ഓർമ്മകളിൽ മഞ്ഞു പെയ്യുമ്പോൾ (ആത്മകഥനം)
ഗ്രന്ഥകർത്താവ്: ഡോ. ശശികുമാർ പുറമേരി
മൂന്നര പതിറ്റാണ്ടിന്റെ അഞ്ചു കാണ്ഡങ്ങൾ (ആസ്വാദനക്കുറിപ്പ്)
തയ്യാറാക്കിയത്: രമേശൻ .പി .വടകര
മകരമാസത്തിലെ മഞ്ഞുപെയ്യുന്ന പ്രഭാതങ്ങളിൽ, ബാലാർക്ക രശ്മികളേറ്റു പുളകം കൊള്ളുന്ന പ്രകൃതിദൃശ്യം നമ്മുടെ മനസ്സിൽ ഉണർത്തുന്ന വിവരണാതീതമായ ആനന്ദം തന്നെയാണ് ഡോ. ശശികുമാർ പുറമേരിയുടെ "ഓർമ്മകളിൽ മഞ്ഞു പെയ്യുമ്പോൾ" എന്ന ആത്മകഥനക്കുറിപ്പുകൾ വായനക്കാർക്ക് സമ്മാനിക്കുന്നത്. സേവനഭൂമികയിലും സൗഹൃദഭൂമികയിലും സഹയാത്രികനായി നടന്ന്, പലപ്പോഴായി പങ്കുവെച്ച സുന്ദരവും ചിന്തനീയവുമായ അനുഭവങ്ങളുടെ സത്യസന്ധമായ ആലേഖനം തന്നെയാണ് ഈ കുറിപ്പുകളിലൂടെ അദ്ദേഹത്തിൽ നിന്നും അവതീർണ്ണമായിരിക്കുന്നത് എന്ന് ഒരു സുഹൃത്ത് എന്ന നിലയിലും സഹപ്രവർത്തകൻ എന്ന നിലയിലും എനിക്ക് പൂർണ്ണമായി സാക്ഷ്യപ്പെടുത്താൻ കഴിയും.
ഓരോ ജന്മവും നിശ്ചിത കർമ്മധർമ്മങ്ങൾ നിറവേറ്റാൻ വേണ്ടിയാണ് പ്രകൃതി നിയോഗിച്ചിട്ടുള്ളത്. അറിഞ്ഞും അറിയാതെയും ചെയ്ത ചിന്തകളുടെയും കർമ്മങ്ങളുടെയും പുനസ്മൃതിയിലൂടെ ഒരാൾക്ക് തന്റെ ജന്മത്തിന്റെ സഫലത വിലയിരുത്താനാവും. ഇതുവരെ താണ്ടിയ ജീവിതപ്പാതയുടെ ഇങ്ങേത്തലക്കൽ നിന്ന് തിരിഞ്ഞുനോക്കി, ബോധപൂർവ്വം ഇഷ്ടാനിഷ്ട ദൃശ്യങ്ങളെ ചികഞ്ഞെടുത്ത് ജന്മത്തിന്റെ കർമ്മസഫലത അന്വേഷിക്കുകയാണ് ഈ ആത്മകഥനത്തിലൂടെ അദ്ദേഹം ചെയ്യുന്നത്. അത് ആർജ്ജവസമ്പന്നമാണെങ്കിൽ, തീർച്ചയായും വായിക്കുന്നവർക്കും, ഇനി കാതങ്ങൾ ഓടിത്തീർക്കാൻ ബാക്കിയുള്ളവർക്കും തങ്ങളുടെ ജീവിതയാത്രയെ ക്രമപ്പെടുത്താനും അർത്ഥസമ്പൂർണ്ണമാക്കാനും അത് വലിയൊരു അവസരമൊരുക്കും.
