ഹൃദയഹാരിയായ വരചാരുത ;
മാത്യു സാറിൻറെ തലവര
: ദിവാകരൻ ചോമ്പാല
അത്യന്തം നവീനവും വൈവിധ്യസമ്പൂർണ്ണവുമായ അവതരണ ശൈലിയിലൂടെ പരമ്പരാഗത ആസ്വാദന രീതികളിൽ നിന്നും ചിത്രകലയ്ക്ക് വേറിട്ട നിലയിൽ ലളിതവും അതിലേറെ സുന്ദരവുമായ ശൈലി രൂപപ്പെടുത്തി പതിനായിരങ്ങളെ ആരാധകരാക്കി മാറ്റിയ ചിത്രകാരൻ ,കോട്ടയം ജില്ലക്കാരൻ .
ആർട്ടിസ്റ്റ് കെ .ജെ .മാത്യു ( മാത്യൂസ് ) സാറിനെ പലർക്കുമറിയാമെങ്കിലും പുതുതലമുറക്കാർക്കായി പരിചയപ്പെടുത്തുന്നു .
2019 ൽ ആരംഭിച്ച Mathew Skech എന്ന ഫേസ് ബുക്ക് പേജിൽ മാത്യു സാറിൻ്റെ കൈയ്യൊപ്പ് വീണ ചിത്രങ്ങൾ ദിവസേന കാണാം .
നമുക്കറിയാവുന്നവരും നമുക്കിടയിലുള്ളവരും കൂട്ടത്തിൽ വിശിഷ്‌ഠ വ്യക്തിത്വങ്ങളുടെയും രൂപ്രേഖകൾ ..മുഖമുദ്രകകളുടെ നീണ്ടനിര .
വ്യത്യസ്ഥ തലങ്ങളിലുള്ള രൂപസാദൃശ്യങ്ങളെ യാഥാർഥ്യ ബോധവുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള ചിത്രകലയുടെ സമ്പൂർണ്ണത എന്താണെന്നറിയാൻ മാത്യുസ് സാറിൻ്റെ ഈ ഫേസ് ബുക്ക് പേജിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതിയാകും .
കറുപ്പും വെളുപ്പും ഇടകലർന്ന വരകൾ . ഇടയിൽ മുറിഞ്ഞും ,തെളിഞ്ഞും ,മങ്ങിയും, വളഞ്ഞും ,പുളഞ്ഞും നേർത്ത് മെലിഞ്ഞും ഒഴുകി നീങ്ങുന്ന വരയുടെ മാന്ത്രികതയിൽ കണ്ണുടക്കാത്തവരില്ല .
നമുക്കറിയാവുന്നവരും വേണ്ടപ്പെട്ടവരുടേതുമാണ് ചിത്രമെങ്കിൽ ആസ്വാദനത്തിൻ്റെ അളവൊന്നു വേറെ .
'വരവേഗ വിസ്‌മയം ' എന്ന പേരിൽ ചിത്ര കലയെ വേറിട്ട ശൈലിയിലൂടെ ജനകീയ പരിവേഷം ചാർത്തിയ പത്തനംതിട്ടക്കാരൻ ,വിശ്വപ്രസിദ്ധനായ ഹൈസ്‌പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയുടെ മുഖചിത്രം മാത്യുസ് സാറിൻറെ കൈയ്യൊപ്പ് വീണനിലയിൽ Mathewsketch എന്നപേജിൽ കാണാനിടയായി .
അതിമനോഹരം ,അതി സൂക്ഷ്‌മം എന്നതിലേറെ വിസ്‌മയകരം എന്ന് പറയുന്നതാവും കൂടുതൽ ശരി .
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഇതിനകം പതിനായിരക്കണക്കിന് വേദികളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വരയരങ്ങിന് നേതൃത്വം നൽകിയ ഡോ .ജിതേഷ്‌ജി തൻ്റെ ചിത്രം നോക്കിക്കണ്ടത് നിറഞ്ഞമനസ്സോടെ .
ആർട്ടിസ്റ്റ് കെ .ജെ . മാത്യൂസാറിനെ വിളിച്ച് കൃതജ്ഞതാനിർഭരമായ മനസ്സോടെ സന്തോഷം പങ്കുവെക്കാനും ജിതേഷ്ജി മറന്നില്ല .
മുൻ കേന്ദ്ര-ആഭ്യന്തര സഹമന്ത്രിയും, ഏഴു തവണ ലോക് സഭ അംഗവുമായിരുന്ന ചോമ്പാലക്കാരൻ ശ്രീ .മുല്ലപ്പള്ളി രാമചന്ദ്രൻ്റെ മുഖചിത്രം
Mathew Skech ൽ ഇന്നലെ വരച്ചിട്ടതു കണ്ടു .
