ഒരു തെരഞ്ഞെടുപ്പ് ഫലം :ഷർമിള പനോളി

ഒരു തെരഞ്ഞെടുപ്പ് ഫലം :ഷർമിള പനോളി
ഒരു തെരഞ്ഞെടുപ്പ് ഫലം :ഷർമിള പനോളി
Share  
ഷർമിള . പനോളി എഴുത്ത്

ഷർമിള . പനോളി

2026 Apr 09, 05:24 PM
SAMUDRA
NISH
KWICOS

ഇന്ന് തെരഞ്ഞെടുപ്പ് ദിവസമാണ്. ശങ്കരാട്ടൻ രാവിലെ എണീറ്റ് പല്ലുതേച്ചു, മോന്റിയോള് കുളിമുറിയിൽ കൊണ്ടുവെച്ച ചൂട് വെള്ളത്തിൽ നല്ലോണം ഒരു കുളി പാസ്സാക്കി. കുറേ നാളായി പുറത്തേക്കൊന്നും പോകലേയില്ല. 


പക്ഷെ ഇന്ന് വോട്ട് ചെയ്യാൻ പോണം. അതിനായി ഇന്നലെ മുതൽ തുടങ്ങിയ ഒരുക്കപ്പാടാണ്.  മോന്റിയോളെ വിളിച്ചു ഐഡി കാർഡ് മേശ വെലിപ്പിൽ മുഴുവൻ തപ്പി എടുപ്പിച്ചു. കൂടെ പാർട്ടിക്കാർ കൊണ്ടുതന്ന തന്റെ പേരിലുള്ള സ്ലിപ് അതിന്റെ കൂടെ വെപ്പിച്ചിട്ടുണ്ട്. അലക്കി കഞ്ഞിയും നീലവും മുക്കി വെച്ച വെള്ള ഷർട്ടും ഒറ്റ മുണ്ടും എടുത്തുടുത്തു. മേൽ മുണ്ട് ചുമലിലിട്ടു, കോലായിൽ മോൻ വരുന്നതും നോക്കി ഇരിപ്പായി.


87 വയസ്സുണ്ട് ശങ്കരാട്ടന്. ഇതുവരെ ഒരേയൊരു ചിഹ്നത്തിലേ വോട്ട് കുത്തിയിട്ടുള്ളു. ബീഡി തെറുപ്പായിരുന്നു ജോലി. അവിടെ ബീഡി കമ്പനിയിൽ പാർട്ടിക്കാരൊക്കെ വന്നു പലേ കാര്യങ്ങളും പറഞ്ഞു തരുമായിരുന്നു. "സി.എച്ച്" എന്ന് എല്ലാരും സ്നേഹത്തോടെ വിളിക്കുന്ന ഒരാളായിരുന്നു എപ്പോഴും എണ്ണയിട്ട യന്ത്രം പോലെ അവിടെ പ്രവർത്തിച്ചിരുന്നത്.


അതേക്കുറിച്ച് ഓർത്തപ്പോൾ തന്നെ സി.എച്ച്.കണാരന്റെ ഗംഭീര ശബ്ദം തലയ്ക്കുള്ളിൽ പ്രകമ്പനം കൊള്ളുന്നതായി തോന്നി, അതുകേട്ടു മനസ്സ് കൂടുതൽ ഉഷാറായി. അന്നൊക്കെ എന്തൊരു ആവേശമായിരുന്നു. പകലത്തെ ജോലിയും കഴിഞ്ഞു രാത്രി ഒരു തൊട്ടിയിൽ നീലം കലക്കിയതും തേങ്ങയുടെ മടല് ചെത്തി കുച്ചുണ്ടാക്കി (ബ്രഷ്പോലെ) നീണ്ട വടിയിൽ കെട്ടിയതും എടുത്തു ചുമരെഴുത്തിനു പോകും.


എവിടെ വെളുത്തചുമര് കണ്ടാലും അവിടെ ആദ്യം പാർട്ടി ചിഹ്നം വരക്കും, എന്നിട്ട് എഴുതും, ഓരോ വോട്ടും...........

എല്ലാം കഴിഞ്ഞു പാതി രാത്രിക്ക് വീട്ടിൽ വന്നു പുളിച്ച കഞ്ഞിയും പുഴുക്കും കഴിക്കുമ്പോൾ കെട്ടിയോള് നാണി പറയും, "വളിച്ചതും പുളിച്ചതും കയിച്ച് വെറുതേ പള്ള കേടാക്കണ്ട. ഛർത്തി കോരാൻ ഇവരൊന്നും കാണുല്ലാ, ഞാനേണ്ടാവൂ." നാണിയെക്കുറിച്ച് ഓർമ്മ വന്നതോടെ ശങ്കരേട്ടന്റെ കണ്ണ് നനഞ്ഞു. തന്നെ ചുറ്റിപറ്റിയായിരുന്നു അവളുടെ ലോകം തന്നെ കറങ്ങിയത്. 


 കുഞ്ഞുടുപ്പിടുമ്പോൾ മുതലേ നാണിയെ കണ്ടിട്ടുണ്ട്. 

തന്റെ വീട്ടിനടുത്തു തന്നെയായിരുന്നു അവളുടെയും വീട്. 

രാവിലെ സ്കൂളിൽ പോകുന്നതും വൈകുന്നേരവും തിരിച്ചുവരുന്നതും ഒരുമിച്ചായിരുന്നു. അവള് മാത്രമല്ല തങ്ങളുടെ വീട്ടിന്റെ ഭാഗത്തുള്ള എല്ലാ കുട്ടികളും ഒരുമിച്ചായിരുന്നു സ്കൂളിൽ പോയിക്കൊണ്ടിരുന്നത്. അവരിൽ അവൾക്കേറ്റവും താല്പര്യം തന്നോടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിറയെ കായ്ച്ചു നിൽക്കുന്ന മാവിനടുത്തെത്തിയാൽ അവൾ ചോദിക്കും, "ശങ്കരാട്ടാ ഒരു മാങ്ങ പറിച്ചു തര്വോ " കേട്ടപാതി കേൾക്കാത്ത പാതി താനാ മാവിൽ വലിഞ്ഞു കയറും.


മാങ്ങ പൊട്ടിച്ചു താഴേക്കെറിയും. അപ്പോൾ നൂറായിരം കൈകൾ ഒരുമിച്ചു മേലോട്ടേക്കുയരും. ആർക്കൊക്കെ കിട്ടി, ആർക്കൊക്കെ കിട്ടിയില്ല എന്നൊന്നും നോക്കാറില്ല.  നാണിക്കുള്ളത് തന്റെ ട്രൗസറിന്റെ കീശയിൽ ഭദ്രമായി ഇരിക്കുന്നുണ്ടാവും. അതവൾക്കും അറിയാമെന്നു തോന്നുന്നു. നെഞ്ചിൽ നിറയെ ചുകന്ന വരകളുമായി താഴേക്കു ഇറങ്ങിവന്നു മാങ്ങ അവളുടെ കൈയിൽ വെച്ചു കൊടുക്കുമ്പോൾ ആ മുഖത്ത് വിരിയുന്ന പുഞ്ചിരി കാണുന്നതായിരുന്നു തന്റെ സ്വർഗ്ഗം.


യു പി സ്കൂൾ കഴിഞ്ഞു താൻ ടൗണിലെ ഹൈ സ്കൂളിൽ എട്ടാം ക്ലാസ്സിൽ ചേർന്നു. എന്നാലും വൈകുന്നേരം പീട്യേല് അവലും കാപ്പിപ്പൊടിയും പഞ്ചാരയും മേടിക്കാൻ പോകുമ്പോൾ ഇടക്കൊക്കെ അവളെ കാണും. ഒന്ന് ചിരിച്ചിട്ട് അവളോടിപ്പോകും. ഏഴാം ക്ലാസ്സിന് ശേഷം അവള് പിന്നെ പഠിക്കാനൊന്നും പോയില്ല. വാല്യക്കാരത്തി യായതുകൊണ്ടാവാം അവളെ അധികം പുറത്തേക്കും കാണാറില്ല. പത്താം ക്ലാസ്സിൽ തോറ്റപ്പോൾ അച്ഛൻ തന്നെ അടുത്തുള്ള ബീഡി കമ്പനിയിൽ കൊണ്ടാക്കി.


അവിടുന്ന്‌ പാർട്ടി ക്ലാസുകൾ കേട്ടു കേട്ടാണ് അതൊക്കെ തലയ്ക്കു പിടിച്ചത്. പിന്നെ വേറെ ഒന്നിനെക്കുറിച്ചും ആലോചിച്ചതേയില്ല. ആ ഒഴുക്കിനോടൊപ്പം അങ്ങ് നീന്തികൊണ്ടേയിരുന്നു. ഒരു ദിവസം വീട്ടിലേക്കുള്ള എടവഴിയിലൂടെ നടന്നു വരുമ്പോൾ കൊള്ളുമ്മൽ നാണിയെ കണ്ടു. കുറേ നാളുകൾക്കു ശേഷം അവളെ കാണുന്നത് കൊണ്ടാവാം, പച്ച പാവാടയിലും ബ്ലൗസിലും പതിവിലും മൊഞ്ചു കൂടിയതായി തോന്നിയത്. അവൾ തന്നെ കാത്തു നിന്നതാണെ ന്നൊന്നും അപ്പോൾ മനസ്സിലായില്ല. അടുത്തേക്ക് വന്നു അവൾ പതുക്കെ പറഞ്ഞു. "ശങ്കരാട്ടാ, ഒരു കൂട്ടർ പെണ്ണ് കാണാൻ വന്നിട്ടുണ്ട്. 


ചെക്കന് മേസ്ത്രി പണിയാണ്. കുറച്ചു കിഴക്കോട്ടുള്ളോരാണ്. ഓരെ നാട്ടിൽ അന്വേഷിച്ചിട്ടു, മോശോല്യാന്നാണ് അച്ഛൻ പറയുന്നത്. ഓർക്ക് കുറച്ചു നിലവും കൃഷിയുമൊക്കെ ഉണ്ട്പോലും. മിക്കവാറും അച്ഛനിതു ഉറപ്പിക്കും. അതുകൊണ്ട് ശങ്കരാട്ടൻ ഒന്ന് വീടുവരെ വന്നിട്ട് അച്ഛനോട് പറയണം." 

അവൾ പ്രതീക്ഷയോടെ ശങ്കരന്റെ മുഖത്തേക്ക് കണ്ണുകൾ പായിച്ചു . ഇതുകേട്ട ശങ്കരൻ ആകെ പരിഭ്രമിച്ചു, അവളുടെ മുഖത്തേക്ക് പകച്ചു നോക്കി. 


" എന്തിനാ നാണി ? " താൻ പോയിട്ട് ഇവളുടെ അച്ഛനോട് എന്താണ് പറയേണ്ടത്. അയാൾക്കൊന്നും മനസ്സിലായില്ല. "ഈ ശങ്കരാട്ടൻ എന്താ പൊട്ടനാ?" നാണി നിറഞ്ഞു വരുന്ന കണ്ണ് തുടച്ചുകൊണ്ട്, ചുറ്റുമൊന്നു നോക്കിയിട്ട് ഓടിപ്പോയി.

ശങ്കരൻ പതുക്കെ വീട്ടിലേക്കു നടന്നു. കിണ്ടിയിലെ വെള്ളമെടുത്തു കാലു കഴുകി കോലായിലേക്ക് കയറി. 


എന്തോ ഒച്ച കേട്ടിട്ട് വാതുക്കലെ വാതിൽ തുറന്നു പുറത്തിറങ്ങിയ അമ്മ കണ്ടത് കാലിളകിയ കസേരയിൽ എന്തോ ആലോചിച്ചിരിക്കുന്ന ശങ്കരനെയാണ്. 

"എന്താ മോനേ മുഖം വല്ലാണ്ടിരിക്കുന്നത്, ഇനിക്ക് ശീക്കെന്തെങ്കിലുണ്ടോ? ". അമ്മ ചോദിച്ചു. " ഒന്നൂല്ല്യമ്മേ, .... ഞാനിപ്പോൾ താഴത്തെ എടവഴിയില് വെച്ചു ആ നാണിയെ കണ്ടിനേനും . ഒരു ആലോചന വന്നിട്ടുണ്ടെന്നു പറഞ്ഞു."  

"എന്നിട്ട് ഞ്ഞി എന്ത് പറഞ്ഞു."


"ഞാനൊന്നും പറഞ്ഞില്ലമ്മേ, നല്ലതാണെങ്കിൽ നടക്കട്ടെ". 

" ഞ്ഞി എന്ത് പൊട്ടനാടാ,...

അവളെന്തിനാ ഞ്ഞിന്നോടത് പറഞ്ഞത്?"

എന്നാലും അത് എന്തായിരിക്കും തന്നോടവൾ പറഞ്ഞത്?

"ഈ ശങ്കരാട്ടൻ എന്താ പൊട്ടനാ" അവള് ചോദിക്കുന്നു. "ഞ്ഞി എന്ത് പൊട്ടനാടാ" അമ്മയും ചോദിക്കുന്നു.  ഓർത്തിട്ടു ശങ്കരന്റെ തല പുകഞ്ഞു.  അവസാനം അതിനൊരു ഉത്തരം കണ്ടെത്തുമ്പോഴേക്കും നേരം പാതിരാ കഴിഞ്ഞു. രാവിലെ എഴുനേറ്റു. ദോശ ചുടുന്ന അമ്മയുടെ അടുത്തു ചെന്നു.


" മോൻ പല്ല് തൊടച്ചിട്ടു വാ, ചൂട് ദോശ തരാലോ" അവനെ കണ്ടപാടെ അമ്മ പറഞ്ഞു. 

 "അതല്ലമ്മേ,... അമ്മയും...... അച്ഛനും കൂടി....... ഇന്ന്....... നാണിയുടെ...... വീട്ടിൽ പോണം,...... ഓളെ..... പെണ്ണുകാണാൻ...... പോണം..... " എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അതു കേട്ട് അമ്മ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.  

"ശങ്കരാട്ടാ വോട്ടു ചെയ്യാൻ പോണ്ടേ? ആട വരെ നടക്കണ്ട, വണ്ടിയുണ്ട്. " 

മുറ്റത്തു രണ്ട് വാലിയക്കാർ വന്നു നീട്ടി വിളിച്ചു. 

വേണ്ട മക്കളേ, ഇങ്ങള് നടക്കാൻ കയ്യാത്തോരെ കൂട്ടിട്ടു പൊയ്ക്കോ, ഞാൻ ന്റെ ചെക്കൻ വന്നാല് ഓന്റുടെ വരാം. ഓപ്പം ബോട്ടല്ലേ, അത് ന്റെ ചെക്കൻ ചെയ്യും." 

കുറച്ചു കഴിഞ്ഞു എതിർ പാർട്ടിക്കാർ വന്നു. ഓരോടും ഇത് തന്നെ പറഞ്ഞു. വരുമെന്ന് ഉറപ്പുള്ളത് കൊണ്ടാവാം അവരും പോയി. 

ചെക്കനെ നോക്കി നോക്കിയിരുന്നു ശങ്കരാട്ടൻ ഉറങ്ങിപ്പോയി. 

"അച്ഛാ വോട്ടിനു പോണ്ടേ? കൊണ്ടോവാൻ ഇതാ ശശിയേട്ടൻ വന്നിന് " മോന്റിയോള് വന്നു വിളിച്ചപ്പോളാണ് എണീറ്റത്. അയ്യോ നേരം മോന്തിയാവാറായല്ലോ മോളേ". 


പിടഞ്ഞെണീറ്റ് മോന്റെ കൈയ്യും പിടിച്ചു പോളിംഗ് ബുത്തിലേക്ക് വയ്യാത്ത കാല് വലിച്ചു വെച്ചു നടന്നു. 

"ഉച്ചക്ക് ചോറുണ്ടില്ലല്ലോ അച്ഛാ, കുറച്ചെങ്കിലും കഴിച്ചിട്ട് പോയാപ്പോരേ " എന്ന്  മോന്റിയോള് പിന്നിൽ നിന്നും വിളിക്കുന്നത്‌ കേട്ടില്ലാന്ന് നടിച്ചു. കിതച്ചു വലഞ്ഞു ഒരു വിധം ബുത്തിലെത്തി. "അപ്പൂപ്പാ ഓപ്പൺ വോട്ടാണോ", പോലീസ് ചോദിച്ചു. 


"ആ മോനെ", "എന്നാൽ ആ ബെഞ്ചിൽ ഇരിക്ക്, കൂടെ വന്നയാൾ ആദ്യം വോട്ടു ചെയ്യട്ടെ". ശശി പോയി വോട്ടു ചെയ്തശേഷം ഓപ്പൺ വോട്ടിനായി അച്ഛന്റെ ഐഡി കാർഡും സ്ലിപ്പും എടുത്തു കൊടുത്തു. അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥൻ ശശിയെ നോക്കി പറഞ്ഞു, "ചേട്ടാ, ഈ വോട്ട് ചെയ്തു പോയല്ലോ." ശശിയും ശങ്കരാട്ടനും ഒരുമിച്ചു ഞെട്ടി. " എന്താ സാറേ ഈ പറയുന്നേ, ഒറ്റയ്ക്ക് നടക്കാനാവാത്ത ഞാൻ വന്നു വോട്ട് ചെയ്തിട്ടു പോയിന് പോലും ". 


ശങ്കരാട്ടന്റെ കണ്ണിലൂടെ നീരൊഴുകി വന്നു. ചുണ്ടുകൾ വിറച്ചു. അപ്പോഴേക്കും ആരൊക്കെയോ വന്നു ചുറ്റും നിന്നു സമാധാനിപ്പിച്ചു. "സാരോല്യ അപ്പുപ്പാ, നമ്മക്ക് വേറെ ഒരു വോട്ട് ചെയ്യാലോ".

ആ വോട്ട് എന്താണെന്ന് ശങ്കരാട്ടനറിയാം. ഇതൊക്കെ എത്ര കണ്ടിരിക്കുന്നു. "വേണ്ട മക്കളേ, എണ്ണാത്ത വോട്ട് എനക്ക് വേണ്ട, ഞാമ്പോണ്". 

ശശിയുടെ കൈയ്യും പിടിച്ചു ശങ്കരാട്ടൻ അവിടുന്നിറങ്ങി നടന്നു, ജീവിതത്തിലാദ്യമായി വോട്ട് ചെയ്യാനാവാതെ. 

രാവിലെ വണ്ടിയുമായി വന്നവർ വീണ്ടും ഓടിയെത്തി. "ശങ്കരാട്ടാ , വണ്ടിയുണ്ട്.".

വേണ്ട മക്കളേ, ഇനി ഒന്നും വേണ്ട, പോട്ടെ "

എങ്ങനെയൊക്കെയോ നടന്നു വീട്ടിലെത്തി. കോലായിലെ ഇരുത്തിയിൽ കയറി ഇരുന്നു, ഒരു ദീർഘ നിശ്വാസം വിട്ടു. എത്രയോ പേരെ എടുത്തുകൊണ്ടുപോയി വോട്ട് ചെയ്യിച്ച തനിക്ക് വയസ്സായപ്പോൾ വോട്ട് ചെയ്യാൻ കയിഞ്ഞില്ല. അതുമല്ല, തന്റെ വോട്ട് ആരോ കള്ള ബോട്ട് ചെയ്തിരിക്കുന്നു. ശങ്കരാട്ടൻ ആകെ തകർന്നുപോയി, തളർന്നു ഇരുന്നു പോയി. തന്റെ എല്ലമെല്ലാമായ നാണി പോയപ്പോൾ പോലും ഇത്ര കണ്ട് തളർന്നിട്ടുണ്ടാവില്ല. 


"എന്തു പറ്റി അച്ഛാ, ചോറുണ്ണാതെ പോയിട്ടല്ലേ ഇങ്ങനെ ക്ഷീണം പിടിച്ചത്." 

"അല്ല മോളേ, അതല്ല " അവളോട്‌ കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. കുറച്ചുനേരം എന്തോ ഓർത്തിട്ടു അവൾ ചോദിച്ചു. " റേഷൻ പീട്യേന്ന്‌ രണ്ട് കിലോ അരി കിട്ടണെങ്കിൽ മിഷ്യനിൽ വെരല് വെക്കണം. അപ്പോൾ ഈ വിലയേറിയ വോട്ടിനു രണ്ട് കിലോ അരിയുടെ വില പോലുമില്ലല്ലോ അച്ഛാ! "

sankaerttan


ആസ്വാദനം :


ഷർമിള പനോളി എഴുതിയ 'ഒരു തെരഞ്ഞെടുപ്പ് ഫലം' എന്ന ഈ കഥ ലളിതമെങ്കിലും ഹൃദയസ്പർശിയായ ഒന്നാണ്. 

87 വയസ്സുള്ള ശങ്കരാട്ടൻ എന്ന വൃദ്ധന്റെ രാഷ്ട്രീയ ബോധത്തെയും, അയാളുടെ ജീവിതത്തിലെ നിർണ്ണായകമായ ഓർമ്മകളെയും കോർത്തിണക്കിക്കൊണ്ടാണ് കഥ വികസിക്കുന്നത്.

ഈ കഥയിലെ ശ്രദ്ധേയമായ ചില വശങ്ങൾ താഴെ പറയുന്നവയാണ്:

കഥയുടെ തുടക്കത്തിൽ ശങ്കരാട്ടന്റെ ഭൂതകാലത്തെക്കുറിച്ചുള്ള വിവരണങ്ങൾ മനോഹരമാണ്. 

സി.എച്ച്. കണാരനെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങൾ കേട്ട് വളർന്ന, പാർട്ടിക്കുവേണ്ടി രാത്രികാലങ്ങളിൽ ചുമരെഴുത്തിന് പോയിരുന്ന ഒരു പഴയകാല പ്രവർത്തകനെ നമുക്ക് അവിടെ കാണാം. രാഷ്ട്രീയമെന്നത് അയാൾക്ക് വെറുമൊരു വോട്ടല്ല, മറിച്ച് ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു എന്ന് ഈ ഓർമ്മകൾ വ്യക്തമാക്കുന്നു.


ഷർമിള പനോളിയുടെ 'ഒരു തെരഞ്ഞെടുപ്പ് ഫലം' എന്ന കഥ, മാറുന്ന രാഷ്ട്രീയ മൂല്യങ്ങളെയും വ്യക്തികളുടെ നിസ്സഹായാവസ്ഥയെയും വളരെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ആദർശബോധമുള്ള ഒരു പഴയ തലമുറയും, ലാഭേച്ഛ മാത്രം നോക്കുന്ന പുതിയ കാലത്തെ രാഷ്ട്രീയ രീതികളും തമ്മിലുള്ള സംഘർഷമാണ് ഈ കഥയുടെ അന്തസ്സത്ത.


87 വയസ്സുള്ള ശങ്കരാട്ടന്റെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്ന

ത്.

സി.എച്ച്. കണാരനെപ്പോലെയുള്ള അതികായന്മാരായ നേതാക്കളുടെ പ്രസംഗം കേട്ട് ആവേശഭരിതനായിരുന്ന ഒരു കാലം അദ്ദേഹത്തിനുണ്ട്. രാത്രികാലങ്ങളിൽ ബ്രഷ് കെട്ടിയ വടിയും ചായവുമായി ചുമരെഴുത്തിന് പോകുന്ന ശങ്കരാട്ടൻ, രാഷ്ട്രീയത്തെ ഒരു ആത്മീയമായ അർപ്പണബോധത്തോടെയാണ് കണ്ടിരുന്നത്. കഞ്ഞി കുടിച്ചും പട്ടിണി കിടന്നും പാർട്ടിക്കായി പണിയെടുത്ത ആ തലമുറയുടെ നിഷ്കളങ്കത കഥയിൽ തെളിഞ്ഞുനിൽക്കുന്നു.


നാണിയും ശങ്കരാട്ടനും തമ്മിലുള്ള പ്രണയം

കഥയുടെ ഒഴുക്കിനിടയിൽ കടന്നുവരുന്ന ശങ്കരാട്ടന്റെയും നാണിയുടെയും പ്രണയകഥ വായനക്കാർക്ക് നൊമ്പരമുണർത്തുന്ന ഒന്നാണ്. 

മാങ്ങ പറിച്ചു കൊടുക്കുന്ന ബാല്യം മുതൽ, തന്റെ കല്യാണക്കാര്യം പറയാൻ ശങ്കരാട്ടനെ കാത്തുനിൽക്കുന്ന നാണി വരെ ഒരു മനോഹരമായ ചിത്രം പോലെ മിന്നിമറയുന്നു. "ഈ ശങ്കരാട്ടൻ എന്താ പൊട്ടനാ?" എന്ന നാണിയുടെ ചോദ്യം അവരുടെ പ്രണയത്തിന്റെ ആഴം വെളിവാക്കുന്നു. രാഷ്ട്രീയത്തിനൊപ്പം തന്നെ തന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവളെ കൂടെക്കൂട്ടാൻ അദ്ദേഹം കാണിച്ച ആർജ്ജവം കഥയ്ക്ക് മിഴിവേകുന്നു.


കഥയുടെ ക്ലൈമാക്സിലാണ് 'തെരഞ്ഞെടുപ്പ് ഫലം' എന്ന ശീർഷകം അന്വർത്ഥമാകുന്നത്. ജീവിതകാലം മുഴുവൻ ഒരു പ്രസ്ഥാനത്തിന് വേണ്ടി അധ്വാനിച്ച, ആദർശങ്ങളിൽ ഉറച്ചുനിന്ന ആ വൃദ്ധന് ഒടുവിൽ തന്റെ വോട്ട് ചെയ്യാൻ സാധിക്കുന്നില്ല. തന്റെ സമ്മതിദാനാവകാശം ആരോ കള്ളവോട്ട് വഴി തട്ടിയെടുത്തു എന്നറിയുമ്പോൾ അദ്ദേഹം അനുഭവിക്കുന്ന മാനസിക തളർച്ച രാഷ്ട്രീയ ലോകത്തെ ജീർണ്ണതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കഥ അവസാനിക്കുന്നത് ശങ്കരാട്ടന്റെ മകളുടെ ശക്തമായ ഒരു നിരീക്ഷണത്തിലൂടെയാണ്:


"റേഷൻ പീട്യേന്ന്‌ രണ്ട് കിലോ അരി കിട്ടണമെങ്കിൽ മെഷീനിൽ വിരൽ വെക്കണം. അപ്പോൾ ഈ വിലയേറിയ വോട്ടിന് രണ്ട് കിലോ അരിയുടെ വില പോലുമില്ലല്ലോ അച്ഛാ!"


ഇന്ന് സാങ്കേതികവിദ്യ ഇത്രയേറെ വളർന്നിട്ടും, ഒരു വോട്ടറുടെ ഐഡന്റിറ്റി ഉറപ്പുവരുത്താൻ കഴിയാത്ത സംവിധാനങ്ങളെയും, കള്ളവോട്ട് എന്ന ജനാധിപത്യ വിരുദ്ധതയെയും ഈ വരികൾ കഠിനമായി പരിഹസിക്കുന്നു.

ലളിതമായ ശൈലിയിൽ ഗ്രാമീണ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഈ കഥ, ഒരു വ്യക്തിയുടെ രാഷ്ട്രീയ വിശ്വാസത്തെയും ഒടുവിൽ അയാൾ നേരിടുന്ന വഞ്ചനയെയും മനോഹരമായി വരച്ചുകാട്ടുന്നു. വോട്ട് എന്നത് കേവലം ഒരു കടലാസ് കഷ്ണമല്ലെന്നും ഒരു മനുഷ്യന്റെ വിശ്വാസവും ആത്മാഭിമാനവുമാണെന്നും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

എന്നാൽ, കഥയുടെ അവസാനം ജനാധിപത്യം നേരിടുന്ന വലിയൊരു ജീർണ്ണതയെ തുറന്നുകാട്ടുന്നു. തന്റെ അവസാന കാലത്തും കൃത്യമായി വോട്ട് ചെയ്യണമെന്ന ആഗ്രഹത്തോടെ ബൂത്തിലെത്തുന്ന ശങ്കരാട്ടൻ, തന്റെ വോട്ട് ആരോ കള്ളവോട്ട് ചെയ്തു എന്നറിഞ്ഞു തകർന്നുപോകുന്നു. ജീവിതകാലം മുഴുവൻ താൻ വിശ്വസിച്ച പ്രസ്ഥാനങ്ങളിൽ നിന്നോ രാഷ്ട്രീയ സംവിധാനങ്ങളിൽ നിന്നോ അദ്ദേഹത്തിന് നീതി ലഭിക്കുന്നില്ല.


"രണ്ട് കിലോ അരി കിട്ടാൻ പോലും മെഷീനിൽ വിരൽ വെക്കേണ്ട സാഹചര്യത്തിൽ, വോട്ടിന് ആ വില പോലുമില്ലേ" എന്ന മകളുടെ ചോദ്യം നിലവിലെ തെരഞ്ഞെടുപ്പ് രീതികൾക്കെതിരെയുള്ള ശക്തമായ പരിഹാസമായി മാറുന്നു. രാഷ്ട്രീയത്തിലെ ധാർമ്മികത നഷ്ടപ്പെടുന്നതിനെക്കുറിച്ചും, ഒരു പൗരന്റെ പ്രാഥമിക അവകാശം പോലും സംരക്ഷിക്കപ്പെടാത്തതിനെക്കുറിച്ചുമുള്ള ഗൗരവകരമായ ഓർമ്മപ്പെടുത്തലാണ് ഈ കൊച്ചു കഥ.


MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം യൂത്ത് ചേംബർ ഫുട്ബോൾ ടൂർണമെന്റ്
കല / സാഹിത്യം / കായികം വിഡ്ഢിപ്പെട്ടി               - ഷർമിള പനോളി
SAMUDRA