ഇ.വി. ശ്രീധരന് ചോമ്പാലയുടെ പ്രണാമം :ദിവാകരൻ ചോമ്പാല

ഇ.വി. ശ്രീധരന് ചോമ്പാലയുടെ പ്രണാമം :ദിവാകരൻ ചോമ്പാല
ഇ.വി. ശ്രീധരന് ചോമ്പാലയുടെ പ്രണാമം :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Apr 02, 01:31 PM
SAMUDRA
NISH

ചില മനുഷ്യർ ഓർമ്മയാകുമ്പോൾ അവർ ജീവിച്ച കാലം മുഴുവൻ ഒരു പുസ്തകം പോലെ നമ്മുടെ മുന്നിൽ തുറക്കപ്പെടും. 

പ്രമുഖ കഥാകൃത്തും നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ ഇ.വി. ശ്രീധരൻ എന്ന ‘ചോമ്പാലക്കാരുടെ പ്രിയപ്പെട്ട ഇ.വി. വിടവാങ്ങിയിട്ട് ഒരാണ്ട് തികയുകയാണ്.

ഏപ്രിൽ രണ്ടിന് വള്ളിക്കാട് പടവത്തുംതാഴെ പാലത്തിന് സമീപം അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ കുടുംബകൂട്ടായ്‌മയും സാംസ്‌കാരിക സദസ്സും ഒത്തുചേരുമ്പോൾ, എന്റെ ഉള്ളിൽ കടലിരമ്പുന്നത് അക്ഷരലോകത്തെ ആ വലിയ മനുഷ്യനെ യോർത്തല്ല; മറിച്ച് ഏഴു പതിറ്റാണ്ടിലേറെക്കാലം എന്റെ സുഹൃത്തും അയൽക്കാരനുമായിരുന്ന ‘ചെറിയപറമ്പത്ത് ശ്രീധരൻ’ എന്ന ചങ്ങാതിയെ ഓർത്താണ്.


കൗമാരത്തിന്റെ തീവണ്ടിപ്പാതകൾ

ഞങ്ങളുടെ സൗഹൃദത്തിന് മുക്കാളിയിലെ തീവണ്ടിപ്പാതയുടെ നീളമുണ്ട്. മുക്കാളി പട്ടിയാട്ട് റെയിൽവേ ഗേറ്റിനടുത്തുള്ള അളവക്കൻ കൃഷ്ണൻ സ്മാരക വായനശാലയുടെ ഓരങ്ങളിലിരുന്ന്, ചെറിയാണ്ടി തോട്ടിലെ തെളിനീരും കാരോക്കിയിലെയും താഴെ ഒളവിലേയും നെയ്‌ത്തുശാലകളിലെ തറികളുടെ ഒച്ചപ്പാടുകളും സാക്ഷിയാക്കി ഞങ്ങൾ നെയ്തത് വെറുമൊരു കൗമാരമായിരുന്നില്ല. എന്റെ അച്ഛന്റെ തറവാടായ 'മീത്തലെ ഒളവിൽ' വീടിന് തൊട്ടടുത്തായിരുന്നു ശ്രീധരന്റെ ചെറിയപറമ്പത്ത് വീട്. ചെറിയ ഒരിടവഴിയുടെ നേരിയ അകലം മാത്രം. ശ്രീധരന്റെ അമ്മ മാതുഅമ്മയാകട്ടെ ഞങ്ങളുടെ വീട്ടിൽ ഒരുകുടുംബാംഗത്തെപ്പോലെ.അവരുടെയൊക്കെ സ്നേഹത്തണലിലാണ് ഞങ്ങളുടെ ബാല്യം പിച്ചവെച്ചത്.


