
സംഗീത സാഗരത്തിന് സമാദരം:
യു. ജയൻ മാസ്റ്റർക്ക് ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരം
:ദിവാകരൻ ചോമ്പാല
ഉത്തര കേരളത്തിലെ കർണ്ണാടക സംഗീത ശാഖയിൽ ആറു പതിറ്റാണ്ടുകാ ലം സംഗീതസപര്യ ചെയ്ത ഗുരുനാഥനും സംഗീതജ്ഞനുമായ യു. ജയൻ മാസ്റ്റർക്ക് ദേശീയ പുരസ്കാര തിളക്കം.
കേന്ദ്ര ആസൂത്രണമന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ്.) ദേശീയ പുരസ്കാരമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.
തിരുവനന്തപുരത്ത് കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ്. ദേശീയ അധ്യക്ഷൻ ബി.എസ്. ബാലചന്ദ്രൻ അവാർഡ് നൽകി ആദരിച്ചു.
മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണത്തിനായി "ലോക് സേവക് സംഘ്" എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും മാർഗ്ഗനിർദ്ദേശത്തിൽ 1952 ഓഗസ്റ്റ് 12-നാണ് ഔദ്യോഗികമായി ആരംഭിച്ചത് .
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് ഈ പുരസ്കാരം നൽകുന്നത്
.നാല് തലമുറകൾക്ക് ഗുരുത്വം
72 വയസ്സുകാരനായ യു. ജയൻ മാസ്റ്റർ, 'ജപ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്ക്' എന്ന സംഗീത വിദ്യാലയത്തിന്റെ സ്ഥാപകനാണ്.
മടപ്പള്ളി, ലോകനാർകാവ്, മാഹി, പുന്നോൽ, കണ്ണൂക്കര എന്നിവിടങ്ങളിൽ വിദ്യാലയത്തിന് സംഗീത പഠന ശാഖകളുണ്ട്. നാല് തലമുറകൾക്കാണ് ഈ ഗുരുനാഥൻ സംഗീതത്തിന്റെ മധുരം പകർന്നുനൽകിയത്.
പത്താം വയസ്സിൽ നാരായണ സ്വാമിയിൽ നിന്ന് സംഗീതത്തിൽ ഹരിശ്രീ കുറിച്ച അദ്ദേഹം, പിന്നീട് വിഖ്യാത സംഗീതജ്ഞൻ തലശ്ശേരി ബാലൻ മാസ്റ്റരുടെ ശിക്ഷണത്തിൽ ഉപരിപഠനം പൂർത്തിയാക്കി. കല്ലാമല യു.പി. സ്കൂൾ, ഒഞ്ചിയം പ്രൈമറി സ്കൂൾ എന്നിവിടങ്ങളിൽ സംഗീതാധ്യാപകനായി സേവനമനുഷ്ഠിച്ചു.
അഞ്ഞൂറിലേറെ ഗാനങ്ങൾക്ക് ഈണം
2009-ൽ സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം മുഴുവൻ സമയവും സംഗീതസ പര്യയിൽ മുഴുകിയ മാസ്റ്റർ കേരളത്തിലുടനീളം നൂറുകണക്കിന് കച്ചേരികൾ അവതരിപ്പിച്ചു. സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രനൊപ്പമുള്ള അദ്ദേഹത്തിന്റെ കച്ചേരികൾ ഏറെ ജനപ്രീതി നേടി.
അഞ്ഞൂറിലേറെ ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്ന് റെക്കോർഡ് ചെയ്തിട്ടുണ്ട്.
ഇതിൽ നൂറോളം ഗാനങ്ങൾ ഭാവഗായകൻ പി. ജയചന്ദ്രനാണ് ആലപിച്ചത്. 1992-ൽ പുറത്തിറക്കിയ ലോകനാർകാവിലമ്മയുടെ സംഗീത കാസറ്റാണ് അദ്ദേഹത്തിന്റെ ആദ്യ സംരംഭം. പി. ലീല, മധു ബാലകൃഷ്ണൻ, സുജാത, കാഞ്ഞങ്ങാട് രാമചന്ദ്രൻ, സുദീപ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖ ഗായകർ അദ്ദേഹത്തിന്റെ ഈണങ്ങൾ ആലപിച്ചിട്ടുണ്ട്. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, കുഞ്ഞിരാമൻ മേമുണ്ട, നളിനാക്ഷൻ കണ്ണൂക്കര, മുകുന്ദൻ മടപ്പള്ളി തുടങ്ങിയ പ്രശസ്ത കവികളുടെ വരികൾക്കും അദ്ദേഹം സംഗീതം നൽകി.
സംഗീത സപര്യയുടെ അമ്പതാണ്ട് പൂർത്തിയാക്കിയ വേളയിൽ 50 ശിഷ്യർക്കൊപ്പം മൂകാംബികയിൽ നടത്തിയ 24 മണിക്കൂർ നീണ്ട സംഗീതസമർപ്പണം ശ്രദ്ധേയമായിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
അടുത്തിടെ വടകരയിൽ വെച്ച് ശിഷ്യരും പൗരാവലിയും നൽകിയ ആദര ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ബഹുമതി ഫലകം സമ്മാനിച്ചത്.

ഭാര്യ ശോഭ, മക്കളായ ജപജയൻ, വയലിനിസ്റ്റ് ലയ ജയൻ (ഗായിക) എന്നിവരാണ് അദ്ദേഹത്തിന്റെ കുടുംബം.

ബി.എസ്.എസ്. ദേശീയ അവാർഡ് ജേതാവ് പ്രമുഖ സംഗീതജ്ഞൻ യു ജയൻ മാസ്റ്റർക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ നൽകിയ വരവേൽപ്പ്





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group