കണ്ണൂർ: വെള്ളിയാഴ്‌ച വൈകുന്നേരം അറബിക്കടലിനു മീതെ അസ്തമയസൂര്യൻ ചുവന്നപ്പോൾ അതിലൊരു കഷണം പൊട്ടി കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിന് മീതെ വീണു. ആ ചോപ്പേറ്റ് ചെങ്കടലായ ഗാലറിക്ക് മുന്നിലേക്കാണ് കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി സൂപ്പർ ലീഗ് കേരളയിലെ രണ്ടാം സീസണിലെ ആദ്യ ഹോം മത്സരത്തിനായി ഇറങ്ങിയത്. നീണ്ട ഇടവേളയ്ക്കുശേഷം വിരുന്നെത്തിയ കാൽപ്പന്തുകളിയെ കണ്ണൂർ ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്.
മത്സരം തുടങ്ങുന്നതിന മണിക്കൂർ മുന്നേ സ്റ്റേഡിയവും പരിസരവും ആൾക്കൂട്ടത്തിൽ നിറഞ്ഞു. കാസർകോട്ടുനിന്നടക്കം നിരവധി ഫുട്‌ബോൾപ്രേമികളാണ് കളി കാണാനെത്തിയത്. ആദ്യ സീസണിൽ ഹോം ഗ്രൗണ്ടില്ലാതെ കോഴിക്കോട്ട് പന്ത് തട്ടിയ കണ്ണൂർ വാരിയേഴ്‌സിനെ രണ്ടാം സീസണിൽ സ്വന്തം മണ്ണിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു കണ്ണൂരിലെ ഫുട്ബോൾ ആരാധകർ ചെണ്ടമേളവും ഫയർ ഡാൻസും വെടിക്കെട്ടുമായി കളിതുടങ്ങുംമുന്നേ ആരവം അലയടിച്ചു.
ടീം ലൈനപ്പ് ചെയ്യുമ്പോൾ കണ്ണൂർ ടീമിൻ്റെ ആരാധക കൂട്ടായ്‌മായ റെഡ് മറൈനേഴ്‌സ് കണ്ണൂരിനെ പൈതൃകത്തെ ഓർമ്മപ്പെടുത്തുന്ന കൂറ്റൻ ബാനർ ഉയർത്തി. കിക്കോഫ് മുതൽ കളി അവസാനിക്കും വരെ ബാൻഡുമേളവും മെക്സിക്കൻ തിരമാലയും മുട്ടിപ്പാട്ടും മൊബൈൽ ഫ്ളാഷ് ലൈറ്റ് തെളിച്ചുമെല്ലാം കാണികൾ പിന്തുണയറിയിച്ചു. ഗാലറിയിൽ തൃശ്ശൂർ മാജിക് എഫ്‌സിയുടെ ആരാധകർ കുറവായിരുന്നു. ആദ്യ പകുതി ഗോൾരഹിതമായിരുന്നെങ്കിലും ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചു.
ആദ്യ പകുതിയുടെ ഇടവേളയിൽ ആരാധകർക്ക് ആവേശമായി സിനിമാതാരം ലുക്‌മാൻ അവറാനും സംഘവും സ്റ്റേഡിയത്തിലെത്തി. മുൻ ഇന്ത്യൻ താരം റോബിൻ സിങ്ങും ലുക്‌മാൻ അവറാനും തമ്മിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും നടത്തി.
റോബിൻ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയെ പ്രതിനിധാനംചെയ്‌തപ്പോൾ ലുക്ക്‌മാൻ സ്വന്തം സ്വദേശമായ മലപ്പുറം എഫ്‌സിക്ക് വേണ്ടി പെനാൽറ്റി അടിച്ചു. ആദ്യ കിക്കുകൾ രണ്ടുപേരും ഗോളാക്കി മാറ്റിയെങ്കിലും ലുക്‌മാൻ്റെ രണ്ടാം കിക്ക് പോസ്റ്റിലടിച്ചു. റോബിൻ ഗോളാക്കി മാറ്റി. ആരാധകർക്കൊപ്പം സെൽഫികളും പകർത്തി ലുക്ക്‌മാൻ മടങ്ങി.
രണ്ടാം പകുതിയിൽ ഗോൾ വരുമെന്ന് ആരാധകർക്ക് ഉറപ്പായിരുന്നു. 57.00 മിനിറ്റിൽ മുഹമ്മദ് സിനാനിലൂടെ കാത്തിരുന്ന ആ ഗോൾ പിറന്നു. സ്റ്റേഡിയം ആ നിമിഷം അക്ഷരാർഥത്തിൽ പൊട്ടിത്തെറിച്ചു. ഗോൾ വീണതോടെ തൃശ്ശൂർ മാജിക് എഫ്സി കൗണ്ടർ അറ്റാക്ക് തുടങ്ങി. 90-ാം മിനിറ്റിൽ ഗോൾവല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് ആയി. എന്നാൽ 97-ാം മിനിറ്റിൽ ബിബിൻ അജയനിലൂടെ തൃശ്ശൂർ ഗോൾ മടക്കി സമനില പിടിച്ചു. ഒരു നിമിഷം സ്റ്റേഡിയം നിശ്ശബ്ദമായി. അധികം വൈകാതെ അവസാന വിസിൽ മുഴങ്ങി. അവസാന മിനിറ്റുവരെ വിജയം പ്രതീക്ഷിച്ച കളി സമനില ആയെങ്കിലും സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല എന്ന റെക്കോഡ് ഹോം ഗ്രൗണ്ടിലും തുടരാൻ കണ്ണൂരിനായി, തോൽവി രുചിച്ചില്ല എന്ന ആശ്വാസത്തിൽ ആരാധകരും സന്തോഷവാന്മാരായാണ് സ്റ്റേഡിയം വിട്ടത്. കണ്ണൂർ വാരിയേഴ്‌സിന്റെ അടുത്ത മത്സരം തിരുവനന്തപുരം കൊമ്പൻ എഫ്‌സിയുമായി നവംബർ 10-ന് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)






