ഓർമ്മയിലെ ഓണം :ഷർമിള പനോളി

ഓർമ്മയിലെ ഓണം :ഷർമിള പനോളി
ഓർമ്മയിലെ ഓണം :ഷർമിള പനോളി
Share  
ഷർമിള . പനോളി എഴുത്ത്

ഷർമിള . പനോളി

2026 Aug 25, 12:40 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

“അത്തം കറുത്താൽ ഓണം വെളുക്കും...

അത്തം പത്തോണം...

കാണം വിറ്റും ഓണമുണ്ണണം...”

ഓണത്തെക്കുറിച്ചുള്ള ഈ പഴമൊഴികൾ കേൾക്കുമ്പോഴൊക്കെയും മനസ്സിന്റെ ഏതോ കോണിൽ ഒരു പഴയ മുറ്റം ഉണരും. പൂക്കളുടെ ഗന്ധവും മണ്ണിന്റെ നനവും നിറഞ്ഞ ആ മുറ്റത്ത്, ഒരു കൂട്ടം കുട്ടികൾ ഓണത്തെ കാത്തുനിൽക്കുന്നുണ്ടാകും. കലണ്ടറിലെ ഒരു ദിവസമെന്നതിലുപരി, കാത്തിരിപ്പിന്റെ തന്നെ പേരായിരുന്നു അന്ന് ഓണം.

ഇന്നത്തെപ്പോലെ ഓണപ്പൂക്കളത്തിന്റെ ഡിസൈൻ വാങ്ങിക്കൊണ്ടുവരുന്ന കാലമായിരുന്നില്ല അത്. പ്ലാസ്റ്റിക് പൂക്കൾക്ക് പൂക്കളത്തിന്റെ ഏഴയലത്തുപോലും സ്ഥാനമുണ്ടായിരുന്നില്ല. പൂക്കളും ഇലകളും മാത്രമായിരുന്നു പൂക്കളത്തിന്റെ നിറങ്ങളും അലങ്കാരങ്ങളും.

നാളെ എങ്ങനെയുള്ള പൂക്കളം വേണമെന്ന് ഇന്ന് തന്നെ മനസ്സിൽ വരച്ചുവെക്കും. അത്തം നാളിൽ തുമ്പപ്പൂവിന്റെ ചെറിയൊരു വട്ടം മാത്രം. പിന്നെ ഓരോ ദിവസവും അതിന്റെ വലുപ്പവും ഭംഗിയും കൂടിക്കൂടി വരും. മുറ്റത്ത് കുഞ്ഞുകുഞ്ഞു പൂക്കളങ്ങൾ വിരിയുമ്പോൾ, മനസ്സിലും ഓണം പതിയെ പൂത്തുതുടങ്ങും.

അതേസമയം ഓണപ്പരീക്ഷയ്ക്കുള്ള പഠനവും വേണം. പുസ്തകം മുന്നിൽ തുറന്നുവെച്ചാലും മനസ്സ് മുഴുവൻ പൂക്കളത്തിലായിരിക്കും. വൈകുന്നേരമായാൽ പുസ്തകങ്ങൾ ഒരു മൂലയിലേക്ക് മാറും. പിന്നെ പൂ പറിക്കാനുള്ള യാത്രയാണ്.


ചുറ്റുവട്ടത്തെ വീടുകളിലെ കുട്ടികളെല്ലാം ചേർന്ന് ഒരു സംഘമായാണ് നാടുമുഴുവൻ അലഞ്ഞുതിരിയുക. നാട്ടുകാരുടെ തിണ്ടിലും കിളയിലും കയറി കിട്ടാവുന്നത്ര പൂക്കൾ ശേഖരിക്കും. വയലിലെ ചെളിയിൽ കാലുകൾ പുതഞ്ഞുകൊണ്ട് ‘വരി’ പറിക്കും. നെൽക്കതിരുകൾക്കിടയിൽ വളരുന്ന കളകളുടെ പൂവോ കായയോ ഒക്കെയാണ് ‘വരി’. എള്ളുമണിപോലെ ചെറിയ പച്ചനിറമുള്ള അവ പൂക്കളത്തിൽ വിതറിയിടുമ്പോൾ അതിന് വേറിട്ടൊരു ഭംഗിയായിരുന്നു.

പൂക്കളത്തിൽ തുമ്പപ്പൂവില്ലാതെ എന്ത് ഓണം!

