ഒരു ഫലൂധയുടെ മധുരം : ശർമ്മിള പി.
കുടുംബകോടതിയുടെ പടികൾ ഇറങ്ങുമ്പോൾ, സജിയുടെയും മിനിയുടെയും മനസ്സിൽ കെട്ടിക്കിടന്നത് വക്കീൽ ഹാളിന്റെ തണുപ്പായിരുന്നില്ല, വർഷങ്ങൾ നീണ്ട ബന്ധത്തിന്റെ തണുത്തുറഞ്ഞ ഓർമ്മകളായിരുന്നു.
മ്യൂച്ചൽ ഡിവോഴ്‌സ് പെറ്റീഷൻ കൊടുത്തിട്ട് നാളുകളേറെയായെങ്കിലും കേസ് ഇഴഞ്ഞുനീങ്ങുന്നതിന്റെ അസ്വസ്ഥത ഇരുവരിലും നിഴലിച്ചു നിന്നു.
മിനിയുടെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണം, സജി പതിയെ ചോദിച്ചു: “നമുക്കെന്തെങ്കിലും കഴിച്ചാലോ?”
അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പതിവില്ലാതെ അവൾ ഒരു "മ്" മൂളി. റോഡ് മുറിച്ചുകടന്ന് 'FALOODA WORLD COOL BAR' എന്ന ബോർഡ് കണ്ടപ്പോൾ അവരുടെ കാലുകൾ അവിടേക്ക് തിരിഞ്ഞു. ഉച്ചസമയമായിരുന്നതിനാൽ കടയിൽ അധികം തിരക്കില്ലായിരുന്നു.
ഒഴിഞ്ഞ ഒരു മേശയുടെ ഇരുവശങ്ങളിലുമായി അവർ ഇരിപ്പുറപ്പിച്ചു. ഓർഡർ എടുക്കാൻ വന്ന വെയിറ്ററോട് സജി യാന്ത്രികമായി പറഞ്ഞു: “ഒരു ഫലൂധ.”
“അല്ല, രണ്ട്,” മിനി തിരുത്തി.
അവളെ നോക്കാതെ, എന്തോ ഓർത്തെന്നപോലെ സജി തലയാട്ടി.
പരസ്പരം ഉരിയാടാതെ, മുഖത്തുനോക്കാൻ ധൈര്യമില്ലാതെ അവർ മേശവിരിയിലെ ഫലൂധയുടെ വർണ്ണചിത്രത്തിൽ കണ്ണുംനട്ട് ഇരുന്നു.
എത്രയോ പ്രാവശ്യം അവർ ഇവിടെ ഒരുമിച്ച് വന്നിരിക്കുന്നു!
എത്രയോ പ്രാവശ്യം മിനി ഇഷ്ടത്തോടെ ഫലൂധ കഴിച്ചിരിക്കുന്നു!
വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ മിനിക്ക് ഫലൂധ കഴിച്ചേ മതിയാകൂ എന്ന നിർബന്ധമുണ്ടായിരുന്നു പണ്ടൊക്കെ.
രണ്ട് വലിയ ഗ്ലാസ്സുകളിൽ വർണ്ണാഭമായ ഫലൂധയുമായി വെയിറ്റർ വന്നു.
ഗ്ലാസ്സുകൾ മേശപ്പുറത്തുവെച്ച് അയാൾ തിരികെപോയി.
സജി ഒരു ഗ്ലാസ് മിനിയുടെ അടുത്തേക്ക് നീക്കിവെച്ചു, മറ്റേത് അവനെടുത്തു.
സ്പൂണെടുത്ത് അവൻ പതിയെ ഫലൂധ കോരി വായിലേക്ക് അടുപ്പിച്ചു.
അതേവരെ റേഡിയോയിലൂടെ ഒഴുകിയിരുന്ന പഴയ സിനിമാഗാനം മാറി, ഗായകൻ വയലാർ രാമവർമ്മയുടെ തന്നെ ഘനഗംഭീരമായ ശബ്ദത്തിൽ ഒരു കവിത ഒഴുകിപ്പരന്നു:
ഇരുളിൻ മഹാ നിദ്രയിൽ നിന്നുണർത്തി നീ..
നിറമുള്ള ജീവിതപ്പീലി തന്നു…..
എൻറെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു …..
ആത്മ ശിഖരത്തിലൊരു കൂടു തന്നു…
സജിക്ക് ഏറെ ഇഷ്ടപ്പെട്ട കവിത!
എത്ര പ്രാവശ്യം അവൻ മിനിയെക്കൊണ്ട് ഈ കവിത പാടിപ്പിച്ചിരിക്കുന്നു!
ഇരുവരും ഒരു നിമിഷം പരസ്പരം നോക്കി. അത്രമാത്രം.
മിനിയുടെ മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റം തുടങ്ങി.
വെറുമൊരു കിളിക്കൂടിലൊതുങ്ങിപ്പോകുമായിരുന്ന തന്നെ ചിറകു വിരിച്ച് പറക്കാൻ പഠിപ്പിച്ചത് സജിയേട്ടനായിരുന്നു. പിഎസ്‌സി കോച്ചിങ്ങിന് അയച്ചതും, വീട്ടുജോലികളിൽ മുഴുവൻ സഹായിച്ചതും, അല്ല, മിക്കവാറും എല്ലാ ജോലികളും സജിയേട്ടൻ തന്നെ ഒറ്റയ്ക്ക് ചെയ്തതും അവളോർത്തു.
രാത്രി ഉറക്കമൊഴിച്ചു പഠിക്കുമ്പോൾ കാപ്പിയുണ്ടാക്കി ഫ്ലാസ്കിൽ ഒഴിച്ച് വെക്കും.
എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മയും തന്ന് അയാൾ പോയി കിടക്കും...
ഒരു കുഞ്ഞു പൂവിലും തളിർ കാറ്റിലും നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ... ജീവ നൊഴുകുമ്പോഴൊരു തുള്ളി യൊഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറേ... കനവിൻറെ ഇതളായ് നിന്നെ പടർത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ ...
പിഎസ്‌സി ടെസ്റ്റ് പാസായി, അടുത്തുള്ള പഞ്ചായത്ത് ഓഫീസിൽ ക്ലർക്ക് ആയി ജോലി കിട്ടി. അതിന് ശേഷമാണ് സജിയേട്ടന്റെ ഡ്രൈവർ ജോലി തനിക്ക് കുറച്ചിലായി തോന്നിയത്. ഒരു ചെറിയ കട ഇട്ടു കൊടുക്കാമെന്ന് താൻ പറഞ്ഞത് അയാൾ കേട്ടുമില്ല.
ഡ്രൈവിംഗ് വളരെ ത്രില്ലുള്ള ജോലിയാണെന്നും, അതൊരു പാഷനാണെന്നും, എന്നും പുതിയ കാഴ്ചകളാണെന്നും അയാൾ പറഞ്ഞുകൊണ്ടിരുന്നു.
പതുക്കെപ്പതുക്കെ പ്രശ്‌നങ്ങൾ തലപൊക്കി. താനാണ് കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതെങ്കിലും സജിയേട്ടൻ ഒന്നും മിണ്ടാതെ കേൾക്കും.
വല്ലാണ്ട് മുഷിയുമ്പോൾ എഴുന്നേറ്റു പോകുമെന്നല്ലാതെ തിരിച്ച് ഒരു വാക്കുപോലും അയാൾ പറയില്ലായിരുന്നു. അത്രയ്ക്ക് ഇഷ്ട്ടമായിരുന്നു അയാൾക്ക് തന്നോട്.
ഒരു കൊച്ചു രാപ്പാടി കരയുമ്പോഴും നേർത്തൊരരുവി തൻ താരാട്ടു തളരുമ്പോഴും… കനിവിലൊരു കല്ല് കനി മധുര മാകുമ്പോഴും… കാലമിടറുമ്പോഴും… നിൻറെ ഹൃദയത്തിൽ ഞാനെൻറെ ഹൃദയം കൊരുത്തിരിക്കുന്നു …. നിന്നിലഭയം.. തിരഞ്ഞു പോകുന്നു...
താനാണ് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയതും, പിരിയാമെന്ന് സജിയേട്ടനെ വിളിച്ച് പറഞ്ഞതും. അയാൾ അത് കേട്ട് ഞെട്ടിയെന്ന് തോന്നി.
ഒരു ദീർഘനിശ്വാസം മാത്രം കേട്ടു. ഇപ്പോൾ തോന്നുന്നു, ഒന്നും വേണ്ടായിരുന്നു എന്ന്.
മിനി പതുക്കെ മുന്നോട്ട് നീങ്ങിയിരുന്നു. സ്പൂണെടുത്ത്, പഴയ ഓർമ്മയിൽപ്പെട്ടപോലെ, സജിയുടെ ഗ്ലാസ്സിൽ നിന്നും ഫലൂധ കോരിയെടുത്തു കഴിക്കാൻ തുടങ്ങി.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്നിട്ട് പതുക്കെ പറഞ്ഞു: “സജിയേട്ടാ… നമുക്കിനിയും ഒരു ഫലൂധ മാത്രം മതി.”
അവൾ അത് കേൾക്കാൻ ആഗ്രഹിച്ചപോലെ, സജി പതിയെ അവളുടെ കൈകൾ, ഫലൂധയും സ്പൂണുമടക്കം, കൂട്ടിപ്പിടിച്ചു. കവിതയുടെ അവസാന വരികൾ ആ തണുത്ത മുറിയിൽ സ്നേഹത്തിന്റെ ചൂടായി ഒഴുകിപ്പരന്നു:
അടരുവാൻ വയ്യാ ... അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും…
ഉരുകി നിന്നാത്മാവി നാഴങ്ങളിൽ വീണു പൊലിയുമ്പോ ഴാണെൻറെ സ്വർഗം നിന്നിലലിയുന്നതേ.....
നിത്യ സത്യം...
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















