
ആലപ്പുഴ അതിരില്ലാത്ത ആവേശമായി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല ഇൻക്ലൂസീവ് കായികമേള. ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മേളയാണിത്. കലവൂർ പ്രീതികുളങ്ങര ഗോപിനാഥ് മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മേളയിൽ ജില്ലയിലെ 11 ബിആർസികളിൽനിന്നായി 332 കുട്ടികളാണ് പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ട 122 കുട്ടികൾ അത്ലറ്റിക്‌സിലും ഗെയിംസിലുമായി സംസ്ഥാനതലത്തിൽ പങ്കെടുക്കും.
ഒരു കൈയിൽ ക്രച്ചസുമായാണ് അമ്മയ്ക്കൊപ്പം നേതൻ കുര്യാക്കോസ് റോയ് മത്സരത്തിനെത്തിയത്. ബോൾ ത്രോയിങ്ങിലുൾപ്പെടെ പങ്കെടുത്തതിന്റെ സന്തോഷമായിരുന്നു മുഖത്ത്. സെറിബ്രൽ പാൾസിയെ കളിച്ചു തോൽപ്പിക്കുന്നതിലെ ആവേശം വാക്കുകളിലും, ഒരുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് മത്സരത്തിനെത്തുന്നത്. ഫുട്ബോളാണിഷ്ട്‌ടം. പക്ഷേ, ഇപ്പോൾ കളിക്കാൻ പറ്റില്ല.
കാലിനു ശസ്ത്രക്രിയ കഴിഞ്ഞ് ഒരുവർഷമാകുന്നേയുള്ളൂ. സഹോദരൻ നവീൻ ബി. റോയ് കീ ബോർഡ് വായിക്കുന്നതു കണ്ടപ്പോൾ മോഹംതോന്നി കീ ബോർഡ് പഠിച്ചിരുന്നു. പക്ഷേ, ചോദിച്ചാൽ കൂടുതൽ ഇഷ്‌ടം സ്പോർട്‌സിനോടാണെന്ന് പറയും. വെട്ടിയാർ ടിഎംവിഎംഎച്ച്എസിൽ ഒൻപതാം ക്ലാസിലാണ് നേതൻ പഠിക്കുന്നത്. മാവേലിക്കര അറന്നൂറ്റിമംഗലം വല്യത്ത് നേതൻ വില്ലയിൽ റോയ് ചാണ്ടിയുടെയും ലീനാ റോയിയുടെയും മകനാണ്.
ഉയരങ്ങളിലേക്ക് ഇമ്രാൻ
വീട്ടിലിരിക്കാനിഷ്ടമല്ല മുഹമ്മദ് ഇമ്രാന്. ഒഴിവുസമയം കിട്ടിയാൽ കൂട്ടുകാരോടൊപ്പം ക്രിക്കറ്റോ ഫുട്‌ബോളോ കളിക്കാൻ പോകും. ഉയരം കുറവാണെങ്കിലും ഉയരങ്ങളിലേക്കു പറക്കാനുള്ള ആവേശമാണ് ഈ പതിന്നാലുകാരന്. കഴിഞ്ഞവർഷം നടന്ന സംസ്ഥാന കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ ആലപ്പുഴ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇമ്രാൻ ഇക്കുറിയും സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
സ്റ്റേജ് പരിപാടികളിലും സജീവമാണ് ഡാൻസർ കൂടിയായ ഇമ്രാൻ. പക്ഷേ, വലുതാകുമ്പോൾ എന്താകണമെന്നു ചോദിച്ചാൽ സൗണ്ട് എൻജിനിയറാകണമെന്നാണ് മറുപടി, ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ആലപ്പുഴ സ്വദേശികളായ മുബാഷറഫിൻ്റെയും ഷീജയുടെയും മകനാണ്.
ഇക്കുറി ബോച്ചേയും
ലോകത്തിലെ ഏറ്റവും പ്രാചീനമായ കായിക വിനോദങ്ങളിലൊന്നായ ബോച്ചേയും ഇക്കുറി കായികമേളയിൽ മത്സരയിനമാകും. പെൺകുട്ടികൾക്കു മാത്രമാണ് പങ്കെടുക്കാനാകുക. അഞ്ചുപേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലാണ് മത്സരം. ഭിന്നശേഷിക്കാർക്കായി കളിനിയമങ്ങളിൽ മാറ്റം വരുത്തി മറ്റു കുട്ടികൾക്കൊപ്പം കളിക്കാൻ അവസരമൊരുക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group