അന്നന്നത്തെ അപ്പം ഉണ്ടാക്കുന്ന ആളാണ് ഏറ്റവും നല്ല കവി :സത്യൻ മാടാക്കര.

അന്നന്നത്തെ അപ്പം ഉണ്ടാക്കുന്ന ആളാണ് ഏറ്റവും നല്ല കവി :സത്യൻ മാടാക്കര.
അന്നന്നത്തെ അപ്പം ഉണ്ടാക്കുന്ന ആളാണ് ഏറ്റവും നല്ല കവി :സത്യൻ മാടാക്കര.
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2025 Aug 24, 09:18 AM
AJMI1
AJMI
AJMI
AJMI
MANNAN

അന്നന്നത്തെ അപ്പം ഉണ്ടാക്കുന്ന ആളാണ് ഏറ്റവും നല്ല കവി

:സത്യൻ മാടാക്കര.


"കവി ഒരു കൊച്ചു ദൈവമല്ല. അങ്ങനെയല്ല തന്നെ. അയാളെ മറ്റു വേല ചെയ്യുന്നവരേക്കാൾ മുന്തിയ പരിഗണനയോടെ ദൈവ വിധി തെരഞ്ഞെടുത്തതല്ല. നമ്മുടെ അന്നന്നത്തെ അപ്പം ഉണ്ടാക്കുന്ന ആളാണ് ഏറ്റവും നല്ല കവി."

(പാബ്ലോ നെരൂദ )


അനുദിനം പ്രശ്നങ്ങൾക്കു പിന്നാലെ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്ന സമകാലികാവസ്ഥയിൽ പൊതു ധാരണ കൊണ്ട് വിസ്തരിക്കാവുന്നതല്ല പുതിയ കവിത തരുന്ന പ്രമേയപരവും ഭാവപരമായതുമായ ഗതിവിഗതികൾ. സമകാലീന കവിത ഉയർന്ന സംസ്കാരവും വിചാരശേഷിയും അനുഭവിപ്പിക്കുന്നു. തേടിപ്പോയാൽ അതിലൊക്കെ സമൂഹത്തെ മുന്നോട്ടു നയിക്കുന്ന സാഹസിക ഊർജ്ജത്തിന്റെ അമിട്ടു കുറ്റികൾ നിറയെ കാണാം. ഈ കവിതകളിലെ ധ്വനി മര്യാദ" ശക്തിയിലേക്കു കുതി കൊൾകയെന്ന" പൊന്നാനി ക്കവിയുടെ തേക്കു നിലത്തെ," നെഞ്ചുകീറി നേരു കാട്ടുന്ന" കണ്ണീർപ്പാട വാസ്തവത്തെ ഉൾക്കൊള്ളുന്നു.

whatsapp-image-2025-08-22-at-15.34.06_1d4cf442

പ്രതിലോമകാരമായതിനെ പ്രതിരോധിക്കുന്നതിലൂടെ മാത്രമേ സർഗ്ഗസപര്യ എന്നതിനർത്ഥം പൂർണ്ണമാകുന്നുള്ളു. ആഗോള നിലയിലുള്ള അധിനിവേശ ക്കുരുക്ക് കേരളക്കര മാത്രമല്ല എല്ലാ മൂന്നാം ലോക നാടുകളിലും എത്തിക്കഴിഞ്ഞു. സരോവിവ എന്ന നൈജീരിയൻ കവി യുവത്വത്തിന്റെ അവസ്ഥ നമുക്ക് അറിയുന്നതാണല്ലോ. ക്ലോഡ് അൽവാരീസ് പറഞ്ഞത് പോലെ " സാംസ്കാരിക ബഹുത്വത്തെ തിരിച്ചു പിടിക്കുകയാണ് ആവശ്യം"-ജീവവ്യവസ്ഥ മൃതവ്യവസ്ഥയാക്കുന്നതിനോട് എതിരിടുകയാണ് പ്രതിവിധി. സാമൂഹ്യ രംഗത്തെ പുത്തൻ കേരള ചലനങ്ങൾക്ക് കാവ്യാവിഷ്കാരം നൽകുന്ന ഒട്ടനവധി കവി പ്രതിഭകൾ മലയാളത്തിലുണ്ട്.

pkk

 അവർ മാധ്യമചർച്ചയിൽ വലുതായി വരാറില്ലെങ്കിലും അവരുടെ പങ്ക് ചെറുതായി കണ്ടു കൂടാ. പരസ്യ ദല്ലാളിത്തം വല വിരിക്കുമ്പോൾ സാംസ്കാരിക വിശാലത - മാനവികത തേടുന്ന അവരിലുണ്ട് ഭാവി ജാഗ്രത.പുതിയ കവിത ഒന്നുറപ്പിക്കുന്നു. അതിന്റെ വ്യാകരണം ശബ്ദതാരാവലിയല്ല, ജനപക്ഷ അനുഭവ ഭാഷയാകുന്നു. അത് തേൻമുള്ള് തിരയലാകുന്നു. ആത്മബോധത്തെ പുതുക്കിയെഴുതുന്ന പൗരത്വത്തിന്റെ നിർവ്വചനം ഭൂതകാല അടയാളത്തിലൂടെയല്ല ദേശനിർമ്മിതിയുടെ വൈരുദ്ധ്യങ്ങളും പ്രതിസന്ധിയും ചേർത്താണ് എഴുതേണ്ടത്.

sach

 നൈതികത നിറഞ്ഞ മാനവികത അതിനാൽ എഴുത്തിലൂടെ സ്പർശിക്കാതെ വയ്യ. എന്റെ സാംസ്കാരിക ധീരതയ്ക്ക് ശക്തിനല്കിയ കെ.ജി.ശങ്കരപ്പിള്ളയുടെ മറ്റവൻ എന്ന കവിത ഓർത്തു പോകുന്നു.(2000 മാധ്യമം പുതു വർഷപ്പതിപ്പ്). അത് ഇവിടെ പങ്ക് വെയ്ക്കുന്നു. നിലവിലുള്ള പ്രത്യയ ശാസ്ത്ര വിശകലനത്തിലൂടെ അധികാര രാഷ്ട്രീയക്കെണിയിൽപ്പെട്ടവന്റെ സ്വത്വം തിരിച്ചറിയുന്ന കവിതയാണിത്. എന്തുകൊണ്ടോ രാഷ്ട്രീയ അപചയത്തെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചും എഴുതുന്നവർ പോലും ഈ കവിത ഉയർത്തുന്ന ചോദ്യങ്ങൾ ചെവി കൊടുക്കാതെ നടന്നു കളഞ്ഞു. ആധുനിക നഗര ഗ്ലോബൽ മാർക്കറ്റിംഗിനിടയിൽ ഇങ്ങനെ മറഞ്ഞു പോകുന്ന രചനകൾ നിരവധി. ഐക്യ കേരളത്തിനൊപ്പം വളർന്നു വികസിച്ച ഇടത്തിൽ നിന്നും കവിത കുഞ്ഞമ്പുവിലൂടെ തുടങ്ങുന്നു. കൂലിപ്പണിക്കാരന്റെ ശുദ്ധവാദങ്ങൾ, വീറുകൾ, പക നമ്മളറിഞ്ഞു തുടങ്ങുന്നു. അതിൽ നിന്ന് " ആശയത്തിൽ നിന്ന് ആയുധവും - ആയുധത്തിൽ നിന്ന് ആശയവും, അധികാര രാഷ്ട്രീയത്തിന്റെ ഐറണിയും, കേരള ചരിത്രവും" കോർത്തിണക്കി ശങ്കരപ്പിള്ള വാക്കിലൂടെ നമ്മളെ ഉണർത്തുന്നു.

" അടി സൃഷ്ടിയിൽ നിന്ന് പിശാചിനെ ഒഴിപ്പിക്കലാണെന്നൊരാൾ, ശുദ്ധ തെമ്മാടിത്തരവും ഫാസിസവുമെന്നൊരാൾ;- എന്തായാലും കുഞ്ഞമ്പുവിന്റെ മേൽ മഴു ഉയർന്നു താണു. ക്ലാസിൽ, തെരുവിൽ, ബസിൽ, കിടപ്പറയിൽ കബന്ധങ്ങൾ വീണു. ഉള്ളിൽ നിന്ന് സാക്ഷയിട്ട കതകുകളായി വാക്കുകൾ. ചരിത്രത്തിൽ നിന്ന് നിഷ്കാസിതനായ, വാർത്തയിൽ നിന്ന് പുറത്താക്കപ്പെട്ടവനൊപ്പം ഭാഷയിവിടെ പോംവഴികൾ തേടുന്ന, ആത്മ നിന്ദ പുകയുന്ന ചതുപ്പുനിലമായി. ഒടുവിൽ കുഞ്ഞമ്പുവിനൊപ്പം കവിത നമ്മളിലേക്ക് ചിതറുന്നു.ശങ്കരപ്പിള്ളയുടെ ഭാഷയിൽ

" വായിലെ മുറുക്കാൻ നിലത്ത് ചിതറിയിരുന്നു. നുറുങ്ങിയ വെറ്റില, അടയ്ക്ക...... കേരളീയതയുടെ ചിഹ്നങ്ങൾ . പാതി പോലും മുറുക്കാതെ മുഴുച്ചുവപ്പോ മുഴുക്കാവിയോ ആകാതെ......'.

അധികാര രാഷ്ട്രീയത്തിന്റെ ആന്തരിക ദൗർബല്യം, കേരളീയ ജീവിതത്തിൽ പൊതുധാരയിൽ വന്നു ചേർന്ന സാമൂഹികത ഈ കവിതയിലുണ്ട്. സ്ഥാപനവത്ക്കരണത്തിൽ അന്യാധീനപ്പെടുന്ന കുഞ്ഞമ്പുമാരുടെ ജീവിതം ഇനിയും പഠിക്കാൻ, അവലോകനം ചെയ്യാനിരിക്കുന്നു. കേരള ജീവിതം വിമർശനാത്മകമായി ഈ കവിത പരിശോധിക്കുന്നു.

കവിത വെറും വായനയിലൂടെ തള്ളിക്കളയുന്നവർ അതിലെ വളർന്നു വികസിക്കേണ്ട ഘടന തന്നെയാണ് കാണാതെ പോകുന്നതെന്ന സത്യം നമ്മൾ തിരിച്ചറിയണം. അതുകൊണ്ട് പ്രമേയം, ബിംബം ഏത് അർത്ഥത്തിൽ, സന്ദർഭത്തിൽ കവിത രൂപപ്പെടുത്തുന്നു എന്ന വിശകലനം കവിതക്കൊപ്പം നേടിയെടുക്കണം. കവിതയിൽ നവീനത ആ ഗ്രഹിക്കുന്നവർ അതിനാണ് ശ്രമിക്കേണ്ടത്.

കക്കാടിന്റെ രണ്ടു വരി എപ്പോഴും ഞാൻ ഓർക്കുന്ന കവിതാശകലമാണ്.

"എത്ര കൊഴുത്ത ചവർപ്പുകൾ കുടിച്ചു വറ്റിച്ചു നാം

ഇത്തിരി ശാന്തിതൻ ശർക്കര നുണയുവാൻ"

കവിതയിലെ നായകൻ ദീർഘനാളായി രോഗാതുരനാണ്. ആതിരനിലാവിന്റെ ആഗമനം അയാൾക്ക് അല്പം ശാന്തിയും സന്തോഷവും നല്കുന്നു. ജീവിതം ഇനി അധിക നാളേയ്ക്കില്ലെന്നയാൾക്കറിയാം. എങ്കിലും ആതിരനിലാവ് പകരുന്ന മധുരാനുഭൂതി വേണ്ടുവോളം ആസ്വദിയ്ക്കാമെന്നയാൾ ഭാര്യയോട് പറയുന്നു.ഭൂതകാലത്തിൽ നിന്ന് പലതും അയാളുടെ മനസ്സിലേക്കെത്തുന്നു. നോവുകൾ, കയ്പുകൾ നിറഞ്ഞ പലതരം ഓർമ്മകൾ. ഈ ജീവിത മധുരം അനുഭവിക്കാനായി നിരവധി കയ്പുകൾ അവർക്ക് കുടിച്ചിറക്കേണ്ടി വന്നു. കയ്പുള്ള കഷായം കുടിച്ച ശേഷം അല്പം മധുരം കൂടി കഴിക്കാറുണ്ടെന്ന കാര്യം കവി നമ്മളെ ഓർമ്മിപ്പിക്കുന്നു.

കവിതയിലെ സവിശേഷത എഴുതപ്പെടുന്ന ചരിത്ര മുഹൂർത്തമാണ്. അടിയന്തരാവസ്ഥയിൽ കടമ്മനിട്ട, സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, കെ.ജി.ശങ്കരപ്പിള്ള എഴുതിയത്, എം.ഗോവിന്ദന്റെ പ്രശസ്തമായ " എഴുത്തോ കഴുത്തോ" എന്നീ പ്രശസ്തമായ വരികൾ, സാംസ്കാരിക വേദിക്കാലത്തെ പ്രതിരോധ കവിതകൾ, ബാബറി മസ്ജിദ് പൊളിച്ച സമയത്ത് ചുള്ളിക്കാട്, കെ.ജി.ശങ്കരപ്പിള്ള എഴുതിയവ, കണ്ണർ രാഷ്ട്രീയ സംഘട്ടനം നടന്ന സമയത്ത് സുഗതകുമാരി ടീച്ചർ എഴുതിയ തലശ്ശേരികൾ, ഗുജറാത്ത് കലാപക്കാലത്തുo പിന്നീടും സച്ചിദാനന്ദൻ എഴുതിയ ഫാസിസ്റ്റ് വിരുദ്ധ കവിതകൾ യാതൊരു ടിപ്പണിയും കൂടാതെ വായിക്കാവുന്നതാണ്.

സൂക്ഷ്മത വാക്കിനെ തേടുന്നു. ചില കവിതകളിലെ മിന്നലാട്ടമുള്ള പദ സന്നിവേശം ദർശനത്തിലേക്ക്, സ്വപ്നത്തിലേക്ക് നയിക്കുന്നു.

" ഒരു പ്രേമിയുടെ ഹൃദയത്തിനകത്ത്

മറ്റൊരു ലോകം ഉണ്ട്

അതിനകത്ത് മറ്റൊരു ലോകവും.( റൂമി)

രാവിലരങ്ങേറിയ പൂമാരന്റെ

കാലിലെ ചെലമ്പൂരാൻ കോഴി കൂകി.(വടക്കൻ പാട്ട് )

വാക്ക് കവിയുടെ ആയുധം. വിജയൻ മാഷ് സൂചിപ്പിച്ചത് പോലെ " അർത്ഥത്തോടും ശബ്ദത്തോടുമുള്ള ഒരു മത്സരമാണ് എഴുത്തുകാരൻ ചെയ്യുന്നതെന്ന് എഴുതുന്നവർക്കൊക്കെ അറിയാം.

ayya

ഉള്ള വാക്കിനെ പിളർക്കുകയും സ്വീകരിക്കുകയും ചെയ്തു കൊണ്ടല്ലാതെ ഒരു എഴുത്തുകാരന് അയാളുടെ രൂപശില്പം ഉണ്ടാക്കിയെടുക്കാനാവില്ല. എഴുതുന്നവർക്കറിയാവുന്ന ഒരു തത്വമാണിത്. പേനയുടെ തത്ത്വശാസ്ത്രം പേനയും കടലാസ്സും തമ്മിലുള്ള ഉരസലാണ്. കവിതയിലെ തത്വം അനുഭവങ്ങളും രൂപം കൊണ്ടു കഴിഞ്ഞ പദങ്ങളുo തമ്മിലുള്ള ഒരു മൽപ്പിടുത്തമാണ്."


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI