ബെംഗളൂരു: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി വിഖ്യാത ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊച്ചുമകൾ അപ്‌സരയാണ് സോഷ്യൽ മീഡിയയിലൂടെ വിയോഗവിവരം പങ്കുവെച്ചത്. കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ പ്രയാസകരമായ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ പതിനേഴ് ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച അതുല്യ സംഗീത പ്രതിഭയാണ് ഇതോടെ വിടവാങ്ങിയിരിക്കുന്നത്.
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി, മൂന്നാം വയസ്സിൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. പത്താം വയസ്സിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്ത്രീയ സംഗീതം പഠിച്ചു തുടങ്ങിയ അവരുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പിന്നീട് മദ്രാസിലേക്ക് താമസം മാറിയത്. 1956-ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകിയുടെ സംഗീത ജീവിതം ഔദ്യോഗികമായി ആരംഭിക്കുന്നത്. 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്ന അവർ, 1957-ൽ പുറത്തിറങ്ങിയ 'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രത്തിലെ 'ഇരുൾ മൂടുകയോ എൻ വഴിയിൽ' എന്ന ഗാനത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
'തളിരിട്ട കിനാക്കൾതൻ' (മൂടുപടം), 'അഞ്ജന കണ്ണെഴുതീ' (തച്ചോളി ഒതേനൻ), 'സൂര്യകാന്തീ' (കാട്ടുപൂവ്), 'ഒരു കൊച്ചു സ്വപ്നത്തിൻ' (തറവാട്ടമ്മ), 'താമര കുമ്പിളിലല്ലോ മമഹൃദയം' (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങി തലമുറകൾ ഏറ്റുപാടിയ നൂറുകണക്കിന് ഹിറ്റ് ഗാനങ്ങളാണ് മലയാളത്തിൽ അവരുടെ ശബ്ദത്തിൽ പിറന്നത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നാല് തവണയും, കേരള സംസ്ഥാന അവാർഡ് 14 തവണയും ജാനകിയെ തേടിയെത്തി. 1977-ൽ 'പതിനാറു വയതിനിലേ' (തമിഴ്) എന്ന ചിത്രത്തിലെ 'സിന്ദൂര പൂവേ...', 1980-ൽ 'ഓപ്പോൾ' (മലയാളം) എന്ന ചിത്രത്തിലെ 'ഏറ്റുമാനൂർ അമ്പലത്തിൽ...', 1984-ൽ 'സിതാര' (തെലുങ്ക്) എന്ന ചിത്രത്തിലെ 'വെന്നല്ലോ ഗോദാരി ആനന്ദം...', 1992-ൽ 'തേവർമകൻ' (തമിഴ്) എന്ന ചിത്രത്തിലെ 'ഇഞ്ചി ഇടിപ്പഴകാ...' എന്നീ ഗാനങ്ങൾക്കാണ് ദേശീയ അവാർഡുകൾ ലഭിച്ചത്. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു. പ്രണയവും വിരഹവും വാത്സല്യവും കുട്ടിത്തവുമെല്ലാം ഒരുപോലെ വഴങ്ങിയ ആ ശബ്ദത്തിന്റെ വിയോഗത്തിൽ ഇന്ത്യൻ ചലച്ചിത്ര ലോകം ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































