
പാലക്കാട്: ക്ലാസിലെ കാഴ്‌ചപരിമിതിയുള്ള കുട്ടിയെ ക്രിക്കറ്റ് മൈതാനത്ത്
കൊണ്ടുവിടാൻ പോയ അധ്യാപിക മാത്രമായിരുന്നു നാലുവർഷം മുമ്പുവരെ പാലക്കാട് തച്ചമ്പാറ കല്ലുവളപ്പിൽ ജംഷീല. സമാനമായി കാഴ്ചപരിമിതിയു തനിക്ക് എന്തുകൊണ്ട് മൈതാനത്ത് ഇറങ്ങിക്കൂടായെന്ന ചിന്തയാണ് ജംഷീലയെ ബാറ്റെടുക്കാൻ പ്രേരിപ്പിച്ചത്. നാലുവർഷത്തിനിപ്പുറം, കാഴ്ചപരിമിതരുടെ ഇന്ത്യൻ വനിതാ ട്വൻ്റി-ട്വൻ്റി ടീമിൻ്റെ പടിവാതിലിലാണ് ഈ 37-കാരി.
നവംബർ 11 മുതൽ 25 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന കാഴ്ചപരിമിതരുടെ ആദ്യ ട്വൻ്റി-ട്വൻ്റി വനിതാ ലോകകപ്പ് ടീമിൻ്റെ റിസർവ് ടീമിൽ ഇടം നേടിയിരിക്കുകയാണ് ജംഷീല. 16 അംഗ ടീമിനെയാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരിലാർക്കെങ്കിലും പരിക്കേറ്റാൽ അവസരം നൽകാൻ അഞ്ചുപേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ആ പട്ടികയിൽ ഒന്നാമത്തെയാളാണ് ജംഷീല. ഇന്ത്യയിൽ ന്യൂഡൽഹിയിലും ബെംഗളൂരുവിലുമായാണ് മത്സരങ്ങൾ. 25 ശതമാനം മാത്രം കാഴ്ചയുള്ള ജംഷീല ഭാഗികകാഴ്‌ചയുള്ള ബി-2 വിഭാഗത്തിലാണുള്ളത്.
കോട്ടപ്പുറം ഹെലൻകെല്ലർ വിദ്യാലയത്തിലും കോഴിക്കോട് കൊളത്തറ ഹയർ സെക്കൻഡറി സ്കൂളിലുമായാണ് ജംഷീല പ്ലസ്‌ടു വരെയുള്ള വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് കരകൗശലനിർമാണത്തിൽ കോഴ്സ് പൂർത്തിയാക്കി കോട്ടപ്പുറം ഹെലൻ കെല്ലർ വിദ്യാലയത്തിൽ താത്കാലികാധ്യാപികയായി. 2021-ൽ തൻ്റെ വിദ്യാർഥിയെ കാഴ്ചപരിമിതരുടെ ക്രിക്കറ്റ് ക്യാമ്പിൽ വിടാൻ ആലുവയിൽ പോയപ്പോഴാണ് തനിക്കും ക്രീസിലിറങ്ങണമെന്ന തോന്നലുണ്ടായത്.
തുടക്കത്തിൽ വിദ്യയായിരുന്നു പരിശീലക. 2022-ൽ കേരള ടീമിന്റെ ഓപ്പണിങ് ബാറ്ററായി തുടക്കംകുറിച്ചു. പിന്നീട് ദക്ഷിണമേഖലയ്ക്കുവേണ്ടിയും കളത്തിലിറങ്ങി. ബൗളിങ്ങും ചെയ്യാറുണ്ടെന്ന് ജംഷീല പറയുന്നു. നിലവിൽ സോണിയ ബാബുവാണ് പരിശീലക.ഉത്തർപ്രദേശിനെതിരേ കേരളത്തിനുവേണ്ടി 28 പന്തിൽ 71 റൺസ് നേടിയതാണ് ജംഷീലയുടെ മികച്ച പ്രകടനം. പിതാവ്: മുഹമ്മദ്കുട്ടി, മാതാവ്: കെ. ആമിന. സഹോദരങ്ങൾ: മുജീബ് റഹ്മാൻ, റെജീന ബാനു, സുനീറ ബാനു, ഷമീർ ബാബു.
സച്ചിൻ തെൻഡുൽക്കറാണ് ജംഷീലയുടെ ഇഷ്‌ടതാരം. ഭാരം കൂടിയ ബാറ്റ് ഉപയോഗിക്കുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്ന സച്ചിനെപ്പോലെത്തന്നെയാണ് ജംഷീലയും. 1.360 കിലോഗ്രാം ഭാരമുണ്ട് ഇവരുടെ ബാറ്റിന്. പ്രത്യേകം തയ്യാറാക്കിയ ബാറ്റാണ് ഇതെന്ന് ജംഷീല പറയുന്നു. കാഴ്‌ചപരിമിതർക്കുള ഒന്നിലേറെ തരം ബാറ്റുകൾ രൂപകല്പന ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്നും ജംഷീല കൂട്ടിച്ചേർത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group