
പനോളിത്തറവാട്; ജ്ഞാനത്തിൻ്റെയും സ്നേഹത്തിൻ്റെയും താളിയോലകൾ
: ശർമിള .പി
വാക്ദേവി വന്ദനം വാണിദേവി വന്ദനം
വിദ്യാദേവി വന്ദനം വീണാധാരി വന്ദനം
പൂജാമുറിയിലെ ഗ്രന്ഥപ്പെട്ടി, ഒരു യുഗത്തിൻ്റെ ജ്ഞാനസഞ്ചയം നെഞ്ചിലേറ്റിയ പേടകം പോലെ, വർഷത്തിലൊരിക്കൽ മാത്രം തുറക്കപ്പെടുന്നു. അമൂല്യങ്ങളായ ആയുർവേദ ഗ്രന്ഥങ്ങൾ, ഒപ്പം രാമായണവും മഹാഭാരതവും - ഇവയെല്ലാം താളിയോലകളിൽ, പഴമലയാളത്തിലെ വട്ടെഴുത്തിൽ, എന്നാൽ ഭാഷയാകട്ടെ പൂർണ്ണമായും സംസ്‌കൃതം. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ പോലുമില്ലാത്ത അത്യപൂർവ്വ ഗ്രന്ഥങ്ങൾ!
കൃത്യ സമയം നോക്കി, മുഹൂർത്തം കണ്ട് ഗ്രന്ഥം വെച്ച്, സരസ്വതീധന്വന്തരിമാരെ ആരാധിച്ച് തുടങ്ങുന്ന ആ പൂജ. രാത്രിയിലും, പിറ്റേന്ന് വിദ്യാരംഭ മുഹൂർത്തത്തിന് തൊട്ടുമുമ്പുമായി മൂന്ന് പൂജകൾ. "ഹരിശ്രീ ഗണപതയെ നമഃ" എന്ന മന്ത്രധ്വനിയോടെ വിദ്യാരംഭം കുറിക്കുമ്പോൾ, ഒരു ഗ്രന്ഥം പുറത്തെടുത്ത് ചരടുകളഴിച്ച്, നാലുവരി വായന. അതൊരു ആചാരമല്ല, ആ പാരമ്പര്യത്തോടുള്ള ആദരവാണ്. തുടർന്ന്, അരിയും പൂവുമിട്ട് തൊഴുത്, അകന്നുപോയ താവഴികളിലെല്ലാം പിറന്നവർ കുടുംബൈക്യത്തോടെ ഈ ജ്ഞാനപൂജയിൽ പങ്കുചേരും.
പൂജ കഴിഞ്ഞാൽ, ആ ഗ്രന്ഥങ്ങളെല്ലാം നല്ല വെയിലിൽ ഉണങ്ങാനിടും. ഒരാൾ അന്നത്തെ ദിവസം മുഴുവൻ അതിന് കാവലായി നിൽക്കും - ജ്ഞാനത്തെ കാക്കുന്ന യോദ്ധാവിനെപ്പോലെ.
പ്രണയത്തിൻ്റെ അഗ്നിയിൽ ഉദിച്ച പാരമ്പര്യം
ഈ തറവാടിൻ്റെ ഐതിഹ്യം ഒരു കാലഘട്ടത്തിൻ്റെ സാമൂഹിക വിപ്ലവം കൂടിയാണ്. ഞങ്ങൾ വലിയ മുത്തപ്പൻ എന്ന് വിളിച്ചിരുന്ന കാരണവർ, കോരപ്പുഴക്കപ്പുറമുള്ള നമ്പൂതിരി ഇല്ലത്തെ സന്തതിയായിരുന്നു. ജാതിമതിലുകൾ തകർത്തുകൊണ്ട് ഒരു തീയ്യ യുവാവിനെ പ്രണയിച്ച സ്വന്തം സഹോദരി, ആ അന്തർജ്ജനം, ബ്രാഹ്മണസമൂഹത്താൽ പടിയടച്ച് പിണ്ഡം വെക്കപ്പെട്ടപ്പോഴും, സ്നേഹബന്ധത്തിനുവേണ്ടി നാടും വീടും ഉപേക്ഷിച്ച സഹോദരിക്ക് താങ്ങായി, തണലായി, അദ്ദേഹം കൂടെ വന്നു.
