മുപ്പത് വർഷം മുൻപത്തെ കഥയാണ്. അന്നെനിക്ക് ജോലിയൊന്നുമില്ല. ഇനി 'ഹൗസ് വൈഫ്' എന്ന പണിക്കാണെങ്കിൽ കൂലിയുമില്ല. കെട്ടിയോന്റെ ശമ്പളം പകുത്തെടുത്ത് ജീവിതം അവിടെ തട്ടിയും ഇവിടെ മുട്ടിയും ഒരുവിധം ഉരുട്ടി നീക്കുന്ന കാലം. മൂപ്പർക്ക് ജോലിസ്ഥലത്താണ് താമസം. അവിടെ വെപ്പും കുടിയും ഒന്നുമില്ലാത്തോണ്ട് കിട്ടുന്ന കാശ് നല്ലോണം ചിലവാകുന്നുണ്ട്. നാട്ടിലെ വീട്ടിലാണെങ്കിൽ ഞാൻ ഒറ്റയ്ക്കല്ല; ഭർത്താവിന്റെ അച്ഛനും അമ്മയും കൂടെ ഞങ്ങടെ കുഞ്ഞു മോളുമുണ്ട്.
മോൾക്കാണെങ്കിൽ ഇടക്കിടെ പനിയും ജലദോഷവും മാറി മാറി വരും. അച്ഛനാണെങ്കിൽ 'ദശമൂലാരിഷ്ടം' തീരുന്ന അന്ന് മുതൽ തുടങ്ങും ഓരോരോ പുത്തൻ അസുഖങ്ങൾ. മരുന്ന് കുടിക്കൽ മൂപ്പരുടെ ഒരു ദിനചര്യയാണ്. അതിന് മുടക്കം വരാതിരിക്കാനാണ് ഈ അരിഷ്ടം കഴിച്ച് അദ്ദേഹം 'അഡ്ജസ്റ്റ്' ചെയ്യുന്നത്.
എണ്ണിച്ചുട്ട അപ്പം പോലെ കയ്യിൽ കിട്ടുന്ന ശമ്പളം കൊണ്ട് ഒന്നിനും തികയാത്ത അവസ്ഥ. പോരാത്തതിന്, എന്റെ കയ്യിൽ പത്തു രൂപയുണ്ടെന്ന് മണത്തറിഞ്ഞാവാം, ക്ഷണിക്കാത്ത കല്യാണങ്ങളും വീടുകൂടലുകളും അപ്രതീക്ഷിത അതിഥികളെപ്പോലെ വന്ന് ശമ്പളത്തിന്റെ ബാക്കി കൂടി മോഷ്ടിച്ചുകൊണ്ടുപോകും. മുറുക്കിക്കെട്ടിയ കയറിലൂടെ ബാലൻസ് ചെയ്ത് നടക്കുന്ന സർക്കസ്സുകാരിയെപ്പോലെ ഞാൻ ആ ജീവിതം എങ്ങനെയൊക്കെയോ മുന്നോട്ട് കൊണ്ടുപോയി.
തൊട്ടടുത്ത വീട്ടിൽ ഒരു മുസ്ലിം കുടുംബമാണ് താമസം. ഒരു ദിവസം അവിടുത്തെ ഇളയ കുട്ടി റഹ്മത്ത് ഓടിക്കിതച്ചു വന്നു. "ഒരു ഇരുന്നൂറ് ഉറുപ്യ കടം തരാൻ ഇത്താത്ത പറഞ്ഞു. ഓളെ മൂന്നാമത്തെ മോനിക്ക് പെട്ടന്നെന്തോ ബരുത്തം വന്നിന്. ഓനെ ദർസറെ കാണിക്കാനാണ്. ഓളെ പുയ്യാപ്ല വന്നപ്പാടെ ഇങ്ങളെ പൈസ കൊണ്ടത്തരാന്ന് ഇത്താത്ത പറഞ്ഞു."
