
മരങ്ങൾ പ്രകൃതിയുടെ
വരദാനം ആകുന്നു.
:സത്യൻ മാടാക്കര.
മരങ്ങൾ വെച്ചുപിടിപ്പിക്കുമ്പോൾ ഇലകളുടെ കൂട്ട പ്രാർത്ഥന നിറയുന്നു. അത് ഭൂമിയിലെ ഹരിതത്തിന് നനവ് - നന്മ ഒരുക്കുന്നു. ഇലത്തണുപ്പിന്റെ കുളിരറിയാത്തവൻ കവിയല്ല. പൂവിനെക്കുറിച്ച് പാടണമെങ്കിൽ ഭൂഗർഭത്തിൽ നിന്ന് ഇലഞരമ്പിലൂടെ സഞ്ചരിച്ചെത്തുന്നജല പ്രവാഹം വേണം. പണിക്കരുടെ കവിത ഓർത്ത് പോകുന്നു.
" കാടെവിടെ മക്കളേ
മേടെവിടെ മക്കളേ
കാട്ടുപുൽത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടു പൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകൾപുലർന്ന പൂ -
ങ്കാവെവിടെ മക്കളേ.?"
ആത്മ പരിഹാസവും ഫലിതവും നിറഞ്ഞ സംവേദനത്തിലൂടെ പരിസ്ഥിതി ബോധത്തിന്റെ പച്ചപ്പ് തന്ന ഈ വരികൾ പുന:സൃഷ്ടിക്കപ്പെടുന്ന പ്രകൃതി മലയാളിയെ ഓർമ്മിപ്പിച്ചു. രസികത്വം കവിതയിലൂടെ പരിസ്ഥിതി ബോധമെന്നത് വൃക്ഷാരാധന, കാവ് നിലനിർത്തൽ,പ്രകൃതി പ്രേമം എന്നിവയിൽ ഒടുങ്ങില്ലെന്നും എല്ലാ ചൂഷണത്തിനും ഇരയാക്കലിനും ബദലാകണമെന്നും സൂചിപ്പിച്ചു. " കുറ്റിപ്പുറം പാലം മുതൽ കൊച്ചിയിലെ വൃക്ഷങ്ങൾ വരെ " അത്തരമൊരു ദീർഘദർശനത്തിന്റെ, ബഹുസ്വരതയുടെ കാവ്യ യാത്രയാകുന്നു. കാടെവിടെ എന്നു ചോദിച്ച കവി തന്നെ നാടെവിടെ എന്നു വേദനപ്പെട്ടതിന്റെ പൊരുൾ ആഗോളീയത എല്ലാ ക്രൂരതയും എടുത്താടുന്ന പുതിയ വർത്തമാനത്തിൽ വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. എന്നാലേ കേരളീയത മനസ്സിലേറ്റി നടന്ന അന്വേഷണം സാർത്ഥകമാവുകയുള്ളു. പ്രകൃതി - മാനുഷികത രണ്ടല്ല ഒന്നിച്ചു കാണേണ്ടതാണെന്ന സത്യം പണിക്കർ പറഞ്ഞു വെച്ചു. പക്ഷേ, എല്ലാം മൂളിപ്പാട്ടിലൊതുക്കി നാം പിന്നെയും വെട്ടി നിരത്തൽ തുടർന്നു.
വിതച്ചാലേ കൊയ്യാനാവൂ. കൊയ്ത്തരിവാളിനും പുക്കൾക്കും കിളികൾക്കും ഒരിടം മലയാളത്തിൽ എന്നും ഉണ്ടായിരുന്നു. പ്രകൃതിയും മനുഷ്യനും ഒത്തു ചേർന്ന കവിതകളാണല്ലോ നമ്മുടെ നാടോടി കലകൾ. പ്രകൃതി, ഭാവന കൂടിചേർന്നതാണല്ലോ വടക്കൻ പാട്ടുകൾ - കടങ്കഥകൾ. ഈ വിത്തറയുടെ കണ്ടങ്ങൾ ചിലതൊക്കെ തരിശായിത്തുടങ്ങി. ചിലയിടത്ത് പാലവും പുകക്കുഴലും റെയിലും വന്നു ചേർന്നു. പഴയ ചതുപ്പുകളൊക്കെ കോൺക്രീറ്റ് ലേലത്തിൽ പിടിച്ചു കഴിഞ്ഞു. എരുമകൾ മുങ്ങിക്കളിച്ച ചേറു നിലത്ത് പഞ്ചനക്ഷത്ര ഹോട്ടലും, നെടുങ്കൻ വിമാനത്താവളവും, ഹൈടെക് സൂപ്പർ മാർക്കറ്റും എന്നിടത്ത് നമ്മളെത്തി. മലയാളി ലോകമലയാളിയായി. അവന്റെ ഉത്സവങ്ങൾ, ഗോത്രകലകൾ, പാരമ്പര്യ ചികിത്സ, ശീലം, ഭക്ഷണം, വസ്ത്രം അറിയണമെങ്കിൽ വിദേശി എഴുതിയ ഗ്രന്ഥം വായിക്കണമെന്നായി. പണത്തിന്റെ ദുര - കൊതി ജൈത്ര യാത്ര തുടരുന്നു. ആട്ടം അരങ്ങ് ഭരിക്കുമ്പോൾ ആടുന്നവർ അറിയുന്നില്ല വാരിക്കുഴി.
