ടെലിവിഷൻ എന്ന സൈഡ് ഹെഡിങ്ങോടെ ടിവിയെക്കുറിച്ച് ഒരു ചെറു വിവരണം ഏതോ ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്. കറന്റ് ഉള്ള വീടായത്കൊണ്ട് വല്യ വാൾവ് റേഡിയോ ഞാൻ ജനിക്കുന്നതിനു മുമ്പേയുണ്ട്. അതുകൊണ്ടുതന്നെ റേഡിയോ ഒരു അത്ഭുതമായൊന്നും ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ ടെലിവിഷനെ കുറിച്ച് ടീച്ചർ ക്ലാസ്സിൽ വിവരിച്ചപ്പോൾ എങ്ങനെയായിരിക്കും ഇളക്കുന്ന ചിത്രങ്ങൾ ആകാശത്തു കൂടെ പറന്നു വരുന്നതെന്ന് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. ഈ ടീവി എന്ന മഹാത്ഭുതത്തെ നേരിൽ കാണുന്നത് തലശ്ശേരി സ്റ്റേഡിയത്തിന്റെ പുറത്ത് ചെറിയൊരു പാർക്ക് പോലെയുള്ള സ്ഥലത്തു
ഇമ്മിണി വലിയൊരു കുടയും ചൂടി നിൽക്കുന്നതാണ്. അന്നാ പെട്ടിക്കുള്ളിൽ എന്താണെന്നറിയാനുള്ള കൗതുകം കൊണ്ട് ക്യൂ നിന്നു കണ്ടതാണ് ആദ്യത്തെ അനുഭവം.
പിന്നെ അത് VCR എന്ന പേരിൽ എളേമ്മയുടെ പണക്കാരനായ എളേച്ഛൻ വാങ്ങിക്കൊണ്ടുവന്നു. സിനിമ പ്രാന്ത് മൂത്ത് തൽക്കാലത്തേക്ക് താമസം അങ്ങോട്ട് മാറ്റി, റിലീസ് സമയത്ത് കാണാൻ വിട്ടുപോയ സിനിമകളൊക്കെ ദിവസവും മൂന്നോ നാലോ എണ്ണം വെച്ചു കുത്തിയിരുന്ന് കണ്ടു.
അന്നത്തെ കാലത്ത് ക്ലച്ഛ് പിടിച്ച ഒരു ബിസ്സ്നസ്സ് ആയിരുന്നു വിസിആറും 4 കാസ്സെറ്റും കൂടെ 24 മണിക്കൂറിനു വാടകക്ക് കൊടുക്കൽ. എത്രയെത്ര ചെറുപ്പക്കാരുടെ രോമാഞ്ച കഞ്ചുകമായിരുന്നു ഈ കാസെറ്റുകൾ. എത്രയെത്ര
മദാലാസകളുടെ ഉടുപ്പുടവയാണ് ഈ കാസെറ്റുകൾക്ക് വേണ്ടി അഴിഞ്ഞു വീണത്. കാസെറ്റുകളുടെ നിർമ്മാണവും വിൽപ്പനയും വാടകക്ക് കൊടുക്കലുമായി അന്നുണ്ടായിരുന്ന ഒരു വൻ ബിസിനെസ്സ് സാമ്രാജ്യമാണ് ഇന്ന് അന്യം നിന്നുപോയത്.
ആയിടക്കാണ് ഏഷ്യാഡ് 82 ഡൽഹിയിൽ നടന്നത്. അതോടൊപ്പം ഇന്ത്യയിൽ TV യും വന്നു തിരുവനന്തപുരത്തും ദുരദർശൻ കേന്ദ്രം വന്നു, മലയാളത്തിൽ പ്രക്ഷേപണവും തുടങ്ങി. കറുപ്പും വെളുപ്പുമായി ചിത്രങ്ങൾ, സിനിമ പാട്ടുകൾ ഒക്കെ തിരുവനന്തപുരത്തുള്ള ഒരു ബന്ധു വീട്ടിൽ വെച്ചാണ് പിന്നെ ഇവനെ കാണുന്നത്. നടിനടന്മാർ പെട്ടിക്കുള്ളിലുണ്ടോന്നു പിൻഭാഗത്തു കൂടെ ചെന്നു നോക്കി, അവിടെ ആരെയും കാണാഞ്ഞു മനസ്സമാധാനം നഷ്ടപ്പെടുത്തി തിരിച്ചു വന്നു. ടീവി റിലേ സ്റ്റേഷനുകൾ ഓരോരോ നഗരങ്ങളിലും പട്ടണങ്ങളിലും സ്ഥാപിതമായി. അങ്ങനെ പതുക്കെ ഈ വിഡ്ഢിപ്പെട്ടി ഞങ്ങളുടെ നാട്ടിലും പാട്ടായി. പുരപ്പുറത്തു താങ്ങു വയർ വലിച്ചു കെട്ടിയ പീറ്റ തെങ്ങിന്റെ ഉയരമുള്ള കമ്പിവേലികൾ വീടിന്റെ അഭിമാന സ്തംബങ്ങളായി മാറി. മോഹൻലാൽ പരസ്യത്തിൽ പറയുംപോലെ ഉയരം കൂടുന്തോറും തെളിച്ചം കൂടും.
ഇതൊക്കെ കഴിഞ്ഞു നാളുകൾക്ക് ശേഷമാണ് ഈ വിഡ്ഢിപ്പെട്ടി എന്റെ വീട്ടിലേക്കും കടന്നുവരുന്നത്. ഉത്സവത്തിന് കോടിയേറിയപോലെ മുകളിലേക്ക് നോക്കി ആന്റിനയെ കൈ കൂപ്പി ഞങ്ങളത് ആഘോഷിച്ചു. സ്‌ക്രീനിൽ തെളിയുന്ന കറുപ്പും വെള്ളയും പുള്ളികൾ കൺ കുളിർക്കുന്ന കാഴ്ചകളായി.
തട്ടിൻ പുറത്തു കയറിയിരുന്ന് കപ്പിത്തന്റെ കൈ വഴക്കത്തോടെ ആന്റിന തിരിക്കുന്നത് എന്റെ സ്ഥിരം പണിയായി. പിന്നീട് പണം ചിലവാക്കി ടീവി വാങ്ങിയ വീട്ടുകാർ വിഡ്ഢികളാകുന്ന കാഴ്ചയാണ് കാണുന്നത്. കുളിച്ചു കുറിയിട്ടു തൊഴു കൈയുമായി രാമനെയും സീതയെയും കാണാൻ വരുന്ന അയൽക്കാർ ഗാലറിയും കസേരകളും കരസ്ഥമാക്കി. വീട്ടിലുള്ളവർ തറ ടിക്കറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സുന്ദരി പട്ടം കിട്ടിയ സ്മൃതി ഇറാനിയുടെ മുഖം കോമാങ്ങയുടെ ആകൃതിയിൽ കണ്ടു തൃപ്തി അടയേണ്ടി വന്നു. പാതിരാപ്പടം കാണാൻ അനിയന്റെ ചങ്ങായിമാർ ഓചിത്യ ബോധമില്ലാതെ പാതിരാവരെ വീട്ടിൽ കുത്തിയിരുന്നു.
വീട്ടിലുള്ള ഒരേയൊരു പെൺകുട്ടിയായ എന്റെ മംഗലം കഴിഞ്ഞേ ഇനി ഈ വീട്ടിൽ കയറാവൂ എന്ന് അവസാനം അച്ഛനെ കൊണ്ട് അവര് തന്നെ പറയിപ്പിച്ചു. പിന്നെയും പൊല്ലാപ്പുകൾ ബാക്കിയുണ്ടായിരുന്നു. എല്ലാ ഞായറാഴ്ചയും ദുരദർശനിലെ മലയാളം സിനിമ ടിക്കറ്റ് എടുക്കാതെ കാണാൻ നാട്ടുകാർ വീട്ടിനകത്ത് തള്ളി കയറി. അതിഥികളെ സൽക്കരിക്കാൻ ബേക്കറി പലഹാരങ്ങളും വാങ്ങി ഞായറാഴ്ചയാകാൻ ഞങ്ങൾ കാത്തിരുന്നു. പരസ്യം വരുമ്പോൾ ചായവെക്കാൻ അടുക്കളയിലേക്കോടി. അടുത്ത പരസ്യത്തിന്, പെണ്ണ് കാണാൻ വന്നവരുടെ മുന്നിലേക്ക് ട്രേയിൽ ചായയും പലഹാരങ്ങളുമായി പെൺകുട്ടി ഇറങ്ങി വരുന്നതുപോലെ എല്ലാർക്കും ചായ കൊടുത്തു കുറച്ചു പരദുഷണവും കേട്ടു ഞങ്ങൾ ഒഴിവു ദിനങ്ങൾ സമ്പന്നമാക്കി.
പിന്നയും കുറേ കാലം കഴിഞ്ഞാണ് വീട്ടിലെ കസേരകൾ ഒഴിഞ്ഞു കിട്ടിയത്.
ഇതിനിടയിൽ ഒരിക്കൽ കുടപ്പനക്കുന്നിലെ ദൂര ദർശൻ കേന്ദ്രം കാണാൻ പോയത് നല്ലൊരു അനുഭവമായിരുന്നു. ഒരു സുഹൃത്തിന്റെ ഭർത്താവ് അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി ഞങ്ങളവിടെ വിസിറ്റിനു പോയി. പ്രോഗ്രാം ബ്രോഡ്കാസറ്റ് ചെയ്യുന്നതും ലൈവ് എടുക്കുന്നതും വിശദമായി കാണാൻ കഴിഞ്ഞു. മടങ്ങി വരുമ്പോൾ മുൻ വാതിലിൽ ആ കാലത്തെ ചിരപരിചിതമായ മുഖം. വാർത്തകൾ വായിക്കുന്ന ഹേമലതയും, പ്രോഗ്രാം കോ-ഓർഡിനേറ്റർ കണ്ണനും..
താളം തെറ്റിയ ജീവചര്യക്ക് ആദിതാളമൊക്കെ വച്ചെന്ന് വിചാരിച്ചപ്പോഴേക്കും ദേ വരുന്നു അടുത്ത ദുരന്തം സീരിയലുകളായി. ഏതു നേരം നോക്കിയാലും വീട്ടിലുള്ളവർ ടിവിക്ക് മുന്നിൽത്തന്നെ. രാവിലെ മാത്രം വല്ലതും വെച്ചുണ്ടാക്കി അവർ ടീവിക്ക് മുന്നിൽ അമർന്നിരിക്കും. പിന്നീട് അവർ ഭക്ഷണം കഴിക്കുന്നത് buffeet മോഡലിലാക്കി. വീട്ടിലെ അവശ്യ വസ്തുവായിരുന്ന ഡയിനിങ് ടേബിൾ തീർത്തും അനാവശ്യ വസ്തുവായി മാറി. കാലം തെറ്റി വീട്ടിൽ വരുന്ന അഥിതികൾക്ക് ഒരിറ്റ് ദാഹജലം പോലും കിട്ടാതെയായി. വൈകുന്നേരത്തെ ചായയും പലഹാരമുണ്ടാക്കൽ അവർ തീർത്തും ഒഴിവാക്കി. ഞങ്ങൾ ദിവസവും ജോലിക്ക് പോയി വരുന്നവർ ദുരന്തമുഖത്ത് നിന്ന്, ഇതിനെന്തു പോംവഴി എന്നാലോചിച്ചു പെരുവഴിയിലായി. സീരിയലുകൾ ദിവസങ്ങളും മാസങ്ങളും കടന്നു വർഷങ്ങളോളം നീണ്ടു നീണ്ടു പോയി. അവിടെ ദുരന്ത നിവാരണ സേന വെറും നോക്കുകുത്തിയായി മാറി.
ഇതിനൊക്കെ ഒരറുതി വന്നത് മോബൈൽ ഫോണുകൾ വീട്ടിനകത്തേക്ക് ശരം വിട്ട പോലെ പാഞ്ഞു കയറിയപ്പോഴാണ്. എല്ലാരും സമയവും കാലവുമില്ലാതെ മൊബെൽ മുഖത്തേക്ക് സ്വന്തം മുഖം കുത്തി ഇരിപ്പായി. അതോടെയീ വിഡ്ഢിപ്പെട്ടി ആർക്കും വേണ്ടാതെ, യാതൊരു അനക്കവുമില്ലാതെ, മരണപ്പെട്ടവരുടെ ഫോട്ടോ പോലെ ചുമരിൽ തൂങ്ങി നിൽപ്പായി.
ആസ്വാദനം :
വിഡ്ഢിപ്പെട്ടി: ഓർമ്മകളുടെ തിരശ്ശീല
സാങ്കേതികവിദ്യയുടെ വളർച്ച ഒരു സമൂഹത്തിന്റെ സംസ്കാരത്തെയും ശീലങ്ങളെയും എങ്ങനെയൊക്കെ മാറ്റിമറിച്ചു എന്നതിന്റെ രസകരമായ ഒരു നേർചിത്രമാണ് ഷർമിള പനോളിയുടെ ഈ കുറിപ്പ്. റേഡിയോയിൽ നിന്ന് സ്മാർട്ട്ഫോണിലേക്ക് മലയാളി നടന്നുതീർത്ത ദൂരങ്ങളെ ടെലിവിഷൻ എന്ന 'മാന്ത്രികപ്പെട്ടിയെ' മുൻനിർത്തി എഴുത്തുകാരി ഇതിൽ അടയാളപ്പെടുത്തുന്നു.