ചോമ്പാൽ പാതിരിക്കുന്നിലെ വിദ്യാലയത്തിൽനിന്നും മടപ്പള്ളിയിലേക്കു ള്ള വളർച്ചയ്ക്കിടയിലും ഞങ്ങളുടെ ബന്ധം മുറിഞ്ഞില്ല. ജർമ്മൻകാരി മിസ്സിയുടെ ബംഗ്ലാവിലേക്കുള്ള റോഡിന്റെ തുടക്കത്തിലുണ്ടായിരുന്ന പഴയ തമിഴ് ചെട്ടിയാരുടെ തട്ടുകടയിൽനിന്നു വാങ്ങുന്ന 'കെരുമാക്കരത്തിന്റെ' മധുരം ഇന്നും നാവിലുണ്ട്. ഒരണ കൊടുത്താൽ രണ്ടുമൂന്നെണ്ണം കിട്ടുന്ന, റബ്ബറിനേക്കാൾ ഉറപ്പുള്ള ആ മിഠായിക്കഷണങ്ങൾ നുണയുമ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല, പിൽക്കാലത്ത് തന്റെ കഥകളിലൂടെ ഇ.വി. പകർന്നുനൽകാൻ പോകുന്ന ജീവിതഗന്ധിയായ രസക്കൂട്ടുകൾ ഇതൊക്കെത്തന്നെയായിരുന്നു എന്ന്.

അക്ഷരക്കൂട്ടിലെ ചങ്ങാതിമാർ

തിക്കോടിയിലെ ‘ശ്രീശൈലം’ കുന്നിൻപുറത്തെ പ്രഭൂസ് ഇങ്ക് ഫാക്ടറി കാണാൻ അമ്പാടി മാസ്റ്ററുടെ വാക്കുകൾ കേട്ടാണ് ഞങ്ങൾ പുറപ്പെട്ടത്. കുനിയിന്മേൽ നാണു ഏട്ടന്റെ പീടികയിൽ കുരുമുളക് വിറ്റ കാശുമായാണ് ട്രൗസറിട്ട പ്രായത്തിൽ ഞാനും ശ്രീധരനും സായ്‌വ് രാഘവനും തിക്കോടിക്ക് വണ്ടി കയറിയത്. തിക്കോടി കട പ്പുറവും ലൈറ്റ് ഹൗസും കണ്ടാണ് ശ്രീശൈലം കുന്നിലെത്തിയത് .മനോഹരമായ സ്ഥലം .പേപ്പർനിർമ്മാണം ഒപ്പം പ്രഭുസ് മഷിനിർമ്മാണം തുടങ്ങി പല ഏർപ്പാടുകളും .

നാട്ടുമ്പുറത്തെ കുട്ടികളായ ഞങ്ങൾക്കിതെല്ലാം കാണാക്കാഴ്ചകൾ .അവിടെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയായാൽ പാട്ടു കേൾപ്പിക്കുന്ന, ഒരലമാരയോളം വലിപ്പമുള്ള ആ വിദേശനിർമ്മിത മ്യൂസിക്കൽ ക്ലോക്ക് അന്നത്തെ അത്ഭുതക്കാഴ്ചയായിരുന്നു.


അക്കാലത്ത് അവിടെനിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കേരള വിദ്യാർത്ഥി' മാസികയിലൂടെയാണ് ശ്രീധരന് കഥയെഴുത്ത് മോഹം തുടങ്ങിയത്. മേപ്പറമ്പത്ത് കുമാരേട്ടന്റെ കടയിൽനിന്ന് ബ്രൗൺ പേപ്പർ കവർ വാങ്ങി ഞങ്ങൾ കഥകളയച്ചു. കൂട്ടത്തിൽ ഞാനുമായച്ചു .എ ഫോർ പേപ്പർ കുത്തനെ മടക്കി ഒരു വശത്തുമാത്രം എഴുതണമെന്ന വിദ്യ ഇ.വി. എനിക്കന്ന് പറഞ്ഞുതന്നു. എന്റെ കൈയക്ഷരം പൈലറ്റ് പേന കൊണ്ട് പകർത്തുമ്പോൾ ഭംഗിയേറുമെന്നതിനാൽ, ശ്രീധരന്റെ പല രചനകളും മാസികകൾക്ക് അയക്കാൻ പാകത്തിൽ അക്കാലങ്ങളിൽ പകർത്തിയെഴുതി കൊടുത്തിരുന്നത് ഞാനായിരുന്നു.