ഭാഷ, സമൂഹം, ചരിത്രം, ചിന്ത, എഴുത്ത് ഒരു പുതിയ ജനൽ തുറക്കലാകുന്നു. ശരി വെട്ടത്തിന്റെ തിരിച്ചറിവാണ് അറിവിന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റുക. പച്ചയും ചുകപ്പും തമ്മിലുള്ള സംവാദത്തിൽ എല്ലാവിധ വികസന സംരഭങ്ങളും പ്രകൃതിക്കു മേലുളള കൈയ്യേറ്റം എന്നു പറഞ്ഞിരിക്കാൻ നമുക്കാവില്ല. പക്ഷേ, ഇതിനിടയിൽ സ്വകാര്യതയുടെ കടന്നുവരവ്, പൗരനെ ഉപഭോക്താവാക്കി മാറ്റുന്ന നിർമിതി, പ്രകൃതി ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് കമ്പനികളുടെ ഇടപെടൽ, ലാഭം കൊയ്യാൻ മാത്രമാണ് ലോകം എന്ന ധാരണ പരത്തുന്ന ആഗോളീകരണം കാണാതിരുന്നു കൂടാ. ഒന്നിനെയും ആദർശ വൽക്കരിക്കേണ്ട വ്യക്തിത്വ നിരാകരണം ചെറുക്കുന്ന മനസ്സ് എങ്കിലും ഒരുക്കിയാൽ മതി. അതുകൊണ്ടു തന്നെ വ്യഥിത കാല ഇരുണ്ട ഭാഷണം തുടരാതെ വയ്യ.
ആവാസ ലോഹ്യം നഷ്ടപ്പെടുമ്പോഴാണ് ഭൂമി പല തിരിച്ചടികളും തന്ന് മനുഷ്യരെ വിവേകത്തിലേക്കും വീണ്ടുവിചാരത്തിലേക്കും നയിക്കുക. സുനാമി, കൊടുങ്കാറ്റ്, കാട്ടുതീ, പ്രളയം അങ്ങനെയാണ് വന്നെത്തുന്നത്. അതുകൊണ്ടാണ് മഹാത്മാ ഗാന്ധി" മണ്ണിനെവേണ്ട വിധം പരിപാലിക്കാൻ മറക്കുന്നത് നമ്മെത്തന്നെ സ്വയം മറക്കുന്നതിന് തുല്യമാണ് " എന്നു പറഞ്ഞത്. ആഗോളതാപനം, ജലക്ഷാമം, മുഖ്യ പ്രമേയമായ ഈ കാലഘട്ടത്തിൽ മണ്ണ്, മനുഷ്യൻ, മരം,പുഴചേർന്ന ആവാസ ഘടന കൂട്ടി യോജിപ്പിച്ചു ചിന്തിച്ചേ മതിയാവൂ.
സുഗതകുമാരി ടീച്ചർ എഴുതിയത് എത്ര വാസ്തവം.
