കോഴിക്കോട് : ഞായറാഴ്ച കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിനെ 5-0 എന്ന തകർപ്പൻ സ്കോറിന് പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ഷീൽഡ് സ്വന്തമാക്കി. ലീഗിൽ ആറ് മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച കാലിക്കറ്റ്, നോക്കൗട്ട് ഘട്ടത്തിലേക്കും യോഗ്യത നേടി. ഈ വിജയത്തോടെ മലപ്പുറം എഫ്‌സിയുടെ സെമിഫൈനൽ പ്രവേശനവും ഉറപ്പായി. സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിലെ ആദ്യ ഷീൽഡ് ജേതാക്കളെന്ന നേട്ടവും ഇതോടെ കാലിക്കറ്റിന് സ്വന്തമായി.
ക്യാപ്റ്റൻ കെ. പ്രശാന്ത്, ലിയോ ഡേവിഡ്, മാക്സിമിലിയാനോ ഉറുട്ടി, കാൽവിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ മികച്ച ആക്രമണ പ്രകടനം പുറത്തെടുത്താണ് കാലിക്കറ്റ് മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയത്. ലിയോ ഡേവിഡ് നേടിയ പെനാൽറ്റി 14-ാം മിനിറ്റിൽ ഗോളാക്കി മാറ്റി മാക്സിമിലിയാനോ കാലിക്കറ്റിന് ലീഡ് നൽകി. 18-ാം മിനിറ്റിൽ കാൽവിൻ തോമസിന്റെ മുഖത്ത് അടിച്ചതിന് കണ്ണൂർ താരം എസ്. മനോജിന് ചുവപ്പുകാർഡ് ലഭിച്ചതോടെ കണ്ണൂർ വാരിയേഴ്സ് പത്തുപേരായി ചുരുങ്ങി. കളിക്കാരുടെ എണ്ണത്തിലുള്ള മുൻതൂക്കം മുതലെടുത്ത് സമ്മർദ്ദം ശക്തമാക്കിയ കാലിക്കറ്റിനായി, കാൽവിനും ലിയോയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ക്യാപ്റ്റൻ കെ. പ്രശാന്ത് രണ്ടാം ഗോൾ നേടി.
ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള ശക്തമായ ഷോട്ടിലൂടെ മാക്സിമിലിയാനോ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന അദ്ദേഹം ഹാട്രിക് പൂർത്തിയാക്കി. പിന്നാലെ ലിയോ ഡേവിഡ് കൂടി ലക്ഷ്യം കണ്ടതോടെ കാലിക്കറ്റ് എഫ്‌സി 5-0 എന്ന വമ്പൻ വിജയം ഉറപ്പിക്കുകയായിരുന്നു.
എട്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 20 പോയിന്റുമായാണ് കാലിക്കറ്റ് എഫ്‌സി പട്ടികയിൽ ഒന്നാമതെത്തിയത്. 14 പോയിന്റുള്ള മലപ്പുറം എഫ്‌സി രണ്ടാമതും, 13 പോയിന്റുള്ള ഫോഴ്സ കൊച്ചി മൂന്നാമതുമാണ്. 11 പോയിന്റുമായി തിരുവനന്തപുരം കൊമ്പൻസ് നാലാം സ്ഥാനത്ത് തുടരുമ്പോൾ, തൃശൂർ മാജിക്കും കണ്ണൂർ വാരിയേഴ്സും ഏഴ് പോയിന്റ് വീതം നേടി പിന്നിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