കോലായിലിരുന്ന് പേപ്പർ വായിക്കുകയായിരുന്ന എന്റെ ഭർത്താവ് അകത്തുപോയി, വീട്ടുചെലവിന് വെച്ച കാശിൽ നിന്ന് 200 രൂപ എടുത്ത് അവൾക്ക് കൊടുത്തു. അന്നത്തെ കാലത്ത് 200 രൂപ വലിയൊരു തുക തന്നെയാണ്. എങ്കിലും അസുഖമല്ലേ, ഭക്ഷണത്തേക്കാൾ വലുത് രോഗം മാറുന്നതാണല്ലോ എന്ന് ഞങ്ങളും കരുതി. അവരപ്പോൾ തന്നെ ഡോക്ടറെ കണ്ടു, കുട്ടിയുടെ അസുഖം മാറി. ഇതിനിടയിൽ പലതവണ അവളുടെ 'പുയ്യാപ്ല' വന്നും പോയുമിരുന്നു. പക്ഷേ പൈസ മാത്രം വന്നില്ല!
പലതവണ തമ്മിൽ കണ്ടിട്ടും റഹ്മത്തിന്റെ ഇത്താത്ത നാട്ടിലെ ഓരോ കിസ്സകൾ പറയുമെന്നല്ലാതെ പൈസയുടെ കാര്യം മിണ്ടില്ല. മാസാവസാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഞാൻ പെടാപ്പാട് പെട്ടു. ആഴ്ചകളും മാസങ്ങളും കടന്നുപോയി. പുയ്യാപ്ല മുടങ്ങാതെ വരുന്നത് കൊണ്ട് ഇത്താത്തയുടെ വയർ നാലാമതും വീർത്തു വന്നു. എന്നിട്ടും കടം വാങ്ങിയ പൈസയുടെ വിവരമില്ല. അവസാനം സഹികെട്ട് ഒരു ദിവസം ഞാൻ റഹ്മത്തിനോട് ചോദിച്ചു.
കുട്ടി വീട്ടിലേക്ക് ഓടിപ്പോയി അതേ വേഗത്തിൽ തിരിച്ചു വന്നു പറഞ്ഞു: "ഇത്താത്ത പറഞ്ഞു ഓര് ഇങ്ങളോട് ഒരു പൈസയും കടം മാങ്ങിക്കില്ല, സുരേട്ടനോടാണ് മാങ്ങിയത്. കുട്ടികൾക്ക് ബരുത്തം വരുമ്പോൾ കടം വാങ്ങുന്നത് സാധാരണയാണ് എന്ന് പറയാൻ പറഞ്ഞു."
ഈ മറുപടി കേട്ട് ഞാൻ പകച്ചുപോയി. പൈസ കടം വാങ്ങുന്നത് അവരുടെ അവകാശമാണത്രേ! ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു: "ഈ സുരേട്ടൻ എന്ന് പറയുന്നയാൾ എന്റെ ആരാണെന്ന് നിനക്കറിയോ?" കുട്ടിക്ക് മറുപടിയൊന്നുമില്ലായിരുന്നു. അവൾ എന്തോ ഓർത്ത് തലയാട്ടി പതുക്കെ നടന്നുപോയി. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ആ കടം ഇന്നും ഒരു കടമായി തന്നെ അവശേഷിക്കുന്നു.
പിന്നീടൊരു ദിവസം ഐച്ചുമ്മയെന്ന് ഞങ്ങൾ വിളിക്കുന്ന പ്രായമുള്ള ഒരു ഉമ്മാമ വീട്ടിൽ വന്നു. കാത് നിറയെ പൊന്നിന്റെ അലുക്കത്തിട്ട ഐച്ചുമ്മ ചോദിക്കുകയാണ്: "ദേവുഏടത്തിയേ, ഇങ്ങളെ മോന്റെയോളെ മാല ഒന്ന് മേണേനു, നാളെ പാത്തുട്ടിന്റാടത്തെ തക്കാരത്തിനു പോണെനും."