" നദികൾക്കൊക്കെ ക്ഷയരോഗം, കിണറുകളിൽ കണ്ണീരുറവ പോലും വറ്റിത്തുടങ്ങിയിരിക്കുന്നു. തെങ്ങുകൾ പേടിച്ച് കൂപ്പുകൈകളുയർത്തി യാചിച്ചു നില്ക്കുന്നു. കൃഷി വിളകൾ വരണ്ടു ചാഞ്ഞു പോവാൻ കിടക്കുന്നു. തീപിടിച്ച കാട്ടിൽ നിന്നു പറന്നുയരാൻ ശ്രമിക്കുന്ന പറവകൾ ചിറക് കുഴഞ്ഞു വീഴുന്നു എന്ന് ആരോ എന്നോട് പറഞ്ഞു. ആനക്കൂട്ടം വെള്ളം തേടിയലഞ്ഞ് കാടിന്റെ അതിർത്തിയിലെത്തി നിന്നു കറങ്ങുന്നു എന്നും. കാട്ടിൽ വെള്ളമില്ല, തീയുണ്ട്. നാട്ടിൽ മനുഷ്യരുണ്ട്. ആനക്ക് ഏറെയേറെ വെള്ളം വേണം. മുടിഞ്ഞ കാട്ടിലെ മുടിഞ്ഞ വെള്ളക്കുഴിയിൽ തുമ്പിക്കൈ കൊണ്ട് കുഴിച്ചു കുഴിച്ച് ചോര പൊടിഞ്ഞിട്ടും വെള്ളമില്ലാഞ്ഞ് കൊമ്പൻ ഉറക്കെ ഗർജിക്കുന്നു. എന്റെ കാട്ടിലെ വെള്ളമെവിടെ? നഗ്നമായ മണൽ പ്പുറത്ത് അങ്ങിങ്ങ് കണ്ണിർ കെട്ടി നില്ക്കുന്നതു പോലെയുള്ള തന്റെ മാറിടം ചൂണ്ടിക്കാട്ടി പുഴ ചോദിക്കുന്നു. എന്റെ ഒഴുക്കെവിടെ ? ഇഴയുന്ന പടലത്തലപ്പുകളുമായി വാടിത്തളർന്ന്, തല ചായ്ച്ചു ചാവാൻ കിടക്കുന്ന കായ് വള്ളികൾ ചോദിക്കുന്നു. കൃഷിയിലും പൊന്നു വിളയുന്ന ഞങ്ങളുടെ കുംഭ മഴയെവിടെ?(സുഗതകുമാരി ടീച്ചർ )
നിത്യചൈതന്യ യതി സൂചിപ്പിച്ചത് പോലെ
" ചെടികളിൽ ഇലകളും പൂക്കളും വിരിയുന്നതും ഋതുക്കൾ വരുന്നതും പോകുന്നതും അനന്ത നീലാകാശത്തിൽ നക്ഷത്രങ്ങൾ തിളങ്ങുന്നതും എല്ലാം വിസ്മയത്തോടെയും വിനയത്തോടെയും റോക്കായിരിക്കുന്നവർക്കു പ്രപഞ്ചത്തിലുള്ള ഒന്നിന്നോടും അനാസ്ഥയോ ദ്വേഷമോ അവഗണനയോ പുലർത്താനാവില്ല".
സ്വകാര്യ സംഭാഷണത്തിൽ കുഞ്ഞുണ്ണി മാഷ് പറഞ്ഞതു കൂടി ചേർത്തു വായിക്കട്ടെ.
"പ്രകൃതിയുടെ വന്ധ്യത, വരൾച്ച, കാടു വെട്ടൽ കാണുമ്പോൾ കവിത എന്തിനാ?
സ്നേഹമെന്നയൊന്ന്, സഹാനുഭൂതിയെന്ന യൊന്ന്, നമ്മിലില്ലാതെയായിരിക്കുന്നു. നാം നമ്മുടെ പ്രകൃതിയിൽ നിന്ന് എത്രയോ അകന്നു പോയിരിക്കുന്നു. പ്രകൃതിയോടുള്ള ഉപാസന, പൂജ, സ്നേഹം നാം കൈവെടിഞ്ഞിരിക്കുന്നു. മണ്ണ് നമുക്ക് വേണ്ട, പൂക്കൾ പോലും നമുക്ക് വേണ്ട, മരം നമുക്ക് വേണ്ട, പ്ലാസ്റ്റിക്ക് പൂക്കൾ മതി നമുക്ക്. പ്ലാസ്റ്റിക് പോലെയായിരിക്കുന്നു നമ്മുടെ മനസ്സ്. അച്ഛന് മക്കളോടും മക്കൾക്ക് അച്ഛനോടുമുളള സ്നേഹം നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യത്വം പോലും പ്രകൃതിയെ ദുഷിപ്പിച്ചു നാമില്ലാതാക്കായിരിക്കുന്നു. ഇതിനെ ഇല്ലാതാക്കാൻ സാഹിത്യത്തിന് കഴിയുമോ? മനുഷ്യനടക്കം പ്രകൃതിയാണ്. മനുഷ്യൻ തെറ്റിയാൽ പ്രകൃതി തെറ്റും. "(കുഞ്ഞുണ്ണി മാഷ്)
പശ്ചിമഘട്ടം ദക്ഷിണേന്ത്യയിലെ വലിയ ആവാസ കേന്ദ്രമാകുന്നു. ഈ ജൈവക്കലവറക്കുള്ളിൽ 500 ൽ അധികം പക്ഷികളും മുന്നോറോളം മത്സ്യങ്ങളും ജന്തുവൈവിധ്യനിരയും അടങ്ങിയിരിക്കുന്നു. 2011 ൽ മാധവ് ഗാഡ്ഗിൽ ഇതൊക്കെ പഠിച്ച് സമർപ്പിച്ച പശ്ചിമഘട്ട സംരക്ഷണ രൂപരേഖ ഇനിയെങ്കിലും നമ്മൾ ഹൃദയത്തോട് ചേർത്തുപിടിക്കണം.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group