മൊഹാലി: ക്വിന്റൺ ഡി കോക്കിൻ്റെ കിടിലൻ അടിയിൽ ഇന്ത്യ വീണു. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് ദക്ഷിണാഫ്രിക്ക ബാറ്റിങ് വിരുന്ന് ഒരുക്കിയതോടെ രണ്ടാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് 51 റൺസ് തോൽവി. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ 213/4. ഇന്ത്യ: 19.1 ഓവറിൽ 162-ന് പുറത്ത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര തുല്യനിലയിലായി (1-1). അടുത്ത മത്സരം ഞായറാഴ്‌ച ധർമശാലയിൽ.
അടിയോടടി
46 പന്തിൽ 90 റൺസെടുത്ത ഓപ്പണർ ക്വിൻ്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ ടോട്ടലിന് നേതൃത്വം നൽകിയത്. ഇന്നിങ്സിലെ മൂന്നാംപന്തിൽ റൺഔട്ട് അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഡി കോക്ക് സെഞ്ചുറിക്ക് പത്തുറൺ അകലെ റൺഔട്ടായി മടങ്ങിയെങ്കിലും അതിനുമുൻപ് ബൗളർമാരെ പരമാവധി പ്രഹരിച്ചിരുന്നു. ഇന്നിങ്‌സിൽ അഞ്ചു ഫോറും ഏഴു സിക്സുമുണ്ട്. മറ്റൊരു ഓപ്പണർ റീസ ഹെൻഡ്രിക്‌സിനെ (8) അഞ്ചാം ഓവറിൽ വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കിയെങ്കിലും വൺഡൗണായെത്തിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രം (26 പന്തിൽ 29) ഡി കോക്കിന് ഉറച്ച പിന്തുണ നൽകി.
12-ാം ഓവറിൽ മാർക്രം പുറത്തായശേഷമെത്തിയ ഡിവാൾഡ് ബ്രീവിസും (14) ഡി കോക്കും അടുത്തടുത്ത ഓവറുകളിൽ മടങ്ങിയതോടെ റൺറേറ്റ് അല്പം താഴ്ന്നുന്നെങ്കിലും അവസാന ഘട്ടത്തിൽ ഡൊണോവൻ ഫെരേര (16 പന്തിൽ 30*), ഡേവിഡ് മില്ലർ (12 പന്തിൽ 20*) എന്നിവർ ചേർന്ന് ദൗത്യം പൂർത്തിയാക്കി. അഞ്ചാം വിക്കറ്റിൽ മില്ലർ-ഫെരേര സഖ്യം 23 പന്തിൽ 53 റൺസെടുത്തു. അവസാന 10 ഓവറിൽ 123 റൺസെടുത്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിൽ ആകെ 15 സിക്സും പത്ത് ഫോറുമുണ്ട്.
ഒരോവറിൽ ഏഴു വൈഡ്!
11-ാം ഓവറിൽ ഏഴു വൈഡ് ഉൾപ്പെടെ 18 റൺസ് വഴങ്ങിയ അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും നിരാശനായത്, ആ ഓവറിൽ 13 പന്തെറിഞ്ഞ അർഷ്ദീപ് ഇക്കാര്യത്തിൽ മോശം ചരിത്രത്തിനൊപ്പമെത്തി. അഫ്ഗാനിസ്താൻ്റെ നവീൻ ഉൾ ഹഖും (2024) ഒരോവറിൽ 13 പന്ത് എറിഞ്ഞിട്ടുണ്ട്. അർഷ്ദീപ് നാല് ഓവറിൽ 54 റൺസ് വഴങ്ങി. ജസ്പ്രീത് ബുംറ നാല് ഓവറിൽ 45 റൺസും ഹാർദിക് പാണ്ഡ്യ മൂന്ന് ഓവറിൽ 34 റൺസും വഴങ്ങി. സ്പിന്നർമാരായ വരുൺ ചക്രവർത്തി നാല് ഓവറിൽ 29 റൺസിന് രണ്ടുവിക്കറ്റും അക്‌സർ പട്ടേൽ മൂന്ന് ഓവറിൽ 27 റൺസിന് ഒരുവിക്കറ്റും നേടി.
ഇന്ത്യയുടെ തകർച്ച
മറുപടി ബാറ്റിങ്ങിലെ മൂന്നാംപന്തിൽ ലുങ്കി എൻഗിഡിക്കെതിരേ അഭിഷേക് ശർമ സിക്സ് നേടിയെങ്കിലും ആത്മവിശ്വാസം അധികം നീണ്ടില്ല. അഞ്ചാം പന്തിൽ ശുഭ്‌മൻ ഗിൽ (0) ഗോൾഡൻ ഡക്ക്. സ്ലിപ്പിൽ ക്യാച്ച്. രണ്ട് സിക്‌സ് ഉൾപ്പെടെ കത്തിക്കയറിയ അഭിഷേക് ശർമ (എട്ടു പന്തിൽ 17) രണ്ടാം ഓവറിൽ മാർക്കോ യാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച്, വൺഡൗണായെത്തിയ അക്‌സർ പട്ടൽ (21 പന്തിൽ 21) പിടിച്ചുനിന്നെങ്കിലും ഇതിനിടെ സൂര്യകുമാറും (5) യാൻസന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി.
ഹാർദിക് പാണ്ഡ്യ (20), ജിതേഷ് ശർമ (27) എന്നിവരും മടങ്ങിയതോടെ ഇന്ത്യ കളി കൈവിട്ട മട്ടായി. തിലക് വർമ (62) നടത്തിയ ശ്രമം കുറ്റൻ ടോട്ടലിനുമുന്നിൽ നിഷ്ഫലമായി. 19-ാം ഓവറിലെ ആദ്യപന്തിൽ ശിവം ദുബെ (1)യെ ക്ലീൻ ബൗൾഡാക്കിയ ഒട്ട്‌നിൽ ബാർട്ട്‌മാൻ അതേ ഓവറിൽ അർഷ്‌ദീപ് സിങ് (1), വരുൺ ചക്രവർത്തി (0) എന്നിവരെയും മടക്കി. ബാർട്‌മാൻ നാലുവിക്കറ്റും എൻഗീഡി, യാൻസെൻ, ലുത്തോ സിപാര്ല എന്നിവർ രണ്ടുവീതവും വിക്കറ്റ് നേടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











_h_small.jpg)
