ടൊറന്റോ: ഫിഫ ലോകകപ്പിലെ നിർണായകമായ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പനാമയെ കീഴടക്കി ക്രോയേഷ്യ പ്രതീക്ഷകൾ നിലനിർത്തി. ടൊറന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ആന്റെ ബുഡിമിർ നേടിയ ഗോളാണ് ക്രോയേഷ്യക്ക് ടൂർണമെന്റിൽ ജീവൻ നിലനിർത്തിയ ആദ്യ വിജയം സമ്മാനിച്ചത്. നായകൻ ലൂക്കാ മോഡ്രിച്ചിന്റെ 200-ാം രാജ്യാന്തര മത്സരം കൂടിയായിരുന്നു ഇത്. അതേസമയം, തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട പനാമ നോക്കൗട്ട് കാണാതെ പുറത്താകുന്ന ആദ്യ ടീമുകളിലൊന്നായി മാറി.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കളിയിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. ക്രോയേഷ്യൻ മധ്യനിര അവസരങ്ങൾ സൃഷ്‌ടിക്കാൻ ബുദ്ധിമുട്ടിയപ്പോൾ പനാമ ശക്തമായ പ്രതിരോധമാണ് കാഴ്ച്ചവെച്ചത്. 5, 21, 23 മിനിറ്റുകളിൽ പാനമ നടത്തിയ അപകടകരമായ ഗോൾ ശ്രമങ്ങൾ ക്രോയേഷ്യൻ ഗോൾ കീപ്പർ ഡൊമിനിക് ലിവകോവിക് മികച്ച സേവുകളിലൂടെ തടുത്തു.
എന്നാൽ രണ്ടാം പകുതിയിൽ വരുത്തിയ തന്ത്രപരമായ മാറ്റങ്ങൾ ക്രോയേഷ്യക്ക് തുണയായി. ആദ്യ പകുതിയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഇഗോർ മറ്റാനോവിച്ചിന് പകരം ആന്റെ ബുഡിമിറിനെ ക്രോയേഷ്യ കളത്തിലിറക്കി. ഈ മാറ്റം പെട്ടെന്ന് തന്നെ ഫലം കണ്ടു. 54-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്നും ജോസിപ് സ്റ്റാനിസിക് നൽകിയ കൃത്യതയാർന്ന ക്രോസ്സ് അതിമനോഹരമായ ഒരു ഹെഡ്‌ഡറിലൂടെ ബുഡിമിർ പനാമൻ വലയിലാക്കുകയായിരുന്നു.
മൽസരത്തിന്റെ 80-ാം മിനിറ്റിൽ രാജ്യാന്തര കരിയറിലെ 200-ാം മത്സരം പൂർത്തിയാക്കിയ ക്രൊയേഷ്യയുടെ ഇതിഹാസ നായകൻ ലൂക്കാ മോഡ്രിച്ചിനെ പിൻവലിച്ച് ലൂക്കാ സുസിചിനെ കളത്തിലിറക്കി. ഗാലറി ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് മോഡ്രിച്ചിനെ കൈയടികളോടെ ആദരിച്ചത്.
വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി ക്രോയേഷ്യ മൂന്നാം സ്‌ഥാനത്തെത്തി. 4 പോയിന്റോടെ ഇംഗ്ലണ്ടും ഘാനയുമാണ് യഥാക്രമം ആദ്യ രണ്ട് സ്‌ഥാനങ്ങളിൽ. ശനിയാഴ്ച്‌ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഘാനയുമായാണ് ക്രോയേഷ്യയുടെ അടുത്ത പോരാട്ടം. നോക്കൗട്ട് യോഗ്യത ഉറപ്പാക്കാൻ ക്രോയേഷ്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















