
കവിതയിലെ ഓണ നിലാവ്
സത്യൻ മാടാക്കര.
ഓണം ഓർമ്മയിൽ ഇത്തിരി മധു കണവുമായി സുഖസ്മൃതിക്കപ്പുറത്തേക്ക് മനസ്സ് തുറക്കുന്നു. ആധുനികമായ നഗര സംസ്കാരം കാർഷികാടിത്തറയുള്ള കേരളത്തിനപ്പുറം ഗൃഹാതുരമായ പ്രച്ഛന്നമാകുന്നു.
ഓണത്തിലടങ്ങിയ വലിയ സന്ദേശം ബഹുസ്വരതയാകുന്നു. ജാതി മതഭേദമില്ലാതെ സോദരത്വേന കേരളത്തിന്റെ അഭിമാനമായി ഓണം അങ്ങനെ എന്തോ ബാക്കിയിടുന്നു. കേരള കലയിലെ ജീവിതം വാക്ക്, ദൃശ്യം, വർണ്ണo സംഗമിക്കുന്നത് അറിയിക്കുന്നു.
നാടിന്റെ ഊർജ്ജം അമിട്ടു കുറ്റിയിലെന്നപോലെ നിറഞ്ഞിരിക്കുന്നു. ഭൂമിയിലെ ഈ സൗജന്യ മധുരം എത്ര പേർ അനുഭവിക്കുന്നു ! ഇക്കോളജി സമവാക്യം എത്ര പേർ ഉൾക്കൊള്ളുന്നു ! നമുക്ക് നാടിന്റെ സ്പന്ദനങ്ങൾ ഏറ്റുവാങ്ങാം.........
"മാന്യരാമ സുഹൃത്തുക്കളൊത്തു നീ
മാതൃഭാഷയിൽപ്പാടിയുണരുമോ?
മാന്യരാമ സുഹൃത്തുക്കളൊത്തു നീ
മാതൃഭാഷയിൽ നേടിയുണരുമോ?
ഉച്ചമായുള്ളലിഞ്ഞു ചോദിക്കയാ-
ണുൽഗ്ഗതിക്കു കൊതിക്കുന്ന വിണ്ടലം"
(പി.കുഞ്ഞിരാമൻ നായർ)
ഓണം മിത്തിനപ്പുറം വായിച്ചെടുക്കുന്ന കവിതയുടെ സർഗ്ഗനിമിഷങ്ങൾ മലയാള കവിതയിൽ കാണാം. ഓരോ കവിയും ഓരോ തരത്തിൽ ഓണത്തെ ആവിഷ്ക്കരിക്കുന്നു.
" നീരു പാറ്റി നിലം ശുചിയാക്കി
പുന്നെൽച്ചെങ്കതിർ കറ്റകൾ പേറി
വന്നെത്തുന്നിതാ ചിങ്ങപ്പുലരി
സ്വർഗ്ഗ സുന്ദര കേദാര ഭൂവിൽ
സർഗ്ഗശക്തി തൻ കൈവിരുതാണ്ടോൾ
ഇത്രനാളും പണി തോൾ, കനക -
ക്കറ്റ കെട്ടിവരുമിച്ചെറുമി"
(ഓണപ്പുലരി, കടത്തനാട്ട് മാധവിയമ്മ )
" ഒരു നിനവിന്റെ രണ്ടു തുമ്പി
ലിരുവരും; തള്ളയും കുഞ്ഞും,
ഓണങ്ങളെത്ര കഴിഞ്ഞു, ഓർമ്മകളോ കൊഴിയാതെ"(അരങ്ങേറ്റം, എം.ഗോവിന്ദൻ)
" പല ദേശത്തിൽ പല വേഷത്തിൽ
പല പല ഭാഷയിൽ ഞങ്ങൾ കഥിപ്പൂ
പാരിതിലാദിയിലുദയം കൊണ്ടു പൊ-
ലിഞ്ഞൊരു പൊന്നോണത്തിൻ ചരിതം......."(ഓണപ്പാട്ടുകാർ,വൈലോപ്പിള്ളി)
ജി.ശങ്കരക്കുറുപ്പ് "കളിത്തോഴി" യിലൂടെ പ്രണയ നഷ്ടം ഓണത്തെ മുൻ നിർത്തി ആ വിഷ്ക്കരിക്കുന്നു.
" ഓണമേ, സ്വർഗീയമാ മുല്ലാസമെൻ കൗമാര -
പ്രാണനിൽക്കൊളുത്തിയ നീയണഞ്ഞീടും നേരം
മലയും മേടും കാടും നാടു മുജ്വല ശോക -
മധുര സ്മരണതൻ സൗരഭം പൂശും നേരം,
സ്വീയമാമൊരാനന്ദ സാമ്രാജ്യമെന്നോ നഷ്ട-
മായ ഞാൻ മാത്രം വാഴ് വ്യൂ വേദത്തിൻ പാതാളത്തിൽ"
ഇടപ്പള്ളി ഉത്സവത്തിമർപ്പോടെ ഓണത്തെ വർണ്ണിക്കുന്നു......
"മാവേലി തന്നുടെ നാടുകാണ്മാൻ
താവും മുദമോടെഴുന്നള്ളുന്നു:
ദാന വീരനദ്ദാന ശീലൻ
ആനന്ദ നൃത്തങ്ങളാടിടുന്നു,
പോവല്ലേ, പോവല്ലേ, പൊന്നോണമേ,
പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു"
ഒ.എൻ.വി ക്ക് പൈതൃക ശക്തിയാണ് ഓണം. അതിലൂന്നി തഴുതുന്നു:
"കാറ്റിലെ മണം പിടി - ച്ചേതു പൂ വിടർന്നെന്നും
പാട്ടിലെ സ്വരം ഗണി -
ച്ചേതു പക്ഷിയാണെന്നും
ഓർത്തു ചെല്ലുമ്പോൾ പണ്ടു നമ്മൾ മത്സരിച്ചതും
കാട്ടിലെക്കരടിയായ്
വേടനായ് കളിച്ചതും. "
( വിരുന്ന്, ഒ.എൻ.വി )
മലയാളത്തിൽ തിരുവോണം ചലച്ചിത്രഗാനമായി പി.ഭാസ്ക്കരൻ എഴുതിയത് ഇങ്ങനെ:
"പൊൻതിരുവോണം വരവായ്
പൊൻ തിരുവോണം
സുമ സുന്ദരിയായ് വന്നണഞ്ഞു
പൊൻ തിരുവോണം
മാവേലിതൻ മോഹനമാം
പൊൻ കൊടി പോലെ
ചാഞ്ചാടിന്നു പാടങ്ങളിൽ
ചെങ്കതിർ ചാലേ.....!
(ചിത്രം: അമ്മ, 1952)
സുഗതകുമാരി അലിവായി ആർദ്രതയും ഹരിതവുമായി 'പാവം മാനവ ഹൃദയത്തോടെ 'ഓണത്തെ ഓർത്തെടുക്കുന്നു:
"ഇരുളിൻ കാരാഗാരം മെല്ലെ
വലിച്ചു തുറന്നു പുറത്തുള്ളഴകിൻ
പരമോത്സവമൊരു നോക്കാൽക്കണ്ടു
കുളിർക്കുന്നു നര ഹൃദയം
ആരുചവിട്ടിത്താഴ്ത്തിലുമഴലിൻ
പാതാളത്തിലൊളിക്കലുമേതോ
പൂർവ്വ സ്മരണയിലാഹ്ലാദ ത്തിൻ
ലോകത്തെത്തും ഹൃദയം."
കെ.ജി.ശങ്കരപ്പിള്ള കൊച്ചിയിലെ വൃക്ഷങ്ങൾ എന്ന കവിതയിൽ മഹാബലിയും സ്വപ്ന നഗരിയും ചരിത്രാവബോധമാക്കി കേരളീയ വർത്തമാന കാല വിശകലനം സാധിച്ചെടുക്കുന്നു. പിന്നാ മ്പുറം കവിത തേടുന്നു.....
" തൃക്കാക്കര മുതൽ കൊച്ചിത്തുറമുഖം വഴിയെയുള്ള വഴി
ഒരു പഴഞ്ചൊല്ലുപോലെ
നാട്ടു വെളിച്ചം നിറഞ്ഞതായിരുന്നു. "
സച്ചിദാനന്ദന്റെ രണ്ടാം വരവ് പി.കുഞ്ഞിരാമൻ നായരെ"ചവിട്ടേറ്റു താണ സ്നേഹത്തിന്നതല നിശ്വാസങ്ങൾ പോലെ, നരകാന്ധകാരത്തിൽ നിന്നൊരാൾ പാതാള വീണയിൽ ഭൂപാളമാലപിക്കും പോലെ" കണ്ടെത്തുന്നു......
വരട്ടേ പാവങ്ങൾ ത -
ന്നോണം, ഞാൻ പാതാളത്തിൽ
വസന്തം പോലന്നാളിൽ
വന്നെത്താം കുട ചൂടി"
എന്നു പ്രത്യാശ.
ഡി.വിനയ ചന്ദ്രൻ " വീട്ടിലേക്കുള്ള വഴി"യിൽ
ഓണത്തെ കണ്ടെടുക്കുന്നു..
" വീട്ടിലേക്കല്ലോ വിളിക്കുന്നു തുമ്പയും
കാട്ടു കിളികളും കടത്തു വള്ളങ്ങളും
വീട്ടിൽ നിന്നല്ലോ യിറങ്ങി നടക്കുന്നു
തോറ്റവും ചിങ്ങനിലാവും കരച്ചിലും. "
ബാല ചന്ദ്രൻ ചുള്ളിക്കാട്, അനുഭവിച്ച
ലോകാനുഭവം ഓണത്തിലേക്കിറക്കി വെയ്ക്കുന്നു.
"ബാധയൊഴിക്കാൻ തിളച്ച നെയ്യാലെന്റെ
നാവു പൊള്ളിച്ചൊരാ ദുർമന്ത്രവാദിയെ
പൊട്ടിയെ കൈകൊട്ടിയാട്ടുന്ന പോലെന്നെ
നാട്ടിൽ നിന്നാട്ടിക്കളഞ്ഞ ബന്ധുക്കളെ,
അന്നു ത്രിസന്ധ്യയ്ക്കു തൻ നടയിൽ നിന്നു
വിങ്ങിക്കരഞ്ഞു ' കൊണ്ടെന്നെ രക്ഷിക്കണേ ' -
യെന്നു തൊഴുകൈയ്യുമായിരുന്നെങ്കിലും
കണ്ണു തുറക്കാഞ്ഞൊരപ്പെരുങ്കാളിയെ,
എന്നും മറക്കാതിരിക്കുവാനല്ലി ഞാൻ
വന്നു പോകുന്നിങ്ങോണദിന ങ്ങളിൽ"

(ഓർമ്മകളുടെ ഓണം, ബാലചന്ദ്രൻ ചുള്ളിക്കാട്)
മാനുഷരെല്ലാരും ഒന്നു പോലെ"ആ വലിയ കവിത ഇപ്പോഴും തുടികൊട്ടുന്നു. ആഴത്തിലാലോചിച്ചാൽ ഓണം പോലെ ഇത്രമാത്രം പ്രകൃതി നിറങ്ങൾ മനുഷ്യരോട് സല്ലപിക്കുന്ന മറ്റൊരു ഉത്സവം ഇല്ല. വർണ്ണസങ്കര വിരുന്നിൽ നാടിന്റെ താളം, നിറം, മണം ആവേശി
ച്ചെത്തുന്നു. ഋതു സംക്രാന്തിയുടെ മണമുള്ള കാറ്റിലേക്ക് നിലാവ് പെയ്യുന്നു.ആ നിമിഷത്തിലാണല്ലോ കവിതയുടെ വരവ്.
"മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കു മൊട്ടില്ല താനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റെങ്ങുമില്ല..........."
ഈ ഈരടികൾ മിത്തും, ചരിത്രവും, സ്വാതന്ത്ര്യവുമാകുന്നു.
തനിമയിൽ നിന്നുള്ള ഒരു മ.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group