
പിറവം : ആവേശോജ്ജ്വലമായ പിറവം വള്ളംകളി മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാംസ്ഥാനം നേടി. സിബിഎൽ ട്രോഫിക്ക് പുറമേ മുൻ മുഖ്യമന്ത്രിമാരായ ഇഎംഎസ്, കെ. കരുണാകരൻ, മന്ത്രി ടി.എം. ജേക്കബ് എന്നിവരുടെ സ്‌മരണയിലുള്ള റോളിങ് ട്രോഫികളും അഞ്ചുലക്ഷം രൂപയും വീയപുരം സ്വന്തമാക്കി. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ രണ്ടാംസ്ഥാനത്തായി. പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടനാണ് മൂന്നാംസ്ഥാനത്ത്.
വീയപുരം മൂന്നുമിനിറ്റ് 35 സെക്കൻഡ് 331 മൈക്രോ സെക്കൻഡുകളെടുത്ത് ഫിനിഷിങ് പോയിൻ്റ് സ്‌പർശിച്ചപ്പോൾ തൊട്ടുപിന്നാലെവന്ന മേൽപ്പാടം മൂന്നുമിനിറ്റ് 35 സെക്കൻഡ് 495 മൈക്രോ സെക്കൻഡെടുത്തു. മൂന്നാംസ്ഥാനക്കാരായ നടുഭാഗം മൂന്നുമിനിറ്റ് 36 സെക്കൻഡ് 773 മൈക്രോ സെക്കൻഡുകളെടുത്തു.
രണ്ടാംസ്ഥാനംകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്ന മേൽപ്പാടന് സിബിഎൽ ട്രോഫിയും മൂന്നുലക്ഷം രൂപയുമാണ് സമ്മാനം. വിനോദസഞ്ചാരവകുപ്പിന്റെ അഞ്ചാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൻ്റെ നാലാമത്തെ മത്സരമാണ് പിറവത്ത് മൂവാറ്റുപുഴയാറിന്റെ നടന്നത്.
സിബിഎൽ മത്സരങ്ങളോടനുബന്ധിച്ചുനടന്ന മൂന്ന് ബി. ഗ്രേഡ് ഇരുട്ടുകുത്തി വള്ളങ്ങൾ മാറ്റുരച്ച പ്രാദേശിക വള്ളം കളിയിൽ പിറവം ആർ.കെ. ടീം ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ ഒന്നാംസ്ഥാനം നേടി ഉമാദേവി അന്തർജനം സ്മാരക റോളിങ് ട്രോഫി സ്വന്തമാക്കി. പിറവം ബോട്ട് ക്ലബ്ബിൻ്റെ സെയ്റ്റ് സെബാസ്റ്റ്യനാണ് രണ്ടാം സ്ഥാനത്ത്.
മന്ത്രി കെ. രാജൻ ഓൺലൈനിൽ വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്‌തു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദേശം നൽകി. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. ജില്ലാ കളക്‌ടർ ജി. പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തി, നടൻ ലാലു അലക്‌സ് തുഴ കൈമാറി.
മുൻ എംഎൽഎ എം.ജെ. ജേക്കബ്, നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബു, ഉപാധ്യക്ഷൻ കെ.പി. സലിം, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ പി. ഗിരീഷ്‌കുമാർ, സംഘാടകസമിതി ട്രഷറർ പി.കെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. സമാപനച്ചടങ്ങിൽ അനൂപ് ജേക്കബ് എംഎൽഎയും നഗരസഭാധ്യക്ഷ അഡ്വ. ജൂലി സാബുവും ഉപാധ്യക്ഷൻ കെ.പി. സലിമും ചേർന്ന് വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫിയും സമ്മാനിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group