തൃശ്ശൂർ : അമ്മയോടൊപ്പം മ്യൂസിയം കാണാനെത്തുന്ന കുഞ്ഞ്, അവളുടെ ചോദ്യങ്ങൾക്ക് വ്യത്യസ്‌ത കഥകളിലൂടെ അമ്മ നൽകുന്ന മറുപടി. മ്യൂസിയത്തിലെ ഓരോ ചിത്രം കാണുമ്പോഴും അമ്മ പറഞ്ഞ കഥയിലെ കഥാപാത്രങ്ങൾ കുഞ്ഞിനു മുന്നിലെത്തുന്നു.
നൈജീരിയൻ ഫെമിനിസ്റ്റ് എഴുത്തുകാരിയും വിമർശകയുമായ ചിമ്മൻഡ അദീച്ചിയുടെ കൃതിയെ ആസ്പദമാക്കി, വ്യത്യസ്‌ത സ്ത്രീകഥാപാത്രങ്ങളെ കൂട്ടിയിണക്കി അഭിമന്യു വിനയകുമാർ രചനയും സംവിധാനവും നിർവഹിച്ച നാടകം 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' ഈ വർഷത്തെ ഡൽഹി ഭാരത് രംഗ് മഹോത്സവിലേക്ക്.
ലോകത്തെ ഏറ്റവും വലിയ നാടകോത്സവമെന്ന് അവകാശപ്പെടുന്ന ഭാരത് രംഗ് മഹോത്സവിൽ വേദി ലഭിക്കുന്ന അഭിമന്യുവിൻ്റെ മൂന്നാമത്തെ നാടകമാണ്. ജനുവരി 27-ന് ആരംഭിക്കുന്ന നാടകോത്സവത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത 200 നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി 16-ന് വൈകീട്ട് എട്ടിന് മണ്ഡി ഹൗസിലെ അഭിമഞ്ച് ഓഡിറ്റോറിയത്തിലാണ് 'ഫെമിനിസ്റ്റ് മാനിഫെസ്റ്റോ' അരങ്ങേറുക.
ഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ നാടകോത്സവത്തിലേക്ക് സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുത്ത ഏക നാടകമാണ് ഫെമിനിസ്റ്റ് മാനിഫെസ്റ്റോ. ഇതിനു പുറമേ കഥകളി, കൂടിയാട്ടം എന്നിവയുമായി ബന്ധപ്പെട്ട ഓരോ അവതരണവും തിരഞ്ഞെടുത്തു. എം.എൻ. വിനയകുമാറിന്റെ രചനയിൽ അഭിമന്യു സംവിധാനം ചെയ്ത 'മറിമാൻകണ്ണി', 'യമദൂത്' എന്നീ നാടകങ്ങൾ നേരത്തേ ഭാരത് രംഗ് മഹോത്സവിൽ അവതരിപ്പിച്ചിട്ടുണ്ട്. 2012-ൽ സംവിധായകന് 22 വയസ്സുള്ളപ്പോഴാണ് മറിമാൻകണ്ണിയുടെ രംഗ് മഹോത്സവിലെ അവതരണം. തൊട്ടടുത്ത വർഷം യമദൂതും തിരഞ്ഞെടുത്തു. 12 വർഷങ്ങൾക്കിപ്പുറം വീണ്ടും രംഗ് മഹോത്സവ് വേദിയിലേക്ക് അഭിമന്യുവിൻ്റെ നാടകമെത്തുകയാണ്.
ഫുലൻദേവിയും ഇതിഹാസകഥാപാത്രങ്ങളായ ഡെസ്ഡിമോണയും നോറയും ഐതിഹ്യത്തിൽനിന്ന് മുച്ചിലോട്ടു ഭഗവതിയും മഹാഭാരതത്തിൽനിന്ന് മത്സ്യഗന്ധിയും സ്ത്രീയെന്ന നിലയിൽ തങ്ങളുടെ ദുരിതങ്ങൾ അവതരിപ്പിക്കുന്നു. അബുദാബിയിലെ ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിക്കുന്നതിന് ഷാർജയിലെ മാസ് എന്ന സംഘടനയ്ക്കുവേണ്ടിയാണ് സംവിധായകൻ ഈ നാടകം രൂപപ്പെടുത്തിയത്. ജനഭേരിയിലെ ഇരുപത്തഞ്ചോളം കലാകാരന്മാർ ചേർന്നാണ് ഇത് ഡൽഹിയിൽ അവതരിപ്പിക്കുന്നത്.
പ്രശസ്ത ചലച്ചിത്രപിന്നണിഗായകനും സംഗീതജ്ഞനുമായ സൂരജ് സന്തോഷ് ആണ് പശ്ചാത്തലസംഗീതമൊരുക്കിയത്. ലൈറ്റ് ഡിസൈൻ ജോസ് കോശിയുടേതും. മൂന്നാംക്ലാസുകാരി അമേയ മുതൽ 60 വയസ്സുള്ള അഷ്റഫ് വരെ അരങ്ങിലെത്തുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











