
ചൊവ്വയിലേക്കൊരുയാത്ര
:ഷർമ്മിള. പി
അറുപത് വർഷം കടന്നതിന്റെ ആലസ്യത്തിലിരിക്കുകയായിരുന്നു ഞാൻ. ഒരു ചൊവ്വാഴ്ച പുലർച്ചെ, പതിവുപോലെ പത്രത്താളുകളിലൂടെ കണ്ണോടിക്കുമ്പോഴാണ് ആ പരസ്യം ശ്രദ്ധയിൽപ്പെട്ടത്: "ചൊവ്വാ ദൗത്യത്തിലേക്ക് ധീരരായ സഞ്ചാരികളെ ക്ഷണിക്കുന്നു. 60 വയസ്സ് കഴിഞ്ഞവർക്ക് മുൻഗണന."
കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ വർഷങ്ങളായി ഒരു പരാതിയുമില്ലാതെ വണ്ടിയോടിക്കുന്ന എനിക്ക് ധൈര്യത്തിന്റെ സർട്ടിഫിക്കറ്റ് വേറെ എവിടെനിന്നാണ് വേണ്ടത്? മറുചിന്തയില്ലാതെ ഫോണെടുത്തു, വാട്‌സാപ്പിലെ ആ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു: "ഞാൻ തയ്യാറാണ്."
പിന്നീട് അങ്ങോട്ടുമിങ്ങോട്ടും മെസ്സേജുകളുടെ പ്രളയമായിരുന്നു. മാനസിക-ശാരീരിക ക്ഷമതാ പരീക്ഷകൾ, ബയോഡാറ്റ, പിന്നെ ഏറ്റവും പ്രധാനം, അടുത്ത ബന്ധുക്കളുടെ സമ്മതപത്രം. 'ഭാര്യ' ചൊവ്വയിലേക്ക് പോയാൽ 'പുതിയൊരാളെ' കിട്ടുമല്ലോ എന്ന മട്ടിൽ ഭർത്താവ് ഒപ്പിട്ടു തന്നു. മക്കളുടെ വില്ലിംഗ്‌നസ് സർട്ടിഫിക്കറ്റിനായി കുറച്ച് തർക്കങ്ങളുണ്ടായെങ്കിലും ഒടുവിൽ അവരും മനസ്സില്ലാമനസ്സോടെ ഒപ്പിട്ടു.
അങ്ങനെ അഭിമുഖത്തിന്റെ ദിവസം വന്നെത്തി.
കമ്പിളിപ്പുതപ്പിന്റെ തണുപ്പുള്ള എയർകണ്ടീഷൻ ചെയ്ത മുറി. എനിക്ക് മുന്നിലിരിക്കുന്നത് ഡോ. എസ്. സോമനാഥ്, ടെസ്സി തോമസ്, ഡോ. കെ. ശിവൻ - ഇന്ത്യയുടെ മിസൈൽ-റോക്കറ്റ് ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രതിഭകൾ! അവരുടെ ഗൗരവമായ നോട്ടം എന്റെ നെഞ്ചിടിപ്പ് കൂട്ടി. ഒരു വശത്തായി, തല കുനിച്ച് എന്റെ അപേക്ഷാ ഫോം ശ്രദ്ധയോടെ വായിക്കുന്ന മറ്റൊരാൾ. അദ്ദേഹത്തിന്റെ തലയിലെ നരച്ച മുടിയിഴകളും ചുളിവീണ നെറ്റിയും എന്നിൽ ആകാംക്ഷയുണർത്തി.
ചോദ്യങ്ങൾ തുടർച്ചയായി വന്നു: "കൂടെ വന്നത് ആരാണ്?", "എന്റെ മകളാണ്."
"അവർ എന്തു ചെയ്യുന്നു?"
"ഐ.എസ്.ആർ.ഒ.യിൽ ജോലി ചെയ്യുന്നു."
ഈ മറുപടി കേട്ടതും പേപ്പറുകളിൽ തലകുനിച്ചിരുന്നയാൾ പെട്ടെന്ന് തലയുയർത്തി. അതോടെ മുറിയിലെ വായു ഉറഞ്ഞുപോയതുപോലെ തോന്നി. സാക്ഷാൽ... ഡോ. വിക്രം സാരാഭായി! എന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല. നാവു വരണ്ടുപോയി. ഒരു നിമിഷം ഞാൻ സ്ഥലകാലബോധം നഷ്ടപ്പെട്ട് നിന്നു.
