
ദുബായിലെ പിച്ചിലെ 'ഭൂതം' ഏതാണെന്ന് അറിയാവുന്ന ഇന്ത്യയുടെ ക്യാപ്റ്റന് അതിനുള്ള മാജിക്കും കൈയിലുണ്ടായിരുന്നു. മൂന്ന് സ്‌പിന്നർമാരെയും പാർട്ട് ടൈം സ്പിന്നറെയും കളത്തിലിറക്കി വിക്കറ്റ് വേട്ട നടത്തിയ ഇന്ത്യക്ക് പാകിസ്‌താനെതിരേ ആവേശ ജയം. ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഹോട്ട് ഗെയിമിൽ പാകിസ്താനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. പാകിസ്‌താനെ 20 ഓവറിൽ 127 റൺസിലൊതുക്കിയ ഇന്ത്യ 25 പന്തുകൾ ശേഷിക്കെ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സ്കോർ: പാകിസ്‌താൻ 20 ഓവറിൽ 9-ന് 127. ഇന്ത്യ 15.5 ഓവറിൽ 3-ന് 131.
ഇന്ത്യക്കായി സ്പിന്നർമാരായ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേൽ രണ്ടും വരുൺ ചക്രവർത്തി ഒന്നും വിക്കറ്റ് നേടി, 44 പന്തിൽ 40 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്‌താൻ്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക് ശർമ (13 പന്തിൽ 31) നൽകിയ മിന്നൽ തുടക്കവും ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ (47*) ഇന്നിങ്സും ഇന്ത്യയുടെ വിജയം അനായാസമാക്കി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പർ ഫോറിലേക്ക് അടുത്തു.
ഓപ്പണിങ് അറ്റാക്ക്
ലോകത്തിലെ വേഗമേറിയ ബൗളർമാരിലൊരാളായ ഷഹീൻഷാ അഫ്രീദിയുടെ ഫുൾ ടോസായ ആദ്യ പന്ത് ബൗണ്ടറിയിലേക്ക്. രണ്ടാമത്തെ പന്ത് കവറിന് മുകളിലൂടെ മനോഹരമായൊരു സിക്‌സർ. ഓപ്പണർ അഭിഷേക് ശർമയുടെ ഇന്നിങ്സിൽത്തന്നെ ഇന്ത്യയുടെ ലക്ഷ്യം വ്യക്തമായി. അതിൽനിന്ന് ആവേശം ഉൾക്കൊണ്ട് മറ്റൊരു ഓപ്പണർ ശുഭ്‌മാൻ ഗിൽ സായിം അയ്യൂബിനെ തുടർച്ചയായി രണ്ട് പന്തുകളിൽ ബൗണ്ടറി കടത്തിയതോടെ സ്കോറിങ്ങിന് ശരവേഗമായി. എന്നാൽ, അമിതമായ ആക്രമണത്വരയിൽ ഗില്ലും അഭിഷേകും വീണതോടെ പാകിസ്‌താന് നേരിയ പ്രതീക്ഷയായി. ഓപ്പണർമാർ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 3.4 ഓവറിൽ 41 റൺസിലെത്തിയിരുന്നു. ഓപ്പണർമാർ ഇട്ട അടിത്തറയിൽ ഒത്തുകൂടിയ ക്യാപ്റ്റൻ സുര്യകുമാറും തിലക് വർമയും ചേർന്ന് ഇന്ത്യയെ ലക്ഷ്യത്തിലേക്ക് നയിച്ചു.
ഡബിളാ ഡബിൾ!
നേരത്തേ ഇന്ത്യൻ ബൗളിങ് ഓപ്പൺ ചെയ്‌തില്ലെങ്കിലും ആദ്യ ഓവറിൽത്തന്നെ 'വിക്കറ്റെടുത്തത്' ബുംറയായിരുന്നു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിൽ സ്ക‌്വയർ ഡ്രൈവിന് ശ്രമിച്ച സായിം അയ്യൂബിന് പിഴച്ചു. പോയന്റിൽ വേട്ടക്കാരനെപ്പോലെ കാത്തുനിന്ന ബുഹയുടെ കൈകളിൽ ആ ഷോട്ട് അവസാനിക്കുമ്പോൾ പാകിസ്‌താന് ആദ്യ വിക്കറ്റ് നഷ്ടം, ബുഹയുടെ ക്യാച്ചിലൂടെ കിട്ടിയ വിക്കറ്റിന് അതിനടുത്ത ഓവറിൽ അതേ രീതിയിൽ ഹാർദിക് ബുംറയ്ക്ക് നന്ദി സമ്മാനം നൽകി. ബുംറയുടെ പന്തിൽ ഡീപ് ബാക്ക് സ്ക്വയറിലേക്ക് കൂറ്റൻ ഷോട്ടിന് ശ്രമിച്ച മുഹമ്മദ് ഹാരിസിനെ ഹാർദിക് ഒരു പിഴവുംകൂടാതെ കൈപ്പിടിയിലൊതുക്കിയപ്പോൾ രണ്ടാം ഓവറിൽത്തന്നെ പാകിസ്താന് ഡബിൾ വിക്കറ്റ് നഷ്ടം.
അക്സറും കുൽദീപും
ഇന്ത്യൻ പേസ് ആക്രമണത്തിൽ തുടക്കത്തിലെ രണ്ടുവിക്കറ്റ് നഷ്ടമായ പാകിസ്താൻ തിരിച്ചുവരാൻ ശ്രമിക്കുമ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്പിൻത്രയത്തെ കൊണ്ടുവന്നത്. അക്‌സറിനെ ലോങ് ഓണിലേക്ക് തൂക്കിയടിക്കാൻ നോക്കിയ ഫഖർ സമാനാണ് ആദ്യം വീണത്. അക്‌സറിൻ്റെ രണ്ടാം ഓവറിൽ ഡീപ് സ്ക്വയർ ലെഗിലേക്ക് സ്വീപ്പ് ഷോട്ടിന് ശ്രമിച്ച പാക് ക്യാപ്റ്റൻ സൽമാൻ ആഗയെ അഭിഷേക് ശർമ പിടികൂടുമ്പോൾ പാകിസ്താൻ വലിയൊരു പ്രതിസന്ധിയിലേക്ക് വീണിരുന്നു. ക്യാപ്റ്റനെ ഉൾപ്പെടെ നഷ്‌ടപ്പെട്ട ആഘാതത്തിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടയിൽ പാകിസ്താന് കുൽദീപ് ഇരട്ട പ്രഹരമേൽപ്പിച്ചു. ഹസൻ നവാസിനെ ലെഗ് ഗള്ളിയിൽ അക്‌ർ പട്ടേലിന്റെ കൈകളിലെത്തിച്ച കുൽദീപ് അതിനടുത്ത പന്തിൽ മുഹമ്മദ് നവാസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി, ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പൊരുതിനിന്ന ഓപ്പണർ ഫർഹാനായിരുന്നു കുൽദീപിൻ്റെ മൂന്നാമത്തെ ഇര. വൻ തകർച്ചയിലേക്ക് വീണ പാകിസ്‌താന് ഒമ്പതാമനായിറങ്ങിയ ഷഹീൻഷാ അഫ്രീദിയുടെ ആക്രമണ ബാറ്റിങ്ങാണ് സ്കോർ 127 റൺസിലെത്തിച്ചത്. 16 പന്തിൽ 33 റൺസടിച്ച് പുറത്താകാതെ നിന്ന ഷഹീൻഷാ നാല് സിക്സറുമടിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group