ദുബായ്: വനിതാ ഏഷ്യ കപ്പിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരായെങ്കിലും മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവിയുമായ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന ബിസിസിഐ നിലപാടാണ് ഇതിന് കാരണം. ഇതോടെ കിരീടം ചൂടിയെങ്കിലും ട്രോഫിയില്ലാതെയാണ് ഇന്ത്യൻ ടീം വിജയാഘോഷം പൂർത്തിയാക്കിയത്.
നഖ്‌വിക്ക് പകരം എസിസി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് അൽ സറൂണിയോ അല്ലെങ്കിൽ മറ്റു ബോർഡ് പ്രതിനിധികളോ ട്രോഫി കൈമാറണമെന്ന ബിസിസിഐ നിർദ്ദേശം നഖ്‌വി നിരസിക്കുകയായിരുന്നു. ഇരുവിഭാഗവും നിലപാടിൽ ഉറച്ചുനിന്നതോടെ ട്രോഫി കൈമാറ്റം ഒഴിവാക്കി ചടങ്ങ് അവസാനിപ്പിച്ചു. അതേസമയം, രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയ്ക്കുള്ള റണ്ണറപ്പ് ചെക്ക് നഖ്‌വി തന്നെയാണ് കൈമാറിയത്.
ബിസിസിഐയുടെ കർശന നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്നും ടീം ബോർഡിനൊപ്പം നിൽക്കുന്നുവെന്നും ഹെഡ് കോച്ച് അമോൽ മജുംദാർ വ്യക്തത വരുത്തി. ടൂർണമെന്റിൽ ഇന്ത്യയാണ് ചാമ്പ്യന്മാരെന്ന കാര്യം വ്യക്തമാണെന്നും ഇനി വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലാണ് ടീമിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നടന്ന് പുരുഷന്മാരുടെ ഏഷ്യ കപ്പിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. 2025-ൽ ഇന്ത്യൻ പുരുഷ ടീം ചാമ്പ്യന്മാരായപ്പോഴും പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ധൂറിന്റെയും പശ്ചാത്തലത്തിൽ നഖ്‌വിയിൽനിന്ന് ട്രോഫി വാങ്ങാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. അന്ന് എസിസി ഓഫീസിലേക്ക് കൊണ്ടുപോയ ആ ട്രോഫി ഇതുവരെയും ബിസിസിഐക്കോ ഇന്ത്യൻ ടീമിനോ കൈമാറിയിട്ടില്ല.
ദുബായിൽ നടന്ന കലാശപ്പോരാട്ടത്തിൽ ശ്രീലങ്കയെ 72 റൺസിന് കീഴടക്കിയാണ് ഇന്ത്യ എട്ടാം വനിതാ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയെ 111 റൺസിന് ഇന്ത്യ ഓൾഔട്ടാക്കുകയായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































