ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ (ഐഎസ്എൽ)
നിലനിൽക്കുന്ന അനിശ്ചിത്വത്തിനെതിരേ രൂക്ഷ പ്രതികരണവുമായി താരങ്ങൾ. കളിക്കാർ വിഷാദത്തിലാണെന്നും പ്രതിസന്ധി ഉടൻ പരിഹരിച്ച് ലീഗ് തുടങ്ങാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യയുടെ ഇതിഹാസതാരം സുനിൽ ഛേത്രി, ഇന്ത്യൻ നായകൻ ഗുർപ്രീത് സിങ് എന്നിവർ ഉൾപ്പെടെയുള്ള കളിക്കാർ പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ പറഞ്ഞു.
"നിരാശയും ദേഷ്യവും കളിക്കാരെ വിഷാദത്തിലെത്തിച്ചിരിക്കുകയാണ്. രാജ്യത്തെ ഫുട്ബോൾ സംവിധാനത്തിലാകെ അനിശ്ചിതത്വം തൂങ്ങിനിൽക്കുകയാണ്. സ്വപ്‌നങ്ങൾ മരവിച്ചു, ഭാവി ചോദ്യചിഹ്നമായി. ഓരോ ദിവസവും കാത്തിരിപ്പിലാണ്. ഇന്ത്യൻ ഫുട്‌ബോളിൽ ചോരകിനിയുന്നു. പ്രസ്താവനകളല്ല. ഉടനെയുള്ള നടപടിയാണ് വേണ്ടത് -താരങ്ങൾ ചൂണ്ടിക്കാട്ടി.
"ഞങ്ങൾ മത്സരത്തിനായി ഒരുപാട് ത്യാഗംചെയ്‌തു. താരങ്ങൾക്കൊപ്പം പരിശീലകരും ക്ലബ്ബ് ഒഫീഷ്യലുകളും ആരാധകരുമെല്ലാം നിരാശയിലാണ്." -ഇന്ത്യൻ ഡിഫന്റർ സന്ദേശ് ജിംഗൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
“ഫുട്ബോൾ ഭരണകർത്താക്കൾ നിലവിലെ പ്രതിസന്ധി മറികടക്കാൻ വഴികണ്ടെത്തണം. ഞങ്ങൾ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാം. ഇന്ത്യൻ ഫുട്‌ബോളിന്റെ ഉയിർത്തെഴുന്നേൽപ്പിന് എന്തുസഹായവുംനൽകാൻ തയ്യാർ." -ഛേത്രി വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറുഗ്വായ് താരം അഡ്രിയൻ ലൂണ, സച്ചിൻ സുരേഷ്, റയാൻ വില്യംസ് തുടങ്ങിയവരും വിഷയത്തിൽ പ്രതികരിച്ചു.
ഐഎസ്എൽ നടത്തിപ്പിന് കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.
എഫ്എസ്‌ഡിഎൽ കമ്പനിയുമായുള്ള വാണിജ്യ കരാർ അവസാനിച്ചതിനെത്തുടർന്നാണ് ഫെഡറേഷൻ പുതിയ കരാറിന് താത്പര്യപത്രം ക്ഷണിച്ചത്. എന്നാൽ, ഒരു കമ്പനിപോലും ടെൻഡർ സമർപ്പിച്ചില്ല. ഇതോടെ സീസണിൽ ഐഎസ്എൽ നടക്കുമെന്ന കാര്യം സംശയത്തിലായി. കരാറിലെ പലവ്യവസ്ഥകളും അംഗീകരിക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് കമ്പനികളൊന്നും ടെൻഡറിൽ പങ്കെടുക്കാത്തതെന്നാണ് വിവരം.
ജസ്റ്റിസ് നാഗേശ്വര റാവു തലവനായ ഫെഡറേഷൻ കരാർ പരിശോധനാസമിതി സുപ്രീംകോടതിയിൽ പ്രശ്‌നം അവതരിപ്പിക്കും. കോടതി നിർദേശം അനുസരിച്ചാണ് സമിതി രൂപവത്‌കരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















