ന്യൂയോർക്ക്: ആവേശകരമായ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ അഞ്ച് വട്ട ലോകചാമ്പ്യന്മാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നോർവേ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ന്യൂയോർക്ക് ന്യൂജേഴ്സി സ്‌റ്റേഡിയത്തിൽ നടന്ന ചരിത്ര മത്സരത്തിൽ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഇരട്ട ഗോൾ പ്രകടനമാണ് നോർവേയ്ക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ഇൻജുറി ടൈമിൽ സൂപ്പർ താരം നെയ്‌മാർ പെനാൽറ്റിയിലൂടെ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും കാനറികളെ രക്ഷിക്കാനായില്ല. ഈ തോൽവിയോടെ, ചരിത്രത്തിൽ ഇതുവരെ നോർവേയെ തോൽപ്പിക്കാനായിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോർഡ് തിരുത്താൻ ബ്രസീലിന് ഇത്തവണയും സാധിച്ചില്ല.
ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്കെടുത്ത ബ്രൂണോ ഗിമാരസിന് പിഴച്ചു. നോർവീജിയൻ കീപ്പർ ഔർജൻ നസ്സാൻഡ് തകർപ്പൻ ഡൈവിലൂടെ പന്ത് രക്ഷപ്പെടുത്തുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ കഴിഞ്ഞ 40 വർഷത്തിനിടെ ബ്രസീൽ വഴങ്ങുന്ന ആദ്യ പെനാൽറ്റി പിഴവാണിത്. രണ്ടാം പകുതിയിൽ കളി മാറ്റാൻ 67-ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിക്ക് പകരം നെയ്മാർ കളത്തിലിറങ്ങിയെങ്കിലും കളി കൈപ്പിടിയിലാക്കിയത് നോർവേയായിരുന്നു. പകരക്കാരനായി വന്ന ആൻഡ്രിയാസ് ഷെൽഡുപ്പിന്റെ രണ്ട് തകർപ്പൻ അസിസ്റ്റുകളാണ് നോർവേയ്ക്ക് തുണയായത്.
മത്സരത്തിന്റെ 79-ാം മിനിറ്റിൽ ഷെൽഡുപ്പ് ബോക്‌സിലേക്ക് ഉയർത്തി നൽകിയ പന്ത് മനോഹരമായ ഹെഡ്‌ഡറിലൂടെ ഹാളണ്ട് വലയിലെത്തിച്ച് നോർവേയ്ക്ക് ലീഡ് സമ്മാനിച്ചു. തുടർന്ന് 89-ാം മിനിറ്റിൽ ഷെൽഡുപ്പിന്റെ പാസിൽ നിന്നും അൺമാർക്ക്‌ഡ് ആയി നിന്ന ഹാളണ്ട് ബോക്സിൻ്റെ അരികിൽ നിന്ന് തൊടുത്ത ക്ലിനിക്കൽ ഷോട്ട് അലിസണെ കാഴ്ചക്കാരനാക്കി വലതുമൂലയിലേക്ക് തുളച്ചുകയറി. ഒടുവിൽ ഇൻജുറി ടൈമിന്റെ അവസാന നിമിഷത്തിൽ (90+9 മിനിറ്റ്) ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്‌മാർ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി. വിനീസ്യൂസ് ജൂനിയറും സംഘവും പരമാവധി ശ്രമിച്ചെങ്കിലും നോർവേയുടെ പ്രതിരോധ കോട്ട തകർക്കാനായില്ല. ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ ടൂർണമെന്റിലെ ആകെ ഗോളുകൾ 7 ആയി ഉയർത്തിയ എർലിങ് ഹാളണ്ട് ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതെത്തി. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട്-മെക്സിക്കോ മത്സരത്തിലെ വിജയികളായിരിക്കും നോർവേയുടെ എതിരാളികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



