ഈയൊരു കാഴ്ചപ്പാടിൽ സമീപിക്കുമ്പോൾ, ഡോ. ശശികുമാർ പുറമേരി തന്റെ നാല് പതിറ്റാണ്ട് നീണ്ട അധ്യാപക ജീവിതയാത്രയിൽ കടന്നുപോയ അനുഭവങ്ങളുടെ സത്യസന്ധമായ വിവരണത്തിലൂടെ ആത്മകഥാഖ്യാന ചരിത്രത്തിന് ഒരു പുത്തൻ പാത തന്നെയാണ് തുറന്നിട്ടിരിക്കുന്നത്. പലപ്പോഴും ചുരുങ്ങിയ വാക്യങ്ങളിൽ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളെ താളുകളിൽ ഒതുക്കുമ്പോൾ, അതിൽ വിന്യസിച്ചിരിക്കുന്ന ഓരോ വാക്കും ഒരു ചൂണ്ടുപലകയായി മാറി കാലത്തിന്റെ സർവ്വമാന സവിശേഷതകളും ആവാഹിച്ചെടുക്കുന്നു. ഈ രസതന്ത്രം സമകാലിക ജീവിതയാത്രികർക്ക് കൃത്യമായി അനുഭവവേദ്യമാകും എന്നത് ഈ ആഖ്യാനശൈലിയുടെ വലിയൊരു സവിശേഷതയാണ്.ജീവിതായോധനത്തിനായി തന്നിൽ വന്നുചേർന്ന മുഖ്യധർമ്മത്തെ ഗൗണധർമ്മങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ട്, അതിന് കൃത്യമായ പ്രാധാന്യം നൽകി ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ഒരു ധർമ്മിഷ്ഠനായ മനുഷ്യനെ ഈ വരികളിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയും.
അർദ്ധസത്യങ്ങളും ആത്മപ്രഘോഷണങ്ങളും നിറഞ്ഞ ആത്മകഥകൾക്കിടയിൽ, തന്റെ കഴിവുകളും പരിമിതികളും കൃത്യമായി മനസ്സിലാക്കി, ജീവിതത്തിൽ നേരിടുന്ന ഓരോ പ്രശ്നസന്ദർഭങ്ങളെയും തന്റെ ആത്മാവിഷ്കാരത്തിനുള്ള അവസരങ്ങളാക്കി മാറ്റുന്ന ഒരു ക്രിയാത്മക ചിന്തകന്റെ സാന്നിധ്യം ഈ വരികളിൽ ഒളിപരത്തുന്നു.
പദവികളുടെ കർമ്മപഥങ്ങൾ
ഒരു പ്രൈമറി അധ്യാപകനായിരിക്കെത്തന്നെ, പാഠപുസ്തക കമ്മിറ്റിയിലും, ജാഗ്രതാ സമിതിയുടെ ജില്ലാ നേതൃത്വത്തിലും, സർവ്വശിക്ഷാ അഭിയാന്റെ (SSA) പരിശീലനക്കളരികളിലും, അതിലുപരി രക്ഷാകർതൃ ബോധവൽ ക്കരണ പഠനക്ലാസുകളിലൂടെയും സേവനമനുഷ്ഠിക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് അദ്ദേഹം. സമകാലിക അനുഭവങ്ങളെ ഒരു സൂക്ഷ്മദർശിനിയുടെ (Microscope) നിരീക്ഷണ സാമർത്ഥ്യത്തോടും, ഗതകാലത്തെ ദൂരദർശിനിയുടെ (Telescope) കൃത്യതയോടും കൂടിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
വഴിതെറ്റിവന്ന സാമ്രാജ്യത്തിലെ അധിപനാവാൻ ശ്രമിക്കുന്ന കർമ്മകുശലത അനാവരണം ചെയ്യുന്ന സുന്ദര സന്ദർഭങ്ങൾ ഈ പുസ്തകത്തിൽ കടന്നുപോകുന്നുണ്ട്. തന്നെ സ്വാധീനിച്ച ഗുരുനാഥന്മാരെ ബഹുമാനത്തോടെ സ്മരിക്കുന്ന സന്ദർഭങ്ങൾ, വിശേഷിച്ച് പുതുതലമുറയ്ക്ക് അനുകരണീയമായ ഒരു ഉത്തമ മാതൃക തന്നെയാണ്. തനിക്ക് ലഭിച്ച കരുതലിന്റെയും കരുണയുടെയും ഗുരുസ്പർശങ്ങൾ ഒട്ടും കുറയാതെ അടുത്ത തലമുറയ്ക്ക് പകർന്നുനൽകുന്ന മനുഷ്യധർമ്മം അദ്ദേഹം കൃത്യമായി നിർവ്വഹിക്കുന്നുണ്ട്.
