
ഡോക്ടർ കെ .കെ .എൻ .കുറുപ്പിൻറെ മുഖ്യകാർമ്മികത്വത്തിൽ പൂമാലികയിൽ എഴുത്തിനിരുത്തൽ കർമ്മം നടന്നു
ചോമ്പാല "ചോമ്പാലക്കടുത്ത കോവുക്കൽ കടവിലെ മഹാകവി കുട്ടമത്ത് പൈതൃകകേന്ദ്ര ( പൂമാലികയിൽ ) ഡോക്ടർ.കെ.കെ.എൻ.കുറുപ്പിൻ്റെ നേതൃത്വത്തിൽ ഭാര്യ റിട്ട .പ്രൊഫസർ മാലിനി കുറുപ്പ് , കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ കൂട്ടായ്മയിൽ വിപുലമായ നിലയിൽ നവരാത്രി ആഘോഷവും വിദ്യാരംഭം ചടങ്ങുകളും സംഗീതാർച്ചനയും നടന്നു .
കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്ര ഗവേഷകനും കുട്ടമത്ത് തറവാട്ടിലെ ഇളം തലമുറക്കാരനുമായ ഡോ .കെ.കെ.എൻ .കുറുപ്പ് 'പൂമാലിക 'യിൽ സജ്ജമാക്കിയ നവരാത്രി മണ്ഡപത്തിൽ നിരവധി കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരം കുറിച്ചു.
ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ഗുരുവും വാസ്തു ഭാരതി വേദിക്ക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോക്ടർ നിശാന്ത് തോപ്പിൽ ചടങ്ങിൽ വിശിഷ്ടാതിഥിയായി നവരാത്രി പൂജയ്ക്ക് നേതൃത്വം നൽകി.
നാട്ടുകാരനും പ്രമുഖ അഭിഭാഷകനുമായ അഡ്വ .സന്തോഷ് എ .എം ചടങ്ങിൽ അധ്യക്ഷത വഹിച്ചു .
ചലച്ചിത്ര പിന്നണി ഗായിക ജീനാ മേരി സുനിത്ത് ,പ്രൊഫ .മാലിനിക്കുറുപ്പ് ,എഴുത്തുകാരി ശ്രീമതി രാജലക്ഷ്മി, ജേർണലിസ്റ്റ് ഹർഷിത. എച്ച് എന്നിവർ സരസ്വതി മണ്ഡപത്തിൽ ഗാനാർച്ചന നടത്തി .
ഗ്രന്ഥകാരനും പ്രൊഫസറുമായ ഇ .ഇസ്മയിൽ ഡോക്ടർ കെ .കെ. എൻ കുറുപ്പിനെയും ഭാര്യ പ്രൊഫ .റിട്ട .മാലിനി കുറുപ്പിനെയും പൊന്നാടയണിയിച്ചു .
കുട്ടമത്ത് തറവാട്ടിലെ മുതിർന്ന അംഗം ശ്രീമതി .തങ്കമണി അമ്മയെ അഡ്വ .സന്തോഷ് .എ എം .പൊന്നാടയണിയിച്ചു .
ചലച്ചിത്ര പിന്നണി ഗായികയും എം എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറൂം ചോമ്പാലക്കാരിയുമായ ജീനാ മേരി സുനിത്ത് ,കലാകാരിയും ജേർണ ലിസ്റ്റുമായ ഹർഷിദ .എച്ച് ,നൃത്ത കലാകാരൻ ജഗത് നാരായൺ, നൃത്ത കലാകാരി ജാൻകി നാരായൺ .എഴുത്തുകാരി ശ്രീമതി. രാജലക്ഷ്മി ,മികച്ച വനിതാ സംരംഭക ശ്രീമതി.ഐഷാറുബി, ഡോ. അഞ്ജന കുട്ടമത്ത് എന്നിവരെയും ചടങ്ങിൽ 'പൂമാലിക 'കീർത്തിപത്രവും ക്യാഷ്അവാർഡും നൽകി ആദരിച്ചു.
നവരാത്രിയുടെ മാഹാത്മ്യത്തെക്കുറിച്ച് ഡോക്ടർ നിശാന്ത് തോപ്പിൽ ആത്മീയ പ്രഭാഷണം നടത്തി .ചടങ്ങിനുശേഷം അന്നദാനവും മധുരോപഹാരങ്ങളൂം നൽകി
രാജ്യാന്തര യോഗ പരിശീലകനും കുട്ടമത്ത് കുടുംബാംഗവുമായ ശ്രീ. ഉണ്ണികൃഷ്ണൻ ,ഗോപകുമാർ കോവുക്കൽ .അപർണ , അഡ്വ: ലസിത ,
ഗീതാസുധാകരൻ കല്ലാക്കോവിലകത്ത് ,ദാമോദരൻ കടുവാനം. ഭരതൻ ചാപ്പയിൽ ,പുനത്തിൽ ബാബു തുടങ്ങി തറവാടിന് അകത്തും പുറത്തുമുള്ള നിരവധി പേർ ചടങ്ങിനെ ധന്യമാക്കി .