തമ്മിൽ കണ്ടുപരിചര്യമില്ലാത്ത മുല്ലപ്പള്ളിയെ പത്രത്താളിലെ ചിത്രം നോക്കി കൃത്യവും സൂക്ഷ്മവുമായ നിലയിൽ അശേഷം രൂപസാദൃശ്യം നഷ്‌ഠപ്പെടാതെ വരയിലൊതുക്കിയ മാത്യു സാറിനെ നിറഞ്ഞമനസ്സോടെ മുല്ലപ്പള്ളി അനുമോദിക്കുകയുണ്ടായി
"'ഏതെങ്കിലും ഒരു വസ്‌തുവിൽനിന്നും അഥവാ ഒബ്‌ജക്റ്റിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശ രശ്‌മികൾ അല്ലെങ്കിൽ ലൈറ്റ് പാറ്റേണുകൾ സമയബന്ധിതമായി ഏക്സ്‌പോഷറിലൂടെ ചിത്രങ്ങളാക്കി രൂപാന്തര രപ്പെടുത്തുന്ന ഉപകരണമാണ് ക്യാമറ .
ക്യാമറയിൽ ചിത്രമെടുക്കണമെങ്കിൽ മുന്നിൽ ഒരു ഒബ്‌ജക്‌ട് വേണമെന്നു തീർച്ച .
എന്നാൽ ജീവിതത്തിൽ ഒരിക്കൽപ്പോലും ആർട്ടിസ്റ്റ് കെ ജെ മാത്യുവും ഞാനും തമ്മിൽ കണ്ടിട്ടില്ല .എന്നിട്ടും എൻ്റെ മുഖസാദൃശ്യം അശേഷം ചോർന്നുപോകാതെ പരിമിതമായ രേഖകളിലൂടെ ജീവൻ നൽകികണ്ടതിൽ അതിയായ സന്തോഷം ,അതിലേറെ വിസ്മയം ''.മുല്ല പ്പള്ളി രാമചന്ദ്രൻ പറഞ്ഞുനിർത്തിയതങ്ങിനെ
ഒന്നോടൊന്നു ബന്ധമില്ലാത്ത ശൈലിയിലുള്ള മാത്യുസ് സാറിൻറെ രചനകൾ നോക്കിക്കാണുമ്പോൾ ചങ്ങമ്പുഴയുടെ മനസ്വിനിയിലെ വരികൾ അറിയാതെ ഓർത്തുപോയി .
മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ മനോഹരിയായ ഇഷ്ടപ്രാണേശ്വരിയെ ക്കുറിച്ച് കവി എഴുതിയതെങ്ങിനെ ...
മലരൊളിതിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി
എഴുതാനുഴറി കൽപ്പന
ദിവ്യമൊരഴകിനെ ,എന്നെ മറന്നൂ ഞാൻ
മാത്യുസ് സാറിന്റെ രേഖാ ചിത്രങ്ങളിൽ നോക്കിയിരിക്കുമ്പോൾ സ്വയം മറന്നുപോകുന്ന അവസ്ഥയിലാരെങ്കിലും പെട്ടുപോയാൽ അവർ കുറ്റം പറയാനാവില്ല .തീർച്ച . ചിത്രകാരൻ്റെ മഹത്വം അവിടെ തുടങ്ങുന്നു .
മനുഷ്യജീവിതത്തിലെ സമസ്തമേഖലകളിലും നിർമ്മിതബുദ്ധി യുടെ സ്വാധീനം അനുദിനം വികസിച്ചു വരുമ്പോഴും പരമ്പരാഗത ചിത്രരചനയിൽ നിന്നും അശേഷം വഴി മാറാതെ കടലാസിൽ പേനയുപയോഗിച്ച്
തൻ്റെതായ പ്രത്യേക ശൈലിയിലൂടെ ചിത്രരചന തുടരുന്ന മാത്യു സാറിനെ കുറിച്ച് നാലു വാക്ക്
1975 മുതൽ 1990 വരെ കോട്ടയം പ്രസിദ്ധീകരണങ്ങളിലൂടെ 25 ചിത്രകഥകൾ അദ്ദേഹത്തിൻറെതായി പുറത്തുവന്നിട്ടുണ്ട്.
മാത്യു സാറിൻ്റ അധ്യാപകർ ആയിരുന്ന പെരുവ ഗവൺമെൻറ് ഹൈസ്കൂളിലെ പലരും ഒരു പറ്റം സുഹൃത്തുക്കളും അദ്ദേഹത്തിൻറെ" പ്രിയയുടെ കത്ത് "എന്ന ചിത്ര കഥയിലെ കഥാപാത്രങ്ങളാണെന്ന്
അദ്ദേഹത്തിൻറെ ആരാധകനും സുഹൃത്തുമായ വിജയൻ സാർ (ന്യൂസ് പ്രിൻറ് നഗർ ) സാക്ഷ്യപ്പെടുത്തുന്നു .
തുടക്കം നോവലുകൾക്ക് ഇല്ലസ്ട്രേഷൻ വരച്ചു കൊണ്ട് ആയിരുന്നു .
മനോരാജ്യം വാരികയിൽ പ്രസിദ്ധീകരിച്ച മാത്യു സാറിൻറെ "ചുവന്ന ബൈക്കിൽ വരുന്ന ആൾ"
എന്ന ചിത്രകഥയുടെ ജനപ്രീതികണക്കിലെടുത്ത് മനോരാജ്യം ചീഫ് എഡിറ്റർ ഡോ .ജോർജ്ജ് തോമസ് മാത്യുസാറിനു പ്രതിഫലമായി നൽകിയത് ചിത്രകഥയിൽ കാണിച്ച
Ind Zuzuki യുടെ ചുവന്ന മോട്ടോർ ബൈക്ക് തന്നെ ആണെന്ന് അഭിമാനപൂർവ്വം വിജയൻ സാർ പറയുന്നു.
75 കഴിഞ്ഞ മാത്യു സാർ എന്ന റിട്ടയേർഡ് ചിത്രകല അധ്യാപകൻ ഇപ്പോഴും വിശ്രമമില്ലാതെ വരച്ചുകൊണ്ടിരിക്കുന്നു .Mathewsketch എന്ന തൻറെ ഫേസ്ബുക്ക് പേജ് തുറന്നാലറിയാം മാത്യൂ സാറിൻറെ 'തലവര 'എന്താണെന്ന് .
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കാരിക്കോട് എന്ന സ്ഥലത്താണ് അദ്ദേഹം താമസിക്കുന്നത് .പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്നു കിലോമീറ്റർ കിഴക്കുമാറി രമേശ് പിഷാരടി മാത്യു സാറിന്റെ അയൽക്കാരനാണ്.
മാത്യു സാറിൻ്റെ ചിത്രകഥകൾ:
1.പന്ത്രണ്ട് രാവുകൾ.1975. ഹൊറർ സ്റ്റോറി മനോരാജ്യം.
2. കാർത്തികപ്പൂവ്. 1976. പുനർജന്മ പ്രേമ കഥ. മനോരാജ്യം.
3. പാതാളനഗരി. 1976.ഫാന്റസി. ദീപിക വാരാന്ത്യ പ്പതിപ്പ്.
4. പനിനീർമഴ.1977. പുനർജന്മ കഥ. മനോരാജ്യം.
5. ഉണ്ണിയും ഉഷയും.1977. മനോരമ ആഴ്ചപ്പതിപ്പ്.....
6. വസന്തം വന്നപ്പോൾ.1978.സൂപ്പർ നാച്ചുറൽ. മനോരാജ്യം.
7. ആ കഥ അവസാനിച്ചു. 1978. മംഗളം ആഴ്ചപ്പതിപ്പ്.
8. മോഹാലസ്യം. 1979. ലൗ സ്റ്റോറി. മനോരാജ്യം.
9. പ്രാപ്പിടിയൻ. 1979. പശ്ചിമതാരക
10. പൗർണമി രാവിൽ. 1980. പുനർജന്മം. മനോരാജ്യം.
11. ആരാധിക. 1980. മനോരാജ്യം.
12. കാട്ടാറും കണിക്കൊന്നയും.1980.
ലവ് സ്റ്റോറി. മനശബ്ദം വരിക
13. ഷൈമോൾ. 1981.ലൗ സ്റ്റോറി. മനോരാജ്യം.
14. പൂർണേന്ദു. 1981. കേരള ഭൂഷണം ഡെയിലി.
15. പ്രിയയുടെ കത്ത്. 1982. മനോരാജ്യം.
16. മുപ്പത് ദിവസം. 1982. കേരള ഭൂഷണം ഡെയിലി.
17. മധുരിക്കുന്ന മഞ്ഞുതുള്ളികൾ.1983. മനോരാജ്യം.
18. എല്ലാം ഓർമ്മകൾ.1984. മനോരാജ്യം.
19. ചതുപ്പിൽ വിരിഞ്ഞ ചമ്പകപ്പൂവ്. 1984.പൗരദ്ധ്വനി
20. ചുവന്ന ബൈക്കിൽ വരുന്ന ആൾ.1986. ലൗ സ്റ്റോറി. മനോരാജ്യം:
21. ഇഷ്ടമാണ് നൂറുവട്ടം.1987. ലൗ സ്റ്റോറി.
മലയാള മനോരമ
22. കിളി ഒഴിഞ്ഞ കൂട്. 1987. ലവ് സ്റ്റോറി.
മനോരാജ്യം.
23. ഒരു സ്വപ്നം മായുന്നു.1988. ലവ് സ്റ്റോറി
മനോരാജ്യം
24. ഒരുനാൾ ഒരു ശലഭമായി. 1989. ഇഷ്ടമാണ് നൂറുവട്ടത്തിന്റെ രണ്ടാം ഭാഗം. മംഗളം വരിക.
25. ഒരു മുഖം മാത്രം കണ്ണിൽ. 1991. മനോരാജ്യം.....
(വിവരങ്ങൾ നൽകി സഹായിച്ച വിജയൻ സാറിന് നന്ദി )
ദിവാകരൻ ചോമ്പാല
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Shalini Rakesh
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group