ലഹരിക്കെതിരെ താക്കീതായി
'വിടരും മുമ്പേ '...
ചോമ്പാല ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിന്റെ വാർഷികാഘോഷം സമാപിച്ചു
ചോമ്പാല: കലയും സന്ദേശവും കോർത്തിണക്കി ചോമ്പാല ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിന്റെ 43-ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ സമാപനം. വാർഷികത്തോടനുബന്ധിച്ച് ചോമ്പാല ശ്രീനാരായണ കലാകേന്ദ്രം അവതരിപ്പിച്ച 'വിടരും മുമ്പേ...' എന്ന നാടകം കാണികൾക്ക് പുത്തൻ അനുഭവമായി. ലഹരിയുടെ വിപത്തുകൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട നാടകം പ്രമേയത്തിന്റെ ഗൗരവം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമായി.
സജിത്ത് ബാബു ചോമ്പാല രചന നിർവ്വഹിച്ച നാടകം സംവിധാനം ചെയ്തത് റൂബിയാണ്. ശ്രീനാരായണ മാതൃസമിതിയിലെയും ശ്രീനാരായണ കലാകേന്ദ്രത്തിലെയും അംഗങ്ങളാണ് വേദിയിൽ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും അത് കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതവുമാണ് നാടകം ചർച്ച ചെയ്തത്.
വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം സീനിയർ പോലീസ് ഓഫീസർ രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇത്തരം കലാസൃഷ്ടികൾക്കും സാംസ്കാരിക കൂട്ടായ്മകൾക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഠനകേന്ദ്രം പ്രസിഡന്റ് എം.വി. ജയപ്രകാശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യ നിരൂപകൻ സജയ് കെ.വി. മുഖ്യപ്രഭാഷണം നടത്തി.
വിവിധ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മുൻ ഇന്ത്യൻ വോളിബോൾ കോച്ച് വി. സേതുമാധവൻ നിർവ്വഹിച്ചു. ചടങ്ങിൽ സെക്രട്ടറി കുഞ്ഞികൃഷ്ണ മാസ്റ്റർ സ്വാഗത പ്രസംഗം നടത്തി. പഠനകേന്ദ്രം ചെയർമാനും നാടകകൃത്തുമായ സജിത്ത് ബാബു ചോമ്പാല നന്ദി രേഖപ്പെടുത്തി. നാടകം കാണാൻ ചോമ്പാലയിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി കലാസ്വാദകർ എത്തിച്ചേർന്നിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










