എവിടെയും തെളിഞ്ഞും തിളങ്ങിയും നിറയുന്ന വിജയികളുടെ ത്രിമാന ചിത്രങ്ങൾ നമ്മുടെയൊക്കെ കണ്ണിൽ തടയാറുണ്ട്. എന്നാൽ അവിടങ്ങളിലൊക്കെ എണ്ണമറ്റ മാനങ്ങളോടെ നിശ്ശബ്ദം വിനിമയം ചെയ്യുന്ന പരാജിതരും മറഞ്ഞു നില്പുണ്ട്. പക്ഷേ ആരും അവരെ തിരിച്ചറിയാറില്ല എന്ന് മാത്രമല്ല ചരിതം വിജയികളുടെ കുതിരക്കുളമ്പടികളെയാണ് പിന്തുടരുന്നത്. ഒരു പക്ഷേ, പരാജിതർ തങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിനിടയിൽ അദൃശ്യരോ അപ്രസ്ക്തരോ ആയി രൂപം മാറിക്കാണും. അതിനാൽ വെറുംനോട്ടങ്ങൾക്ക് അവരെ അരിച്ചെടുക്കാൻ പ്രാപ്തിയുണ്ടാവില്ല. അവിടെയാണ് മാധ്യമ പ്രവർത്തകനും, എഡിറ്ററും എഴുത്തുകാരനുമായ ടി . അനീഷ് തന്റെ സൂക്ഷ്മ നിരീക്ഷണങ്ങളുടെയും, അന്വേഷണാത്മകമായ സർഗ്ഗാത്മകതയുടേയും തെളിച്ചത്തിൽ ആവിഷ്‌കരിച്ച 'പരാജിത നായകർ' -തമിഴ് രാഷ്ട്രീയത്തിന്റെ കഥ - എന്ന മികച്ച രചനയുടെ പ്രസക്തി.
ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ താര രാഷ്ട്രീയത്തിന്റെ സർവ്വകലാശാല എന്ന് വിശേഷിപ്പിക്കാവുന്ന തമിഴകത്തിലെ, രാഷ്ട്രീയഭാഗ്യാന്വേഷികളായി പരിണമിച്ച ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ ചരിത്രത്തെയാണ് അപനിർമ്മിക്കുന്നത്. രാഷ്ട്രീയ പരീക്ഷണങ്ങളിൽ മുഴുകിയും മുങ്ങിയും നീന്തിയും തോൽവി സമ്മതിച്ച് പിൻവലിഞ്ഞും മണ്മറഞ്ഞു പോയവരും അല്ലാത്തവരുമായ താരരാജാക്കന്മാരെ അതാതു കാലത്തെയും അവരവരുടെ സഞ്ചാര വഴികളെയും ചേർത്തു വച്ച് അപഗ്രഥിക്കാനുള്ള സഫലമായ ശ്രമമാണ് ഈ കൃതി.
എം ജി ആർ, ജയലളിത, വിജയ് എന്നിവർ രാഷ്ട്രീയ പരീക്ഷണത്തിൽ വിജയിച്ച താരങ്ങളാണെന്നു പറയാം. മുൻഗാമികളെ അപേക്ഷിച്ചു വിജയ് ഈ നില ഇനിയും തെളിയിക്കപ്പെടേണ്ടതായിട്ടുണ്ട്. ഈ മൂന്നു വിജയികളുടെയും രാഷ്ട്രീയനേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ശിവാജി ഗണേശനിൽ തുടങ്ങി എസ് എസ് രാജേന്ദ്രൻ, കെ ഭാഗ്യരാജ്, ടി രാജേന്ദർ, വിജയകാന്ത്, ശരത്കുമാർ, കാർത്തിക്, കമൽ ഹാസൻ, സീമാൻ, കരുണാസ്, വരെയും നീളുന്ന തമിഴ് താരരാഷ്ട്രീയത്തിന്റെ സങ്കീർണ്ണമായ അടരുകളെ വേർതിരിച്ചെടുക്കുന്നതിൽ ടി അനീഷ് അസാമാന്യമായ ബൗദ്ധീക ചാതുര്യം പുലർത്തുന്നുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിച്ചില്ലെങ്കിലും തമിഴ് രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ രജനികാന്ത് എന്ന സൂപ്പർതാരത്തെ കുറിച്ചുള്ള അധ്യായം ഏറെ കൗതുകമുണർത്തുന്നതും എഴുത്തുകാരന്റെ രാഷ്ട്രീയ നിരീക്ഷണപാടവത്തിന്റെ നിദർശനവുമാണ്.
ഓരോ താരങ്ങളെയും അവരുടെ കുടുംബ -ജാതി പശ്ചാത്തലം, കലാപ്രവർത്തനങ്ങൾ, സിനിമയിലേക്കുള്ള പ്രവേശം, പ്രേക്ഷകരെ ആകർഷിക്കാനും നായകപദവി ആർജ്ജിക്കുന്നതിനും കാരണമായ ഘടകങ്ങൾ, താരപദവിയെ മുൻനിർത്തി നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ, ഈ രംഗത്ത് ശോഭിക്കാനോ ശോഭ നഷ്ടപ്പെടാനോ ഉണ്ടായ കാരണങ്ങൾ എന്നിവ നിരത്തിയാണ് എഴുത്തുകാരൻ അപഗ്രഥിക്കുന്നത്.
തമിഴ് ജനത തങ്ങളുടെ താരമൂർത്തികളെ അവരുടെ അടയാഭരണങ്ങൾ അഴിച്ചുമാറ്റി പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും തുലാസിൽ ഭാരമളന്ന് വേണ്ടത് മാത്രം ഏറ്റെടുത്തും ബാക്കി ദൂരെയെറിഞ്ഞും തങ്ങളുടെ രാഷ്ട്രീയവിവേകം പ്രകടിപ്പിച്ച നാടകീയ മുഹൂർത്തങ്ങളെ കഥാകഥന സ്വഭാവത്തോടെയാണ് 'പരാജിത നായകർ' അവതരിപ്പിക്കുന്നത്. ഒരു ത്രില്ലർ കഥ പോലെ വായിച്ച് പോകാവുന്ന ആഖ്യാന രീതി, മറ്റു ചരിത്ര - സംസ്കാര പഠനങ്ങളിൽ നിന്ന് ഈ കൃതിയെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകമാണ്.
വിഷയപരമായ അനന്യത, മനോവിശ്ലേഷണത്തിന്റെ സൂക്ഷ്മദർശിനിയിലൂടെ പുരോഗമിക്കുന്ന ആഖ്യാനം, ജീവസ്സുറ്റ ഭാഷ ഇവ ഒരുപോലെ കൃത്യമായ അനുപാതത്തിൽ ചേർന്നു വന്നതിനാൽ മൗലീകതയുടെ ഉയർന്ന തട്ടിലാണ് ഈ പുസ്തകത്തിന്റെ സ്ഥാനം .
താരപരിവേഷം എന്ന ഇന്ധനവും, അഭ്രപാളികളിലെ നായക കഥാപാത്രങ്ങളിലൂടെ ആർജ്ജിച്ച പ്രതിച്ഛായയും ഊർജ്ജമാക്കി ഏതാണ്ട് വ്യത്യസ്തമായ വഴികളിലൂടെ അധികാരത്തിന്റെ വിരുന്നുമേശയിലേക്കു കുതിച്ച പതിനൊന്നു താരമനുഷ്യർ നേരിട്ട രാഷ്ട്രീയ പ്രതിസന്ധികളും കയ്യെത്തി തൊടാനാകാഞ്ഞ അഭിലാഷങ്ങളും ലക്ഷ്യങ്ങളും ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളിലായി നേർസാക്ഷ്യമെന്നപോലെ വിവരിക്കുന്നു.
വിജയ് എന്ന താരത്തിന് തമിഴ്‌നാടിന്റെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കൈവന്ന മുഖ്യമന്ത്രി പദവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ താരരാഷ്ട്രീയത്തെ കുറിച്ചുള്ള മിത്തുകൾ വീണ്ടും സജീവമായ ഘട്ടത്തിലാണ് ഈ പുസ്തകം പുറത്ത് വന്നേറ്റത് എന്നത് ഇതിന്റെ പ്രസക്തി ഏറെ വർധിപ്പിക്കുന്നു. ഈ താരങ്ങളുടെ പരാജയങ്ങൾ വിജയ് ക്ക് നൽകുന്ന രാഷ്ട്രീയപാഠങ്ങളെയും ഈ കൃതി പ്രസരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് വിജയകാന്ത്, കമൽ ഹസൻ എന്നിവരെ കുറിച്ചുള്ള അധ്യായങ്ങളിൽ ഇത്തരം പരാമർശങ്ങൾ കാണാം.
തമിഴകത്തെ താരരാഷ്ട്രീയത്തെ കുറിച്ചുള്ള ധാരണകളെ കാലമൊരുക്കിയ തെളിവുകളുടെ പിൻബലത്തിൽ സമഗ്രമായി അന്വേഷിക്കുകയും അവയെ പൊളിച്ചെഴുതുകയും ചെയ്യുകയാണ് ഇവിടെ ലേഖകൻ. ചലച്ചിത്രങ്ങളിൽ നായകരായി വാണവർ തമിഴ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് എത്രത്തോളം നീതിപുലർത്താൻ ശ്രമിച്ചു എന്നതാണ്, പ്രധാനമായും അവരുടെ രാഷ്ട്രീയ ഭാഗധേയത്തെ നിർണ്ണയിച്ചത് എന്ന വസ്തുത ഈ പുസ്തകത്തിലൂടെ എഴുത്തുകാരൻ ശക്തമായി അവതരിപ്പിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































