ധാക്ക: മഴ കാരണം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ച കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത് വിവാദമായി. ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്ന ടെക്നിക്കൽ കമ്മിറ്റിയുടെ ആദ്യ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് ഇന്ത്യൻ ടീം സമ്മാനദാന ചടങ്ങ് ബഹിഷ്കരിച്ചു.
പാക്കിസ്ഥാനെ ഏകപക്ഷീയമായി ജേതാക്കളായി പ്രഖ്യാപിച്ചത് ചട്ടലംഘനമാണെന്നും ഇന്ത്യയെ സംയുക്ത വിജയികളായി പ്രഖ്യാപിക്കണമെന്നും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദ ബ്ലൈൻഡ് ഇൻ ഇന്ത്യ (സി.എ.ബി.ഐ) ആവശ്യപ്പെട്ടു. വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (ഡബ്ല്യു.ബി.സി.സി) പ്രസിഡന്റും പാക്കിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ (പി.ബി.സി.സി) മേധാവിയുമായ സയ്യിദ് സുൽത്താൻ ഷാ ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം.
മഴ കാരണം ഫൈനൽ ഉപേക്ഷിച്ചപ്പോൾ ടൂർണമെന്റ് നിയമാവലിയിലെ സെക്ഷൻ 27 പ്രകാരം ഇന്ത്യയെയും പാക്കിസ്ഥാനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കാൻ ഡബ്ല്യു.ബി.സി.സി ടെക്നിക്കൽ കമ്മിറ്റി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ സുൽത്താൻ ഷാ ഇടപെട്ട് തീരുമാനം മാറ്റുകയും നെറ്റ് റൺറേറ്റിൽ മുന്നിലുള്ള പാക്കിസ്ഥാനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയുമായിരുന്നുവെന്ന് സി.എ.ബി.ഐ ചൂണ്ടിക്കാട്ടുന്നു. ഡബ്ല്യു.ബി.സി.സി അധ്യക്ഷസ്ഥാനവും പി.ബി.സി.സി അധ്യക്ഷസ്ഥാനവും ഒരേസമയം വഹിക്കുന്ന സുൽത്താൻ ഷാ അധികാര ദുർവിനിയോഗമാണ് നടത്തിയതെന്ന് ഇന്ത്യൻ ടീമും ഒഫിഷ്യലുകളും ആരോപിച്ചു.
ഇന്ത്യയെ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചില്ലെങ്കിൽ ഭാവിയിൽ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് സി.എ.ബി.ഐ ജനറൽ സെക്രട്ടറി ശൈലേന്ദ്ര യാദവും പ്രസിഡന്റ് മഹന്തേഷ് ജി.കെയും മുന്നറിയിപ്പ് നൽകി. നവംബർ 18-ന് നടന്ന സെമിഫൈനലിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ബംഗ്ലാദേശ് ഉയർത്തിയ 124 റൺസ് വിജയലക്ഷ്യം സുനിൽ രമേശിന്റെ (പുറത്താകാതെ 63) ബാറ്റിങ് മികവിൽ 13.2 ഓവറിൽ ഇന്ത്യ മറികടന്നിരുന്നു. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 179 റൺസിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
2025-ലെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിലും 2026-ലെ വനിതാ ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യ ജേതാക്കളായപ്പോൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചതും തുടർന്നുണ്ടായ വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിട്ടുണ്ട്. ആ നിരയിലേക്കാണ് കാഴ്ചപരിമിതരുടെ ഏഷ്യാ കപ്പ് ഫൈനലിലെ വിവാദവും എത്തിയിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