വിദ്യാലയ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ
അദ്ദേഹം വരച്ചുകാട്ടുന്ന ആദ്യവിദ്യാലയ അന്തരീക്ഷത്തിന്റെ നഖചിത്രം നാല് ദശാബ്ദങ്ങൾക്ക് മുമ്പുള്ള ഒരു ഗ്രാമീണ പ്രാഥമിക വിദ്യാലയത്തിന്റെ ഒരു 'ടിപ്പിക്കൽ' വിവരണമായി മാറുന്നുണ്ട്. "22 വർഷമായി എനിക്ക് പറ്റാത്തത് നാലുമാസം കൊണ്ട് താങ്കൾ സാധിച്ചത് എങ്ങനെ?" എന്ന ഒരു സഹഅധ്യാപകന്റെ ആശ്ചര്യം തന്നെയാണ് വരികളിലൂടെ കടന്നുപോകുമ്പോൾ വായനക്കാരുടെ ഹൃദയങ്ങളിലും ഉയർന്നുപൊങ്ങുന്നത്. മനുഷ്യന്റെ കലയോടുള്ള അഭിനിവേശത്തെ വിദ്യാലയ പ്രവർത്തനങ്ങളിൽ സമർത്ഥമായി ഉപയോഗപ്പെടുത്തുന്ന വിദഗ്ധനായ ഒരു അധ്യാപകന്റെ സാന്നിധ്യം നമുക്കിവിടെ ദർശിക്കാം.
എൺപതുകളിലും തൊണ്ണൂറുകളിലും ഒരു പ്രദേശത്തെ സമുദായത്തിലെ ന്യൂനതയാർന്ന സവിശേഷതകൾ പരിഷ്കരിച്ച് മാനവികതയുടെ നറുവെളിച്ചം നൽകാൻ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നൽകിയ സംഭാവനകൾ ഒരിക്കലും ആ സമൂഹത്തിന് മറക്കാൻ കഴിയില്ല. അധ്യാപനത്തെ ക്ലാസ് മുറികളിൽ നിന്ന് സമൂഹത്തിലേക്ക് എങ്ങനെ സംക്രമിപ്പിക്കാം എന്ന പരീക്ഷണ നിരീക്ഷണങ്ങൾ തന്നെയാണ് അദ്ദേഹത്തെ മാനവിക മൂല്യലോക സൃഷ്ടിയുടെ പ്രധാന പ്രയോക്താവായി മാറ്റുന്നത്.
മോണിറ്ററിംഗ് സമിതിയുടെ പ്രവർത്തനത്തെ ഒരു ഉപജില്ലയിലെ അധ്യാപകർ സഹർഷം സ്വാഗതം ചെയ്തത് ശശികുമാർ മാസ്റ്ററുടെ വ്യക്തിത്വത്തിനുള്ള അംഗീകാരവും അദ്ദേഹത്തെ അടുത്തറിയാവുന്നവരുടെ ആദരവും തന്നെയാണ്. കൂടുതൽ മെച്ചപ്പെടുത്താനുള്ള അവസരമായി അധ്യാപകർ അതിനെ കരുതിയതുകൊണ്ടാണ് ആ പ്രവർത്തനം വൻ വിജയമായത്. അത് കേരള അധ്യാപക സമൂഹത്തിന് തന്നെ മാതൃകയായ ഒരു സമീപനമായിരുന്നു.