തലശ്ശേരി ചേറ്റംകുന്നിൽ നാലുകെട്ടും പടിപ്പുരയുമുള്ള വലിയൊരു വീട് പണിത്, സഹോദരിക്ക് മാന്യമായ ജീവിതം നൽകി. ആയുർവേദത്തിലും മാന്ത്രിക വിദ്യയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ആ തിരുമേനി, മരുമക്കളെ വിദ്യ അഭ്യസിപ്പിച്ച് പേരുകേട്ട വൈദ്യന്മാരാക്കി.
തൻ്റെ ജീവിതം മരുമക്കൾക്കുവേണ്ടി സമർപ്പിച്ച വലിയ മുത്തപ്പൻ, വേളി കഴിക്കാതെ ബ്രഹ്മചര്യം പാലിച്ചു. മരണസമയത്ത് ഒരേയൊരപേക്ഷ മാത്രം: മാന്ത്രിക ഗ്രന്ഥങ്ങൾ തൻ്റെ ചിതയിൽ വെക്കണം. ആരും അതുകൊണ്ട് ദോഷകർമ്മങ്ങൾ ചെയ്യാനിടവരരുത് എന്ന ദീർഘവീക്ഷണം! ഞങ്ങൾക്ക് അദ്ദേഹം നൽകിയത് ഗ്രന്ഥങ്ങൾ മാത്രമല്ല, ആയുർവേദത്തിൻ്റെ പാരമ്പര്യവും, സ്നേഹത്തിൻ്റെ മഹത്തായ പാഠവുമാണ്.
പാരമ്പര്യത്തിൻ്റെ അടയാളങ്ങൾ
തലമുറകളായി വൈദ്യവിജ്ഞാനത്തിൻ്റെ വിളക്ക് കെടാതെ സൂക്ഷിച്ച ഈ കുടുംബത്തിലേക്ക് ലക്ഷദ്വീപിൽ നിന്നുപോലും ചികിത്സ തേടി ആളുകളെത്തിയിരുന്നു എന്നതിന്, ഇന്നും വീട്ടിലുള്ള പാടച്ചക്കര ഭരണികൾ സാക്ഷ്യം വഹിക്കുന്നു.
ജാതിയുടെ അതിർവരമ്പുകൾ മായ്ച്ച ചരിത്രമുണ്ടെങ്കിലും, ഇന്നും തറവാട്ടിൽ ബ്രാഹ്മണകർമ്മങ്ങൾ തന്നെ അനുഷ്ഠിക്കുന്നു. മരണാനന്തര കർമ്മങ്ങൾ ബലികർമ്മത്തിൽ മാത്രം ഒതുങ്ങുന്നു; നാൽപ്പത്തൊന്നോ, ശ്രാദ്ധമോ ഇല്ല. മുൻഗാമികൾ പിൻതലമുറക്കുവേണ്ടി എല്ലാം ചെയ്തുവെച്ചിരിക്കുന്നു.
ഇന്ന് ആ പൈതൃകത്തിൻ്റെ ബാക്കിപത്രമായി അവശേഷിക്കുന്നത് - വീരവാദം പറയാൻ മാത്രമുള്ള കുടുംബ മാഹാത്മ്യം, തകർന്നടിഞ്ഞ നാലുകെട്ടിൻ്റെ അവശിഷ്ടങ്ങൾ, ആ ഗ്രന്ഥങ്ങൾ, മരുന്നുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ഉരുളികളും ഭരണികളും, പിന്നെ എൻ്റെ പേരിനൊപ്പം ചേർത്തു വെച്ച പനോളി ഇല്ലത്തിൻ്റെ ഓർമ്മപ്പെടുത്തലായ 'P' എന്ന ഒറ്റ അക്ഷരവും.
ഈ ഗ്രന്ഥങ്ങളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നത്, സ്നേഹത്തിനുവേണ്ടി നഷ്ടപ്പെടുത്തിയ ആ ഇല്ലപ്പേരിൻ്റെയും, ധന്വന്തരീദേവിയുടെയും സരസ്വതീദേവിയുടെയും കടാക്ഷത്തിൻ്റെയും അടയാളമാണ്.






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group