തുമ്പപ്പൂ പറിക്കലായിരുന്നു അടുത്ത ദൗത്യം. തുണിസഞ്ചിയുമെടുത്ത് നേരെ റെയിൽവേ ട്രാക്കിനടുത്തേക്ക് ഓടും. ട്രാക്കിന്റെ ഇരുവശവും തലയിൽ വെള്ളപ്പൂക്കൾ ചൂടിനിൽക്കുന്ന തുമ്പച്ചെടികൾ. ആവശ്യമുള്ളത്ര പൂക്കൾ പറിച്ചെടുത്തോളൂ എന്ന മട്ടിൽ അവ കുട്ടികളെ നോക്കി തലയാട്ടുന്നതുപോലെ തോന്നും.

അന്ന് പൂക്കൾ ശേഖരിക്കാൻ ‘കൊമ്മ’യായിരുന്നു. പായ നെയ്യുന്ന ഓലകൊണ്ട് മെടഞ്ഞുണ്ടാക്കുന്ന, നീളമുള്ള വള്ളി കാതുള്ള ഒരു പ്രത്യേകതരം സഞ്ചി. അത്തത്തിനു മുമ്പുതന്നെ പുലയ സമുദായത്തിൽപ്പെട്ട സ്ത്രീകൾ കൊമ്മ മെടഞ്ഞ് ഓരോ വീട്ടിലും എത്തിച്ചുതരും. ആ കൊമ്മയും കൈയിൽ തൂക്കി പൂ പറിക്കാൻ പോകുന്നതും ഓണത്തിന്റെ തന്നെ ഒരു ഭാഗമായിരുന്നു.


അത്തം മുതൽ ഓരോ ദിവസവും പൂക്കളത്തിന്റെ വലുപ്പം കൂടും. തിരുവോണം അടുക്കുമ്പോഴേക്കും മുറ്റത്തിന്റെ വലിയൊരു ഭാഗം അതിന്റെ നിറങ്ങളിൽ മുങ്ങിയിട്ടുണ്ടാകും. അപ്പോഴേക്കും ഓണപ്പരീക്ഷയും കഴിഞ്ഞിരിക്കും. പുസ്തകങ്ങൾ ഒരു മൂലയിലേക്ക് മാറ്റിവെച്ച് മനസ്സും ശരീരവും മുഴുവൻ ഓണാഘോഷത്തിലേക്ക്.

തിരുവോണത്തിന്റെ പൂക്കളം എങ്ങനെയായിരിക്കണമെന്ന് തലേന്നുതന്നെ തീരുമാനിച്ചിരിക്കും. ഡിസൈൻ മുറ്റത്ത് വരച്ചുവെക്കും. പൂക്കളും ഇലകളും മുറിച്ചൊരുക്കും. രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച്, പറമ്പിൽ ബാക്കിയുള്ള പൂക്കളും പറിച്ചെടുത്ത്, അച്ഛനും മക്കളും ചേർന്ന് പൂവിടാൻ ഇരിക്കും. പിന്നെ ഉച്ചവരെ പൂക്കളത്തിന്റെ ചുറ്റുവട്ടത്ത് തന്നെയാകും ജീവിതം.

ഓണക്കോടിയുടെ കാത്തിരിപ്പും അത്രതന്നെ മധുരമുള്ളതായിരുന്നു.

അന്ന് റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇന്നത്തെപ്പോലെ പ്രചാരത്തിലില്ല. കടയിൽ പോയി ശീട്ടി തുണി വാങ്ങിക്കൊണ്ടുവന്ന് നാട്ടിലെ തുന്നൽക്കാരനായ നാണു മേസ്ത്രിയുടെ കടയിൽ തുന്നാൻ കൊടുക്കും.

അച്ഛന്റെ വക ഒന്ന്. മൂത്തമ്മയുടെ വക മറ്റൊന്ന്.

രണ്ടും തുന്നുന്നത് നാണു മേസ്ത്രി തന്നെ.

ഒന്ന് സാധാരണ കുപ്പായം. മറ്റൊന്ന് തട്ടുതട്ടുള്ള കുപ്പായം. ആദ്യം ഏതാണ് തുന്നിക്കിട്ടുക? ആര് വാങ്ങിത്തന്ന കോടിയാണ് ഓണത്തിന് ഉടുക്കുക? ഈ കൺഫ്യൂഷൻ എല്ലാ വർഷവും ഉണ്ടാകും.

അച്ഛൻ ഓണക്കോടി വാങ്ങിത്തരുമെന്നതിൽ സംശയമില്ല. പക്ഷേ, കുട്ടികൾ ഓണത്തിന് അത് ധരിച്ചോ ഇല്ലയോ എന്നൊന്നും അച്ഛൻ പ്രത്യേകം ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഓണത്തിന് ഉടുക്കുന്നത് മൂത്തമ്മ വാങ്ങിത്തന്ന കോടിയായിരുന്നു.

പൂക്കളം തയ്യാറായിക്കഴിഞ്ഞാൽ മറ്റൊരു ചെറിയ ചടങ്ങുകൂടിയുണ്ട്. ആരുടെയെങ്കിലും പുതിയ കോടിയിൽനിന്ന് ഒരു നൂൽ വലിച്ചെടുത്ത് പൂക്കളത്തിനുമുകളിൽ ഇട്ടുവെക്കും. അടുത്ത വർഷവും പുതിയ കോടി കിട്ടാനാണത്രേ ആ ആചാരം.

ശരിയാണോ തെറ്റാണോ അറിയില്ല. പണ്ടുള്ളവർ ചെയ്തതുകൊണ്ട് നമ്മളും ചെയ്തു. ചില ആചാരങ്ങളുടെ അർത്ഥം അന്വേഷിക്കാതെ അവയുടെ സ്നേഹവും സൗന്ദര്യവും മാത്രം കാത്തുസൂക്ഷിക്കുന്നതിലായിരിക്കാം അതിന്റെ യഥാർത്ഥ ഭംഗി.

പൂക്കളം കഴിഞ്ഞാൽ മുറ്റം വൃത്തിയാക്കും. ബാക്കിവന്ന പൂക്കൾകൊണ്ട് മുറ്റത്തിന്റെ മറ്റൊരു ഭാഗത്ത് കുഞ്ഞൊരു പൂക്കളം കൂടി തീർക്കും.

അപ്പോഴേക്കും വിശപ്പിന്റെ വിളി കേട്ടുതുടങ്ങിയിരിക്കും.

അന്നൊക്കെ അടുക്കളയിൽ പലകയിട്ട് നിരനിരയായി ഇരുന്നായിരുന്നു ഭക്ഷണം. മുന്നിൽ വാഴയിലകൾ നിരക്കും. ഓണസദ്യയ്ക്ക് ഞങ്ങളുടെ നാടിന് സ്വന്തമായൊരു പ്രത്യേകതയുമുണ്ടായിരുന്നു—നോൺവെജ് വിഭവങ്ങൾ കൂടിയുള്ള സദ്യ.

പായസവും സദ്യയും കഴിച്ചുകഴിഞ്ഞാൽ പിന്നെ കുട്ടികളുടെ ലോകമാണ്.


അയൽവക്കത്തെ കുട്ടികളെല്ലാം ഒത്തുചേരും. ഊഞ്ഞാലാട്ടം, പലതരം കളികൾ, ചിരിയും ബഹളവും—മുറ്റങ്ങളും വഴികളും കുട്ടികളുടെ ശബ്ദംകൊണ്ട് നിറയും.

തിരുവോണം കഴിഞ്ഞാൽ അവിട്ടം.


‘അവിട്ട കട്ട ചവിട്ടിപ്പൊട്ടിക്കണം’ എന്നൊരു വിശ്വാസവുമുണ്ടായിരുന്നു. അന്നത്തെ വിഭവങ്ങളിൽ ഏറെയും തലേദിവസത്തെ സദ്യയുടെ ബാക്കിയായിരിക്കും. പക്ഷേ അതിനും ഒരു പ്രത്യേക രുചിയുണ്ടായിരുന്നു. ഇന്നത്തെ ഫ്രിഡ്ജും ഫുഡ് ഡെലിവറിയും ഇല്ലാത്ത കാലത്ത്, ബാക്കിവന്ന ഭക്ഷണത്തിനുപോലും ഓർമ്മയുടെ ഒരു രുചിയുണ്ടായിരുന്നു.

അവിട്ടം കഴിഞ്ഞാൽ ചതയം.

അത് ഞങ്ങളുടെ നാട്ടിൽ മറ്റൊരു ഉത്സവത്തിന്റെ തുടക്കമാണ്—ശ്രീനാരായണ ഗുരുജയന്തി.

അവിട്ടം ദിവസം വൈകുന്നേരം തലശ്ശേരി നഗരത്തിലെ വീടുകളും കടകളും ദീപങ്ങളാൽ അലങ്കരിക്കും. അതിനായി രണ്ടുദിവസം മുമ്പുതന്നെ കൂടുകണക്കിന് മെഴുകുതിരികൾ വാങ്ങിവെക്കും.

അവ കോലായിൽ ഒട്ടിച്ചുവെക്കുക എന്നതായിരുന്നു കുട്ടികളുടെ പ്രധാന ജോലി.


സന്ധ്യയാകുമ്പോൾ വിളക്കുവെക്കും. ആ വിളക്കിൽനിന്ന് ഓരോ മെഴുകുതിരിയിലേക്കും തീ പകരും. ഒന്നിനു പിന്നാലെ ഒന്നായി മെഴുകുതിരിനാളങ്ങൾ ശാന്തമായി തെളിയും. ഇരുട്ടിലേക്ക് പടർന്നുപോകുന്ന ആ ചെറുദീപങ്ങളുടെ വെളിച്ചത്തിൽ വീടുകളും വഴികളും മറ്റൊരു ലോകമായി മാറും.