അത്ഭുതങ്ങളിൽ നിന്ന് ഗൃഹാതുരത്വത്തിലേക്ക്
ആകാശത്തുകൂടെ ചിത്രങ്ങൾ പറന്നുവരുന്നത് സങ്കൽപ്പിക്കാൻ പോലുമാകാത്ത ഒരു കാലഘട്ടത്തെ കുറിപ്പിൽ കാണാം. തലശ്ശേരി സ്റ്റേഡിയത്തിന് പുറത്ത് ഡിഷ് ആന്റിന കണ്ട് അത്ഭുതപ്പെട്ടതും, പിന്നീട് നാട്ടിൽ ടിവി എത്തിയപ്പോൾ വീടിന് മുകളിലെ ആന്റിനകൾ 'അഭിമാന സ്തംഭങ്ങളായി' മാറിയതും അക്കാലത്തെ സാമൂഹികാവസ്ഥയെ വ്യക്തമാക്കുന്നു. "ഉയരം കൂടുന്തോറും തെളിച്ചം കൂടും" എന്ന മോഹൻലാൽ പരസ്യത്തെക്കുറിച്ചുള്ള പരാമർശം വായനക്കാരെ പെട്ടെന്ന് ആ കാലഘട്ടത്തിലേക്ക് എത്തിക്കുന്നു.
വീടകം ഒരു സിനിമാ തിയേറ്റർ
ടിവി വെറുമൊരു ഉപകരണം എന്നതിലുപരി ഒരു സാമൂഹിക മാറ്റമായിരുന്നു. രാമായണവും മഹാഭാരതവും കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തുന്ന അയൽവാസികൾ, അവർക്കായി കരുതിവെക്കുന്ന ചായയും പലഹാരങ്ങളും ഒക്കെ പഴയകാലത്തെ കൂട്ടായ്മയുടെയും ആതിഥ്യമര്യാദയുടെയും ഓർമ്മകളാണ്. എന്നാൽ അതേസമയം തന്നെ, വീട്ടുകാർ സ്വന്തം വീട്ടിൽ 'തറ ടിക്കറ്റ്' എടുക്കേണ്ടി വരുന്ന അവസ്ഥയെ എഴുത്തുകാരി പരിഹാസരൂപേണ അവതരിപ്പിക്കുന്നുണ്ട്.
സീരിയലുകളും കുടുംബബന്ധങ്ങളും
സീരിയലുകളുടെ വരവോടെ വീടുകളിലെ സ്വാഭാവികമായ താളം തെറ്റുന്നതിനെ എഴുത്തുകാരി രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഡൈനിംഗ് ടേബിളുകൾ അപ്രസക്തമാകുന്നതും, ഭക്ഷണരീതി ബഫേ മോഡലിലേക്ക് മാറുന്നതും, അതിഥികൾക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥയുണ്ടാകുന്നതും ടിവി എന്ന വിഡ്ഢിപ്പെട്ടി മനുഷ്യബന്ധങ്ങളെ എങ്ങനെയൊക്കെ മരവിപ്പിച്ചു എന്നതിന്റെ നേർക്കാഴ്ചയാണ്.
മാറ്റത്തിന്റെ പരിണാമം
മൊബൈൽ ഫോണിന്റെ വരവോടെ ടെലിവിഷൻ എന്ന വിഡ്ഢിപ്പെട്ടി നിശബ്ദമാകുന്നിടത്താണ് കുറിപ്പ് അവസാനിക്കുന്നത്. "മരണപ്പെട്ടവരുടെ ഫോട്ടോ പോലെ ചുമരിൽ തൂങ്ങി നിൽക്കുന്നു" എന്ന പ്രയോഗം വളരെ ശക്തമാണ്. ഒരുകാലത്ത് വിസ്മയമായിരുന്ന ടെലിവിഷൻ ഇന്ന് പുതിയ സാങ്കേതിക വിദ്യകൾക്ക് വഴിമാറിക്കൊടുത്തു എന്ന യാഥാർത്ഥ്യം വായനക്കാരനെ ചിന്തിപ്പിക്കുന്നു.
ചുരുക്കത്തിൽ, ലളിതമായ ഭാഷയും ആക്ഷേപഹാസ്യം കലർന്ന ശൈലിയും ഈ കുറിപ്പിനെ ആകർഷകമാക്കുന്നു. നഷ്ടപ്പെട്ടുപോയ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നതിനപ്പുറം, യന്ത്രങ്ങൾ മനുഷ്യബന്ധങ്ങളെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്ന ഗൗരവകരമായ നിരീക്ഷണം കൂടി ഈ കുറിപ്പ് പങ്കുവെക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















