോർട്‌സ്‌ പ്രേമികൂടിയായ ഇപ്പോളത്തെ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ബിനു മുണ്ടക്കയം ബോയ്സ് എസ്‌റ്റേറ്റിന്റെ 35-ാം മൈലിലുള്ള ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ കോച്ചാകാൻ സന്തോഷ് ജോർജിനെ സമീപിക്കുന്നത്.


ഇടുക്കി, കോട്ടയം ജില്ലയുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഈ അക്കാദമിയിൽ അഞ്ച് പഞ്ചായത്തുകളിലെ കുട്ടികളാണ് ഇപ്പോൾ പരിശീലനത്തിന് എത്തുന്നത്. യാതൊരു ശമ്പളവും പറ്റാതെ തികച്ചും സൗജന്യമായാണ് ഇവിടെ സേവനംചെയ്യുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.


മുണ്ടക്കയം സെയ്ന്റ് ആന്റണീസ്, കൂട്ടിക്കൽ സെയ്ന്റ് ജോർജ്, മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി, ഇഞ്ചിയാനി ഹോളി ഫാമിലി, ഏന്തയാർ മർഫി, കുറ്റിപ്ലാങ്ങാട് ഹയർ സെക്കൻഡറി, കാഞ്ഞിരപ്പള്ളി സെയ്ൻറ് ഡൊമിനിക് എച്ച്.എസ്.എസ്, മുണ്ടക്കയം ഡി പോൾ എന്നീ സ്കൂളുകളിൽനിന്നുള്ള കുട്ടികളെയാണ് അക്കാദമിയിൽ സന്തോഷ് ജോർജ് പരിശീലിപ്പിക്കുന്നത്.


നേട്ടങ്ങൾ


കഴിഞ്ഞ ആറുവർഷത്തിനിടെ ഒട്ടേറെ സംസ്ഥാന ദേശീയ നേട്ടങ്ങൾ ഇവിടുത്തെ കുട്ടികൾ സ്വന്തമാക്കി. ഈ വർഷം സൗത്ത് ഏഷ്യൻ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഹൈജംപിൽ ജുവൽ തോമസ് ഇന്ത്യയ്ക്കായി വെങ്കലമെഡൽ നേടിയതാണ് അന്താരാഷ്ട്ര നേട്ടം. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ വിജയിച്ചതിലൂടെ ഒഡിഷയിലെ ഭുവനേശ്വറിൽ ഉടൻ നടക്കാനിരിക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ അക്കാദമിയിലെ ആന്റോ ആന്റണി, കെ.എസ്. കേദാർനാഥ്, അബിയ ആൻ ജിജി, കെ.എസ്. അഭിഷേക് എന്നിവർ കേരള കുപ്പായമണിയും.


ഭാര്യ പൊന്നി ജോസും സ്കൂൾ കായികമേളകളിലെ ശ്രദ്ധേയതാരമായിരുന്നു. സന്തോഷിനെപ്പോലെ തന്നെ പരിശീലനം തന്നെയാണ് ജോലി. കേരള സ്പോർട്സ് കൗൺസിലിന്റെ അത്‍ലറ്റിക് കോച്ചായി ഭരണങ്ങാനം എസ്.എച്ച്. സ്കൂളിലാണിപ്പോൾ സേവനം. മൂന്നുമക്കളിൽ മൂത്തയാളായ റോജർ സന്തോഷ് മുണ്ടക്കയത്തെ അക്കാദമിയിൽ കായിക പരിശീലനം നടത്തുന്നുണ്ട്.

ക്രിസ് മരിയ സന്തോഷ്, ജോർജുകുട്ടി സന്തോഷ് എന്നിവരാണ് മറ്റുള്ളവർ.


ശരിയാകണം മൈതാനം


ഏറെ പ്രതീക്ഷയോടെ തുടങ്ങിയ അക്കാദമിക്ക് ബോയ്സ് എസ്റ്റേറ്റ് മൈതാനം വിട്ടുകൊടുത്തിട്ടുണ്ട്. ഇവിടെ 200 മീറ്റർ ട്രാക്കുള്ള ഒരു മൈതാനവും അത്യാധുനിക നിലവാരമുള്ള ജിമ്മും നിർമിക്കുന്നതിനുള്ള ശ്രമമാണ് ഇനിയും പൂർത്തിയാക്കാനുള്ളത്. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ശ്രമഫലമായി ഇടുക്കി പാക്കേജിൽ ഏകദേശം 12 കോടിയോളം രൂപ അനുവദിച്ചിരുന്നു. 45 ലക്ഷം രൂപയുടെ കൽക്കെട്ട്, മണ്ണുപണികൾ എന്നിവ തുടങ്ങിയെങ്കിലും രാഷ്ട്രീയ ആരോപണങ്ങളിൽപ്പെട്ട് പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. കൂടുതലും തോട്ടം തൊഴിലാളികളുടെ മക്കളാണ് ഇവിടെ പരിശീലിക്കുന്നത്. മറ്റ് ഫണ്ടുകളോ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ സ്വകാര്യജിമ്മിൽ മാസം 400 രൂപകൊടുത്താണ് ഒരോ കുട്ടിയും പരിശീലനം നടത്തേണ്ടിവരുന്നത്.


(കടപ്പാട്: മാതൃഭൂമി)



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2