അസ്തമയം വയോജനങ്ങൾക്കുള്ള പ്രത്യാശാ ചിഹ്നമാകുന്നു. കടലിൽ താണാലും സൂര്യൻ വെളുപ്പിനേ ഉദിക്കുന്നു. പ്രകൃതിക്കേ അത് തരുന്ന ഭാവികാല ഉന്മേഷം നല്കാനാവൂ. പ്രകൃതിയിങ്ങനെ പല തരത്തിൽ മനുഷ്യമനസ്സുമായി ഇടപെടുന്നു. അത്തരം അനുഭവത്തെക്കുറിച്ച് പുനത്തിൽ കുഞ്ഞബ്ദുള്ള എഴുതിയതിങ്ങനെ:
"നേരം പുലരുമ്പോൾ നാനാതരം പക്ഷികളുടെ ശബ്ദ കോലാഹലങ്ങൾ കേൾക്കാം. കാക്ക, മൈന, മരംകൊത്തി, കുയിൽ, ചെമ്പോത്ത്, ഒയത്തി, വണ്ണാത്തിപ്പുള്ള്, തത്ത, അടയ്ക്കാ പക്ഷി, കുണ്ടിയാട്ടിപ്പക്ഷി, ഇവയെല്ലാം താന്താങ്ങളുടെ ശബ്ദം ആയിരം ശബ്ദങ്ങളിൽ നിന്ന് വേർതിരിച്ചു കൊണ്ട് ഞങ്ങളെ കേൾപ്പിക്കുന്നു. അപ്പോൾ മാച്ചിനാരിക്കുന്നുകളുടെ ഉച്ചിയിൽ നിന്ന് കാളവണ്ടിച്ചക്രങ്ങളുടെ കരച്ചിൽ ഉയരുകയായി. വണ്ടിക്കാരൻ അശ്ലീലച്ചുവയുള്ള നാടൻ പാട്ടുകൾ പാടിക്കൊണ്ടും പൃഷ്ഠത്തിൽ കൈവിരലമർത്തിക്കൊണ്ടും കാളകളെ ഉത്സാഹിപ്പിക്കും. ചെമ്മണ്ണു നിറഞ്ഞ റോഡിന്റെ ഉച്ചിയിലെത്തുമ്പോൾ കാളകൾ ചാണകമിടുകയും മൂത്രമൊഴിക്കുകയും ചെയ്യും. അന്നേരം വണ്ടിക്കാരൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി റോഡിനു വേണ്ടി വെട്ടി നിർത്തിയ കുന്നിന്റെ ഓരം ചേർന്നു നിന്നുകൊണ്ട് തണുത്തു കിടക്കുന്ന പാറകളുടെ വിള്ളലുകളിൽ ഇളം ചൂടുള്ള മൂത്രം വിടും. മനുഷ്യരും കാളകളും മൂത്രമൊഴിക്കുന്ന ശീൽക്കാരം പക്ഷികളുടെ കളകൂജനത്തിൽ ലയിച്ചു ചേരും. "
എഴുത്തുകാരിൽ പ്രകൃതി രൂപകമായി വരുന്നത് പുതുമയല്ല. അതെല്ലാവരിലും കാണും. ഖലീൽ ജിബ്രാൻ മേഘത്തോടു പറഞ്ഞ കത്ത് ഓർത്തു പോകുന്നു.
"മെ, എന്നോട് പറയൂ. ഞാൻ മറ്റൊരു മേഘമാണ്. നമുക്കൊന്നിച്ച് പർവ്വത നിരകളിലും താഴ് വരകളിലും പടരാം. തരുനിരകൾക്കിടയിൽ ഒന്നിച്ചുലാത്താം. കൂറ്റൻ പാറകളെ മൂടാം. മനുഷ്യരാശിയുടെ ആത്മാവിലേക്ക് ചൂഴ്ന്നിറങ്ങാം. അജ്ഞാതങ്ങളായ വിദൂരഭൂമികളിൽ അലയാം".
(1926 മെ സിയാദക്ക് ഖലീൽ ജിബ്രാൻ എഴുതിയ കത്ത്).
ഒന്നറിയാം വലിയ ഭാരം ഒഴിഞ്ഞു ധീരത കൈവരാൻ കടലിനും കാടിനും ഇടയിൽപ്പെടണം. നാലുഭാഗവും നിറഞ്ഞ കടൽ - കാട്.ആ ഭീകരതയിൽ നമ്മളറിയും മനുഷ്യർ എത്ര ചെറുതെന്നും പ്രപഞ്ചത്തിൽ ഓരോന്നിനുമുള്ള പങ്ക് എന്തെന്നും. കറുകയ്ക്കു പോലും അതിന്റേതായ അതിജീവനവും നിലനില്പും ഉണ്ട്. മനുഷ്യർ അതൊന്നും വകവെച്ചു കൊടുക്കാറില്ല. എല്ലാം അറിയുന്നവരെന്ന അഹന്ത മുറിയുമ്പോഴേക്കും യൗവനത്തീക്കാറ്റ് അടങ്ങും. പിന്നെ, മദ്ധ്യ വയസ്സിലേക്കുള്ള പക്വത മുറ്റിയ ഇറക്കമാണ്. കടലിലെ മത്സ്യകന്യകയെ വരച്ചു സ്ത്രീയെ ഒന്നു സങ്കല്പിച്ചു നോക്കൂ. അതൊരു ദീർഘദർശനം ആകുന്നു. പുരുഷൻ/സ്ത്രീ വേർതിരിക്കാതെ പകർന്നു തന്ന അർദ്ധനാരീശ്വര സങ്കല്പത്തിന്റെ ആൺഭാഗം. സ്ത്രീയെ രതിയുടെ ഭാഗം മാത്രമായിക്കാണുന്ന ആൺ പ്രജകൾക്കിടയിൽ സ്ത്രീ/പുരുഷൻ വള്ളിയും ചില്ലക്ഷരവുമായി എന്നെ കളിയാക്കുന്നു.
അന്തിച്ചുവപ്പിലെ മഞ്ഞിൽ തെളിയുന്ന മരം കാഴ്ചയെ പല സന്ദർഭങ്ങളിലേക്ക് നയിക്കുന്നു. വൃദ്ധത്വത്തിന്റെ ഏടുകളിൽ എഴുതപ്പെടാത്ത അനുഭവ സാക്ഷ്യങ്ങൾ എത്രയോ കിടക്കുന്നു. സാഹിത്യത്തിന്റെ വൃദ്ധ സദനത്തിൽ എത്രയെത്ര ആലംബഹീനർ,ദരിദ്രരായ വർ, ഉപേക്ഷിക്കപ്പെടവർ. അതിലൊന്നും ഖേദമില്ല. പ്രായമായല്ലേ പറ്റൂ. അടുത്തിടെ യു റ്റ്യൂബിൽ കണ്ട മേതിൽ രാധാകൃഷ്ണനുമായുള്ള അഭിമുഖം പല നിലക്കും ഒറ്റത്തരത്തിന്റെ വിറയൽ അനുഭവിപ്പിച്ചു. ഭാഷകൊണ്ട് സ്വയം സ്ഥാപിച്ചെടുത്ത സാഹിത്യ വ്യക്തിത്വം മലയാളി പഠിക്കാനിരിക്കുന്നു. 70 കഴിഞ്ഞിട്ടും കവിതയിലെ യുവത്വം എന്നറിയപ്പെടുന്ന കല്പറ്റ നാരായണന്റെ അഭിമുഖം കണ്ടപ്പോൾ ഊർജ്ജം നിറഞ്ഞ കാവ്യോത്സാഹം എന്നെ ധ്വനിഭടനാക്കിത്തീർത്തു. സാമാന്യ ഭാഷയിലൂടെ നടന്നു തീർക്കാൻ വിഷമം എത്രയോ...... അത്രമാത്രം അസാധാരണതയില്ലാത്ത വാക്കുത്സവും മലയാളത്തിൽ നടക്കുന്നു. പഴയൊരു വിദ്യാർത്ഥി എന്നോട് മാഷേ അച്ചടി എപ്പോഴാ എന്ന് പുസ്തകപ്രസാധനത്തെക്കുറിച്ച് ചോദിച്ചത് ഓർക്കുന്നു. അത്രയും ഭാഷാബോധം എനിക്കില്ലാതെ പോയല്ലോ എന്ന മന:സമാധാനക്കേടും അനുഭവിക്കുന്നു.
മരിച്ചു പോയവർ ഇടിഞ്ഞ ചുമരാണ്. അവരോട് അഭിമുഖം നടത്താൻ കഴിയില്ല. എങ്കിലും വാങ്ങുകൾ തീയിൽച്ചാടി നൃത്തം ചവുട്ടുന്നു. ഹൃദയ നൊമ്പരം എന്നൊന്ന് ഇല്ലെങ്കിൽ ജീവിതം പാഴ്ജന്മമാകുന്നു. വലിച്ചെറിയേണ്ടവ വലിച്ചെറിയണം. പുതുക്കലും പുതു പ്രത്യാശയുമായി പോരാടി തോല്ക്കണം. അതിലൊരു നിറവേറ്റൽ ഉണ്ട്. വൃദ്ധൻ അരയാൽ എനിക്ക് പ്രേമിയുടെ അടയാളം. ഏകാന്തത ഭക്ഷിച്ചുള്ള കുത്തായിരുപ്പിൽ ഞാൻ അന്റോണിയാ ഗ്രാംഷിയെ വായിക്കുന്നു. കാരണം
" ഓർമ്മകളുണ്ടാകരുത് എന്നത് നിലനിർത്താൻ ഗ്രാംഷിയെ വിചാരണ ചെയ്യുമ്പോൾ മുസ്സോളിനിയുടെ വക്കീൽ വാദിച്ചത് ഈ തലച്ചോർ ഇനി ഇരുപത് വർഷത്തേക്ക് പ്രവർത്തിക്കരുത് എന്നാണ്".
തിരക്ക് എഴുന്നേറ്റ് വരുമ്പോൾ അന്തിച്ചുവപ്പിലേക്ക് സൂര്യൻ പ്രവേശിക്കുന്നു. കടൽ ഇരമ്പുന്നു. തിരകൾ കടൽക്കരയിൽ ഒടിഞ്ഞു കുത്തി ചിതറുന്നു. കടൽക്കാക്കകൾ ഒഴിയുന്നു. മീൻ ജാഥയിലെ തുള്ളി മറിയൽ നിശ്ശബ്ദമാവുന്നു. കടലിന്റെ വിലാപത്തിൽ പലരുടെയും വേദന നിറഞ്ഞ സ്വര വ്യജ്ഞനങ്ങൾ കേൾക്കുന്നു. നിലാവ് കടന്നുവരാൻ ഏറെ സമയമില്ല. തൂവെളിച്ചം നല്കുന്ന സമനില തെറ്റിയ ഉന്മാദം ഒരു ആവേശിക്കലാണ്. ചോപ്പൻ കൊത്തി ശിരസ്സിൽ രക്തം ചീറ്റിക്കുന്ന കോമര നടനം. ഒരളവിൽ വയസ്സ് കൂടുമ്പോൾ എല്ലാവരും കോമരം തന്നെ. അവനവനെ വലിച്ചു പുറത്തിട്ടുള്ള വെളിച്ചപ്പെടൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