സത്യൻ മാടാക്കര , ദിവാകരൻ ചോമ്പാല തുടങ്ങിയവർ ചടങ്ങിൽ ആശംസകളും കൃതജ്ഞതയും അർപ്പിച്ചു

ഡോക്ടർ കെ .കെ .എൻ .കുറുപ്പിൻറെ മുഖ്യകാർമ്മികത്വത്തിൽ പൂമാലികയിൽ നവരാത്രി ആഘോഷവും എഴുത്തിനിരുത്തൽ കർമ്മവും നടന്നു.നവരാത്രി ആഘോഷത്തിൽ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്തു ,
നൂറോളം ചിത്രങ്ങൾ ......
ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജുകൾ മറിച്ചുകണ്ടാലും .
https://online.fliphtml5.com/wzbyl/buvs/#p=1

ചോമ്പാലയിലെ കുട്ടമത്ത് പൈതൃകം:
വിസ്മൃതിയിൽനിന്ന് വീണ്ടെടുക്കുന്ന സാംസ്കാരിക ചരിത്രം
:ദിവാകരൻ ചോമ്പാല
ചരിത്രത്തിലെ വിടവുകൾ നികത്തൽ
ചരിത്രത്തിൻ്റെ താളുകളിൽനിന്ന് പല വ്യക്തിത്വങ്ങളും സ്ഥാപനങ്ങളും വിസ്മരിക്കപ്പെടുന്നത് സ്വാഭാവികമാണ്.
എന്നാൽ, കേരളത്തിൻ്റെ സാംസ്കാരിക, വൈദ്യ, സാഹിത്യ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കുടുംബത്തിൻ്റെ പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമം ഏറെ പ്രസക്തമാണ്.
ചോമ്പാലയിലെ കുട്ടമത്ത് സാംസ്കാരിക പൈതൃക കേന്ദ്രം എന്ന ആശയം അത്തരമൊരു വീണ്ടെടുപ്പിനാണ് വഴിതുറക്കുന്നത്.
പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് ഈ തറവാട്ടുപെരുമയിലെ ഇളംതലമുറക്കാരനാണ് എന്നത് ഈ സംരംഭത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
കുട്ടമത്ത് കുടുംബത്തിൻ്റെ ഉത്ഭവവും പ്രയാണവും
ഏകദേശം 200 വർഷങ്ങൾക്ക് മുമ്പ്, മയ്യഴിപ്പുഴയുടെ തീരത്തുള്ള കല്ലാമല കോവുക്കൽകടവ് എന്ന സ്ഥലത്തായിരുന്നു ഈ പ്രമുഖ കുടുംബത്തിൻ്റെ ആദ്യത്തെ ആസ്ഥാനം.
എങ്കിലും,ചരിത്രത്തിലെ നിർണ്ണായകമായ രാഷ്ട്രീയമാറ്റങ്ങൾ ഇവരുടെ ജീവിതഗതി മാറ്റിമറിച്ചു.
പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ, ഹൈദരാലിയുടെ ആക്രമണം ഭയന്ന് കുടുംബം ലോകനാർ കാവിൽനിന്ന് പലായനം ചെയ്യുകയും ചെർവ്വത്തൂരിലെ കൃഷ്ണ ഭദ്രം എന്ന സ്ഥലത്ത് എത്തിച്ചേരുകയും ചെയ്തു. പിന്നീട് ഈ വാസസ്ഥലം പിന്നീട് കുട്ടമത്ത് എന്ന് അറിയപ്പെടാൻ തുടങ്ങി.
കുംഭ, അവരുടെ ഭർത്താവായ അടുവാട്ട് വാരിയർ (പ്രസിദ്ധമായ കോട്ടക്കൽ വൈദ്യ കുടുംബാംഗം), സഹോദരൻ ചന്തുക്കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടമത്ത് കുടുംബം ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടത്. ഇവരുടെ മരുമകനായ ചിണ്ടക്കുറുപ്പ് വഴി, 1760–90 കാലഘട്ടത്തിൽ ഈ കുടുംബം പ്രശസ്തിയിലേക്ക് ഉയർന്നു.
അധികാരം, സമ്പത്ത്, വൈജ്ഞാനിക പാരമ്പര്യം
കുട്ടമത്ത് കുടുംബത്തിൻ്റെ ചരിത്രം കേവലം ഒരു തറവാടിൻ്റെ കഥയല്ല, മറിച്ച് അന്നത്തെ രാഷ്ട്രീയ-സാമൂഹിക അധികാര കേന്ദ്രങ്ങളുമായുള്ള അതിൻ്റെ ബന്ധത്തെക്കൂടി അടയാളപ്പെടുത്തുന്നു.
