കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ വിദ്യാരംഭം:

കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ വിദ്യാരംഭം:
കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ വിദ്യാരംഭം:
Share  
2025 Oct 06, 09:10 PM

കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ വിദ്യാരംഭം: 

അന്ധകാരത്തെ നീക്കി അറിവിന്റെ ആദ്യാക്ഷരം കുഞ്ഞുങ്ങളിലേക്ക് പകർന്നു വെളിച്ചത്തിലേക്ക് നയിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. നവരാത്രി ആഘോഷങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് വിജയദശമി ദിനത്തിൽ കേരളത്തിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ എന്നപോലെ, ഭക്തിയുടെയും ഐതിഹ്യത്തിന്റെയും വിളനിലമായ തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങ് അതീവ പ്രൗഢിയോടെ നടന്നു. വിദ്യയുടെ ദേവതയായ സരസ്വതീദേവിയുടെ അനുഗ്രഹം തേടി നാന്നൂറിൽ പരം കുരുന്നുകളാണ് ഈ പുണ്യകർമ്മത്തിനായി ക്ഷേത്രസന്നിധിയിൽ ഇന്ന് അണിനിരന്നത്.



nava7

വിദ്യാരംഭത്തിന്റെ പ്രാധാന്യവും പശ്ചാത്തലവും


വിദ്യാരംഭം എന്നത് ഒരു കുട്ടിയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്ന പുരാതനമായ ഒരു ഹൈന്ദവ ആചാരമാണ്. സാധാരണയായി രണ്ടരയ്ക്കും നാല് വയസ്സിനും ഇടയിലുള്ള കുട്ടികൾക്കാണ് ഈ ചടങ്ങ് നടത്താറ്.


   നവരാത്രിയുടെ ഒൻപത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും പൂജകൾക്കും ശേഷം വരുന്ന വിജയദശമി ദിനം, അസുരശക്തിക്ക് മേൽ ദേവീശക്തി നേടിയ വിജയത്തെയാണ് സൂചിപ്പിക്കുന്നത്. ഈ പുണ്യദിനത്തിൽ വിദ്യാരംഭം കുറിക്കുന്നത്, കുട്ടികൾക്ക് വിദ്യയും ജ്ഞാനവും നേടാനുള്ള യാത്രയിൽ ദേവിയുടെ സർവ്വവിധ അനുഗ്രഹങ്ങളും ലഭിക്കാൻ കാരണമാകുമെന്നാണ് വിശ്വാസം. ദുർഗ്ഗാദേവിയുടെ അനുഗ്രഹവും ലക്ഷ്മിദേവിയുടെ ഐശ്വര്യവും സരസ്വതീദേവിയുടെ ജ്ഞാനവും ഒരുമിച്ചു ചേരുന്ന മംഗളമുഹൂർത്തമാണ് വിദ്യാരംഭം.


  ഗുരുക്കന്മാരോ മാതാപിതാക്കളോ കുട്ടികളെ മടിയിലിരുത്തി അവരുടെ ചൂണ്ടുവിരൽ പിടിച്ച് "ഹരി ശ്രീ ഗണപതയെ നമഃ" എന്ന് അരിയിലും സ്വർണ്ണ നാരായം കൊണ്ട് നാവിൻ തുമ്പിലും കുറിക്കുന്നതാണ് പ്രധാന ചടങ്ങ്. ഇത് കുട്ടിയുടെ മനസ്സിൽ അറിവിനോടുള്ള ആദരവ് ഉറപ്പിക്കുന്നു. തുടർന്ന് പൂഴിമണലിൽ എഴുതുന്നത് അക്ഷരങ്ങൾ വിരൽത്തുമ്പിൽ ഉറയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു.



nava5

 കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, ഒരേ ദേവീസങ്കല്പത്തെ മൂന്ന് ഭാവങ്ങളിൽ (ശ്രീ ചാമുണ്ഡിയമ്മ, രക്ത ചാമുണ്ഡി, ബാല ചാമുണ്ഡി) ആരാധിക്കുന്ന അപൂർവ്വ ക്ഷേത്രമാണ്. വിദ്യയുടെയും സൗമ്യമായ ഭാവത്തിന്റെയും ദേവതയായി സങ്കൽപ്പിക്കപ്പെടുന്ന ബാല ചാമുണ്ഡിയുടെ സാന്നിധ്യം ഇവിടെയുള്ളതിനാൽ, വിദ്യാരംഭ ചടങ്ങിന് ഈ ക്ഷേത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.


 

nava4

വിജയദശമി ദിനത്തിൽ അതിരാവിലെ മുതൽ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കാനെത്തിയ കുരുന്നുകളാൽ തിങ്ങിനിറഞ്ഞിരുന്നു. സരസ്വതീ മണ്ഡപത്തിൽ മേൽശാന്തി കൃഷ്ണേരു മഹേഷ് നമ്പൂതിരി, പ്രധാന കീഴ്ശാന്തി എ ജയരാജൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം, വിദ്യാരംഭത്തിന് നേതൃത്വം നൽകാൻ പ്രശസ്ത കവി മധുസൂദനൻ നായർ, മുൻ കേരള ഹൈ കോടതി ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, കൊള്ളാം നിലമേൽ എൻഎസ്എസ് കോളജ് പ്രിൻസിപ്പൾ ഡോക്ടർ എസ് ജയദേവ്, കേരള സർവകലാശാല മലയാളം പ്രൊഫസർ ഡോക്ടർ പി വേണുഗോപാലൻ, കേരള യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ ശാസ്ത്ര പ്രൊഫസറും സംഗീതജ്ഞനും ആയ ഡോക്ടർ അച്ചുത് ശങ്കർ എസ് നായർ, നീറമൺകര എൻഎസ്എസ് വനിത കോളജ് മലയാളം വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ലക്ഷ്മീ ദാസ്, സരസ്വതി ഗ്രൂപ്പ് ഓഫ് ഇനിസ്റ്റിട്ടുട്ട്സ് ചെയർ പേഴ്സൺ ഡോക്ടർ ദേവി മോഹൻ, സഫയർ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ സുനിൽ കുമാർ, ക്ഷേത്രം ശാന്തിമാരും അണിനിരന്നു.

  കുട്ടികളുടെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ടി ഭക്തർ എത്തിച്ചേരുന്ന കറിക്കകം ചാമുണ്ഡി നടയിലെ അനുഗ്രഹം വിദ്യാരംഭം കുറിക്കുന്ന ഈ ദിനത്തിൽ ഇരട്ടിയായി ഭക്തർക്ക് ലഭിക്കുന്നു എന്നാണ് വിശ്വാസം. പുതിയ അറിവ് നേടുന്ന കുഞ്ഞുങ്ങൾ, വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കരിക്കകത്തമ്മയുടെ ശക്തിയുടെയും വാത്സല്യത്തിന്റെയും തണലിൽ വളരുമെന്ന ഉറപ്പാണ് ഓരോ മാതാപിതാവിനും ഈ ചടങ്ങ് നൽകുന്നത്.


   പുരാതന കാലം മുതൽ തിരുവിതാംകൂർ രാജഭരണത്തിൽ നീതിനിർവ്വഹണ ക്ഷേത്രമായി പ്രശസ്തമായ കരിക്കകം ക്ഷേത്രം, വിശ്വാസപരമായി ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. വേദശാസ്ത്ര വിജ്ഞാനിയായ ഒരു ബ്രാഹ്മണാചാര്യന്റെ ഉപാസനാമൂർത്തിയായിരുന്ന ദേവി, പിന്നീട് ഒരു ബാലികാരൂപത്തിൽ യോഗിവര്യന്റെ കൂടെയെത്തി കരിക്കകം ക്ഷേത്രസ്ഥാനത്ത് കുടികൊണ്ടുവെന്നാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിലെ ബാലികാരൂപം, വിദ്യാർത്ഥിനികൾക്കും ബാലകർക്കും വിദ്യ ചൊല്ലിക്കൊടുക്കുന്ന ബാല ചാമുണ്ഡിയുടെ സങ്കല്പത്തിന് ശക്തി പകരുന്നു.


പുരാണങ്ങളിലെ ദേവീ മാഹാത്മ്യപ്രകാരം, ശുംഭൻ, നിശുംഭൻ എന്നീ അസുരന്മാരെ വധിക്കാൻ ചണ്ഡികാദേവിയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച ചാമുണ്ഡാദേവിയാണ് മുഖ്യ പ്രതിഷ്ഠ. വിദ്യാദേവതയായ സരസ്വതീദേവിയുടെയും ലക്ഷ്മിദേവിയുടെയും ഭാവങ്ങൾ ഈ ഭഗവതിയിൽ സങ്കൽപ്പിക്കപ്പെടുന്നു.

 

nav2

 മറ്റു ക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും വിവിധ കലകളുടെ പഠനത്തിനുമായി ശ്രീ ചാമുണ്ഡി വിദ്യാപീഠം എന്നൊരു പള്ളികൂടവും, ശ്രീ ചാമുണ്ഡി കലാപീഠം എന്നൊരു കലാ പഠന കേന്ദ്രവും പ്രവർത്തിച്ചുവരുന്നു. ശ്രീ ചാമുണ്ഡി കലപീഠത്തിൽ തബല വയലൻസ് വയ്പാട്ട്, ചിത്ര രചന, ചെണ്ട, നൃത്തം എന്നീ കലകളുടെ വിദ്യാരംഭവും നടന്നു.  

  ജ്ഞാനമാകുന്ന വെളിച്ചം സ്വജീവിതത്തിലേക്ക് സ്വീകരിച്ച്, പുതിയൊരു ലോകത്തേക്ക് കാലെടുത്തുവെക്കുന്ന കുരുന്നുകൾക്ക് കരിക്കകത്തമ്മയുടെ അനുഗ്രഹം ഒരു മുതൽക്കൂട്ടായിരിക്കും. വിദ്യാരംഭത്തിലൂടെ അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ച ഈ കുട്ടികൾ, രാജ്യത്തിന്റെ ഭാവി ശോഭനമാക്കുമെന്ന പ്രത്യാശ നൽകിക്കൊണ്ടാണ് ഈ വർഷത്തെ വിജയദശമി ചടങ്ങുകൾ സമാപിച്ചത്. 


:ബിജു കാരക്കോണം


kadarthanadan
mannan-manorama-shibin
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം കലകൾ കാലത്തെ നവീകരിക്കും: പ്രൊഫ. കെ.ഇ.എൻ.
THARANI