ഔദ്യോഗിക നേട്ടങ്ങളും സാമൂഹിക ഇടപെടലുകളും
സാമ്പത്തിക സുതാര്യത: സർവ്വശിക്ഷാ അഭിയാന്റെ പ്രവർത്തനങ്ങളിൽ ബി.പി.ഒ (BPO) ആയിരിക്കെ, സാമ്പത്തിക സുതാര്യത നിറഞ്ഞ വ്യവഹാര ത്തിലൂടെ ഡിപ്പാർട്ട്മെന്റിന്റെ പ്രശംസയ്ക്ക് പാത്രമായത് ഏറെ അഭിമാനകരമായ നേട്ടമായി ഞാൻ കാണുന്നു.
ആകർഷകമായ പ്രസിദ്ധീകരണങ്ങൾ: പ്രോഗ്രാം ഓഫീസർ ആയിരുന്ന സമയത്ത് അദ്ദേഹം പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങൾ അത്യാകർഷകമായിരുന്നു.
മാനവികതയുടെ സുഗന്ധം: തുടർന്ന് ജാഗ്രതാ സമിതി പ്രവർത്തനങ്ങളിലേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന്റെ ദൗത്യം മാനവികതയുടെ നറുമണം പരത്തുന്നതായി നമുക്ക് അനുഭവപ്പെടും.
മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ രക്ഷിതാക്കൾക്ക് ശാക്തീകരണം നൽകുന്നതിൽ, തികച്ചും ഒരു മനഃശാസ്ത്ര വിദഗ്ധന്റെ അവതാരദൗത്യം തന്നെയാണ് അദ്ദേഹം നിർവ്വഹിക്കുന്നത്. ആ മേഖലയിൽ അദ്ദേഹം കടന്നുപോയ അവിശ്വസനീയമായ മനുഷ്യസൗഹൃദ കർമ്മങ്ങൾ കണ്ട് നാം വിസ്മയിച്ചുപോകും. സത്യാന്വേഷണ പഠനമാർഗ്ഗത്തെ ഹൃദയത്തോട് ചേർത്തവർക്ക് മാത്രം സാധ്യമാകുന്ന അപഗ്രഥന ശേഷി ഉപയോഗപ്പെടുത്തി എത്രയോ കൗമാര ജീവിതങ്ങളെയാണ് അദ്ദേഹം വീണ്ടെടുത്തത്! ഈ ആവേശകരമായ പ്രവർത്തനങ്ങൾ വായിക്കുമ്പോൾ മറ്റ് അധ്യാപകർ അറിയാതെ തലകുനിച്ചുപോകും. വിദ്യാർത്ഥി മേഖലകളിൽ നിന്ന് വഴിമാറി സഹപ്രവർത്തകരുടെ ജീവൽപ്രശ്നങ്ങൾ പോലും നിരീക്ഷണപടുവും മനുഷ്യ മനസ്സിനെ വിശ്ലേഷണം ചെയ്യാൻ സമ്പന്നനുമായ ഈ മനുഷ്യന്റെ കരുതലും കരുണയും നേടി പരിഹരിക്കപ്പെടുന്ന അനുഭവങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തും. തുടർന്ന് വിദ്യാഭ്യാസ പ്രഭാഷകന്റെ ദൗത്യമാണ് കടന്നുവരുന്നത്. അവയും തികച്ചും പുതുതലമുറയ്ക്ക് വഴിവിളക്കായി മാറുന്ന രാസവിദ്യയുടെ മഴവിൽ ചാരുത തന്നെയാണ് നമുക്ക് സമ്മാനിക്കുന്നത്.
പുത്തൻ പാഠ്യപദ്ധതിയും അന്വേഷണാത്മകതയും
പുതിയ പാഠ്യപദ്ധതിയുടെ മുഖ്യ പ്രയോക്താവായി ഞങ്ങളുടെ ഇടയിൽ അദ്ദേഹം പ്രവർത്തിക്കുമ്പോൾ, ഒരു വിഭാഗം അധ്യാപകർ പുതിയ ചലനങ്ങളോടും രീതികളോടും ഒരുതരം വിമുഖത പുലർത്തിയതായി കാണാൻ കഴിഞ്ഞിരുന്നു. പഴയ പുതപ്പിന്റെ സുഖകരമായ ചൂടിൽ മയങ്ങി നിദ്രാസുഖം അനുഭവിക്കുന്നവർക്ക് പലപ്പോഴും പുത്തൻ അന്തരീക്ഷങ്ങൾ അസഹിഷ്ണുത സൃഷ്ടിക്കുന്നുണ്ടാവാം. അന്വേഷണ തൃഷ്ണയുടെ അഭാവവും, മടിയും, സർഗ്ഗാത്മകമായ സമീപനരാഹിത്യവുമാണ് ഇതിന് കാരണം.
ഇത്തരം സന്ദർഭങ്ങളിൽ 'പശുവിന് എത്ര പല്ലുകളുണ്ട്' എന്ന അന്വേഷണാത്മകമായ പഠനസന്ദർഭം അധ്യാപകലോകത്തിന് ഒന്നാന്തരം സാക്ഷ്യപത്രമാണ്. സത്യത്തിൽ ഇത്തരം അനുഭവങ്ങൾ അധ്യാപന ഗോദയിലേക്ക് ഇറങ്ങാൻ പോകുന്ന ഇളംതലമുറയ്ക്ക് ഒരുപാട് മൂല്യവത്തായ മാർഗ്ഗദർശനം നൽകുന്നുണ്ട്. ഉറക്കം നടിക്കുന്നവരെ ഉരങ്കോലുകൊണ്ട് ഉണർത്താൻ പറ്റുന്ന സുന്ദരസാധ്യതകളെ മനോഹരമാക്കുന്ന പഠനരീതിയുടെ സവിശേഷത വിവരിക്കുന്ന പുറമേരിയിലെ അധ്യയന അനുഭവം ഏറെ പഠനാർഹമാണ്.
"പപ്പേട്ടാ, കേരളത്തിൽ നിന്നൊന്നുമില്ലേ?" എന്ന കുട്ടിയുടെ ചോദ്യം അന്നം വന്ന വഴിമറന്ന ആധുനിക മലയാളി സമൂഹത്തിന്റെ നെഞ്ചിന് നേർക്കുള്ള കൂരമ്പായി ചെന്ന് തറയ്ക്കുന്നുണ്ട്. ശരിയായ രീതിയിൽ നിർവ്വഹിച്ചാൽ ഇത്തരം ഒരുപാട് തിരിച്ചറിവുകളുടെ സ്ഫുരണങ്ങൾ ഉതിർക്കുന്ന ഒരു സവിശേഷ പഠനരീതി തന്നെയായിരുന്നു അത്.
എന്തുകൊണ്ടോ അർഹമായ സ്വീകാര്യത ലഭ്യമാകാതെ പോയ, എന്നെ ഏറെ ആകർഷിച്ച 'അക്ഷരഗതി' എന്ന കോപ്പിപുസ്തകം അദ്ദേഹത്തിന്റെ ഒരു സവിശേഷ സൃഷ്ടിയായിരുന്നു. ഓരോ അക്ഷരത്തിന്റെയും രൂപാന്തര ചരിത്രവും വടിവുകളിൽ ഒളിഞ്ഞിരിക്കുന്ന ഒന്നാന്തരം ലിപിസൗന്ദര്യവും സമ്പന്നമായ ഒന്നായിരുന്നു അത്.
പ്രധാനാധ്യാപകന്റെ 'കുരിശ്'
പലപ്പോഴും ആർജ്ജവത്തോടെ തന്നിൽ നിക്ഷിപ്തമായ യഥാർത്ഥ ദൗത്യം നിർവ്വഹിക്കാൻ വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു ഔദ്യോഗിക പദവിയാണ് പ്രധാനധ്യാപകൻ (Headmaster) എന്നത്. അത്തരം അധ്യാപകർക്ക് ഏറെ മടുപ്പളവാക്കുന്നതും ഊർജ്ജശോഷണം വരുത്തുന്നതുമായ ഒരുതരം 'കുരിശ്' തന്നെയാണ് ആ സ്ഥാനം. വകുപ്പ് ഉദ്യോഗസ്ഥ സമൂഹം, രക്ഷാകർതൃ സമൂഹം, പൊതുസമൂഹം, അധ്യാപക സമൂഹം, വിദ്യാർത്ഥി സമൂഹം, പിന്തുണാ സമൂഹം തുടങ്ങിയ വ്യത്യസ്ത മേഖലകളെ ബുദ്ധിപൂർവ്വം ഏകോപിപ്പിച്ച് ലക്ഷ്യവേധിയായി നയിക്കുക എന്ന അതിപ്രധാനമായ ദൗത്യം പ്രധാന അധ്യാപകനിൽ നിക്ഷിപ്തമാണ്. ആ പ്രത്യേക വർഗ്ഗം, വിശിഷ്യാ പ്രൈമറി തലത്തിൽ അനുഭവിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾ അവരുടെ ശാരീരികവും മാനസികവുമായ തലങ്ങളെ വിനാശാത്മകമായി ബാധിക്കുന്ന അനുഭവങ്ങൾ പറഞ്ഞുതീർക്കാൻ കഴിയുന്നതല്ല. ഏതായാലും സേവനഭൂമികയിലെ ഒടുവിലത്തെ 'അരനാഴികനേരം' മാത്രം അതിലൂടെ കടന്നുപോകാൻ കഴിഞ്ഞത് അങ്ങയുടെ ഭാഗ്യമായിത്തന്നെ ഞാൻ കാണുന്നു.
അറുപത് അധ്യായങ്ങളിലായി ഇതൾവിരിയുന്ന അധ്യാപക അനുഭവങ്ങളിലൂടെ വായനക്കാരനെ നയിച്ച ശശികുമാർ മാസ്റ്റർ, അവരിൽ ഒരുപാട് ചിന്തകളുടെയും തിരിച്ചറിവുകളുടെയും, ഒപ്പം നഷ്ടബോധങ്ങളുടെയും കുറ്റബോധങ്ങളുടെയും കെട്ടഴിച്ചുവിടുകയാണ്. തീർച്ചയായും പുതുതലമുറ ഇതിലൂടെ കടന്നുപോകുമ്പോൾ ലഭിക്കുന്ന അതിപ്രധാന സന്ദേശങ്ങൾ കണ്ടെത്തി, തങ്ങളുടെ ജീവിതത്തെ കൂടുതൽ കാര്യക്ഷമമായി ക്രമപ്പെടുത്താൻ ശ്രമിക്കുമെന്ന പ്രതീക്ഷയോടെ...
ശശികുമാർ മാസ്റ്ററിൽ നിന്നും ഇനിയും പറഞ്ഞുതീരാത്ത ഇത്തരം കൗതുകവും സന്ദേശവും നിറഞ്ഞ ജീവിതാനുഭവങ്ങളുടെ വായനയ്ക്കായി ഞങ്ങൾ കാത്തിരിക്കുന്നു എന്ന വിനയാന്വിതമായ ഉണർത്തലോടെ, സർവ്വമംഗളങ്ങളും നേർന്നുകൊണ്ട് നിർത്തുന്നു.
രമേശൻ .പി .വടകര
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