ഭരണ കേന്ദ്രങ്ങളിലെ സ്വാധീനം
സ്ഥാപകാംഗങ്ങളിൽ പ്രധാനിയായ ചിണ്ടക്കുറുപ്പ്, ടിപ്പു സുൽത്താൻ്റെ ഭരണകാലത്ത് താഴക്കാട്ട് മന ഭരണ കേന്ദ്രത്തിൽ ആമീൽദാർ (വരുമാനം പിരിക്കുന്ന ഉദ്യോഗസ്ഥൻ) എന്ന സുപ്രധാന പദവി വഹിച്ചിരുന്നു. ടിപ്പുവിന്റെ പതനത്തിനുശേഷവും ഇദ്ദേഹം സ്വാധീനം നിലനിർത്തി. 1800-ൽ ബ്രിട്ടീഷ് കമ്പനി കമ്മീഷണറായ തോമസ് മൺറോവിൽ നിന്ന് അദ്ദേഹം ധാരാളം ഭൂസ്വത്തുക്കൾ കരസ്ഥമാക്കുകയും ചെയ്തു.
വിജ്ഞാനത്തിൻ്റെ വെളിച്ചം
അധികാരത്തിനും സമ്പത്തിനും ഒപ്പം വിജ്ഞാനത്തിനും ഈ കുടുംബം പ്രാധാന്യം നൽകി.
മാധവ ഗണിതത്തിലും ജ്യോതിഷത്തിലും പണ്ഡിതനായിരുന്ന കടത്തനാട്ട് ഒഞ്ചിയം ശങ്കരവർമ്മരാജ ഈ കുടുംബവുമായി വിവാഹബന്ധത്തിലൂടെ ചേർന്നു.
ശങ്കരവർമ്മരാജയുടെ മകനായ കുഞ്ഞുണ്ണിക്കുറുപ്പ് പ്രശസ്ത കവിയായിരുന്നു. അദ്ദേഹം സംസ്കൃതത്തിൽ മനോഹരമായ മൂകാംബികഭക്തി കാവ്യങ്ങൾ രചിച്ച് പ്രശോഭിച്ചു. വിജയദശമി ദിനത്തിലാണ് കുഞ്ഞുണ്ണിക്കുറുപ്പ് ജനിച്ചതെന്ന് ഡോ. കെ.കെ.എൻ. കുറുപ്പ് സംഭാഷണത്തിനിടയിൽ കൂട്ടിച്ചേർത്തു.
യാത്രാസൗകര്യത്തിനായി തമ്പുരാക്കന്മാർ കോവുക്കൽകടവിൽ ചില പറമ്പുകളും എട്ടുകെട്ട് വീടുകളും പണികഴിപ്പിച്ചു. ഈ പാരമ്പര്യം ചെർവ്വത്തൂരിലും അഴിയൂർ കോവുക്കൽ തറവാട്ടുഭവനത്തിലുമായി നിലനിന്നു.
മഹാകവിപ്പട്ടവും ആധുനിക ബന്ധങ്ങളും
ഇരുപതാം നൂറ്റാണ്ടിലും കുട്ടമത്ത് കുടുംബത്തിൻ്റെ സാംസ്കാരിക പ്രാധാന്യം പ്രകടമായിരുന്നു. 1942-ൽ കുടുംബത്തിലെ പ്രമുഖ വ്യക്തിക്ക് മഹാകവിപ്പട്ടം ലഭിച്ചപ്പോൾ, കോവുക്കൽ ഭവനത്തിൽ വലിയ സ്വീകരണം ഒരുക്കുകയും അന്നത്തെ കാരണവരായ രയരോത്ത് കൃഷ്ണക്കുറുപ്പ് അതിന് നേതൃത്വം നൽകുകയും ചെയ്തു.
മാത്രമല്ല, ഈ കുടുംബത്തിന് ആത്മീയപരമായ ബന്ധങ്ങളുമുണ്ടായിരുന്നു.
ശ്രീരാമകൃഷ്ണ മഠാധിപതിയായിരുന്ന നിർമ്മലാനന്ദസ്വാമികൾ 1930 മുതൽ 1940 വരെയുള്ള കാലഘട്ടത്തിൽ രയരോത്ത്, കോവുക്കൽ, കുട്ടമത്ത് ഭവനങ്ങളിൽ അതിഥിയായി താമസിച്ചിട്ടുണ്ട്.