മുക്കാളിയിലെ വായനാലോകം അന്ന് ചെറുതായിരുന്നു. പത്രക്കെട്ടുകൾ തലയിൽ വെച്ച് 'മാറുമി...മാറൂമി ''എന്ന് വിളിച്ചുപറഞ്ഞു നടന്ന 'മാതൃഭൂമി കിട്ടനും' ഇന്നും നാട്ടുസ്മൃതിയിലുണ്ട്.നട്ടുച്ചനേരത്തും ഇടവഴികളൂടെ 'മാറൂമി' എന്ന വിളികേൾക്കാം .ഒരണയിരുന്നു അന്നത്തെ പത്രത്തിന്റെ വിലയെന്നുതോന്നുന്നു.  

ഞങ്ങളുടെ വീട്ടിൽ ഉച്ചനേരത്ത് പത്രം തന്ന് എന്റെ അച്ഛന്റെ അച്ഛനുമായി രണ്ട് വാർത്തമാനംപറഞ്ഞും ഒരുഗ്ളാസ്സ് മോരും വെള്ളം കുടിച്ചാവും 'മാതൃഭൂമികിട്ട 'ൻറെ തുടർയാത്ര.  

 മുക്കാളി റെയിൽവേ സ്റ്റേഷനടുത്തുള്ള മഹാത്മാ വായനശാല ഇ .വി ശ്രീധരനടക്കം ഞങ്ങളുടെ വലിയൊരു സംഗമഭൂമി യായിരുന്നു. 

മുല്ലപ്പള്ളി രാമചന്ദ്രൻ, കൂടക്കന്റെവിടെ രവി, പട്ടിയാട്ട് ഗംഗാധരൻ, ചാത്തോത്ത് മീത്തൽ ശ്രീധരൻ, ദാമോദരൻ മാസ്റ്റർ തുടങ്ങി വലിയൊരു സുഹൃദ്‌വലയം വൈകുന്നേരങ്ങളിൽ അവിടെഒത്തുകൂടും .

പലപ്പോഴും മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി മൈതാനവും കടന്ന് അഴിയൂർ തീപ്പെട്ടിക്കമ്പനിയും കഴിഞ്ഞ് സി.എച്ച്. രാഘവന്റെ മരമില്ലിനപ്പുറത്തുള്ള മണൽപ്പരപ്പിൽ ഇരുട്ടും വരെ ഞങ്ങൾ കഥകൾ പറഞ്ഞു ഇരിക്കുമായിരുന്നു.

മദിരാശിയിലെ രാത്രികൾ

പിൽക്കാലത്ത് ഞങ്ങളുടെ സൗഹൃദം മദിരാശിയിലെ മണ്ണിലേക്കും പടർന്നു. ജോലിയുടെ ഭാഗമായി മദ്രാസിൽ പോകുമ്പോ ഴെല്ലാം ടി. നഗറിലെ 'ഗുഡ് ലക്ക് ലോഡ്ജിലായിരുന്നു' താമസം. അവിടെ അപൂർവ്വം ചില രാത്രികളിൽ ശ്രീധരനും കൂട്ടിനുണ്ടാകും.ശാന്തി തീയേറ്ററിൽ പോയി സിനിമകാണാനും പാരിസ്‌കോർണറിൽ പോയി ഭക്ഷണം കഴിക്കാനും. ആ രാത്രികൾക്ക് അക്ഷരങ്ങളുടെയും സിനിമയുടെയും സിഗരറ്റിന്റെയും മാത്രം ഗന്ധമായിരുന്നു.

തൊട്ടടുത്ത മുറിയിലായിരുന്നു നടനും തിരക്കഥാകൃത്തുമായ എൻ. ഗോവിന്ദൻകുട്ടിയുടെ താമസം . മെറീന ബീച്ചിലൂടെയും മൂർമാർക്കറ്റിലെ പഴയ പുസ്തകക്കടകളി ലൂടെയും കോടമ്പാക്കത്തെ തെരുവുകളിലൂടെയും ഞങ്ങൾ ഒരുപാട് നടന്നിട്ടുണ്ട്. മൂർമാർക്കറ്റിൽ നിന്നും അന്ന് പേപ്പർവിലയ്ക്ക് തൂക്കിവാങ്ങിയ വിലപ്പെട്ട പല പുസ്തകങ്ങളും ഇന്നും എന്റെ അലമാരയിലുണ്ട്; ശ്രീധരന്റെ ഓർമ്മകൾക്കൊപ്പം.