വിരുന്ന് പോകുമ്പോൾ കഴുത്ത് നിറച്ച് സ്വർണ്ണമിടാൻ എന്റെ മാല ചോദിച്ചു വന്നതാണ് ഐച്ചുമ്മ. കള്ളനെ പേടിച്ച് സ്വർണ്ണമെല്ലാം ലോക്കറിൽ വെച്ചിരുന്നതുകൊണ്ട് കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒന്നര പവന്റെ ഒരു കരിമണി മാലയാണ്. ഞാനത് അവർക്ക് കൊടുത്തു. ഐച്ചുമ്മ അതൊന്ന് തിരിച്ചും മറിച്ചും നോക്കി, എന്നിട്ടെന്റെ കഴുത്തിലേക്കും നോക്കി. അവിടെ നല്ല കട്ടിയുള്ള ഒരു മാല കിടന്ന് പുളയുന്നുണ്ട്. "ഇതല്ല, ഇന്റെ കയ്ത്തിലുള്ളത് തന്നാമതി!" ഐച്ചുമ്മ പറഞ്ഞു.
അവര് ഉദ്ദേശിച്ചത് എന്റെ താലിയായിരുന്നു! അയൽപക്കക്കാരെ വെറുപ്പിക്കാനും വയ്യ, താലി കൊടുക്കാനും പറ്റില്ല. ഞാൻ ദയനീയമായി അമ്മായിഅമ്മയെ നോക്കി. എന്റെ സങ്കടം കണ്ടിട്ടാവാം അമ്മ സഹായത്തിനെത്തി. "അതവളുടെ താലിയല്ലേ ഐച്ചു, ഞങ്ങളുടെയിടയിൽ താലിമാല അഴിച്ചു കൊടുക്കുന്ന പതിവില്ല."
അതുകേട്ടതും ഐച്ചുമ്മ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. "തോളോളം വളയിട്ടോളെ മംഗലം കയിച്ചുകൊണ്ടുവന്നിട്ട്, ഈ പൊന്ന് തേച്ച പോലെയുള്ള ഒരു മാലയാണോ എനിക്കിടാൻ തരുന്നത്?" കരിമണി മാല എന്റെ കയ്യിലേക്ക് വലിച്ചെറിഞ്ഞിട്ട് വെടികൊണ്ട പോത്തിനെപ്പോലെ അവർ പാഞ്ഞുപോയി.
അടുത്ത ഊഴം പിന്നാമ്പുറത്തെ രാധേടത്തിയുടേതായിരുന്നു. "മോളേ ഒരു നൂറുറുപ്പിയ എടുക്കാനുണ്ടോ, എന്റെ മോൻ രാജീവൻ വന്നാലുടനെ തരാലോ." ഞാൻ അമ്മയെ നോക്കി. രാധേടത്തി നാട്ടിലെ വർത്തമാനം മൊത്തമായും ചില്ലറയായും വീട്ടിൽ എത്തിച്ചു കൊടുക്കുന്നത് കൊണ്ടാവാം അമ്മ തലയാട്ടി. രാജീവൻ വന്നപ്പോൾ രാധേടത്തി കൃത്യമായി നൂറു രൂപ തിരിച്ചു തന്നു. അതോടെ അവർ എന്റെ 'ഗുഡ് ബുക്കിൽ' കയറിപ്പറ്റി.
പിന്നീട് രാജീവൻ പോകുമ്പോൾ കടം വാങ്ങുകയും വരുമ്പോൾ അത് വീട്ടുകയും ചെയ്യുന്നത് രാധേടത്തി ഒരു സ്ഥിരം പരിപാടിയാക്കി. ആ നൂറു രൂപ ഞങ്ങളുടെ കൈകളിലൂടെ ഒരു മരംചാടി കുരങ്ങനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ നൂറു രൂപയുമായി പോയ രാധേടത്തിയെ പിന്നെ ആ വഴിക്ക് കണ്ടില്ല. ആ പൈസ അവരുടെ കയ്യിലിരുന്ന് 'ചത്തുപോയി' കാണുമെന്ന് കരുതി ഞാൻ വിട്ടു.
ഒരു ദിവസം കടയിലേക്ക് പോകുമ്പോൾ രാധേടത്തി എന്റെ മുന്നിൽ വന്നു ചാടി. ഒഴിഞ്ഞുമാറാൻ വഴിയില്ലാത്തതുകൊണ്ടാവാം, കണ്ടപാടെ രാധേടത്തി നിന്ന നിൽപ്പിന് ഒരു കറക്കം! എന്നിട്ട് റോഡരികിലെ മതിലിലെ പുല്ല് മുഴുവൻ പറിക്കാൻ തുടങ്ങി. കണ്ടവന്റെ മതിൽ വൃത്തിയാക്കിക്കൊടുത്ത് രാധേടത്തി നാടിന് മാതൃകയാവുന്നത് ഞാൻ നോക്കിനിന്നു.
മറ്റൊരു ദിവസം ഞാൻ ഇടവഴിയിലൂടെ നടന്നു വരുമ്പോൾ ജയലക്ഷ്മി എന്ന ദച്ചു ഏടത്തി കോണിപ്പടിയിൽ നിൽക്കുന്നു. കണ്ട സ്ഥിതിക്ക് എന്തെങ്കിലുമൊരു പായ്യാരം പറയണ്ടേ എന്ന് കരുതി ഞാൻ ചോദിച്ചു: "എന്തെല്ലാ ദച്ചു ഏടത്തി, ഇങ്ങളെന്താപ്പാ ഈട നിന്നിന്? ജയൻ വിളിക്കലില്ലേ?"
ചോദിച്ചതേ ഓർമ്മയുള്ളൂ, ദച്ചു ഏടത്തി അടുത്തേക്ക് വന്നു: "മോളേ ഓൻ കൊറേയായി വിളിക്കാത്തത്, പൈസയും അയക്കലില്ല. ഇഞ്ഞി ഒരു അഞ്ഞുറ് ഉറുപ്പിയ നോക്കട്ടെ, ജയൻ പൈസ അയച്ചപ്പാട് തരാലോ. നാളെ ഇതേ നേരത്ത് ഞാനീടെ നിക്കാം. ദേവൂഏടത്തി അറിയാണ്ട് ഞ്ഞി അനക്ക് പൈസ കൊണ്ടത്തന്നാ മൈ യേനും."
ദച്ചു ഏടത്തിയെപ്പറ്റി അമ്മ പറഞ്ഞു കേട്ടിട്ടുള്ളത്, ആരെ കണ്ടാലും രണ്ട് പരദൂഷണം അങ്ങോട്ട് കൊടുത്ത് പകരം പൈസ ചോദിച്ചു വാങ്ങുമെന്നാണ്. പൈസ വാങ്ങിയാൽ പിന്നെ അത് തിരിച്ചു കിട്ടുകയുമില്ല. കേന്ദ്ര ഗവൺമെന്റിന്റെ പെൻഷൻ വാങ്ങുന്ന ദച്ചു ഏടത്തിയാണ് വരുമാനമില്ലാത്ത എന്നോട് കടം ചോദിക്കുന്നത്! "മാസം കൂടാറായില്ലേ ദച്ചു ഏടത്തി, അലമാരയിൽ പൈസയൊന്നുമില്ല. ഞാൻ പോട്ടെ," എന്ന് പറഞ്ഞ് ഞാനൊരുവിധം തടിയൂരി.
പൈസ കൊടുത്താൽ എന്റെ പൈസ പോകും എന്ന് മാത്രമല്ല, പണം തിരിച്ചു ചോദിക്കുമ്പോൾ അവർ എന്നെ കണ്ടാൽ മുഖം തിരിക്കും. ഇനി പൈസ കൊടുത്തില്ലെങ്കിലും അവർ മുഖം തിരിക്കും. അപ്പോൾ പിന്നെ പൈസ എന്റെ പോക്കറ്റിൽ തന്നെ ഇരിക്കുന്നതല്ലേ നല്ലത്?
അങ്ങനെ സ്വന്തം കുറ്റമല്ലാത്ത കാരണങ്ങളാൽ വീടിനു ചുറ്റും എനിക്ക് ശത്രുക്കളുണ്ടായി. പണം കൊടുത്ത് ശത്രുവിനെ വാങ്ങുന്ന പരിപാടി അതോടെ ഞാൻ അങ്ങ് നിർത്തി കൂട്ടരേ!