സമകാലിക കണ്ണികൾ
ജന്മിത്വ വ്യവസ്ഥകൾ നശിച്ചുവെങ്കിലും, കുട്ടമത്ത് കുടുംബത്തിൻ്റെ സാംസ്കാരിക പൈതൃകം ഇന്നും നിലനിൽക്കുന്നു. ചോമ്പാലയിലെ ഈ തറവാടിൻ്റെ എളിയ കണ്ണിയാണ് പ്രശസ്ത ചരിത്രകാരനും ചിത്രകാരനുമായ ഡോ. കെ.കെ.എൻ. കുറുപ്പ്.
ഇദ്ദേഹം മകൾ ഗുരു മീനകുറുപ്പ് മാനേജിംഗ് ഡയറക്ടറായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിൻ്റെ രക്ഷാധികാരികൂടിയാണ്. ഭാര്യ പ്രൊഫ. (റിട്ട.) മാലിനികുറുപ്പ്.
ചോമ്പാലയിലെ കുട്ടമത്ത് തറവാട്, കേരളത്തിൻ്റെ കഴിഞ്ഞ രണ്ട് നൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ജീവിതത്തിൻ്റെ ഒരു പരിച്ഛേദമാണ്.
രാജാക്കന്മാരുമായും ടിപ്പു സുൽത്താനുമായും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട്, സാഹിത്യത്തിലും വൈദ്യത്തിലും ജ്യോതിഷത്തിലും അതുല്യമായ സംഭാവനകൾ നൽകിയ ഈ കുടുംബത്തിൻ്റെ പൈതൃകം സംരക്ഷിക്കുന്നത് പ്രാദേശിക ചരിത്രത്തിൻ്റെ ഒരു പ്രധാന ഏട് വീണ്ടെടുക്കുന്നതിന് തുല്യമാണ്.
ഈ ശ്രമം വരും തലമുറയ്ക്ക് പഠനത്തിനുള്ള ഒരു വെളിച്ചമായി വർത്തിക്കും എന്നതിൽ സംശയമില്ല.
അടുത്തിടെ നടന്ന ആഘോഷം
കല്ലാമലയിലെ കോവുക്കൽ കടവിൽ രണ്ടു തലമുറകളിലൂടെ കടന്നുവന്ന വി.എം. ദാമോദരൻ്റെ ചായക്കടയുടെ എൺപത്തിയഞ്ചാം വാർഷികാഘോഷം കോഴിക്കോട് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും ചരിത്രഗവേഷകനും 'ഭക്ഷ്യശ്രീ' ബഹുജന സംഘടനയുടെ സംസ്ഥാന ചെയർമാൻകൂടിയായ ഡോ. കെ.കെ.എൻ. കുറുപ്പിൻ്റെ നേതൃത്വത്തിൽ ഈ അടുത്ത ദിവസം ആഘോഷപൂർവം കോവുക്കൽ കടവിൽ നടന്നു.
കുട്ടിക്കാലംമുതൽക്കേ ഈ കടവിലും പുഴയോരത്തും ദാമുവിനൊപ്പം തോണിതുഴഞ്ഞും പുഴയിൽ നീന്തിയും കളിച്ചും വളർന്ന ഡോ. കെ.കെ.എൻ. കുറുപ്പ് നീണ്ട വർഷങ്ങൾക്ക് ശേഷവും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളുമായി ദാമുവിനെ ആദരിക്കാൻ കുടുംബസമേതം കൊച്ചിയിൽനിന്ന് കോവുക്കൽ കടവിലെ സ്വന്തം വീടായ 'പൂമാലിക'യിൽ നേരത്തെതന്നെ എത്തിച്ചേരുകയുണ്ടായി.
ചായക്കടകൾ വെറുമൊരു ചായ കുടിക്കുന്ന സ്ഥലം മാത്രമല്ല, അവ ഓരോ ഗ്രാമത്തിന്റെയും ഹൃദയമാണ്. അതിരാവിലെ മുതൽ സജീവമാകുന്ന ഈ കടകൾ ഗ്രാമീണരുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നതിൽ തർക്കമില്ല.
തിരക്കുകളിൽനിന്ന് മാറി ശാന്തമായ ഒരിടം. ഇവിടെയെത്തുന്നവർക്ക് പരസ്പരം സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സാധിക്കുന്നു.
ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ച ഇവിടെ കാണാം. ഡോ. കെ.കെ.എൻ. കുറുപ്പ് തദവസരത്തിൽ തൻ്റെ പ്രഭാഷണത്തിൽ വ്യക്തമാക്കിയതിങ്ങനെ.
ഈ നവരാത്രിക്കാലത്ത്, ഒക്‌ടോബർ 2-ന് ഡോ. കെ.കെ.എൻ. കുറുപ്പിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കോവുക്കൽ കടവിലെ ഈ പൈതൃക കേന്ദ്രത്തിൽ വെച്ച് നവരാത്രി ആഘോഷവും വിപുലമായനിലയിൽ എഴുത്തിനിരുത്തൽ ചടങ്ങും നടന്നു ...




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group