പിറ്റേന്ന് ചതയം—ശ്രീനാരായണ ഗുരുജയന്തി.

അന്ന് വീട്ടിൽ അരിപ്പായസമാണ് പതിവ്. ചെറിയൊരു സദ്യയും. ശ്രീനാരായണ മഠങ്ങൾ കുരുത്തോലകൊണ്ട് അലങ്കരിക്കും. ചതയദിനാഘോഷങ്ങൾ നടക്കും. കോളാമ്പി മൈക്കിലൂടെ ശ്രീനാരായണ സ്തുതികൾ ഉയർന്നുകേൾക്കും.

പായസവും സദ്യയും കഴിഞ്ഞാൽ വൈകുന്നേരത്തെ കാത്തിരിപ്പ്.

അച്ഛൻ കൈപിടിച്ച് ജഗന്നാഥ ക്ഷേത്രത്തിലെ ചതയദിനാഘോഷം കാണാൻ കൊണ്ടുപോകും. നാട്ടിലെ വിവിധ മഠങ്ങളിൽനിന്ന് ജഗന്നാഥ ക്ഷേത്രത്തിലേക്ക് ഘോഷയാത്രകൾ പുറപ്പെടും. ആൾക്കൂട്ടവും വിളക്കുകളും വാദ്യഘോഷങ്ങളും ഭക്തിഗാനങ്ങളും ചേർന്ന് നഗരം ഉത്സവത്തിന്റെ നിറത്തിലാകും.

ചതയദിനാഘോഷങ്ങൾക്ക് തിരശ്ശീല വീഴുമ്പോഴേക്കും ഞങ്ങളുടെ ഓണക്കാലവും അവസാനിച്ചിരിക്കും.

പക്ഷേ ഓണം അവസാനിച്ചിരുന്നില്ല.

അത് മനസ്സിൽ ഒരു ഓർമ്മയായി അവശേഷിക്കും.


പൂക്കളുടെ ഗന്ധമായി.

പുതിയ കോടിയുടെ മണമായി.

വാഴയിലയിലെ സദ്യയുടെ രുചിയായി.

ഊഞ്ഞാലിന്റെ ആട്ടമായി.

മെഴുകുതിരിയുടെ നാളമായി.

അച്ഛന്റെ കൈപിടിച്ച് ജഗന്നാഥ ക്ഷേത്രത്തിലേക്ക് നടന്ന സായാഹ്നമായി.

അതിനുശേഷം വീണ്ടും ഒരു കാത്തിരിപ്പ് തുടങ്ങും.

അടുത്ത അത്തത്തിനായുള്ള കാത്തിരിപ്പ്.

അടുത്ത പൂക്കളത്തിനായുള്ള കാത്തിരിപ്പ്.

അടുത്ത ഓണക്കോടിക്കായുള്ള കാത്തിരിപ്പ്.


വർഷങ്ങൾ കടന്നുപോയി. മുറ്റങ്ങൾ മാറി. പൂക്കളുടെ നിറങ്ങൾ മാറി. ഓണം ആഘോഷിക്കുന്ന രീതികളും മാറി. പക്ഷേ മനസ്സിന്റെ ഏതോ കോണിൽ ആ പഴയ മുറ്റം ഇന്നും അതേപടി കിടക്കുന്നു.

അവിടെ കുട്ടികൾ ഇപ്പോഴും പൂ പറിക്കാൻ ഓടുന്നു.

റെയിൽപ്പാളത്തിനരികിലെ തുമ്പച്ചെടികൾ ഇപ്പോഴും തലയാട്ടുന്നു.

കൊമ്മയിൽ പൂക്കൾ നിറയുന്നു.

പൂക്കളം വലുതാകുന്നു.

ഓണക്കോടി കാത്തിരിക്കുന്നു.

അച്ഛൻ വിളിക്കുന്നു.

അടുക്കളയിൽ വാഴയിലകൾ നിരക്കുന്നു.

അകലെയെവിടെയോ ശ്രീനാരായണ സ്തുതികൾ മുഴങ്ങുന്നു.

അങ്ങനെ, ഓരോ ഓണക്കാലവും കടന്നുപോകുമ്പോൾ, ഓർമ്മയിൽ ഒരു ഓണം കൂടി പൂത്തുലയുന്നു.

ഓണം ഇന്നും വരുന്നു.

പക്ഷേ, അന്ന് വന്നിരുന്ന ആ ഓണം—അത് ഇനി ഓർമ്മയിൽ മാത്രമാണ്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu