
ആലപ്പുഴ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കാലോചിതമായി പരിഷ്കരിച്ച പെരുമാറ്റച്ചട്ടത്തോടെയാണ് ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി നടക്കുകയെന്ന് കളക്‌ടർ അലക്‌സ് വർഗീസ് പറഞ്ഞു. ക്യാപ്റ്റൻസ് ക്ലിനിക് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻവർഷങ്ങളിലെ പോരായ്‌മകൾ പരിഹരിച്ച് ഇത്തവണ മികച്ച രീതിയിൽ നെഹ്റു ട്രോഫി നടത്തുമെന്നും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് പെരുമാറ്റച്ചട്ടം പരിഷ്കരിച്ചിട്ടുള്ളതെന്നും കളക്‌ടർ പറഞ്ഞു.
മുൻ എംഎൽഎ സി.കെ. സദാശിവൻ്റെ അധ്യക്ഷതയിൽ ചേർന്ന ക്ലിനിക്കിൽ വള്ളംകളിയിൽ പാലിക്കേണ്ട നിബന്ധനകൾ വിശദമാക്കുകയും ടീമുകളുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു.
പ്രധാന നിർദേശങ്ങൾ
സ്റ്റാർട്ടിങ്ങിന് വള്ളം ക്രമീകരിക്കുന്നതിനുള്ള സമയം അഞ്ചു മിനിട്ടാണ്. ഈ നിർദേദശങ്ങളോടു നിസ്സഹകരിക്കുന്ന വള്ളങ്ങളെ അയോഗ്യരാക്കി പുറത്താക്കാനുള്ള അധികാരം ചീഫ് സ്റ്റാർട്ടർക്കുണ്ട്. സ്റ്റാർട്ടിങ് ഫൗളായാൽ സ്റ്റാർട്ടേഴ്‌സ് പവിലിയനിൽനിന്ന് റെഡ് ഫ്ലാഗ് ഉയർത്തിയും സൈറൺ മുഴക്കിയും ടീം അംഗങ്ങളെ തിരിച്ചുവിളിക്കാനും റീ സ്റ്റാർട്ട് നൽകാനും ചീഫ് സ്റ്റാർട്ടർക്ക് അധികാരമുണ്ട്.
വള്ളങ്ങൾ സ്റ്റാർട്ടിങ് പോയിൻ്റിൽ കൃത്യമായി ക്രമീകരിക്കാനും ചുണ്ട്/തലമരം ഫിനിഷിങ് പോയിൻ്റ് ടച്ച് ചെയ്യുന്നത് കൃത്യമായി കാണുന്നതിനും മുൻവർഷങ്ങളിലേതുപോലെ നമ്പർ പ്ലേറ്റ് ഇത്തവണ ഉണ്ടാകില്ല, പകരം സ്റ്റിക്കർ രൂപത്തിലുള്ള നമ്പർ പ്ലേറ്റ് കുമ്പിനു തൊട്ടുപിന്നിൽ പുറത്തു കാണത്തക്കവിധം ഇരുവശവും പതിച്ചിരിക്കണം. മറ്റു വള്ളങ്ങളിൽ തലഭാഗത്തെ ചുരുളിലും തൊപ്പത്തടിയിലെ ഇരുഭാഗങ്ങളിലും പതിക്കണം. ചുണ്ടൻവള്ളങ്ങളുടെ കൂമ്പ് മറയുംവിധം ഒന്നും പ്രദർശിപ്പിക്കാൻ പാടില്ല.
ജഡ്‌ജസിന്റെ വിധി കൃത്യമായി നടപ്പാക്കാൻ മൂന്നു തട്ടിൽ ഇരിപ്പിടം ഒരുക്കി കാഴ്ച്‌ച വ്യക്തത വരുത്തും. ഫിനിഷിങ് പോയിൻ്റിൽ തൊടുന്നതു പകർത്താൻ ഇരുവശവും ക്യാമറ സംവിധാനം ഒരുക്കും. ഫിനിഷിങ് പോയിന്റിൽ വെർച്വൽ ലൈൻ ഉപയോഗിച്ചുള്ള ടൈമിങ് സിസ്റ്റം ക്രമീകരിച്ച് സംശയനിവാരണം വരുത്തും. ടൈമേഴ്‌സ് കൃത്യതയോടെ ടൈം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ഫിനിഷിങ് പോയിൻ്റ് ടച്ച് ചെയ്യുന്ന വള്ളങ്ങളുടെ സ്ഥാനക്രമമനുസരിച്ച് ആദ്യ നാലു സമയക്രമം കൃത്യമായി ജനം കാണുംവിധം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
വള്ളങ്ങളുടെ സമയക്രമം ഇനിമുതൽ മിനിറ്റിനും സെക്കൻഡിനുംശേഷം മില്ലി സെക്കന്ററായി (മൂന്നു ഡിജിറ്റ്) നിജപ്പെടുത്തും. ഒരേപോലെ ഒന്നിലധികം വള്ളങ്ങൾ ഫിനിഷ് ചെയ്‌തതായി കണ്ടാൽ ആ വള്ളങ്ങളെ ഉൾപ്പെടുത്തി നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും.