ഡോ. സോമനാഥ് എന്നെ ശാന്തയാക്കാനായി അടുത്ത ചോദ്യമെറിഞ്ഞു: "ഈ ദൗത്യത്തിന്റെ ഭാഗമാകാൻ എന്താണ് നിങ്ങളെ പ്രേരിപ്പിക്കുന്നത്?"
എന്റെ തൊണ്ട വറ്റിയിരുന്നെങ്കിലും, വിക്രം സാരാഭായിയുടെ കണ്ണുകളിലെ തിളക്കം കണ്ടപ്പോൾ എനിക്ക് ആവേശം വന്നു. ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: "എന്റെ മാതൃരാജ്യം ലോകത്തിന്റെ നെറുകയിൽ എത്തണം. അതിന് എന്റേതായ ഒരു പങ്ക് നൽകണം."
സാരാഭായിയുടെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു. അദ്ദേഹം സൗമ്യമായി ചോദിച്ചു: "ഞങ്ങളുടെ ഈ പുതിയ ബഹിരാകാശ വാഹനത്തിന് ഒരു പേര് നിർദ്ദേശിക്കാമോ? വിക്രം, ധവാൻ, കലാം - ഇതിൽ ഏതാണ് അനുയോജ്യം?"
ഒരു നിമിഷം എന്റെ തലയിലൂടെ മൂന്ന് പേരുകളും മിന്നിമറഞ്ഞു. ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകങ്ങൾ. പക്ഷേ, എനിക്ക് ഒട്ടും ആലോചിക്കാൻ സമയം കിട്ടിയില്ല. എന്റെ ഉള്ളിൽനിന്ന് ഒരു വാക്ക് മാത്രം ശക്തിയായി പുറത്തുവന്നു: "കലാം! ഡോ. എ.പി.ജെ. അബ്ദുൽ കലാം!"
"എന്തുകൊണ്ട്?" ചോദ്യം വിക്രം സാരാഭായിയുടേതായിരുന്നു.
"അദ്ദേഹമാണല്ലോ നമ്മളെ പകൽസ്വപ്നം കാണാൻ പഠിപ്പിച്ചത്. നമ്മുടെ സ്വപ്നങ്ങൾ ആകാശത്തോളം ഉയരണം." ഞാൻ മറുപടി പറഞ്ഞു.
അദ്ദേഹം എഴുന്നേറ്റു, എന്റെ നേർക്ക് കൈ നീട്ടി. ഞാൻ പതുക്കെ ആ കൈകളിൽ തൊട്ടു. ഒരു ചെറിയ വൈദ്യുത ഷോക്കേറ്റതുപോലെ കാൽമുട്ട് മുതൽ ശിരസ്സുവരെ ഒരു ഊർജ്ജപ്രവാഹം അനുഭവപ്പെട്ടു. എന്റെ സ്വപ്‌നം യാഥാർത്ഥ്യമാകാൻ പോകുന്നു!
തുടർന്ന് പരിശീലനത്തിന്റെ നാളുകളായിരുന്നു. കൂടെയുള്ളയാൾ രത്നസിംഗ്, ഒരു പഞ്ചാബി ധീരൻ. ഞങ്ങൾ ഇന്ത്യക്കാർ മാത്രമായി. കടുപ്പമേറിയ കാലാവസ്ഥകളുമായി പൊരുത്തപ്പെടൽ, ഭാരമില്ലാത്ത അവസ്ഥയിൽ ശരീരചലനങ്ങൾ, പ്രത്യേക ഭക്ഷണക്രമങ്ങൾ, സ്പേസ് വാക്ക് പരിശീലനം, എയർക്രാഫ്റ്റ് മാനേജ്‌മെന്റ്... ഒരുപാട് പഠിക്കാനുണ്ടായിരുന്നു.
യാത്ര തിരിക്കുന്നതിന് മുൻപുള്ള അവസാന ദിവസം, യാത്ര പറച്ചിൽ കഴിഞ്ഞ് കൗണ്ട് ഡൗൺ തുടങ്ങി.
വാഹനത്തിന്റെ ലോഞ്ചറിലേക്ക് കൊണ്ടുപോകുന്ന 'കലാം' എന്ന ബഹിരാകാശ പേടകത്തിന്റെ വാതിലടുത്ത് ഞാനും രത്നയും നിന്നു. മുന്നിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മന്ത്രിമാരും ഐ.എസ്.ആർ.ഒ. ചെയർമാനുമടക്കം രാജ്യത്തെ പ്രമുഖർ. പിന്നിൽ, അകലെയായി, ടെൻഷനോടെ നിൽക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങൾ. എല്ലാവർക്കും ഞങ്ങൾ ചിരിച്ചുകൊണ്ട് കൈ വീശി.
വാതിലുകൾ അടഞ്ഞു. അവസാനമായി ആ ചെറിയ ജാലകത്തിലൂടെ കണ്ട ലോകത്തിന്റെ കാഴ്ച, അത് പതിയെ ഇരുളിൽ മറഞ്ഞു. രത്ന എന്റെ കൈയ്കളിൽ മുറുകെ പിടിച്ചു. കമ്പ്യൂട്ടർ കൺസോളിൽ കൗണ്ട് ഡൗൺ നമ്പറുകൾ തെളിഞ്ഞു:
9... 8... 7... 6... 5... 4... 3... 2... 1... 0!

കലാം ബഹിരാകാശത്തേക്ക് കുതിച്ചു. മോണിറ്ററിൽ ഭൂമിയുടെയും നക്ഷത്രങ്ങളുടെയും കാഴ്ചകൾ തെളിഞ്ഞുവന്നു. ഞങ്ങൾ തുടർച്ചയായി വിവരങ്ങൾ അയച്ചുകൊണ്ടിരുന്നു.
അൽപ്പസമയത്തിന് ശേഷം മോണിറ്ററിൽ പ്രധാനമന്ത്രിയുടെ മുഖം തെളിഞ്ഞു. കുശലാന്വേഷണങ്ങൾക്കിടയിൽ അദ്ദേഹം ചോദിച്ചു: "How does Bharath look from space?"
അതൊരു ചരിത്രപരമായ നിമിഷമായിരുന്നു. ആ ചോദ്യത്തിന് മറ്റൊരൊറ്റ മറുപടിയില്ല. എന്റെ ഉള്ളിൽനിന്ന് രാകേഷ് ശർമ്മ ഇന്ദിരാ ഗാന്ധിക്ക് നൽകിയ അതേ മറുപടി ഒഴുകിവന്നു: "സാരേ ജഹാം സെ അഛാ!" (ലോകത്തിലെ ഏറ്റവും മികച്ചത്!)
കുറച്ച് സമയം കഴിഞ്ഞപ്പോൾ സ്പേസ് ക്രാഫ്റ്റ് ഒന്ന് കുലുങ്ങി. ചാറ്റൽ മഴയുടെ ശബ്ദം! "എന്താ രത്ന, ഇവിടെ ഇടിയും മഴയുമുണ്ടോ?" ഞാൻ ചോദിച്ചു. "അതോ നമ്മൾ ചൊവ്വയിൽ എത്തിയോ?" ആകാംഷയോടെ ഞാൻ കണ്ണുകൾ വിടർത്തി.
മുറിക്ക് ചുറ്റും നോക്കിയ ഞാൻ അന്ധാളിച്ച് പോയി. 'ചൊവ്വാ ദൗത്യം' എന്നെ എത്തിച്ചത്... ചൊവ്വാഴ്ചയിൽ ആയിരുന്നോ?
"അതേ അമ്മേ, ചൊവ്വ തന്നെ. എഴുന്നേൽക്ക്, നേരം ഒൻപത് മണിയായി. അതെന്താ ചൊവ്വാഴ്ച ഓഫീസിൽ പോകണ്ടേ?"
ഇന്റർവ്യൂവിന് എന്നെ അനുഗമിച്ച മകൾ, പാത്രത്തിൽ വെള്ളവുമായി എന്നെ ഉണർത്തിക്കൊണ്ട് മുന്നിലൂടെ ചിരിച്ചുകൊണ്ട് നടന്നുപോയി. എന്റെ ചൊവ്വാ ദൗത്യം, ആ രാത്രി ഞാൻ കണ്ട ഒരു മനോഹരമായ പകൽസ്വപ്നം മാത്രമായിരുന്നു!

ലോക മിസൈൽ ശാസ്ത്രജ്ഞന്
എൻ്റെ ജന്മദിനാശംസകൾ



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group