തിരുവനന്തപുരം ആർ.സി.സിയിൽ ഒരു രോഗിക്ക് അഡ്മിഷൻ ലഭ്യമാക്കാൻ ഇ.വി. കാട്ടിയ ശുഷ്കാന്തി അവന്റെ ഉള്ളിലെ സ്നേഹത്തിന്റെ അടയാളമായിരുന്നു. 

 ഇതുപോലെ എത്രയോ പേർക്ക് ഒരുപാട് നന്മകൾ .പിന്നീട് മാഹി മലയാള കലാഗ്രാമത്തിന്റെ തുടക്കകാലത്ത് എം.വി. ദേവൻ സാറിനും ശ്രീ .എ.പി. കുഞ്ഞിക്കണ്ണനുമൊപ്പം ശ്രീധരൻ സജീവമായിരുന്നു.

ഏതുരംഗത്തായാലും ഇടിച്ചുകേറി രംഗവേദിയിൽ ആളാകാൻ ശ്രമിക്കാതെ അകലംപാലിച്ചുനിൽക്കുന്ന ശ്രീധരന് എവിടെയും ശത്രുക്കളുണ്ടായിട്ടുമില്ല .പൊതുസദസ്സുകളിൽ ഫോട്ടോ എടുക്കുന്ന സമയങ്ങളിൽ മർമ്മസ്ഥാനങ്ങളിൽ പോയി ഇടിച്ചുകയറി ഇടംപിടിച്ച്‌ നേതാവാകാൻ ശ്രമിക്കാതെ അകലംപാലിച്ചുനിൽ ക്കുന്നതാണ് മര്യാദ എന്ന നിലയിലായിരുന്നു പൊതുയിടങ്ങളിൽ ശ്രീധരൻറെ പെരുമാറ്റം 

ഇ വി.ശ്രീധരനെന്ന ചോമ്പാലക്കാരന്

സത്യം പറയുന്ന അക്ഷരങ്ങൾ

മീത്തലെ മുക്കാളിയിലെ അവധൂത മാതാ സമാധി മണ്ഡപത്തെക്കുറിച്ചുള്ള ചരിത്രസത്യങ്ങൾ വളച്ചൊടിക്കാതെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ശ്രീധരനായിരുന്നു. നാട്ടിലെ വിശ്വാസികൾക്ക് അരോചകമാകുമോ എന്ന ഭയത്താൽ ഞാൻ വർഷങ്ങളോ ളം അത് മാറ്റിവെച്ചു. 

ഒടുവിൽ സോഷ്യൽ മീഡിയയിൽ അത് പങ്കുവെച്ചപ്പോൾ അവൻ ചോദിച്ചു: "കണ്ണിൽ കണ്ട സത്യങ്ങൾ ആരെ സന്തോഷിപ്പിക്കാനാണ് ഇത്രയും കാലം ഒളിപ്പിച്ചു വെച്ചത്?" ആ ചോദ്യം എനിക്കുള്ള വലിയൊരു പാഠമായിരുന്നു.


അക്ഷരങ്ങളുടെ ലോകത്ത് ഇ.വി. ശ്രീധരൻ വലിയ ഉയരങ്ങൾ കീഴടക്കിയപ്പോഴും, എന്നിലെ പഴയ ചങ്ങാതി തിരയുന്നത് മുക്കാളിയുടെ മണ്ണിലെ ആ ചെറിയപറമ്പത്ത് ശ്രീധരനെയാണ്. പടവത്തുംതാഴെ പാലത്തെ പാതിരാമഴപോലെ ആ ഓർമ്മകൾ ഇന്നും പെയ്തുകൊണ്ടേയിരിക്കുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA