
കീഴാളതയുടെ ബഹുമുഖം
നിറഞ്ഞ ആശാൻ കവിത
സത്യൻ മാടാക്കര.
സംസ്കാരിക വിമർശനവുമായി അന്വേഷണങ്ങളുടെ വഴി തുറക്കുമ്പോൾ കവിയും കലഹവും വന്നു തട്ടുന്നു.
ആ പൊതുസ്ഥലത്തു നിന്ന് ഒരു കടൽ ഇരമ്പി മറിയുന്നു.
കായിക്കര മാത്രമല്ല ജീവിച്ച പ്രപഞ്ചമത്രയും വാക്കുതർക്കത്തിലേർ
പ്പെടുന്നു.
ആൾക്കൂട്ടത്തിന്റെ അവസാനവരികളല്ല തലമുറ കടന്നുള്ള ഓർമ്മയായത് നിലനില്ക്കുന്നു.
മഹാകവി കുമാരനാശാൻ ഋഷിതുലമായ ഒരാദരവോടെ വർത്തമാന കവിതാ പുനർവായനയിലിടപെടുന്നു.
ഭാരതത്തിന്റെ സംസ്കാരത്തെയും സാഹിത്യത്തെയും തൊടുമ്പോൾ ആശാന് ഒരു പക്ഷം ഉണ്ടായിരുന്നു.
ശ്രീനാരായണ ഗുരുവിൽ നിന്ന് പകർന്നു കിട്ടിയ ആ പക്ഷം അധ:സ്ഥിതരുടെ ശബ്ദം ലോകത്തെ കേൾപ്പിക്കാനുള്ളതായിരുന്നു. ബ്രാഹ്മണ്യം അടക്കിവാണിരുന്നതൊക്കെ അധ:കൃതന്റ ഇടയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിൽ നാരായണ ഗുരുവിന്റെ കോസ്മിക്ക് പോസറ്റീവിസം കവിതയിൽ പുതിയ ഉണർവ്വായി ആശാൻ കൊണ്ടുവന്നിടത്ത് കവിതയിൽ കീഴാളതയുടെ പുതിയ അദ്ധ്യായo എഴുതപ്പെടുന്നു.
ഇന്ത്യയുടെ എല്ലാ ഭാഗത്തും പലതരത്തിൽ ഇത്തരം വിമോചന - നവോത്ഥാനശ്രമങ്ങൾ നടന്നിരുന്നു.
ഈ സ്വാശീകരണത്തിൽ കാലഘട്ടത്തിന്റെ പങ്ക് കുറച്ചു കണ്ടു കൂടാ. അമ്പല വളപ്പിലെ ഗന്ധവും, വിയർപ്പിന്റെ മണവും ഒത്തുചേർന്ന ശൂദ്രിമ എന്തുകൊണ്ടോ ചരിത്രത്തിൽ വിശാലമാകാതെ പോയി.
ആഹ്ലാദകരമായ ഈ സ്വത്വം ഉയർത്തി കൊണ്ടുവന്നതൊക്കെ രാഷ്ട്രീയക്കാർ അട്ടിമറിച്ചു.
സമകാലീനതയിൽ ജാതി - വർഗീയത വലിയ വിനയായി ഉയർന്നു വരുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ ചരിത്രമല്ല, ജാതിരാഷ്ടീയത്തിലാണ് തിരയേണ്ടത്. കീഴാളതയെക്കുറിച്ച് വലിയ വർത്തമാനം പറയുന്നവരും കുമാരാനാശാന്റെ കവിത ചൊല്ലി ഇത് തന്നെ ചെയ്തു കൊണ്ടിരിക്കുന്നു.
കവിതയിൽ സൗന്ദര്യം - അർത്ഥം, ആശയം നിലനിർത്തി നവോത്ഥാനത്തിന്റെ പൊൻപുലരിക്കായി കുമാരനാശാൻ ഉറക്കമൊഴിഞ്ഞ രാത്രികൾ ആരറിയന്നു.
അത് ഫെമിനിസം കലഹിക്കും മുമ്പേ സ്ത്രീയുടെ നെഞ്ചിടിപ്പറിഞ്ഞതായിരുന്നു.
" ഒന്നല്ല നാമയി സഹോദര ല്ലി പൂവേ!
ഒന്നല്ല കൈയിഹ രചിച്ചു നമ്മെയെല്ലാം"
(വീണപൂവ് )
" നെല്ലിൻ ചുവട്ടിൽ മുളയ്ക്കും - കാട്ടു -
പുല്ലല്ല സാധു പുലയൻ
ശങ്ക വേണ്ടെന്നൊയ് പുലർന്നാൽ - അതും
പൊങ്കതിർ പൂവിടും ചെടി താൻ."
(ചണ്ഡാലഭിക്ഷുകി)
ആശാന് സാമൂഹികതലം മറന്ന് ഒന്നും എഴുതാനാവില്ലായിരുന്നു. സമാന സഹയാത്രികരായ ഡോ.പല്പു, സംഹോദരൻ അയ്യപ്പൻ എന്നിവരൊക്കെ കഠിനപാത പിന്നിട്ട ചരിത്രം അതായിരുന്നു. അതിനാൽ ആശാന്റെആത്മീയത ബ്രാഹ്മണിക്കൽ ആത്മീയത അല്ല.
"ദൈവമേ, കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ
നാവികർ നീ ഭവാബ്ധിക്കൊ-
രാവി വൻ തോണി നിൻപദം"
(നാരായണ ഗുരു, ദൈവദശകം)

ഇതിലൂടെ വീണ്ടെടുക്കേണ്ട സാമൂഹ്യ ജീവിതം, സാംസ്കാരിക മേഖല ഇന്നെവിടെയെത്തി നില്ക്കുന്നു.! സ്നേഹത്തിന്റെ ദാർശനിക സ്ഫോടനമാണ് ആശാൻ കവിതകൾ.
ചെറുത്തു നില്പിന്റെ വഴി ആശാൻ തെരഞ്ഞെടുത്തത് പൗരോഹിത്യത്തോടുള്ള നിരന്തര ഇടപെടലും എതിരിടലും ചേർത്താകുന്നു.

കേരളീയ ജീവിതത്തിന്റെ പൂർവ കാലം പരിശോധിക്കുമ്പോളൊരിടത്തും പൗരോഹിത്യം പരിഗണന നല്കിയ കീഴാള വഴികളില്ല. നിരന്തര അടിച്ച മത്തലും തീണ്ടലും അടിമക്കച്ചവടവും അടച്ചു തീർക്കാൻ കഴിയാത്ത പലതരം കരങ്ങളും കൊണ്ട് വീർപ്പു മുട്ടിയവർ ബലിദാനങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യമാണ് നവോത്ഥാനം. ആത്മീയതയിലൂടെ സാമൂഹിക മനുഷ്യനെ നിലനിർത്തുന്നതായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ. ശിഷ്യനായ കുമാരനാശാനും ഗുരുവിന്റെ വഴി കവിതയിലൂടെ പിന്തുടർന്നു.
പൗരോഹിത്യത്തിന്റെ സുഖ വസ്തു മാത്രമായിരുന്നു സ്ത്രീ. അതിനെ മാറ്റിമറിച്ച കാവ്യമാണ്" വീണ പൂവ്"
മഹാകവി കുമാരനാശാന്റെ ബാഗ്ലൂർ - കൽക്കത്ത ജീവിതം, ബുദ്ധ കൃതികളുടെ പഠനം, കാല്പനിക യൂറോപ്യൻ കവിതയുമായുള്ള പരിചയം കൂടാതെ ഇന്ത്യൻ നവോത്ഥാന സ്വാധീനം തുടങ്ങിയവയാകാം പുതിയൊരു കാവ്യസരണി തുറക്കാൻ ആശാനെ പ്രേരിപ്പിച്ചിരിക്കുക. അനുകരിക്കാനാവാത്ത ദാർശനിക കാവ്യ സമഭാവനയാണ് ആശാന്റേത്. ആശാനെ വായിക്കുമ്പോൾ കലഹിക്കുന്നൊരു മനസ്സ് വേണം.
അതിനെ വിചാരവിപ്ലവത്തിന്റെ ആശാൻ ഭൂമിക എന്ന് വിളിക്കുന്നതിലും തെറ്റില്ല. വിമോചനം ഭാഷയിലൂടെ സാധ്യമാക്കുന്ന ഒരു ഭൂമിക ആശാൻ കവിതയിൽ ഉണ്ട്. അത് അന്തരാത്മാവിൽക്കൂടി മനുഷ്യ ജീവിത പ്രശ്നങ്ങളും ധർമ്മ സംശയങ്ങളുo ഇടിവാളായി കടത്തിവിടുന്നു.
ലോക ജീവിതംദു:ഖമാകുന്നു എന്ന സത്യത്തിലൂടെ ബുദ്ധനൊപ്പം സ്വതന്ത്ര ഗായകനായി, മനുഷ്യകഥാനുഗായിയായിത്തീർന്നു. ഓരോ ഭാഗവും കടലെടുക്കുമ്പോൾ മറുഭാഗo കടലെടുക്കുന്നു അതാണ് വായനയിലെ ആശാൻ വഴി. ആശാൻ ദുരവസ്ഥയിൽ കുറിച്ചത് പോലെ
"കഷ്ടം, സ്ഥാനവലുപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
ദുഷ്ടശ്രീ തനുധാടിയോ ചെറുതു മി-
ങ്ങോരില്ല, ഘോരാനലൻ
സ്പഷ്ടം മാനുഷ ഗർവ്വമൊക്കെയിവിടെ
പ്പു ക്കസ്തമിക്കുന്നിതി-
ങ്ങിഷ്ടന്മാർ പിരിയുന്നു! ഹാ! ഇവിടമാ -
ണാദ്ധ്യാത്മ വിദ്യാലയം."( പ്രരോദനം)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group