
തിരുവനന്തപുരം: വലിയ വേദികളിൽ തിളങ്ങുന്ന ക്രിക്കറ്റ് താരമാകണമെന്ന
സ്വപ്നം മാത്രമായിരുന്നു അജീഷിൻ്റെ ആകെ സമ്പാദ്യം. ജീവിതപ്രാരാബ്ധങ്ങളെ കഠിനപ്രയത്നത്തിലൂടെ മറികടന്ന് അജീഷ് കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎൽ) മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങി തന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കി. ജീവിതയാത്രയിൽ തിരിച്ചടികളുണ്ടായിട്ടും ക്രിക്കറ്റിന് പിന്നാലെയായിരുന്നു അജീഷിൻ്റെ യാത്രകൾ. അതിനായി മീൻപിടിത്തക്കാരനായും കെട്ടിട നിർമാണത്തൊഴിലാളിയായും ഡെലിവറി ബോയ് ആയും പണിയെടുത്തു.
ഒടുവിൽ 26-ാം വയസ്സിൽ ജില്ലാ ഡിവിഷൻ ലീഗിൽ ഇരട്ടസെഞ്ചുറിയടക്കമുള്ള മിന്നുന്ന നേട്ടങ്ങൾ എത്തിപ്പിടിച്ചു. അവിടെനിന്ന് കെസിഎലിൽ കൊച്ചി ബ് ടൈഗേഴ്സ് ടീമിലേക്ക്. ബുധനാഴ്‌ച 27-ാം പിറന്നാളിന് രണ്ടുനാൾ മുൻപ് കൊല്ലം സെയിലേഴ്‌സിനെതിരേ 39 പന്തിൽ 58 റൺസ് നേടി, ടീമിൻ്റെ വിജയശിൽപ്പിയും മാൻ ഓഫ് ദ മാച്ചുമായി.
തോന്നയ്ക്കൽ സ്വദേശി അജീഷിന് 10 വയസ്സുള്ളപ്പോൾ അച്ഛൻ കവി മരിച്ചു. അമ്മ സുനിജ കൂലിപ്പണിക്ക് പോയാണ് അജീഷിനെയും രണ്ട് സഹോദരൻമാരെയും വളർത്തിയത്. നാട്ടിൻപുറത്തെ പറമ്പുകളിൽ ക്രിക്കറ്റ് കളിച്ചിരുന്ന അജീഷ് സ്‌കൂൾകാലത്താണ് വമ്പൻ വേദികളിലെത്തണമെന്ന് ആഗ്രഹിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിശീലനത്തിന് തടസ്സമായി. പ്ലസ് ടു പഠനകാലത്ത് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ പരിശീലകനായ ബിജു ജോർജിന്റെയടുത്ത് എത്തി. അവിടെ ബൗളിങ് പരിശീലനം തുടങ്ങി. ബാറ്റർ ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും അതിനുള്ള സൗകര്യങ്ങൾ ലഭിച്ചില്ല.
പിന്നീട് എംജി കോളേജിലെ പഠനകാലത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടെൻവിക്ക് അക്കാദമിയിൽ കൊൽക്കത്തക്കാരനായ നിലീഷ് ദാസിന്റെയും വിനോദ് വിക്രമന്റെ്റെയും കീഴിൽ ബാറ്റിങ് പരിശീലനവും ആരംഭിച്ചു. പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പരിശീലനം മുടക്കിയില്ല.
എന്നാൽ കോവിഡ് എല്ലാ പ്രതീക്ഷകളെയും തകർത്തു. അവസരങ്ങൾ ലഭിക്കാതെ ക്രിക്കറ്റിൽ നിന്നും മടങ്ങേണ്ടിവന്നു. അമ്മയുടെ ബന്ധുക്കൾക്കൊപ്പം പെരുമാതുറയിൽ കടലിൽ മീൻപിടിത്തക്കാരനായി. പല ജോലികളും ചെയ്‌തു. ഇതിനിടെ യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും ബിശുഭത്തിന് ചേർന്ന് സർവകലാശാലാ ടീമിൽ കളിക്കണമെന്ന ആഗ്രഹവും പൂർത്തീകരിച്ചു.
പിന്നീടാണ് ആക്കുളം ബെല്ലിങ്‌ടൺ ടർഫിൽ ആരോൺ ജോർജിനൊപ്പം സഹപരിശീലകനാകുന്നത്. കഴിഞ്ഞവർഷം റോവേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിനായി ജില്ലാ ഡിവിഷൻ ലീഗിൽ എസ്ബിഐക്കെതിരേ 175-ഉം ഐഒബിക്കെതിരേ 78 പന്തിൽ 200 റൺസും നേടിയത് ശ്രദ്ധിക്കപ്പെട്ടു. ആരോൺ ജോർജ്, കൊച്ചി പരിശീലകൻ റൈഫി വിൻസെൻ്റ്, ഇന്ത്യൻ വനിതാതാരം ആശാ ശോഭന തുടങ്ങി നിരവധിപേരുടെ പിന്തുണ അജീഷിൻ്റെ വിജയത്തിന് പിന്നിലുണ്ട്. അജീഷിന്റെ മാത്രമല്ല ഇത്തരം സ്വപ്‌നങ്ങളെ കൈയ്യെത്തിപ്പിടിച്ച പലരുടെയും വിജയകഥയാണ് കെസിഎലിലൂടെ ഇന്ന് പുറം ലോകമറിയുന്നത്.
ക്രിക്കറ്റ് ആവേശം മൂന്നുനാൾകൂടി
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൻ്റെ ആവേശപ്പോരാട്ടം ഇനി
മൂന്നുനാൾകൂടി. വെള്ളിയാഴ്‌ച സെമിഫൈനൽ പോരാട്ടവും ഞായറാഴ് ഫൈനലും നടക്കും. ശനിയാഴ്‌ച കേരളത്തിൻ്റെ വനിതാ താരങ്ങൾ അണിനിരക്കുന്ന ട്വൻറി20 മത്സരമാണ്. ഞായറാഴ്‌ച വൈകീട്ട് 6.45-നാണ് കെസിഎൽ ഫൈനൽ. സഞ്ജു സാംസൺ ഉൾപ്പെടെ അണിനിരന്ന ക്രിക്കറ്റ് മാമാങ്കത്തിനാണ് അടുത്ത മൂന്നുനാൾകൊണ്ട് പരിസമാപ്തിയാകുന്നത്.
കേരളത്തിന്റെ യുവതാരങ്ങൾ അണിനിരന്ന 30 മത്സരങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാര്യവട്ടം ഗ്രീൻഫീൽഡിൽ അരങ്ങേറിയത്. ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ വെടിക്കെട്ട് പ്രകടനമാണ് ഇത്രയും മത്സരങ്ങളിലുണ്ടായത്. മൂന്ന് സെഞ്ചുറികളും 32 അർധ സെഞ്ചുറികളും ടൂർണമെന്റിൽ പിറന്നു. തിരുവനന്തപുരത്തിൻ്റെ സ്വന്തം താരങ്ങളായ സഞ്ജു സാംസണും അഹമ്മദ് ഇമ്രാനുമാണ് സെഞ്ചുറി നേടിയ രണ്ടു താരങ്ങൾ. ട്രിവാൻഡ്രം റോയൽസ് ടീം ക്യാപ്റ്റൻ കൃഷ്‌ണപ്രസാദാണ് മൂന്നാമത്തെ സെഞ്ചുറിക്കർഹനായത്.
ഒരു ഓവറിൽ ആറ് സിക്‌സുൾപ്പെടെ 12 പന്തിൽ 11 സിക്‌സറുകൾ പറത്തിയ സൽമാൻ നിസാറിൻ്റെ അത്യുഗ്രൻ പ്രകടനം ടൂർണമെൻ്റിലെ അവസ്മരണീയ നിമിഷമായിരുന്നു. ട്വൻ്റി 20 മത്സരങ്ങളുടെ ആവേശം പകരുന്ന രീതിയിലുള്ള ലാസ്റ്റ് ബോൾ ത്രില്ലറുകളും നിരവധിയായിരുന്നു.
സഞ്ജു സാംസൺ, സൽമാൻ നിസാർ, കൃഷ്‌ണപ്രസാദ്, വിഷ്‌ണു വിനോദ്. രോഹൻ കുന്നുമ്മൽ എന്നിവർ മാത്രം ഇതുവരെ 20-ലധികം സിക്‌സറുകളാണ് അടിച്ചെടുത്തത്. 200-ലധികം റൺസ് നേടിയ നിരവധി ഇന്നിങ്സുകളാണ് ഇത്തവണത്തെ കെസിഎല്ലിൻ്റെ പ്രത്യേകത. സമിഫൈനലും ഫൈനലുമുൾപ്പെടെയുള്ള വമ്പൻ മത്സരങ്ങൾ തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം നൽകുന്നതായിരിക്കും.
കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള പിച്ചിൽ കേരളത്തിൻ്റെ സ്വന്തം യുവതാരങ്ങൾ അവിസ്‌മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. സ്റ്റാർ സ്പോർട്‌സിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയ സംപ്രേഷണത്തിലൂടെ ലോകം മുഴുവനുമുള്ള മലയാളികളിലേക്ക് ടൂർണമെന്റ് എത്തി. കാണികൾക്ക് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group