നവോൻമേഷത്തിന്റെ നിറവിലാണ് ഡിവൈ പാട്ടീൽ സ്റ്റേഡിയം. രാജ്യാന്തര വനിതാ ക്രിക്കറ്റിലെ അവിസ്മരണീയ മുഹൂർത്തത്തിനു കാത്തിരിക്കുകയാണ് ഈ പുൽമൈതാനം. 14 വർഷം മുൻപ് മുംബൈ മഹാനഗരത്തിന്റെ മറ്റൊരു കോണിലുള്ള വാങ്കഡെ സ്റ്റേഡിയത്തിൽനിന്ന് ‘‘ ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ’’ എന്നു രവി ശാസ്ത്രി ആവേശം കൊണ്ടപ്പോൾ ഉയർന്ന ആരവം ആരും മറന്നു കാണില്ല. അത്തരമൊരു ഫിനിഷ്, അങ്ങനെയൊരു വിസ്മയ വിജയമാണ് ഇന്ന് രാജ്യം സ്വപ്നം കാണുന്നത്.
ധോണിയുടെ ടീം 2011ൽ ഇന്ത്യൻ പുരുഷ ടീമിനെ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് ഉയർത്തിയെങ്കിൽ ഇക്കുറി ഊഴം കാത്തിരിക്കുന്നത് ഇന്ത്യൻ വനിതകൾ. ഒരു മാസം മുൻപ് ഗുവാഹത്തിയിൽ ആരംഭിച്ച വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
പുതു ചാംപ്യൻ
വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാത്ത ആദ്യ ഫൈനലാണിത്. സെമിയിൽ ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയെ ഇന്ത്യയും തകർത്തതോടെ ചാംപ്യൻമാരുടെ പട്ടികയിൽ ഇക്കുറി പുതിയൊരു രാഷ്ട്രത്തിന്റെ പേരു പതിയും. കിരീടം ആരു സ്വന്തമാക്കിയാലും അവരുടെ രാജ്യത്ത് വനിതാ ക്രിക്കറ്റിന്റെ ഭാവി തന്നെ മാറുമെന്ന് ഉറപ്പ്. ഇതിനു മുൻപ് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകൾ മാത്രമാണ് വനിതാ ഏകദിന ലോകകപ്പിൽ മുത്തമിട്ടിട്ടുള്ളത്. ഇന്ത്യ 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനലാണിത്.
ജമി നൽകിയ സ്വപ്നം
മൈതാനത്തിനകത്തും പുറത്തും കിലുക്കാംപെട്ടിയപ്പോലെ ചിരിക്കുന്ന ജമിമ റോഡ്രിഗ്സ് ഒറ്റ രാവിൽ ഇന്ത്യയുടെ പോസ്റ്റർ ഗേളായി മാറിയത് ഇതേ മൈതാനത്താണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് സെമിയിൽ ജെമി ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചറി കുറിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം പടുത്തുയർത്തിയ കൂട്ടുകെട്ടിന്റെ കരുത്തിൽ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഈ മുംബൈക്കാരി ഫൈനലിലും തിളങ്ങുമെന്നാണ് പ്രതീക്ഷ. ടൂർണമെന്റിന്റെ തുടക്കത്തിലെ പരാജയങ്ങൾക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന, സെമിയിൽ ഉജ്വല പോരാട്ടം നടത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ ഓൾറൗണ്ടർ ദീപ്തി ശർമ തുടങ്ങിയവരിലെല്ലാം ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നു. പരുക്കേറ്റു പുറത്തായ ഓപ്പണർ പ്രതിക റാവലിനു പകരമെത്തിയ ഷെഫാലി വർമയുടെ പ്രകടനവും ടീം മാനേജ്മെന്റ് ഉറ്റുനോക്കുന്നുണ്ട്. സെമിഫൈനലിൽ നന്നായി റൺസ് വഴങ്ങിയ രാധാ യാദവിനു പകരം സ്നേഹ് റാണയെ ടീമിലുൾപ്പെടുത്തുന്നത് ടീം ആലോചിച്ചേക്കും.
ദക്ഷിണാഫ്രിക്കൻ വെല്ലുവിളി
ഈ ടൂർണമെന്റിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഈ മൈതാനത്ത് കളിക്കുന്നത്. ഈ അപരിചിതത്വത്തിനൊപ്പം ഇന്ത്യയ്ക്കു വേണ്ടി ആർത്തുവിളിക്കുന്ന മുപ്പതിനായിരത്തിൽപരം കാണികൾ ഉയർത്തുന്ന ‘വെല്ലുവിളി’യെയും അവർ അതിജീവിക്കേണ്ടതുണ്ട്. അതേസമയം, ഈ ലോകകപ്പിൽ ഒരു തവണ 69 റൺസിനും മറ്റൊരിക്കൽ 97 റൺസിനും ഓൾഔട്ടാവുകയെന്ന നാണക്കേട് അതിജീവിച്ച് ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്ക ഉജ്വലമായി പൊരുതുമെന്നുറപ്പ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















