
ഗെറ്റ്.. സെറ്റ്.. ഗോ.. പാലക്കാടൻ ചൂടിൽ ഇനി മൂന്ന് നാൾ മലപ്പുറത്തിന്റെ പോരാട്ടം. ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് വെള്ളിയാഴ്‌ച രാവിലെ പാലക്കാട് ചാത്തന്നൂർ ജിഎച്ച്എസ്എസിൽ തുടക്കമാകും. 17 ഉപജില്ലകളിലെ 2,996 വിദ്യാർഥികൾ പോരാട്ടത്തിനെത്തും. ജൂനിയർ, സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
1
To advertise hom, Contact Us
കാലിക്കറ്റ് സർവകലാശാലയിലെ സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞതിനാലാണ് പാലക്കാടിന്റെ മണ്ണിൽ ഇക്കുറി ജില്ലയുടെ പോരാട്ടങ്ങൾ നടക്കുന്നത്.
അതുകൊണ്ടുതന്നെ വിദേശ മണ്ണ് ജില്ലയിലെ കായികതാരങ്ങളെ എങ്ങനെ സ്വീകരിക്കുമെന്നറിയാനുള്ള ആകാംക്ഷയും ഇക്കുറിയുണ്ട്. മേളയുടെ സമാപനദിവസത്തിൽ കായിക അധ്യാപകർക്കുള്ള മത്സരങ്ങളുമുണ്ടാകും. തുടർച്ചയായ മൂന്നാം വർഷവും സംസ്ഥാന ചാമ്പ്യന്മാരാകാൻ കൊതിക്കുന്ന മലപ്പുറത്തിനായി ആരൊക്കെ തിരുവനന്തപുരത്തേക്ക് വണ്ടി കയറണമെന്ന ചിത്രവും ഞായറാഴ്‌ചയോടെ വ്യക്തമാകും.
പൊടിപാറും, കളത്തിൽ
ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാൻ്റെ മക്കളെപ്പോലെ എന്തിനും തയ്യാറായാണ് കടകശ്ശേരി ഐഡിയൽ സ്‌കൂൾ, നാവാമുകുന്ദ തിരുനാവായ സ്കൂൾ, ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് എന്നിവയിലെ കുട്ടികൾ ചാത്തന്നൂരിലെത്തുന്നത്.
ഓട്ടത്തിലും ചാട്ടത്തിലും ഏറിലും മികവുകാട്ടാൻ ആവനാഴിയിൽ അസ്ത്രങ്ങൾ. അവ തൊടുക്കാൻ തന്ത്രങ്ങളൊരുക്കുന്ന പരിശീലകർ.
പോയിന്റിൽ ഉപജില്ലാതല വിജയികളെപ്പോലും നിർണയിക്കാൻ കെല്ലുള്ള ഇക്കൂട്ടരാണ് വെള്ളിയാഴ്‌ച തുടങ്ങുന്ന കായികമേളയുടെ ശ്രദ്ധാകേന്ദ്രം. സംസ്ഥാന, ദേശീയതലത്തിൽ താരങ്ങളെ സംഭാവനചെയ്‌ത ഈ സ്‌കൂളുകൾ മികച്ച തയ്യാറെടുപ്പോടെയാണ് കരിമ്പനകളുടെ നാട്ടിലെത്തുന്നത്.
കാണാം 'ഐഡിയൽ' തന്ത്രങ്ങൾ
സംസ്ഥാന കായികമേളയിൽ ഹാട്രിക് വർഷങ്ങളിൽ ഒന്നാമതെത്തിയ പെരുമയുണ്ട് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിന്. തുടർച്ചയായ 18-ാം തവണ ജില്ലയിൽ ഒന്നാമതെത്താൻ ലക്ഷ്യമിട്ടാണ് അവർ ഇക്കുറിയെത്തുന്നത്. ഏപ്രിൽ മുതൽ പരിശീലനപ്രവർത്തനങ്ങൾക്ക് തുടക്കമിട്ട ഐഡിയലിനായി 73 പേർ കളത്തിലിറങ്ങും. മികവുള്ളവരെ കണ്ടെത്തി പരിശീലിപ്പിക്കുന്ന രീതിയാണ് സ്കൂളിന്റേത്.
ഹർഡിൽസ്, പോൾവാട്ട്, ഹൈജംപ്, ബ്രോകൾ തുടങ്ങിയവയിലാണ് പ്രതീക്ഷ ആഴ്ചയിൽ രണ്ടുദിവസം ചാത്തന്നൂരിലെ മൈതാനത്ത് പരിശീലിക്കുന്നതിന്റെ പരിചയം മുതൽക്കൂട്ടാകുമെന്ന് കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത് പറഞ്ഞു.
സ്കൂൾവിഭാഗത്തിൽ കഴിഞ്ഞവർഷം 29 സ്വർണം, 32 വെള്ളി, 17 വെങ്കലമടക്കം 258 പേയിന്റാണ് സമ്പാദ്യം. അപ്രതീക്ഷിതമായി എടപ്പാളിനെ രണ്ടാമതാക്കി തിരൂർ സബ്ജില്ല ഒന്നാമതായിരുന്നു. ഇക്കുറി അതിന് മാറ്റമുണ്ടാക്കാനാകുമെന്നാണ് ഐഡിയലിന്റെ പ്രതീക്ഷ.
സ്പ്രിന്റ് മാജിക്കിനായി നാവാമുകുന്ദ
സംസ്ഥാനകായികമേളയിൽ കഴിഞ്ഞവർഷം ജനറൽ വിഭാഗത്തിൽ രണ്ടാമതായിരുന്നു നാവാമുകുന്ദ തിരുനാവായ, അപ്രതീക്ഷിതമായി സ്പോർട്സ് സ്കൂളിനെ ജനറൽ പട്ടികയിലെടുത്തപ്പോൾ മൂന്നാം സ്ഥാനത്തേക്ക് മാറേണ്ടിവന്നു.
ഇതിനെതിരേ വിദ്യാർഥികൾ പ്രതിഷേധിച്ചു. രണ്ട് അധ്യാപകർക്കെതിരേ നടപടിയുമുണ്ടായി. അതിനുള്ള മധുരപ്രതികാരം കളിക്കളത്തിലൂടെ നൽകാനാണ് ഇത്തവണ നാവാമുകുന്ദയെത്തുന്നത്.
48 പേരാണ് സ്കൂളിനായി ജഴ്‌സിയണിയുക. കഴിഞ്ഞവർഷം ജില്ലയിൽ 100 മീറ്ററിൽ ആറ് സ്വർണംനേടി ഞെട്ടിച്ചിരുന്നു. അതേ സ്പ്രിൻ്റിലും ഹർഡിൽസിലും ലോങ് ജംപിലുമാണ് ഇത്തവണയും കൂടുതൽ പ്രതീക്ഷയെന്ന് സിനിയർ കോച്ചായ കെ. ഗിരീഷ് പറഞ്ഞു.
മേയ് മുതൽ പരിശീലനം തുടങ്ങി. ആഴ്ച്‌ചയിൽ ആറ് ദിവസം രാവിലെയും വൈകീട്ടുമാണ് പരിശീലനം. രണ്ടുദിവസം ചാത്തന്നൂരിലെ ഗ്രൗണ്ടിലും പരിശീലിക്കുന്നുണ്ട്.
കോച്ച് മുഹമ്മദ് ഹർഷാദിൻ്റെ പാഠങ്ങളും ടീമിൻ്റെ കരുത്താണ്.
മുന്നേറാൻ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ്
കഴിഞ്ഞ ജില്ലാ മേളയിൽ മൂന്നാമതും സംസ്ഥാനതലത്തിൽ ആറാമതുമെത്തിയ കരുത്താണ് ആലത്തിയൂർ കെഎച്ച്എംഎച്ച്.എസ്.എസിന്റത്.
മേയ് മുതൽ തുടങ്ങിയ പരിശീലനത്തെ സൗകര്യമുള്ള മൈതാനത്തിന്റെ അഭാവം ബാധിച്ചുവോ എന്ന ആശങ്കയുണ്ടെങ്കിലും കഴിവിൻ്റെ പരമാവധി പോരാടാൻ മത്സരാർഥികൾ സജ്ജമാണെന്ന് കോച്ച് റിയാസ് ആലത്തിയൂർ പറഞ്ഞു.
ത്രോ, നടത്തം, ജംപ് എന്നിവയിൽ പ്രതീക്ഷയർപ്പിക്കുന്ന സ്കൂളിനായി 35 കുട്ടികൾ കളത്തിലിറങ്ങും.
നാല് തവണ ചാത്തന്നൂരിലെത്തി പരിശീലിച്ചത് സഹായകമാകുമെന്നും താരങ്ങൾ വിലയിരുത്തുന്നു.
കായികാധ്യാപകൻ ഷാജിർ ആലത്തിയൂരിൻ്റെ തന്ത്രങ്ങളും ടീമിന് മുതൽക്കൂട്ടാണ്.
കഴിഞ്ഞതവണ 85 പോയിൻ്റുണ്ടായിരുന്ന ആലത്തിയൂർ കെ.എച്ച്എംഎച്ച്എസ്എസ് 11 സ്വർണം, ഏഴ് വെള്ളി. ഒൻപത് വെങ്കലവുമാണ് സ്വന്തമാക്കിയത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group