
നൂറ് രൂപയുടെ നൊമ്പരം
: ഡോ .അഞ്ജന കുട്ടമത്ത്
ഓരോ ദിവസവും പുതിയ മനുഷ്യരെ, പുതിയ കഥകളെ കണ്ടുമുട്ടുന്ന ഒരിടമാണ് എന്റെ ക്ലിനിക്ക്. ചിരിയും കണ്ണീരും, പ്രതീക്ഷയും നിസ്സഹായതയും നിറഞ്ഞ ലോകം.
പക്ഷെ, ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ ഒരു കൊള്ളിമീൻ പോലെ കത്തിനിൽക്കും. അത്തരമൊരു മുഖമായിരുന്നു അന്ന് ആ കസേരയിലിരുന്ന മുത്തശ്ശിയുടേത്.
75 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. കീറിയ മുഷിഞ്ഞ വസ്ത്രങ്ങൾ, പക്ഷെ തലയുയർത്തിപ്പിടിച്ചുള്ള ആ ഇരിപ്പിൽ ഏതോ രാജകീയ പ്രൗഢിയുടെ നിഴലാട്ടമുണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തിൽ അവർ രോഗവിവരങ്ങൾ പറഞ്ഞു. അമിത രക്തസമ്മർദ്ദവും പ്രമേഹവും, ഒപ്പം ശരീരത്തിന്റെ പല ഭാഗങ്ങളിലും തരിപ്പ്. ഞാൻ മരുന്ന് കുറിക്കുമ്പോൾ അവരുടെ കണ്ണുകളിലെ നിസ്സംഗത ശ്രദ്ധിച്ചു. ശരീരത്തിന്റെ വേദനയല്ല, മനസ്സിന്റെ ആഴത്തിലുള്ള മുറിവാണ് അവരെ കൂടുതൽ തളർത്തുന്നതെന്ന് എനിക്ക് തോന്നി.
തിരക്കിനിടയിൽ, എന്റെ ഊഴത്തിനായി ഇത്രയും നേരം കാത്തിരുന്നതിന്റെ ആശ്വാസം അവരുടെ മുഖത്ത് ഞാൻ കണ്ടു.
ഞാൻ പേരും വയസ്സും ചോദിച്ചപ്പോൾ ഒരു ചെറുചിരിയോടെ അവർ പറഞ്ഞു. അക്ഷരങ്ങൾ മരുന്നു കുറിപ്പിൽ കുറിക്കുമ്പോൾ, ആ മുഖം ഒരു തുറന്ന പുസ്തകം പോലെ എനിക്ക് മുന്നിൽ തെളിഞ്ഞു.
"മോളേ, ഈ കാലും കൈയും തരിക്കുന്നതിനുള്ള മരുന്ന് ഇവിടെയില്ലെന്ന് പറയുന്നു. ചെറിയ വിലയുള്ളതാണെങ്കിൽ പുറത്തുനിന്ന് വാങ്ങിത്രാമോ?" അവരുടെ വാക്കുകളിൽ ഒരു നേർത്ത യാചനയുണ്ടായിരുന്നു.
"അതിന് അധികം കാശ് വരില്ല, നൂറ് രൂപയിൽ താഴെ മാത്രം," ഞാൻ അവരെ സമാധാനിപ്പിച്ചു.
അവർ പുറത്തേക്ക് പോയി തിരികെ വന്നത് ഒരു പകപ്പിലായിരുന്നു. "മോളേ, ഒരു സഹായം ചെയ്യാമോ?
എന്റെ പരിചയത്തിലുള്ള ഒരാൾ വിളിച്ചിരുന്നു. അവർ നൂറ് രൂപ അയച്ചുതരാമെന്ന് പറഞ്ഞിട്ടുണ്ട്. എനിക്കൊരു നൂറിന്റെ നോട്ട് തരുമോ? മരുന്ന് വാങ്ങാനാണ്."