സമ്മാനവിതരണച്ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും. അതിനു നേതൃത്വം കൊടുക്കുന്ന ടീമിനെയും ക്യാപ്റ്റനെയും അടുത്ത മൂന്നു വർഷത്തേക്ക് അയോഗ്യരാക്കും. ഫലപ്രഖ്യാപനം നടത്തിയാൽ അഞ്ചു മിനിറ്റിനുള്ളിൽ ട്രോഫി ഏറ്റുവാങ്ങേണ്ടതാണ്. തുഴയുമായി ഒരാളും വേദിയിൽ വരാൻ പാടില്ല.
ക്യാപ്റ്റൻസ് ക്ലിനിക്കിൽ പങ്കെടുക്കാത്തവരുടെ ബോണസിൽ 50 ശതമാനം കുറവു വരുത്തും.
ചുണ്ടൻവള്ളങ്ങളിലും മറ്റു വള്ളങ്ങളിലും ഇതരസംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25 ശതമാനത്തിൽ കൂടാൻ പാടില്ല. ഇതിനുവിരുദ്ധമായി തുഴയുന്നതു കണ്ടാൽ വള്ളത്തെ അയോഗ്യരാക്കും.
മത്സരദിവസം രണ്ടു മണിക്കു മുൻപായി എല്ലാ ചുണ്ടൻവള്ളങ്ങളും അനുവദനീയമായ യൂണിഫോം ധാരികളായ തുഴക്കാരോടൊപ്പം വിഐപി പവിലിയനുമുന്നിൽ അണിനിരന്ന് മാസ്ഡ്രില്ലിൽ പങ്കെടുക്കണം. പങ്കെടുക്കാത്ത ക്ലബ്ബുകളുടെ ബോണസിൽ 50 ശതമാനം കുറവു വരുത്തും.
വള്ളങ്ങൾക്ക് തടിയുടെ നിറമോ കറുപ്പു നിറമോ മാത്രമേ പാടുള്ളൂ. അല്ലാത്ത വള്ളങ്ങളെ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. മത്സരവള്ളങ്ങളിൽ ഉപയോഗിക്കുന്ന പങ്കായങ്ങൾ, ഇടിയൻ എന്നിവ തടികൊണ്ടുള്ളതും ഇരുന്നു തുഴയുന്ന തുഴകൾ പനയിൽ നിർമിച്ചതുമായിരിക്കണം.
വനിതാ വള്ളങ്ങളിൽ പരമാവധി അഞ്ചു പുരുഷൻമാർ മാത്രമേ പാടുള്ളൂ. അവർ തുഴയാൻ പാടില്ല. സാരി ഉടുത്ത് തുഴയാൻ അനുവദിക്കുന്നതല്ല. മത്സരസമയം യൂണിഫോമായ ട്രാക്ക് സൂട്ടും ജേഴ്‌സിയും ധരിക്കണം.റെഡ് സോൺ പ്രഖ്യാപിച്ചു. ഡ്രോണുകൾക്ക് നിയന്ത്രണം
ആലപ്പുഴ: നെഹ്റുട്രോഫി വളളംകളിയോടനുബന്ധിച്ച് 30-ന് രാവിലെ ആറു
മുതൽ രാത്രി എട്ടു വരെ നിയന്ത്രണമേർപ്പെടുത്തി. ജലമേള നടക്കുന്ന ട്രാക്കിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശം റെഡ് സോണായി പ്രഖ്യാപിച്ചു. വള്ളംകളി നടക്കുന്ന സ്ഥലത്തിന് 100 മീറ്റർ ചുറ്റളവിൽ ഔദ്യോഗിക നിരീക്ഷണ ആവശ്യങ്ങൾക്ക് ഒഴികെ മറ്റു ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത് നിരോധിച്ചു.
ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കും. ട്രാക്കിൽ രാവിലെ ആറു മുതൽ ജലമേള അവസാനിക്കുന്നതുവരെ മറ്റു ജലയാനങ്ങൾ ഓടിക്കാൻപാടില്ല.
ഫിനിഷിങ് ഡിവൈസ് ഇക്കുറിയും പ്രശ്‌നം സൃഷ്‌ടിക്കുമെന്ന് ആശങ്ക
തുഴത്തർക്കവും ചർച്ചയായി
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി സംഘടിപ്പിച്ച ക്യാപ്റ്റൻസ് ക്ലിനിക്കിൽ പരാതി പ്രവാഹം. ഫിനിഷിങ് ഡിവൈസ് പരിചയപ്പെടുത്തിയില്ലെന്നും ഇത്തവണയും ഡിവൈസ് പ്രശ്നം സൃഷ്ടിക്കുമെന്നും പരാതി ഉയർന്നു. കഴിഞ്ഞവർഷത്തെ ടൈമർ ഡിവൈസിന്റെ പുതുക്കിയ പതിപ്പാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം പരാതി ഉയർന്നിരുന്നു. അത് ഈവർഷവും ആവർത്തിക്കുമെന്ന് ചിലർ ഉന്നയിച്ചു. ഓട്ടമത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഡിവൈസാണ് ഉപയോഗിക്കുന്നത്. ജലമത്സരങ്ങളിൽ ഇത് പ്രായോഗികബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്നാണ് ആശങ്ക.
ഫലപ്രദമായ സ്ഥിരം ഡിവൈസ് ഒരുക്കണമെന്ന് വള്ളംകളി സംരക്ഷണസമിതി ഭാരവാഹികൾ യോഗത്തിൽ ആവശ്യപ്പെട്ടു. മത്സരിക്കുന്നവരുടെ പ്രായം 55 വരെയെന്നാണ് നിയമാവലിയിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തിൽ സംശയമുണ്ടായി. പങ്കായക്കാരും നിലക്കാരും ഉൾപ്പെടെ 55വയസ്സിൽ കൂടുതലുള്ളവർ വള്ളംകളിയിൽ പങ്കെടുക്കാറുണ്ട്. എന്നാൽ തുഴച്ചിൽക്കാർക്കാണ് പ്രായനിബന്ധനയെന്ന് യോഗത്തിൽ വ്യക്തതവരുത്തി.
ട്രാക്കുകൾ തിരിക്കുന്ന തൂണുകൾ ഇരുന്പു പൈപ്പുകളാക്കണമെന്നും മത്സരസമയം ആളുകൾ തൂണുകളിൽ തൂങ്ങിക്കിടക്കുന്നത് തടയണമെന്നും ആവശ്യമുയർന്നു. ഇത്തവണ മുതൽ നിയമാവലിയിൽ മാറ്റമുണ്ട്. പനത്തുഴ വേണമെന്നാണ് നിയമാവലി പറയുന്നത്. പലരും പരിശീലനത്തിനുൾപ്പടെ തടിത്തുഴ ഉപയോഗിക്കുന്നതായി ചിലർ ചൂണ്ടിക്കാട്ടി.
പെയിന്റടിച്ച് തടിത്തുഴ മത്സരത്തിൽ തുഴയാനെത്തുന്നുമെന്നും ആക്ഷേപം ഉയർന്നു. പല ക്ലബ്ബുകളും പ്രൊഫഷണൽ തുഴച്ചിൽക്കാരെ ഉപയോഗിക്കുന്നുണ്ട്. ഇതിന് പരിധിയുണ്ട്. എന്നാൽ, നിരീക്ഷിക്കാനും പരിശോധിക്കാനും സംവിധാനമില്ല. എല്ലാത്തരം പരാതികളും മത്സരസമയത്ത് തന്നെ ഉന്നയിക്കാൻ സംവിധാനംവേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ബോണസ് വള്ളംകളിദിനം തന്നെ വിതരണം ചെയ്യണം. അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള തുക താമസമില്ലാതെ അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group