
തിരുനല്ലൂർ കരുണാകരൻ
അഷ്ടമുടിയുടെ മാനസപുത്രൻ.
:സത്യൻ മാടാക്കര.
ഏത് കവിയുടെ ഉള്ളിലും ദേശമുണ്ടാകും. കവിതകൾ ദേശത്തെ എഴുതും. തിരുനല്ലൂർ കരുണാകരൻ ദേശത്തിന്റെ മാനസപുത്രനാണ്. എട്ടു മുടിയുംചൂടി നില്ക്കുന്ന അവളെ നോക്കി" താമരയുടെ കരുന്നിലയിൽ ഇറ്റുവീണആകാശനീലിമയുടെ ഒരു തുള്ളി " എന്നാണ് റാണി എന്ന കാവ്യത്തിന്റെ ആമുഖത്തിൽ അദ്ദേഹം കുറിച്ചു വെച്ചത്.
" കായലിൻ മാറിലലിഞ്ഞു ചേർന്നീടുവാ-
നായുന്ന കാനനച്ചോല
ചോലയും കായലും പുൽകവെ പുഞ്ചിരി -
ച്ചാർത്തിടും പൂന്തിരമാല
പൂന്തിരമാലമേൽ നീർക്കിളിച്ചാർത്തു പോൽ
നീന്തുമൊരായിരം തോണി"
ഈ തോണിയുടെ കായൽ കടന്ന് കവിതയുടെ സഹഹയാത്രികനായി വയലാർ, ഒ.എൻ.വി, പി.ഭാസ്കരൻ, പുതുശ്ശേരി രാമചന്ദ്രൻ എന്നിവർക്കൊപ്പം അദ്ദേഹം ചെമന്ന സ്വപ്നങ്ങൾ കണ്ടു.എന്നിട്ടും വേണ്ടത്ര ചർച്ച ചെയ്യപ്പെടാനോ, പത്രത്താളുകളിൽ നിറയാനോ തിരുനല്ലൂർക്കവിതകൾക്ക് ഭാഗ്യം ഉണ്ടായില്ല.റാണി, വയലാർ എന്നീ കവിതകൾ ഈരടിയായി പാടി നടന്നവർ പോലും പിന്നീട് ഈ കവി ജീവിച്ചിരുന്ന കാര്യം മറന്നു. ആരു മറന്നാലും നാട്ടുമ്പുറക്കാഴ്ചകളും ഗ്രാമീണതയുടെ ചുകന്ന വിമോചന സ്വപ്നങ്ങളും,നുരഞ്ഞു പതയുന്ന പ്രണയവും, കാളിദാസലഹരിയും നിറഞ്ഞതാണ് ആ കവിതകൾ. സംസ്കൃതത്തിൽ അവഗാഹം ഉണ്ടായിട്ടും വാക്കുകളുടെ സരളതയിലൂടെ കേരളീയ മനസ്സിനെ തിരുനല്ലൂർ ക്കവിതകൾ സ്വാധീനിച്ചു. അത് ശരിക്കറിയാൻ കാളിദാസന്റെ "മേഘസന്ദേശം " എന്ന കാവ്യത്തിന് ദ്രാവിഡ വൃത്തത്തിൽ തിരുനല്ലൂർ എഴുതിയ പരിഭാഷ തന്നെ വായിച്ചറിയണം.
"രാത്രിയിൽ കനം വീണോരിരുട്ടിനാൽ
കാഴ്ച മൂടുo പെരും വഴിത്താരയിൽ
കാമുകാലയം പൂകാൻ നടന്നിടും
കാമഭാവ പരവശന്മാർക്കു നീ
പൊന്നുരച്ചപോൽ വീശിത്തെളിഞ്ഞിടും
മിന്നലാൽ നിലം കാട്ടിക്കൊടുക്കണേ
ഒച്ച വെയ്ക്കൊലാ പെയ്തും മുഴങ്ങിയു -
മത്രമാത്രം തളർന്നു പോവാരവർ"
(മേഘസന്ദേശം പരിഭാഷ )
എഴുത്തുകാരന്റെ ദേശം എന്നതിൽ തിരുനല്ലൂർ എഴുതിയത് കവിതകളെ മനസ്സിലാകുന്നവർക്ക് ഒരു ആമുഖമാണ്. അതിങ്ങനെ
"കുട്ടിക്കാലത്ത് ഞാൻ കണ്ട നാട്ടിൻ പുറം ഏതാണ്ട് ഇങ്ങനെയാണ്. ഫലപുഷ്കലമായ തെങ്ങിൻ തോപ്പുകൾ, ഗ്രാമങ്ങളെ കരകളായോ ചേരികളായോ വേർതിരിക്കുന്ന വലിയ പാടങ്ങൾ, കരകൃഷി കൊണ്ട് എന്നും പിടിച്ചു കിടക്കുന്ന വിളനിലങ്ങൾ. കാടുകളും കാവുകളും. കന്നുകാലികൾ മേയുന്ന വിശാലമായ മൈതാനങ്ങൾ. കുന്നുകളും അവയെ കൂട്ടിയിണക്കുന്ന താഴ് വരകളും. ചെറിയ വീടുകളാണ് അധികവും. മിക്കതും ഓലമേഞ്ഞവ. അദ്ധ്വാനശീലരായ സാധാരണ ജനങ്ങളാണ് ഭൂരിപക്ഷവും. അന്യോന്യം സഹായിക്കുന്നതിൽ അവർ സന്തോഷിച്ചു. വലിയ ജന്മിമാരും പാട്ടക്കുടിയാന്മാരും ഇല്ല. ഒട്ടെല്ലാ കർഷകത്തൊഴിലാളികളും കുടികിടപ്പുകാരാണ് - പിൽക്കാലത്ത്, മാറിയ രാഷ്ട്രീയ സാഹചര്യം അവർക്ക് സ്വന്തം പാർപ്പിടങ്ങളും കൂടുതൽ സ്വാതന്ത്ര്യവും നേടിക്കൊടുത്തു.
കാടുകളും കാവുകളും പൂക്കുമ്പോഴുള്ള സൗമ്യ സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നില്ക്കുന്നു. പാടശേഖരങ്ങളിൽ ഞാറു നടുന്ന കാലമെത്തിയാൽ അധ്വാനത്തെ മധുരാനുഭൂതിയാക്കി മാറ്റുന്ന കർഷക സ്ത്രീ തൊഴിലാളികളുടെ പഴയ നാടൻ പാട്ടുകൾ ചുറ്റുപാടും ഒഴുകി നിറയും. ശ്രീഷ്മ മദ്ധ്യത്തിലെ അനദ്ധ്യായ ദിവസങ്ങൾ ആഘോഷിക്കുന്ന കുട്ടികൾ കൊയ്തൊഴിഞ്ഞ വയലുകളിൽ തീവെയിലെരിയുന്ന നട്ടുച്ചയ്ക്കു പോലും ഓടിക്കളിക്കുന്നു . മാനംമുട്ടെ നില്കുന്ന നാട്ടു മാവുകളിൽ നിന്ന് മഴക്കാറ്റിൽ തുരുതുരാ അടർന്നു വീഴുന്ന മാമ്പഴങ്ങൾ ഏതു പറമ്പിൽ നിന്നും ഏത് കുട്ടിയ്ക്കും എടുക്കാംകാറ്റിന്റെ ഇരമ്പലിൽ അമ്പു പോലെ വീഴുന്ന മഴത്തുള്ളികളേറ്റു കൂട്ടുകാരുമൊത്തു മാവിൻ ചോടുതോറും ഓടി നടക്കുന്നകുട്ടി. തീർച്ചയായും നിശബ്ദനായിരുന്നിരിക്കില്ല. അവന്റെ അപ്പോഴത്തെ ആഹ്ലാദം കാറ്റിന്റെ ശ്രുതിക്കും ഓട്ടത്തിന്റെ താളത്തിനും അനുസൃതമായി അർത്ഥമുള്ളതോ ഇല്ലാത്തതോ ആയ ശബ്ദത്തിന്റെ രൂപം തേടിയിരിക്കണം. മാവു പൂക്കുമ്പോൾ അകലെ നിന്ന് അതിഥികളായെത്തുന്ന കുയിലുകളും, ഭൂമിയിൽ നിഴൽ വിരിച്ചു കൊണ്ട് ആകാശത്തുകൂടി വിചിത്രാകൃതിയിൽ സഞ്ചരിക്കുന്ന വെൺ മേഘങ്ങളും ഉന്മാദത്താൽ ആർത്തു വിളിക്കാൻ അവനെ പ്രേരിപ്പിക്കുമായിരുന്നു.
തുലാവർഷത്തോടു കൂടി കുന്നുകളിൽ തളിർത്തു പൊങ്ങുന്ന പുല്ലുകൾ ധനു മാസത്തിൽ മുട്ടോളം വളർന്ന്, മീനത്തിൽ ഉണങ്ങിത്തുടങ്ങും. രാത്രിയിൽ വല്ല വഴിപോക്കരുടെയും ചൂട്ടുകെട്ടുകളിൽ നിന്നു വീഴുന്ന തീപ്പൊരികൾ പുല്ലുകളിൽ ആളിപ്പടർന്നു കുന്നിൻപുറങ്ങൾക്കു തീപ്പിടിപ്പിക്കും. അപ്പോൾ പ്രകാശത്തിന്റെ തിരകൾ ഒരറ്റത്തു നിന്നു മറ്റേ അറ്റം വരെ പടർന്നു കയറും. അകലെയിരുന്ന് അത്ഭുതത്തോടെ ആ കാഴ്ച കാണുമ്പോൾ, തുടി കൊട്ടുന്ന ഹൃദയം ചുണ്ടോളമെത്തും.
കിഴക്കൻ കുന്നിന്റെ മുകളിലൂടെ ഒരു റോഡുണ്ട്. പിറകിൽ കെട്ടിത്തൂക്കിയ റാന്തൽ വിളക്കുകളുമായി രാത്രിയിൽ കാളവണ്ടികളുടെ നിര പതുക്കെ നീങ്ങുന്നതു കൗതുകകരമായ കാഴ്ചയാണ്. പാതിരാവടുക്കുമ്പോൾ മുപ്പതും നാല്പതും വണ്ടികളാണ് ഒന്നിച്ചങ്ങനെ പോകുന്നത്. കടുത്ത നിരത്തിന്മേൽ ഉരയുന്ന വണ്ടിച്ചക്രങ്ങളുടെയും കിലുങ്ങുന്ന കാള മണികളുടെയും താളത്തിനൊത്ത് വണ്ടിക്കാരുടെ പാട്ടുകൾ രാത്രിയുടെ ഏകാന്തതയിൽ ഒഴുകിക്കൊണ്ടിരിക്കും. അവരുടെ ഗാനങ്ങളിൽ ചിലത് കുമാരനാശാന്റെ ഈരടികളായിരുന്നെന്ന് ആ കുട്ടിക്കു മനസ്സിലായത് എത്രയോ കഴിഞ്ഞാണ്. "
ഇങ്ങനെ തിരുനല്ലൂരിന്റെ മനസ്സിൽ പതിഞ്ഞ ഗ്രാമീണതയുടെ ലയഭംഗി അവസാന കാലത്തെഴുതിയ സീത എന്ന ദീർഘ കാവ്യത്തിൽ പോലും പിന്തുടരുന്നതായി വായിച്ചെടുക്കാം. പ്രകൃതിസംഗീതം തിരുനല്ലൂരിനെ അത്രമാത്രം ആഹ്ലാദത്തിലും അത്ഭുതത്തിലും ആറാടിച്ചിരുന്നു.
" ആനകൾ മുങ്ങിക്കിടക്കുന്നൂ ദൂരെയാ -
യാറ്റു നീരിൽ കരിമ്പാറകൾ മാതിരി.
ചാഞ്ഞു കരകളിൽ നിന്നു നദിയിലേ -
ക്കാഞ്ഞു കിടക്കുന്ന വള്ളിക്കുടിൽ കളെ
ഇട്ടുലച്ചു കൊണ്ടു മദ്ധ്യാഹ്ന നേരത്തു
വെട്ടിത്തിളങ്ങിക്കുതിച്ചു പായും ജലം
രൂക്ഷശിലകളിൽ തട്ടിത്തകർന്ന -
ന്തരീക്ഷത്തിൽ മുത്തുകൾ പോലെ ചിതറവേ
പാറുന്ന ശീകരരാജിയെ മാരുതൻ
ദൂരെയെത്തിക്കുന്നിളയ കുളിർമയായ്.
(സീത, ദീർഘ കാവ്യം )
വയലാർ അവാർഡ് ലഭിച്ച തിരുനല്ലൂർ കരുണാകരന്റെ കവിതകൾ ഇത്തരം ഗ്രാമ ചിത്രങ്ങളും ചുകന്ന സ്വപ്നങ്ങളും നിറഞ്ഞതാണ്. കവിതയെക്കുറിച്ച് തിരുനല്ലൂർ എഴുതിയതിങ്ങനെ:
" അനുഭവം കൊണ്ട് ഞാൻ അറിഞ്ഞിടത്തോളം അത്മനിഷ്ഠതയുടെയും വസ്തുനിഷ്ഠതയുടെയും പരസ്പര ലയത്തിൽ പല ജീവിതങ്ങൾ അങ്ങനെ ജീവിക്കാൻ കഴിയുമ്പോൾ കൈവരുന്ന ചാരിതാർത്ഥ്യത്തിന്റെ ആത്മാലാപനങ്ങളാണ് കവിതകൾ.ആ ആത്മാലാപനങ്ങൾ എപ്പോഴും ഭാഷയുടെ കലയായി പരിപൂർണ്ണ വികാസം പ്രാപിക്കണമെന്നില്ല. അവ ഇടയ്ക്കിടക്കു വെച്ചു നിന്നു പോകാം. ആരംഭത്തിൽ തന്നെ മൗന ഗ്രസ്തമായെന്നും വരാം. വല്ലപ്പോഴുമൊരിക്കൽ പൂർണ്ണത നേടിയാലായി.ആ പൂർണ്ണത കേവലം ആപേക്ഷികമാണു താനും. ഒരു ശ്ലോകമായാലും ദീർഘ കാവ്യമായാലും കവിത ഒരു ജൈവ പൂർണ്ണിമയാണ്. അത് ആ നിലയിൽ സാക്ഷാത്കൃതമാകും വരെ കാത്തിരിക്കുക ആനന്ദമായ അനുഭവമാണെങ്കിലും സൃഷ്ടാപരമായ അനുസ്യൂനത എപ്പോൾ വേണമെങ്കിലും ഭഞ്ജിക്കപ്പെടാം. അപ്പോൾ എല്ലാം നഷ്ടപ്പെടും. സമാനമായ ഒരു സർഗ്ഗോന്മേഷം പിന്നെ ലഭിച്ചെന്നു വരില്ല. പുരാണങ്ങളിൽ കാണും പോലെ ഇടയ്ക്കു വെച്ചു മുടങ്ങിപ്പോകുന്ന തപസ്സിന്റെ കഥയാണിത്. ആഗ്രഹിക്കുകയും ആരംഭിക്കുകയും ചെയ്തതിന്റെ ചെറിയൊരംശം പോലും കവികൾക്ക് എഴുതിത്തീർക്കാൻ കഴിയാതെ പോകുന്നത് ഇതുകൊണ്ടാണ്. "
ഇന്നുകൾ നമുക്കില്ലാതാവരുത് എന്നു ഉറച്ച ധീരതയോടെ തിരുനല്ലൂർ അവസാന കാലത്ത് ഇന്റർവ്യൂവിൽ പറഞ്ഞത് എല്ലാവരും അറിയേണ്ടതാണ്.
" മനുഷ്യന്റെ ഭൗതികാഭിവൃദ്ധിയെ നിഷേധിക്കുന്നതല്ല ഭാരതീയ സംസ്കാരം. ഇന്ത്യയ്ക്ക് അഭിമാനകരമായ ഒരു സംസ്കാരം ഉണ്ട്. എന്നാൽ ഇത് പലപ്പോഴും ദുർവ്യാഖാനിക്കപ്പെടുകയാണ്. ഈശ്വരനെപ്പോലും പച്ചയായി നിഷേധിക്കുന്ന പ്രഖ്യാപനം മീമാംസയിലുണ്ട്. സാഖ്യം, യോഗം, ന്യായം,വൈശേ ഷ്യകം, പൂർവ്വമീമാംസ, ഉത്തരമീമാംസ (വേദാന്തം) എന്നിവയാണ് ഭാരതീയ ദർശനങ്ങൾ. ജൈന, ബുദ്ധ, മുസ്ലീം, ക്രിസ്തു സംസ്കാരവും ഭാരതീയതയുടെ ഭാഗമാണ്. അദ്വൈതവേദാന്തം പോലും നിരീശ്വരവാദത്തോട് അടുത്തു നില്ക്കുന്നു. ചാർവ്വാകൻ മറ്റൊരു ഉദാഹരണമാണ്. ഭാരതീയ സംസ്കൃതിയുടെ ഗുണാത്മ മുഖത്തെ ഉൾകൊള്ളുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിക്കേ ണ്ടത്."
"ചുറ്റുപാടുമീ മണ്ണിന്റെ ദാഹം
വിറ്റു തിന്നുവോർ നോക്കി നില്ക്കുമ്പോൾ
വീത സംശയം ഞങ്ങൾ തൻ നീളും
വീർപ്പുകൾകൊടുങ്കാറ്റുകളാകും
വേനലേറ്റു നീരാവിയായ് പ്പൊങ്ങും
വേർപ്പുനീർവർഷമേഘങ്ങളാകും. "
(കാറ്റും മഴയും).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group