ആ നിമിഷം എന്റെ ഹൃദയം ഒരുവേദനയോടെ മിടിച്ചു. ഈ പ്രായത്തിൽ, ഒരു നൂറ് രൂപയ്ക്ക് വേണ്ടി കൈനീട്ടേണ്ടി വന്ന ഒരു ജീവിതം. ഞാൻ അകത്തേക്കു ചെന്ന് എന്റെ ബാഗിൽ നിന്ന് ഒരു ഇരുനൂറ് രൂപയെടുത്ത് അവരുടെ കൈയ്യിൽ കൊടുത്തു.
അവർ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി. അവരുടെ മൊബൈൽ ഫോൺ വാങ്ങി ഞാൻ അപ്പുറത്തുള്ള അയൽവാസിയുമായി സംസാരിച്ചു. ആ ശബ്ദം ഇടറിക്കൊണ്ട് എന്നോട് ആ കഥ പറഞ്ഞു: ഒരു കാലത്ത് കോഫി എസ്റ്റേറ്റുകളും വലിയ സമ്പത്തുമൊക്കെയുണ്ടായിരുന്ന ഒരു കുടുംബം. എല്ലാം മക്കളും ബന്ധുക്കളും ചേർന്ന് കൈക്കലാക്കി.
ഇന്ന് ആ അമ്മയ്ക്ക് തലചായ്ക്കാൻ ഒരു കൂരയോ, ഒരുനേരത്തെ ഭക്ഷണത്തിനുപോലുമോ വകയില്ല. അയൽക്കാരുടെയും പഴയ സുഹൃത്തുക്കളുടെയും ദയവിലാണ് അവരുടെ ജീവിതം.
ഫോൺ തിരികെ നൽകി ഞാൻ അവരെ നോക്കി. ശൂന്യമായ കണ്ണുകളോടെ അവർ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.
ആ കണ്ണീർ ഉറവ വറ്റിയെന്ന് എനിക്ക് തോന്നി. ഞാൻ അവരെ ചേർത്തുപിടിച്ച് പറഞ്ഞു: "അമ്മേ, നിയമപരമായി നിങ്ങൾക്ക് ഇതിനെതിരെ പോരാടാം. മക്കളുടെ പേരിൽ കേസുകൊടുക്കണം.
അല്ലെങ്കിൽ ഒരു വൃദ്ധസദനത്തിൽ അഭയം തേടണം."
അപ്പോഴാണ് ആ അമ്മയുടെ യഥാർത്ഥ ദുരവസ്ഥ ഞാൻ മനസ്സിലാക്കിയത്. "വേണ്ട മോളേ, അതൊക്കെ എന്റെ മക്കൾക്ക് നാണക്കേടാകും. എനിക്കതൊന്നും വേണ്ട. ഇനി ഞാൻ എത്രനാൾ ജീവിച്ചാൽ മതി?"
ആ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു. ലോകത്തിലെ ഒരു ശക്തിക്കും ഒരമ്മയുടെ സ്നേഹത്തിന് പകരമാകാനാവില്ല. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് മുഴുവൻ ഒലിച്ചുപോയിട്ടും, മക്കൾക്ക് നാ ണക്കേടുണ്ടക്കുന്ന ഒന്നിനും അവരുടെ മനസ്സ് അനുവദിക്കുന്നില്ല. അവിടെ തോറ്റുപോയത് ആ അമ്മയല്ല, എല്ലാം ഉണ്ടായിട്ടും അവരെ ഈ തെരുവിൽ തള്ളിയിട്ട ആ മക്കളാണ്.
നൂറ് രൂപയുടെ നൊമ്പരം പേറിയ ആ ജീവിതം ഇന്നും എന്റെ ഓർമ്മകളിലെ ഒരു നീറ്റലാണ്.നൂറ് രൂപയുടെ നൊമ്പരം പേറിയ ആ ജീവിതം ഇന്നും എന്റെ ഓർമ്മകളിലെ ഒരു നീറ്റലാണ്.ഈ കുറിപ്പ് അവരുടെ മക്കൾ വായിക്കാനിടവരട്ടെ .
വരും കാലങ്ങളിൽ അവരുടെ മക്കളിൽനിന്നു അവർക്ക് ഈ ഗതികേടുണ്ടാവാതിരിക്കട്ടെ
ഡോക്റ്ററുടെ ഡയറിക്കുറിപ്പുകൾ -2

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group