കലാശക്കളിയിലും പാകിസ്താനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം, കപ്പ് ഏറ്റുവാങ്ങിയില്ല

കലാശക്കളിയിലും പാകിസ്താനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം, കപ്പ് ഏറ്റുവാങ്ങിയില്ല
കലാശക്കളിയിലും പാകിസ്താനെ തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം, കപ്പ് ഏറ്റുവാങ്ങിയില്ല
Share  
2025 Sep 29, 09:55 AM
SARGALAYA

ദുബായ്: മികച്ച തുടക്കം ലഭിച്ചിട്ടും വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച പാകിസ്താന്‍. തുടക്കം അത്ര മികച്ചതല്ലാതിരുന്നിട്ടും അപാരമായ അതിജീവനശേഷി കൈവരിച്ച് വിജയിക്കുംവരെ പൊരുതിയ ഇന്ത്യ. ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലുള്ള ഏഷ്യാ കപ്പ് കലാശക്കളിക്കൊടുക്കം ഇന്ത്യക്ക് കിരീടമുത്തം. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂര്‍ണമെന്റിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇരുരാജ്യങ്ങളും കലാശക്കളിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍, കിരീടസൗഭാഗ്യം പാകിസ്താനെ കനിഞ്ഞില്ല. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. പാകിസ്താന്‍ തോറ്റ മൂന്നേ മൂന്ന് മത്സരങ്ങളാവട്ടെ, ഇന്ത്യയോടും.


ഫൈനലിൽ അവേശപ്പോരാട്ടത്തിൽ പാകിസ്താനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പിസിബി ചെയർമാൻ കൂടിയായ മുഹസിൻ നഖ്‌വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങിൽനിന്ന് ഇന്ത്യ വിട്ടുനിന്നത്. സമ്മാനദാന ചടങ്ങിലെ അസാധാരണമായ കാലതാമസം അഭ്യൂഹങ്ങൾക്ക് തിരികൊളുത്തുകയും മറ്റൊരു വിവാദത്തിന് വഴിയൊരുക്കുകയും ചെയ്തു.


അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയും നാലു വിക്കറ്റുകള്‍ നേടി പാക് നിരയെ തകര്‍ത്ത കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ഫൈനല്‍ ഹീറോകള്‍. പാകിസ്താനുവേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 19.1 ഓവറില്‍ 146 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: 150/5. ഒരു ഘട്ടത്തില്‍ 20-ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ, തിലക് വര്‍മയും സഞ്ജു സാംസണും ചേര്‍ന്നാണ് വീണിടത്തുനിന്ന് എഴുന്നേല്‍പ്പിച്ചത്. 53 പന്തുകള്‍ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റണ്‍സ് നേടി. തിലകിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തില്‍ ഏറ്റവും നിര്‍ണായകമായത്.


നാലാം വിക്കറ്റിൽ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പ്രതീക്ഷ പകർന്നു. 13-ാം ഓവറിൽ 21 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി. അബ്രാർ അഹ്മദിന്റെ പന്തിൽ ഫർഹാന് ക്യാച്ചായാണ് പുറത്താവൽ. ഒരു സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട്.


പിന്നീട് തിലകിനൊപ്പം ശിവം ദുബെയുടെ ഊഴമായിരുന്നു. തിലകിനൊപ്പം അഞ്ചാംവിക്കറ്റില്‍ ശക്തമായി നിലയുറപ്പിച്ച ദുബെ 22 പന്തില്‍ 33 റണ്‍സ് നേടി ജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു. രണ്ട് സിക്‌സും ഒരു ഫോറും ചേര്‍ന്ന ഇന്നിങ്‌സാണ് ദുബെയുടേത്. ദുബെ പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ഒരു ഫോറോടെ ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്. പാകിസ്താനുവേണ്ടി ഫഹീം അഷ്‌റഫ് മൂന്നും ഷഹീൻ അഫ്രീദി, അബ്‌റാര്‍ അഹ്‌മദ് എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി.


147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ അഭിഷേക് ശര്‍മയെയാണ് ആദ്യം നഷ്ടപ്പെട്ടത്. ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ മടങ്ങുമ്പോള്‍ ആറു പന്തില്‍ അഞ്ച് റണ്‍സാണ് അഭിഷേക് നേടിയത്. ശുഭ്മാന്‍ ഗില്ലും (12) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (1) പിന്നാലെ മടങ്ങി. ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്.


തുടക്കം സൂപ്പർ, ഒടുക്കം പാളി


നേരത്തേ പാകിസ്താൻ ഇന്ത്യക്ക് മുന്നിൽ 147 റൺസ് വിജയ ലക്ഷ്യമുയർത്തി. ആദ്യ പത്തോവറിലെ മികച്ച പ്രകടനത്തിനുശേഷമാണ് പാകിസ്താൻ ദയനീയമായി തകർന്നത്. 15 റൺസെടുക്കുന്നതിനിടെയാണ് അവസാന ആറു വിക്കറ്റുകൾ വീണത്. ഇന്ത്യക്കായി നാലു വിക്കറ്റ് നേടി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ പാകിസ്താനുവേണ്ടി ഓപ്പണർ സഹിബ്സാദ ഫർഹാൻ അർധ സെഞ്ചുറി നേടി. 19.1 ഓവറിൽ 146 റൺസാണ് പാകിസ്താൻ നേടിയത്.


ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 84 റണ്‍സെന്ന നിലയിലായിരുന്ന ടീമിന് പിന്നീട് 62 റണ്‍സ് ചേർക്കുന്നതിനിടെ പത്തുവിക്കറ്റുകളും നഷ്ടമായി. അതില്‍ത്തന്നെ അവസാന ആറു വിക്കറ്റുകള്‍ വീണത് 15 റണ്‍സെടുക്കുന്നതിനിടെ. അവസാന ഒൻപത് വിക്കറ്റുകൾക്കായി ഇന്ത്യ ചെലവഴിച്ചത് വെറും 38 പന്തുകൾ.


ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി നേടി പുറത്തായി. 38 പന്തുകളില്‍നിന്ന് 57 റണ്‍സാണ് സമ്പാദ്യം. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്.


നിലയുറപ്പിച്ച ശേഷം തകര്‍ത്തുകളിച്ച സാഹിബ്‌സദ, ജസ്പ്രീത് ബുംറയെയും കുല്‍ദീപ് യാദവിനെയുമടക്കം കടന്നാക്രമിച്ചു. മറുവശത്ത് ഫഖർ മികച്ച പിന്തുണ നൽകി നിലയുറപ്പിച്ചു. ഒടുവില്‍ പത്താം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയെത്തിയാണ് സഹിബ്സാദയെ പുറത്താക്കിയത്. തിലക് വര്‍മയ്ക്ക് ക്യാച്ചായാണ് മടക്കം.


തുടര്‍ന്നെത്തിയ സായിം അയ്യൂബിനെ 13-ാം ഓവറില്‍ കുല്‍ദീപ് യാദവും മടക്കി. ബുംറയ്ക്ക് ക്യാച്ചായി പുറത്താവുകയായിരുന്നു. 11 പന്തില്‍ 14 റണ്‍സാണ് സമ്പാദ്യം. പിന്നാലെയെത്തിയ മുഹമ്മദ് ഹാരിസിനെ അക്ഷര്‍ പട്ടേല്‍ പൂജ്യത്തിന് മടക്കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയുണര്‍ന്നു. രണ്ടുപന്തുകള്‍ മാത്രമാണ് ഹാരിസ് നേരിട്ടത്. ഈ ഘട്ടങ്ങളിലെല്ലാം ഒരുവശത്ത് നിലയുറപ്പിച്ച ഓപ്പണര്‍ ഫഖര്‍ സമാനാണ് നാലാമതായി പുറത്തായത്. കുല്‍ദീപിന്റെ കൈകളിലേക്ക് നല്‍കി വരുണ്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേട്ടം സ്വന്തമാക്കി. 35 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറുമായി 46 റണ്‍സാണ് സമ്പാദ്യം.


ഹുസൈന്‍ തലാത്തിനെ (1) വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈകളിലേക്ക് അയച്ച് അക്ഷര്‍ പട്ടേലും വിക്കറ്റ് നേട്ടം രണ്ടാക്കി. ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ പുറത്താവുന്നതിലും സഞ്ജുവിന്റെ കൈകള്‍ പ്രവര്‍ത്തിച്ചു. സാംസണ്‍ നേടിയ മികച്ച ഒരു ക്യാച്ചിലൂടെ പുറത്താവുമ്പോള്‍ ഏഴുപന്തില്‍ എട്ട് റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം. ഷഹീൻ അഫ്രീദിയെയും ഫഹീം അഷ്റഫിനെയും മടക്കി കുൽദീപ് മത്സരത്തിലെ വിക്കറ്റ് നേട്ടം നാലാക്കി. ഹാരിസ് റൗഫിനേയും (6) മുഹമ്മദ് നവാസിനെയും (6) ബുംറയാണ് പുറത്താക്കിയത്.


നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്തായി. പകരം റിങ്കു സിങ്ങിനെ ടീമില്‍ ഉള്‍പ്പെടുത്തി. പാകിസ്താൻ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി.


അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും സ്‌ക്വാഡിലില്ല. ജസ്പ്രീത് ബുംറ, ശിവം ദുബെ, റിങ്കു സിങ് എന്നിവരെ ഉള്‍പ്പെടുത്തി. ഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാകിസ്താനും ഫൈനലില്‍ വരുന്നത്. അതേസമയം 15 ദിവസത്തിനിടെ ഇരുടീമുകളും തമ്മില്‍ മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്.


ഇന്ത്യ സ്‌ക്വാഡ്: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍ ബാറ്റര്‍), ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി


പാകിസ്താന്‍ സ്‌ക്വാഡ്: സാഹിബ്‌സാദാ ഫര്‍ഹാന്‍, ഫഖര്‍ സമാന്‍, സായിം അയ്യൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ഹുസൈന്‍ തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്‌റാര്‍ അഹ്‌മദ്‌.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI