പൂതപ്പാട്ടിന്റെ കവി :സത്യൻ മാടാക്കര.

പൂതപ്പാട്ടിന്റെ കവി :സത്യൻ മാടാക്കര.
പൂതപ്പാട്ടിന്റെ കവി :സത്യൻ മാടാക്കര.
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2025 Oct 14, 09:50 PM
apj

പൂതപ്പാട്ടിന്റെ കവി

:സത്യൻ മാടാക്കര.

സമകാലിക മലയാള ഭാവനയുടെ ആഢംബരങ്ങൾക്കു വഴങ്ങുന്നവയല്ല നാട്ടുമ്പുറത്തിന്റെ കവിതയായ ഇടശ്ശേരി ക്കവിതകൾ. പൊന്നാനിയുടെ ഉശിരും വീര്യവും നിറഞ്ഞ കൃഷിക്കാരന്റെ നിലത്തു നിന്നേ പുത്തൻ കലവും അരിവാളും എന്നൊരു കാവ്യം ഉരുത്തിരിഞ്ഞു വരൂ. കിളച്ച മണ്ണും പാടവും ഒരുക്കിയ നിലത്തിനേ പൂതപ്പാട്ടിന്റെ വള്ളുവനാടൻ താളത്തെ കേൾപ്പിക്കാനാവൂ. കവിതയുടെ ആഴത്തിൽ നിന്നുള്ള ഇടിമുഴക്കം തിരിച്ചറിഞ്ഞവർക്കേ പെങ്ങളുടെ നെഞ്ചിടിവും, നെല്ലുകുത്തുകാരി പാറുവിന്റെ ദൈന്യവും ഉൾക്കാഴ്ചയായി അനുഭവിക്കാനാവൂ. കവിതയിൽ കരുവാൻ തീർത്ത മടവാൾ ദുഷ്ടനെത്തേടി നടക്കുന്നു. അരിശം അടക്കിപ്പിടിക്കാനാവാതെ ഉള്ളിലെ സമരഭടൻ കയർക്കുന്നു. നവോന്ഥാനസാഹിത്യ ചരിത്രത്തിൽ നാട്ടുകൂട്ട ഇടപെടലിന്റെ സാരം തിരയുന്നവർ പോസ്റ്റ് കൊളോണിയൽ പരിസരത്ത് നാട്ടുകൂട്ട ചെറുത്തു നില്പുമായി നിന്ന കവിതയുടെ പങ്ക് തിരിച്ചറിയണം. കവികൾക്കറിയാം ഇടശ്ശേരി തന്ന ഭാഷയും വഴിയും. അതുകൊണ്ടാണ് മലയാളത്തിൽ ഇടശ്ശേരിയെക്കുറിച്ച് നിരവധി അനുസ്മരണ കവിതകൾ പിറവിയെടുത്തത്. ഇടശ്ശേരി ക്കവിതകളിലെ നാടോടി മുഖം, മാനുഷികത കണ്ടെടുത്തുള്ള സമരഗാഥ, ഗൃഹസ്ഥന്റെ വേവലാതി, ഗുമസ്തന്റെ നാടോടി ലോഹ്യം നന്മനിറഞ്ഞ് വെട്ടിത്തിളങ്ങുന്നു. പരുക്കൻ നിലവാരത്തിൽ നിന്ന് ഇടശ്ശേരി നേടിയെടുത്ത സമരബോധനം മനസ്സിൽ സൂക്ഷിക്കേണ്ട ജ്വാലാമുഖം തന്നെയാകുന്നു.

യുക്തിയുടെ ദാവാനാവാതെ കേരളീയ കർഷകന്റെ കണ്ണീരും കിനാവും തിരിച്ചറിഞ്ഞ് ഓരോ കവിതയും പൂർത്തിയാകുന്നു. മോഹ ജീവിതത്തിനപ്പുറം കയ്പും നാറാണത്ത് ഭ്രാന്തന്റെ ജീവിതവും അതാഗ്രഹിക്കുന്നു. ഭൂപരിഷ്കരണ ചർച്ചയ്ക്കൊപ്പം കോമനും, ഭൂമിയും ചർച്ച ചെയ്യപ്പെടാതെ പോയതിന്റെ പിന്നിലുള്ള വികാരത്തെക്കുറിച്ചു തർക്കിക്കാം. കുറ്റിപ്പുറം പാലം എന്ന കവിതയെക്കുറിച്ചുള്ള ഭാഷ്യം പരിഷ്ക്കാരം കടന്നു വരുമ്പോഴുള്ള വേവലാതിയെന്ന് പറയാം. പഴിചാരലിനപ്പുറം ജനാധിപത്യ സർഗ്ഗശേഷിയുടെ മാനവിക സമര ശക്തിയാണ് ഇട ശ്ശേരി പകർന്നു തന്നത്. പൊന്നാനി നാട് പശ്ചാത്തലമായി എന്നേയുള്ളൂ. അതിൽ മുഴങ്ങിയ ശബ്ദവും, കീഴാളരും കേരളത്തിന്റെ മൊത്തം അവകാശികളാണ്. പ്രകൃതിയിലൂടെ മനുഷ്യനെ കാണുന്നു. പറഞ്ഞതൊക്കെ ശരി, ഇത് കൂടിയെന്ന് പ്രതിരോധമുയർത്തുന്നു.ആ വിളിച്ചു പറയലിൽ ഒറ്റപ്പന പോലെ നിവർന്നെഴുന്നേറ്റത് പാവം പൊന്നാനിക്കാരന്റെ മനസ്സായിരുന്നു. അഭ്യന്തര സംഘർഷത്തിന് കീഴടങ്ങാത്ത മലയാളി സ്വത്വബോധമായിരുന്നു.

