കല്പറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ വയനാട്ടിൽ ആദ്യമായി സംഘടിപ്പിച്ച മൺസൂൺ മാരത്തൺ കായികപ്രേമികൾക്ക് ആവേശകരമായ അനുഭവമായി മാറി. ഒൻപതുവയസ്സിനുള്ളിൽ തന്റെ 48-ാമത് മാരത്തൺ പൂർത്തിയാക്കിയ എറണാകുളം സ്വദേശിനി എവ്‌ലിൻ ജോയാണ് മത്സരത്തിലെ പ്രധാന ആകർഷണം. വയനാട്ടിലെ കഠിനമായ കയറ്റിറക്കങ്ങൾക്കിടയിൽ വീണിട്ടും പതറാതെ എഴുന്നേറ്റോടിയ ഈ കൊച്ചുമിടുക്കിക്ക് പത്തുവയസ്സ് തികയും മുൻപ് 50 മാരത്തണുകൾ ഓടിത്തീർക്കണമെന്ന നിശ്ചയദാർഢ്യമാണുള്ളത്. എവ്ലിനൊപ്പം മാരത്തൺ മുഴുവൻ പൂർത്തിയാക്കിയ ആലുവ സ്വദേശിനിയായ എട്ടുവയസ്സുകാരി ഫാത്തിമ സുമയ്യയും, 72 വയസ്സുള്ള കോഴിക്കോട് സ്വദേശി പി.കെ. വാസുവും, പ്രശസ്ത എത്യോപ്യൻ അന്താരാഷ്ട്ര മാരത്തൺ താരം മിക്യാസ് എമാത്തയും മത്സരത്തിന് മാറ്റുകൂട്ടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇരുന്നൂറ്റമ്പതോളം അത്‌ലറ്റുകളാണ് ഈ കായികമാമാങ്കത്തിൽ പങ്കാളികളായത്.
രാവിലെ ആറുമണിക്ക് കല്പറ്റ ലളിത് മഹൽ ഓഡിറ്റോറിയത്തിന് മുൻപിൽ നിന്നാണ് മത്സരങ്ങൾ ആരംഭിച്ചത്. ഹാഫ് മാരത്തൺ (21 കി.മീ.), വനിതാ മാരത്തൺ (10 കി.മീ.), ഫൺറൺ (5 കി.മീ.) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഹാഫ് മാരത്തൺ ഡിവൈ.എസ്.പി. പി.സി. ചാക്കോയും, വനിതാ വിഭാഗം ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവനും, ഫൺ മാരത്തൺ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീക്കും ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന സമ്മാനവിതരണ ചടങ്ങ് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ്, പ്രമുഖ ഫുട്ബോൾ താരങ്ങളായ അലൻ സജി, അലക്സ് സജി എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഹാഫ് മാരത്തൺ പുരുഷവിഭാഗത്തിൽ 1.07.37 സെക്കൻഡിൽ ഓടിയെത്തിയ വി.കെ. സന്ദീപ് ഒന്നാം സ്ഥാനവും 25,000 രൂപ സമ്മാനത്തുകയും കരസ്ഥമാക്കി. എത്യോപ്യൻ താരം മിക്യാസ് എമാത്ത (1.08.15) രണ്ടാം സ്ഥാനവും, പി. നസീം (1.08.38) മൂന്നാം സ്ഥാനവും, കെ. അരുൺ നാലാം സ്ഥാനവും, പി. അതുൽ അഞ്ചാം സ്ഥാനവും നേടി. വനിതകളുടെ 10 കിലോമീറ്റർ മാരത്തണിൽ 41.51.19 സെക്കൻഡിൽ ഫിനിഷ് ചെയ്ത അഞ്ജു മുരുകൻ ഒന്നാം സ്ഥാനത്തിന് (15,000 രൂപ) അർഹയായി. ജി. ജിൻസി രണ്ടാം സ്ഥാനവും, എസ്. ഐശ്വര്യ മൂന്നാം സ്ഥാനവും, എം.ബി. കൃഷ്‌ണേന്ദു നാലാം സ്ഥാനവും, ഫാത്തിമ രഹില അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














