‘കഞന്നുണം’ എന്നാൽ ‘മലപ്പുറം’; ചായക്കടയിൽ നിന്ന് അറിഞ്ഞു, ബ്രിട്ടിഷുകാരെ പറ്റിച്ച മൈഗുരുഡ് ഭാഷ
മലപ്പുറം∙ നാട്ടിലെ ചായക്കടയിൽ കയറിയതാണ് കാരക്കുന്ന് ഗവ. എച്ച്എസ്എസിലെ ഹയർ സെക്കൻഡറി അധ്യാപകനായ ഡോ.പ്രമോദ് ഇരുമ്പുഴി. കടയിൽ രണ്ടു മൂന്നു പേർ പ്രത്യേക ഭാഷയിൽ സംസാരിക്കുന്നു. അദ്ദേഹത്തിനറിയാവുന്ന നാട്ടുകാർ തന്നെ. ചോദിച്ചപ്പോഴാണറിഞ്ഞത് ഇത് പതിറ്റാണ്ടുകൾക്കു മുൻപ് തന്റെ നാട്ടിലടക്കം ആളുകൾ പ്രയോഗിച്ചിരുന്നൊരു ഗൂഢ ഭാഷയാണെന്ന്. ബ്രിട്ടീഷ് പട്ടാളത്തെയും ചാരന്മാരെ
യും പറ്റിക്കാൻ നാട്ടുകാർ ഉപയോഗിച്ചിരുന്ന ആ ഭാഷയുടെ പേര് മൈഗുരുഡ്
പട്ടാളത്തെ പറ്റിച്ച് ആശയവിനിമയം നടത്താൻ ഉപയോഗിച്ച ആ ഭാഷ പുതിയ കാലത്തും ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ കൂടുതൽ കൗതുകമായി. ഇരുമ്പുഴി സ്വദേശികളായ ഇരുമ്പുഴിയിലെ തോരപ്പ മുഹമ്മദ്, കരേക്കടവത്ത് ഹസൻ, വലിയ കുഴിയിൽ മുഹമ്മദ് എന്നിവരിൽ നിന്ന് ഭാഷ പൂർണമായും അദ്ദേഹം പഠിച്ചെടുത്തു. അതങ്ങനെ വെറുതെ പഠിച്ചാൽ മാത്രം പോരെന്ന് ഉറപ്പിച്ചാണ് ആ ഗൂഢഭാഷയെക്കുറിച്ച് ‘മൽപ്രം ഭാഷ മൈഗുരുഡ്’ എന്ന പുസ്തകമെഴുതി വരും തലമുറയ്ക്കായി കാത്തു വച്ചത്.
വ്യത്യസ്ത മേഖലകളിലാണ് പ്രമോദ് കഴിവു തെളിയിച്ചത്. കൂട്ടുകാരനുമായി സംസാരിക്കുന്നതിനിടെ കേൾക്കുന്ന വാക്കിന്റെ പോലും ചരിത്രവും പര്യായവും നാനാർഥവുമൊക്കെ പ്രമോദ് തേടിപ്പോകും. ഔഷധ സസ്യങ്ങളെക്കുറിച്ച് പുസ്തകമെഴുതി. പിഎച്ച്ഡിയ്ക്ക് ‘നാട്ടുവൈദ്യം, ഫോക്‌ലോർ പഠനം’ എന്നതിലായിരുന്നു ഗവേഷണം. ഔഷധ ചെടികൾ വിതരണം ചെയ്യുന്നതിന് ‘ഇരുമ്പുഴി, ഒരു ഔഷധ ഗ്രാമം’ പദ്ധതിക്ക് തുടക്കമിട്ടു. യാത്രാ വിവരണങ്ങൾ ചേർത്ത് എഡിറ്റ് ചെയ്ത് വീദ്യാഭ്യാസ വകുപ്പിനു വേണ്ടി പുസ്തകവും ഇറക്കി. ഇതുവരെ 5 പുസ്തകങ്ങളെഴുതി. ഒരു നാട്ടുഭാഷാ നിഘണ്ടു തയാറാക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.
∙ ബ്രിട്ടീഷുകാരെ പറ്റിച്ച ഗൂഢഭാഷ, മൈഗുരുഡ്
മൈഗുരുഡ് ഭാഷയെക്കുറിച്ച് പഠിക്കുന്നതിനിടെയാണ് തിരുവിതാംകൂറിൽ മുലഭദ്രി എന്നൊരു ഗൂഢഭാഷ പ്രയോഗത്തിലുണ്ടായിരുന്നതായി അറിഞ്ഞത്. പിന്നെ അതേക്കുറിച്ചും പഠനം തുടങ്ങി. ഇങ്ങനെ പലതരം ഗൂഢ ഭാഷകളിലേക്കും ആ അന്വേഷണങ്ങളെത്തി. മൈഗുരുഡും മൂലഭദ്രിയും പഠിക്കുന്ന കൂട്ടായ്മകളിലും പങ്കെടുത്തു. ഇതിനിടയിലാണ് കോവിഡും ലോക്ഡൗണും വന്നത്. പ്രമോദും കൂട്ടരും അതൊരു അവസരമായെടുത്തു. ഗൂഢഭാഷയുടെ ഓൺലൈൻ പഠനം! മൂവായിരത്തോളം പേരാണ് ഓൺലൈനിൽ പഠിതാക്കളായി എത്തിയത്. ഇവർക്കായി 30 വാട്സാപ് ഗ്രൂപ്പുകളാണ് ഉണ്ടാക്കിയത്. പല ബാച്ചുകളായാണ് പഠനം നടന്നത്. മൈഗുരുഡിന്റെ പ്രയോക്താക്കളായിരുന്ന ഇരുമ്പുഴിയിലെ മറ്റു 3 പേരും പിന്നീട് മരിച്ചു. ഇപ്പോൾ പ്രമോദ് ഇരുമ്പുഴിയും അദ്ദേഹത്തിന്റെ പുസ്തകവുമാണ് ആ ഗൂഢഭാഷയുടെ ആധികാരിക വഴി.
∙ അക്ഷരങ്ങളിൽ കാട്ടിയ വികൃതി, ഗൂഢഭാഷ പറയേണ്ടതിങ്ങനെ
സാധാരണ അക്ഷരങ്ങളിൽ ചില വികൃതികൾ കാണിച്ചുണ്ടാക്കിയൊരു ഭാഷയാണ് മൈഗുരുഡ്. സ്വരാക്ഷരങ്ങൾക്കു പകരം ‘സ’ എന്ന അക്ഷരത്തിന് ചില്ലുകൾ ചേർക്കും. ‘അ’, ‘ആ’, ‘ഇ’, ‘ഈ’... എന്നിങ്ങനെ ഉപയോഗിക്കുന്നതിനു പകരം സ, സാ, സി, സീ... എന്നു പ്രയോഗിക്കും. വ്യജ്ഞനാക്ഷരങ്ങളിൽ ക, ഖ, ഗ, ഘ എന്നിവയ്ക്കെല്ലാം പകരമായി ‘മ’ എന്ന ഒറ്റ അക്ഷരം. ‘ങ’ എന്നതിനു പകരം ’യ’. ഇങ്ങനെ പല വിധത്തിൽ അക്ഷരങ്ങൾ മാറ്റിയാണ് പ്രയോഗിക്കുക.
‘കഞന്നുണം’ എന്നു പറഞ്ഞാൽ എന്തെങ്കിലും മനസ്സിലാകുമോ? മൈഗുരുഡ് ഭാഷയിൽ ‘മലപ്പുറം’ എന്നാണത്.
ചെറിയ വ്യത്യാസങ്ങളോടെയാണ് മൂലഭദ്രിയും ഉപയോഗിക്കുന്ന്. മൂലഭദ്രം എന്നും ഇതിനു പേരുണ്ട്. മൈഗുരുഡിൽ ‘സ’ ആണ് സ്വരാക്ഷരങ്ങൾക്ക് ഉപയോഗിച്ചതെങ്കിൽ മൂലഭദ്രിയിൽ ‘ക ’ ആണ് ആ സ്ഥാനം വഹിക്കുന്നത്. മറ്റ് വ്യഞ്ജനാക്ഷരങ്ങൾ തൊട്ടടുത്ത അക്ഷരങ്ങൾ കൊണ്ടു വച്ചുമാറിയാണ് പ്രയോഗിക്കുക. ‘ഖ’ എന്നതിനു പകരം ‘ഗ’, ഗ യ്ക്കു പകരം ഖ, ങ യ്ക്കു പകരം ഘ, ഘ യ്ക്കു പകരം ങ. ‘മലപ്പുറം’ എന്ന് മൂലഭദ്രിയിൽ പറയുന്നത് ‘നസത്തുഴം’ എന്നാകും.
∙ ഔഷധമേഖലയിലേക്ക് പിതാവ് തെളിച്ച വഴി
പിതാവ് ശിവശങ്കര വൈദ്യർ പ്രശസ്തനായ പാരമ്പര്യ വൈദ്യനായിരുന്നു. അതുകൊണ്ടു തന്നെ ഔഷധവും ഔഷധ സസ്യങ്ങളുമൊക്കെ ചെറുപ്പം മുതലേ പരിചിതം. പിഎച്ച്ഡിയും നേടി അധ്യാപക ജോലി തിരഞ്ഞെടുത്ത ശേഷമാണ് നാട്ടു ഭാഷയെക്കുറിച്ചും മറ്റുമുള്ള ഗവേഷണങ്ങളിലേക്കും പ്രചാരണത്തിലേക്കുമൊക്കെ തിരിഞ്ഞത്. ആദ്യം ജോലി കിട്ടിയത് യുപിയിലെ റായ്‌ബറേലിയിലെ ജവാഹർ നവോദയ വിദ്യാലയത്തിലാണ്. മലയാളം അധ്യാപകനായിത്തന്നെ. 2003–2005 വരെയായിരുന്നു അവിടെ. പിന്നീട് താനൂർ കാട്ടിലങ്ങാടി ഗവ. എച്ച്എസ്എസിലൂടെ സർക്കാർ ഹയർ സെക്കൻഡറി അധ്യാപകനായി. അവിടെ നിന്ന് വിവിധ സ്കൂളുകളിലേക്ക് മാറ്റം ലഭിച്ചെങ്കിലും എല്ലായിടത്തും തന്റെ ഗവേഷണ കയ്യൊപ്പ് പതിപ്പിക്കാനും അദ്ദേഹം മറക്കാറില്ല.
പരിസ്ഥിതി പ്രവർത്തനത്തിലും സജീവമായ പ്രമോദ് നിലവിൽ സ്കൂളുകളിലെ ദേശീയ ഹരിത സേന മലപ്പുറം വിദ്യാഭ്യാസ ജില്ലാ കോഓർഡിനേറ്ററാണ്. പരിസ്ഥിതി ക്ലബ്ബുകളുടെ സംഘാടനവും ക്യാംപുകളുമായി മുന്നോട്ടു പോകുന്നു. വീട്ടുകാർക്കും ഈ വിഷയങ്ങളിലെല്ലാം താൽപര്യമുള്ളതുകൊണ്ടാണ് വിവിധ മേഖലകളിൽ ശ്രദ്ധ പതിപ്പിക്കാനാകുന്നതെന്ന് അദ്ദേഹം പറയുന്നു. നാട്ടു വൈദ്യ ഗവേഷണത്തിനും നാട്ടുഭാഷാ ഗവേഷണത്തിനും ശേഷം ഇനി നാട്ടു ചരിത്ര ഗവേഷണമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ഭാര്യ റീന കുനൂർ എടവണ്ണ ഗവ. എച്ച്എസ്എസ് ബോട്ടണി അധ്യാപികയാണ്. 2 മക്കൾ: അവന്തിക ഭൈമി, അരുന്ധതി താര.
ചിത്രം :തേങ്ങാ മരുന്നുമായി ഡോ.പ്രമോദ് ഇരുമ്പുഴി
എഴുത്ത് : നസീബ് കാരാട്ടിൽ
കടപ്പാട് : മനോരമ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group