
കൊല്ലങ്കോട്: വോളിബോൾ കോർട്ടിൽ അറ്റാക്കറാണ് ശ്രീനിധി. ചാടിയുയർന്ന കിടിലൻ സ്‌മാഷുകൾ വഴി എതിർകോർട്ടിൽ ഇടിവെട്ടുംവണ്ണം പന്ത് അടിച്ചിറക്കുന്ന കരുത്ത്. സ്പോർട്‌സ് ഹോസ്റ്റലുകളിലെ ചിട്ടയായ പരിശീലനംവഴി ഇന്ത്യൻ ക്യാമ്പിലെത്തിയവർക്കൊപ്പമാണ് കൊല്ലങ്കോട്ടെ കോർട്ടുകളിൽനിന്നു യു. ശ്രീനിധിയെത്തിയത്.
ചൈനയിൽ നടക്കാനിരിക്കുന്ന ലോക സ്‌കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി ജഴ്‌സി അണിയാനൊരുങ്ങുകയാണീ പതിനഞ്ചുകാരി.
കൊല്ലങ്കോട് യോഗിനിമാതാ ഹൈസ്കൂളിലെ പത്താംതരം വിദ്യാർഥിനിയാണ് ശ്രീനിധി. ഡിസംബറിലാണ് ലോക സ്‌കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പ്, കഴിഞ്ഞദിവസം പുണെയിൽ നടന്ന ട്രയൽസിൽനിന്നാണ് പതിനഞ്ചുവയസ്സിൽതാഴെയുള്ള പെൺകുട്ടികളുടെ ക്യാമ്പിലേക്ക് ശ്രീനിധി തിരഞ്ഞെടുക്കപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിൽനിന്നായി ക്യാമ്പിലേക്ക് പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 23 താരങ്ങളിൽനിന്ന് 14 പേരെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കും. കേരള ടീമിന്റെ ശക്തയായ അറ്റാക്കർ കൂടിയായ ശ്രീനിധി സ്ഥാനമുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകരായ പനങ്ങാട്ടിരി ചിറ്റേപാടത്തെ സിആർപിഎഫ് റിട്ട. ജവാൻ എം. വിജയനും യോഗിനിമാതയിലെ അധ്യാപകൻ ബി. സുജിത്തും.
ഏഴാംക്ലാസ് മുതലാണ് ശ്രീനിധി വോളിബോൾ കളി കാര്യമായി കണ്ടുതുടങ്ങുന്നത്. 23-24 വർഷം ഭുവനേശ്വറിൽ നടന്ന അണ്ടർ 14 ദേശീയ പാമ്പ്യൻഷിപ്പിലും ബറേലിയിൽ നടന്ന അണ്ടർ 17 ദേശീയ ചാമ്പ്യൻഷിപ്പിലും ശ്രീനിധി കേരളത്തിനായി കളിച്ചിട്ടുണ്ട്.
നേരത്തെ തിരുവന്തപുരത്തുനടന്ന സംസ്ഥാന സ്‌കൂൾ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്ന ശ്രീനിധിയുടെ മിന്നും പ്രകടനം വിലയിരുത്തി ചാമ്പ്യൻഷിപ്പിലെ പ്രോമിസിങ് പ്ലെയറായി തിരഞ്ഞെടുത്തിരുന്നു.
പാലക്കാട് ജില്ലാ കൃഷി ഓഫീസിലെ ഡ്രൈവറാണ് അച്ഛൻ പല്ലശ്ശന തോട്ടിൻകുളമ്പ് ഏറാട്ടുവീട്ടിൽ ഉണ്ണിക്കൃഷ്‌ണൻ. പുതുനഗരം സെൻട്രൽ ജിഎൽപി സ്കൂളിലെ അധ്യാപികയാണ് അമ്മ ബി. സെൽവി. ശ്രീദർശ് സഹോദരനാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group