ക്വീൻസ്ലാൻഡ്: മലയാളി താരം സഞ്ജു സാംസണിനെ ഓസീസിനെതിരേ കളിപ്പിക്കാത്തത് സംബന്ധിച്ച് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ സജീവമാണ്. ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ മാത്രമാണ് താരം ബാറ്റ് ചെയ്തത്. മത്സരത്തിൽ വൺഡൗണായി ഇറങ്ങിയ സഞ്ജു രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നീട് മൂന്നാം ടി20 യിലും നാലാം ടി20 യിലും സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് കളിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്റെ കാര്യത്തിൽ മാനേജ്മെന്റ് എന്താണ് ചെയ്തുകൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്നും ജിതേഷ് ശർമയ്ക്ക് സമാനമായ അവസ്ഥ നേരിടേണ്ടിവന്നേക്കാമെന്നും ചോപ്ര സൂചിപ്പിച്ചു.
“സഞ്ജു സാംസണിനെക്കുറിച്ച് എന്ത് തീരുമാനിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. സഞ്ജു കളിക്കാത്തത് വലിയ ചോദ്യമാണ്. കളിപ്പിച്ചപ്പൊഴൊക്കെ അദ്ദേഹം മോശമാക്കിയില്ല. സഞ്ജു അസാധാരണമായി കളിച്ചുവെന്ന് ഞാൻ പറയില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നില്ല. ഒമാനെതിരെ നിങ്ങൾ അവനെ മുൻനിരയിൽ ബാറ്റ് ചെയ്യാൻ ഇറക്കി, അവൻ ഒരു ഫിഫ്റ്റി നേടി."- ചോപ്ര പറഞ്ഞു.
"നിങ്ങൾ അദ്ദേഹത്തെ ഏഷ്യാ കപ്പ് ഫൈനലിൽ കളിപ്പിച്ചു. കുറച്ച് റൺസ് നേടുകയും ചെയ്തു. അവന് ബാറ്റിങ് ഓർഡറിൽ താഴെ ഇറങ്ങി ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ടീം മാനേജ്മെന്റ് തന്നെയാണ് ഞങ്ങളോട് പറഞ്ഞത്. അദ്ദേഹത്തെ ഓപ്പണറായി ഇറക്കുന്നില്ലെങ്കിൽ ജിതേഷിനെ കളിപ്പിക്കണമെന്നാണ് ഞാൻ നിലപാടെടുത്തത്. എന്നാൽ സഞ്ജു സാംസണിൻ്റെ കാര്യം നോക്കിക്കൊള്ളാമെന്നും അദ്ദേഹത്തെ കളിപ്പിക്കുമെന്നുമാണ് പറഞ്ഞിരുന്നത്.”- ചോപ്ര വ്യക്തമാക്കി.
"സഞ്ജുവിനെ കളിപ്പിച്ച് ടീം ഏഷ്യാ കപ്പ് നേടിയപ്പോൾ ഞങ്ങൾ കൈയടിച്ചു. അതിനുശേഷം കാൻബറയിൽ അവന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. മെൽബണിൽ സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കി. അത്ഭുതം. എന്നാൽ പിന്നീട് നിങ്ങൾ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി. ഇതും അംഗീകരിക്കണോ? എന്താണ് ചെയ്തുകൂട്ടുന്നതെന്ന് മനസിലാവുന്നില്ല.”
സഞ്ജു സാംസൺ കളിക്കുമോ ഇല്ലയോ എന്നത് വലിയ ചോദ്യമാണെന്നും അതേസമയം ജിതേഷ് ശർമയ്ക്കും സമാനമായ അവസ്ഥ നേരിടേണ്ടിവന്നേക്കാമെന്നും ചോപ്ര സൂചിപ്പിച്ചു. ജിതേഷിനെ കളിപ്പിക്കുകയും അവൻ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുകയും 20-ൽ കൂടുതൽ റൺസ് നേടുകയും ചെയ്താൽ, അദ്ദേഹം ടീമിൽ തുടരും. പക്ഷേ അങ്ങനെ ചെയ്യുമോ എന്ന് എനിക്കറിയില്ല. ആ ചോദ്യത്തിന് എൻ്റെ കയ്യിൽ ഉത്തരമില്ല.- ചോപ്ര കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















