റായ്‌പുര്‍: സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യ. റായ്‌പുരിൽ നടന്ന മൂന്നാം മൽസരത്തിൽ ഇന്ത്യ 92 റൺസിന് സന്ദർശകരെ കെട്ടുകെട്ടിച്ചു. മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ ഉജ്വല പ്രകടനമാണ് ഇന്ത്യൻ വിജയത്തുടക്കത്തിന് അടിത്തറയിട്ടത്. താരം വെറും 41 പന്തിൽ പുറത്താകാതെ 91 റൺസ് നേടി. ഈ പ്രകടനത്തിലൂടെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ഹർമൻ സ്വന്തമാക്കി. പരമ്പരയിലാകെ 128 റൺസെടുത്ത വൈസ് ക്യാപ്റ്റൻ ഷെഫാലി വർമയാണ് പ്ലെയർ ഓഫ് ദ് സീരീസ്.
ഷഹീദ് വീർനാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റൻ സ്‌മൃതി മന്ഥനയ്ക്ക് പകരം അനുഷ്‌ക ശർമയാണ് ഷെഫാലിക്കൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്‌തത്. ഇരുവരും ചേർന്ന് അഞ്ചോവറിൽ സ്കോർ 50 കടത്തി. മിന്നൽ പ്രകടനം പുറത്തെടുത്ത ഷെഫാലി വെറും 37 പന്തിൽ 69 റൺസെടുത്തു. 5 സിക്‌സും 6 ഫോറും ഉൾപ്പെട്ട കിടിലൻ ഇന്നിങ്സ്! 28 റൺസെടുത്ത അനുഷ്കയും 9 റൺസെടുത്ത നിക്കി പ്രസാദും രണ്ടോവറിൻ്റെ ഇടവേളയിൽ വീണപ്പോൾ ഹർമൻപ്രീത് ഷെഫാലിക്കൊപ്പമെത്തി.
ക്യാപ്റ്റൻ പദവി ഒഴിഞ്ഞശേഷം ഹർമൻപ്രീതിന്റെ ഏറ്റവും മികച്ച പ്രകടനമാണ് റായ്‌പുർ കണ്ടത്. സിംബാബ്‌വെ ബോളർമാരെ കടന്നാക്രമിച്ച താരം പരമ്പരയിലെ ആദ്യ രണ്ടുമൽസരങ്ങളിലെ നിരാശ മറികടന്നു. ആദ്യ ട്വന്റി20യിൽ ഒരു റൺസിന് പുറത്തായ ഹർമന് രണ്ടാം മല്‌സരത്തിലും ബാറ്റുചെയ്യാൻ കഴിഞ്ഞിരുന്നില്ല. നേരിട്ട പന്ത്രണ്ടാം പന്തിലാണ് ആദ്യബൗണ്ടറി നേടിയതെങ്കിലും ചിഗോറയുടെ ഓവറിൽ 20 റൺസെടുത്ത് ഹർമൻ ഗിയർ മാറ്റി.
പതിനഞ്ചാം ഓവറിൽ ഷെഫാലി പുറത്തായശേഷവും ഹർമൻപ്രീത് ആക്രമണം തുടർന്നു. സിബന്ദയുടെ ഓവറില്‍ മൂന്ന് ബൗണ്ടറികൾ പായിച്ച അവർ കരിയറിലെ 19-ാം അര്‍ധസെഞ്ചറി കുറിച്ചു. ഒരുഭാഗത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും അനായാസം ബാറ്റ് ചലിപ്പിച്ച മുൻ ക്യാപ്റ്റനെ വീഴ്ത്താൻ സിംബാബ്വെ ബോളർമാർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല. ഒരുഘട്ടത്തിൽ സെഞ്ചറി കടക്കുമെന്ന് തോന്നിച്ചെങ്കിലും കരിയറിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേടിക്കൊണ്ട് ഹർമൻ മൽസരത്തിൽ ഒപ്പുചാർത്തി. ഇന്ത്യ 20 ഓവറിൽ ഏഴുവിക്കറ്റിന് 216 റൺസ് എടുത്തു. ക്യാപ്റ്റൻ സ്മൃതി മന്ഥാന ബാറ്റിങ്ങിനിറങ്ങിയില്ല.
മറുപടി ബാറ്റിങ് തുടങ്ങിയ സിംബാബ്‌വെയ്ക്ക് ആദ്യ പന്തിൽ തന്നെ ഓപ്പണർ കെലിസ് എൻഡ് ലോവുവിനെ നഷ്ടമായി. ക്രാന്തി ഗൗഡിന്റെ പന്തിൽ നിക്കി പ്രസാദിന് ക്യാച്ച്. രണ്ടാം ഓവറിൽ മോഡെസ്‌റ്റർ മുപച്ചിക്വയും വീണതോടെ സന്ദർശകർ പ്രതിരോധത്തിലായി. ബിലവ്ഡ് ബീസയെ കൂട്ടുപിടിച്ച് ഷാർനെ മേയേഴ്സ‌് നടത്തിയ ചെറുത്തുനിൽപ്പാണ് സിംബാബ്‌വെ ഇന്നിങ്സിന് അൽപ്പമെങ്കിലും കരുത്തുനൽകിയത്. 49 പന്തിൽ 60 റൺസെടുത്ത മേയേഴ്‌സും 50 പന്തിൽ 44 റൺസെടുത്ത ബീസയും നന്ദനി ശർമയ്ക്ക് കീഴടങ്ങിയതോടെ സിംബാബ്വെ തോൽവി ഉറപ്പിച്ചു.
20 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റ് വീണതോടെ സന്ദർശകരുടെ ഇന്നിങ്സ് ഏഴുവിക്കറ്റിന് 124 റൺസിൽ അവസാനിച്ചു. മൂന്നുമൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തുത്തുവാരി. റായ്‌പുരിൽ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളെടുത്ത നന്ദനി ശർമ ബോളർമാരിൽ താരമായി. ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്‌ഡി, ദീപ്തി ശര്‍മ, നിക്കി പ്രസാദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