ആസ്വാദനം:
അയൽപക്കത്തെ പച്ചയായ ജീവിതചിത്രങ്ങൾ
മനുഷ്യബന്ധങ്ങളിലെ വൈവിധ്യങ്ങളും അയൽപക്ക ബന്ധങ്ങളിലെ രസകരമായ സങ്കീർണ്ണതകളും വരച്ചുകാട്ടുന്ന മനോഹരമായ ഒരു കുറിപ്പാണിത്. സാധാരണക്കാരന്റെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെയും, അതിനിടയിൽ കടന്നുവരുന്ന ചില വിചിത്ര സ്വഭാവക്കാരെയും നർമ്മത്തിന്റെ മേമ്പൊടിയോടെ ഗ്രന്ഥകർത്രി അവതരിപ്പിച്ചിരിക്കുന്നു.
പ്രധാന സവിശേഷതകൾ:
തനത് ശൈലി: തലശ്ശേരി ഭാഗത്തെ പ്രാദേശിക ഭാഷാശൈലി (Slang) ഉപയോഗിച്ചത് കഥയ്ക്ക് ജീവനും സ്വാഭാവികതയും നൽകുന്നു. "പുയ്യാപ്ല", "ബരുത്തം", "ഉറുപ്യ" തുടങ്ങിയ പ്രയോഗങ്ങൾ വായനക്കാരനെ ആ നാട്ടിലെ ഒരു ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അനുഭവം നൽകുന്നു.
ജീവിതഗന്ധിയായ നർമ്മം: കടം വാങ്ങി മുങ്ങുന്നവരും, സ്വർണ്ണം ചോദിച്ചു വരുന്നവരും, ഒടുവിൽ ഒഴിഞ്ഞുമാറാൻ വേണ്ടി മതിൽ വൃത്തിയാക്കി മാതൃകയാകുന്നവരും നമ്മുടെ ഓരോരുത്തരുടെയും പരിസരങ്ങളിൽ ഉള്ളവർ തന്നെയാണ്. ആ സ്വഭാവങ്ങളെ പുച്ഛിക്കാതെ, എന്നാൽ കൃത്യമായ പരിഹാസത്തോടെ അവതരിപ്പിക്കാൻ ഗ്രന്ഥകർത്രിക്ക് സാധിച്ചു.
ഒരു വീട്ടമ്മ എന്ന നിലയിൽ പരിമിതമായ വരുമാനത്തിൽ നിന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പൊരുതുന്ന സ്ത്രീയുടെ ആത്മസംഘർഷങ്ങൾ കുറിപ്പിൽ നിഴലിക്കുന്നുണ്ട്. "സർക്കസ്സുകാരിയെപ്പോലെ ബാലൻസ് ചെയ്തു നടക്കുന്നു" എന്ന പ്രയോഗം ഏത് സാധാരണ വീട്ടമ്മയ്ക്കും തന്നോട് തന്നെ ചേർത്തു നിർത്താൻ കഴിയുന്ന ഒന്നാണ്.
"പണം കൊടുത്ത് ശത്രുവിനെ വാങ്ങേണ്ടതില്ല" എന്ന പ്രായോഗിക ബുദ്ധിയിലേക്ക് നായിക എത്തുന്നിടത്ത് കഥ പൂർണ്ണമാകുന്നു. കടം വാങ്ങുന്നവർ അത് തിരിച്ചു കൊടുക്കാതെ വന്നാൽ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ വളരെ ലളിതമായി ഇതിൽ വിവരിക്കുന്നു.
ഗൃഹാതുരത്വമുണർത്തുന്ന മുപ്പത് വർഷം മുമ്പത്തെ ഓർമ്മകളിലൂടെ, അയൽപക്ക ബന്ധങ്ങളിലെ കാപട്യങ്ങളെയും നിഷ്കളങ്കതയെയും ഒരേപോലെ തൊട്ടറിയുന്ന ഒരു കൊച്ചു സുന്ദര കഥയാണിത്.
''ദന്തിനാ ചെങ്ങാതി വേലിമ്മ കെടക്കുന്ന പാമ്പിനെടുത്ത് ............... ''
ഇങ്ങിനെ തുടങ്ങുന്ന ചില പ്രയോഗങ്ങളും തലശ്ശേരി ഭാഗത്തുണ്ട്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