ആഖ്യാന ദൈർഘ്യം, പ്രഭാഷണ പരത, അപരിചിത പദങ്ങളുടെ ചേരുവ എന്നിവ ഇടശ്ശേരി ക്കവിതയിൽ ധാരാളമുണ്ടെന്ന് നിരൂപകർ വിലയിരുത്തുന്നു. അവരെല്ലാം കവിതയെ തീപ്പിടിച്ച അവസ്ഥയിലേക്ക് ഇടശ്ശേരി എത്തിച്ചത് എന്തേ വിസ്മരിക്കുന്നു !

ഉപഭോഗ സംസ്കാരവും വിപണിയും വിനിമയം നടത്തുന്ന ഇക്കാലത്ത് നവീന കവികളെ ഇടശ്ശേരി സ്വാധീനിക്കുന്നതിന്റെ കാരണം സ്തോഭജനകമായ ആഖ്യാനം തന്നെയാകുന്നു. പരുഷമായ നാടൻ പദങ്ങളുടെ ഊർജ്ജമറിഞ്ഞുള്ള പ്രയോഗം ഒരു തരം ഗോത്രവീര്യം രൂപപ്പെടുത്തുന്നു. കാല്പനികതയുടെ ഒഴുക്കിൽ നിന്ന് അനുഭവങ്ങളുടെ ആലയിലേക്കും കൊല്ലന്റെ പറമ്പിലെ മുയലിന്റെ ദൈന്യതയിലേക്കും കേരളീയ സംസ്കാരിക സദസ്സിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഇടശ്ശേരി. അദ്ദേഹം ദർശിച്ച മനുഷ്യന്റെ കുതിപ്പും നടപ്പും ഐക്യ കേരളത്തെ തൊട്ടുള്ള സാംസ്കാരിക വിശകലനം തന്നെയെന്ന് ഇന്നിപ്പോൾ പറയാം. സ്നേഹമായ്, മേലാപ്പായ്, ഹരിതമായ് നിറഞ്ഞ താളം ഈ ജനകീയ പ്രതിരോധ ശക്തിയുടെ വിശ്വാസ പ്രമാണം ആകുന്നു. അദ്ദേഹത്തിന്റെ ജനകീയ ഇച്ഛ ഏറ്റുവാങ്ങുമ്പോൾ ഉള്ള് നിറയുന്നു.

എന്നാലും ഇടശ്ശേരിയുടെ താക്കീത് ഉയരുന്നു.

"ഉയരുമീ ഗൃഹം നടന്നു കാണുമ്പോൾ

ചിരിച്ചു കൊള്ളാം കയർത്തു കൊള്ളാം

എനിക്കിതേ വേണ്ടൂ പറഞ്ഞു പോകരു

തിതു മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം "

( പുരപ്പണി, കാവിലെ പാട്ട്)

അളകാവലി, കറുത്ത ചെട്ടിച്ചികൾ, പുത്തൻ കലവും അരിവാളും, കാവിലെ പാട്ട്, ഒരുപിടി നെല്ലിക്ക, മുതലായവയാണ് പ്രധാന കൃതികൾ. 1988 ൽ ഇടശ്ശേരിയുടെ കവിതകൾ എന്ന പേരിൽ സമ്പൂർണ്ണ സമാഹാരം ഇറങ്ങി. കൂട്ടുകൃഷി എന്ന നാടകം ഇടശ്ശേരിയുടെ പ്രശസ്ത കൃതികളിൽ ഒന്നാണ്. ഒരു പിടി നെല്ലിക്ക കേരള സാഹിത്യ അക്കാദമിയുടെയും കാവിലെ പാട്ട് കേന്ദ്ര സാഹിത്യ അക്കാദമിയുടെയും പുരസ്കാരത്തിന്നർഹമായി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ചൊവ്വയിലേക്കൊരുയാത്ര :ഷർമ്മിള. പി
THARANI